ഞങ്ങളുടെ വായനക്കാരിൽനിന്ന്
സ്വയം ചികിത്സ “സ്വയം ചികിത്സ—അത് ഗുണകരമോ ദോഷകരമോ?” എന്ന ലേഖന പരമ്പര കണ്ടപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. (ജൂലൈ 8, 1998) ആ വിഷയം നിങ്ങൾ നന്നായി അവതരിപ്പിച്ചു എന്നു മാത്രമല്ല അതു സംബന്ധിച്ചു സമനിലയുള്ള ഒരു ആകമാന വീക്ഷണം പ്രദാനം ചെയ്യുകയും ചെയ്തു. അതാകട്ടെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും പ്രാവർത്തികമാക്കാവുന്നതുമാണ്. ‘എന്തിനും ഏതിനും മരുന്നിനെ’ ആശ്രയിക്കുന്ന ശീലം മാറ്റി ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ആരോഗ്യം സംരക്ഷിക്കാനുള്ള വ്യക്തിപരമായ ഉത്തരവാദിത്വത്തെ കുറിച്ചു നിങ്ങൾ ഊന്നിപ്പറഞ്ഞത് ഉത്തമമായി.
ജെ. എം. ജെ., ഇംഗ്ലണ്ട്
ശൃംഗരിക്കൽ “ബൈബിളിന്റെ വീക്ഷണം: ശൃംഗരിക്കുന്നതിൽ എന്താണു തെറ്റ്?” എന്ന ലേഖനത്തിനു നന്ദി. (ജൂലൈ 8, 1998) സ്ത്രീകളോടു ശൃംഗരിക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. അതിന്റെ ദുരന്തഫലങ്ങളിൽ നിന്ന് എന്റെ കുടുംബം കരകയറുന്നതേയുള്ളൂ. ഞാൻ മൂലം എന്റെ കുടുംബം, വിശേഷിച്ച് എന്റെ സ്നേഹനിധിയായ ഭാര്യ, അനുഭവിച്ചിരുന്ന വേദന ഞാൻ കണ്ടില്ലെന്നു നടിക്കുമായിരുന്നു. എന്റെ ക്രിസ്തീയ സഹോദരീസഹോദരൻമാരോട് എനിക്കു പറയാനുള്ള ഒരേയൊരു കാര്യം ഇതാണ്: “നമ്മുടെ പിതാവായ യഹോവയ്ക്കു ദയവായി ശ്രദ്ധ കൊടുക്കുക. ശൃംഗരിക്കുന്നതു നിർത്തുക, സഹായം തേടുക, യഹോവയോടു പ്രാർഥിക്കുക, എന്നിട്ട് തിൻമയിൽ നിന്ന് ഓടി അകലുക.”
ഡി. ബി., ഐക്യനാടുകൾ
ശൃംഗരിക്കുക എന്നത് ഒരു നിസ്സാരകാര്യമല്ല എന്ന വസ്തുത ഈ ലേഖനം എനിക്കു ബോധ്യപ്പെടുത്തിത്തന്നു. വിവാഹമോചനത്തിന്റെ രൂപത്തിലാണു ദുരന്തം ഞങ്ങളുടെ കുടുംബത്തിന്മേൽ ആഞ്ഞു പതിച്ചത്. അതിലേക്കു നയിച്ച മുഖ്യസംഗതിയോ നിഷ്കളങ്കമെന്നു തോന്നിപ്പിച്ച തമാശപറച്ചിലും. തങ്ങളുടെ നടത്തയ്ക്കും സംസാരത്തിനും ആംഗ്യങ്ങൾക്കും എതിർലിംഗത്തിൽ പെട്ടവരെ സ്വാധീനിക്കാൻ കഴിയുന്ന വിധം സ്വയം മുൻകൂട്ടി കാണാൻ കഴിയാത്തവർക്ക് ഈ ബുദ്ധിയുപദേശം സഹായകമാകും എന്നു ഞാൻ ആശിക്കുന്നു.
ഒ. എം., ചെക്ക് റിപ്പബ്ലിക്ക്
അനേകം സഹോദരിമാരുടെ വിങ്ങുന്ന ഹൃദയത്തിനു കുളിർമയേകുന്ന തൈലം പോലെ ആയിരുന്നു അത്. നമ്മുടെ ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ പോലും യഹോവ ശ്രദ്ധിക്കുകയും അവയ്ക്കുവേണ്ടി കരുതുകയും ചെയ്യുന്നു എന്ന് ഈ ലേഖനത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
എ. എം. പി., സ്പെയിൻ
“വൈകാരിക പ്രേമബന്ധങ്ങൾ” എന്ന ഉപതലക്കെട്ടിനു കീഴിലുള്ള ഖണ്ഡിക എന്നെ സംബന്ധിച്ചിടത്തോളം ഒരു വെളിപാട് ആയിരുന്നു. സഭയിലുള്ള മറ്റൊരു സഹോദരിയുമായി എന്റെ ഭർത്താവ് ഒരു മാനസിക അടുപ്പം വളർത്തിയെടുക്കുന്നുണ്ടായിരുന്നു. അവരുടെ പശ്ചാത്തലങ്ങളിലുള്ള സമാനതകൾ നിമിത്തമായിരുന്നു ഇത്. 17 വർഷത്തെ ഞങ്ങളുടെ ദാമ്പത്യബന്ധത്തിൽ, അവിശ്വസിക്കാനുള്ള ഒരു കാരണം പോലും അദ്ദേഹം എനിക്ക് ഒരിക്കലും നൽകിയിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്കു സംശയങ്ങൾ ഉണ്ടാകാൻ തുടങ്ങി. അദ്ദേഹത്തോട് അതു പറയുക എളുപ്പമായിരുന്നില്ല. സംഗതി കേട്ടപ്പോൾ ആദ്യം അദ്ദേഹം അതിശയിച്ചു പോയെങ്കിലും എന്റെ വീക്ഷണഗതി മനസ്സിലാക്കാൻ ശ്രമിച്ചു. എന്നെയും ഞങ്ങളുടെ മൂന്നു മക്കളെയും മുറിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ അദ്ദേഹം ആ സഹോദരിയുമായുള്ള സർവ ബന്ധങ്ങളും ഉടനടി അവസാനിപ്പിച്ചു. എനിക്കതു വളരെയധികം ആശ്വാസം പകർന്നു.
ഡി. റ്റി., കാനഡ
നാസി ഭീഷണി “യഹോവയുടെ സാക്ഷികൾ—നാസി ഭീഷണിയിൻ മധ്യേ നിർഭയരായി” എന്ന ലേഖനം ഞാൻ അത്യധികം താത്പര്യത്തോടെയാണു വായിച്ചത്. (ജൂലൈ 8, 1998) യഹോവയുടെ സാക്ഷികൾ നാസി ഭരണകൂടത്തോടു വിട്ടുവീഴ്ച ചെയ്തു എന്ന് ആത്മാർഥതയോടെയും അല്ലാതെയും ആരോപിക്കുന്ന ആളുകളെ ഞാൻ മിക്കപ്പോഴും ക്രിസ്തീയ ശുശ്രൂഷയിൽ കണ്ടുമുട്ടാറുണ്ട്. നമ്മെക്കുറിച്ചു പ്രചരിച്ചിരിക്കുന്ന വ്യാജ ആരോപണങ്ങൾ സംബന്ധിച്ച ചരിത്രപരമായ നിജസ്ഥിതി മനസ്സിലാക്കുന്നതിന് ആത്മാർഥഹൃദയരെ സഹായിക്കാൻ ഈ ലേഖനത്തിലുള്ള വിവരങ്ങൾ എനിക്കു സഹായകമാവും.
എ. എഫ്., സ്ലോവേനിയ
ലേഖനത്തിനു വളരെ നന്ദി. വിശ്വാസത്യാഗികൾ പ്രസിദ്ധീകരിച്ച നിഷേധാത്മകമായ കുറെ ആശയങ്ങൾ വിശ്വാസിയല്ലാത്ത എന്റെ ഭർത്താവ് ഏതാനും മാസം മുമ്പു കാണാനിടയായി. അത്തരം നുണകൾക്കു മറുപടി നൽകുന്ന ഈ ലേഖനത്തിനു വേണ്ടി ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു.
കെ. ജി., ജർമനി
പക്ഷി നിരീക്ഷണം ഞാൻ ഏഴു വയസ്സുള്ള ഒരു പെൺകുട്ടിയാണ്. “പക്ഷി നിരീക്ഷണം—ഏവർക്കും ഏർപ്പെടാവുന്ന രസകരമായ ഒരു ഹോബിയോ?” എന്ന ലേഖനം എനിക്ക് ഇഷ്ടമായി. (ജൂലൈ 8, 1998) ഭൂമിയെയും അതിലുള്ള എല്ലാ ജീവജാലങ്ങളെയും എത്ര അത്ഭുതകരമായാണ് യഹോവ സൃഷ്ടിച്ചത് എന്നു മനസ്സിലാക്കാൻ ലേഖനത്തിലെ ഫോട്ടോകളും വിശദീകരണങ്ങളും എന്നെ ശരിക്കും സഹായിച്ചു. ഒരു കോമാളിയെ പോലിരിക്കുന്ന ആഫ്രിക്കയിലെ കറുത്ത ചൂഡയുള്ള സാരസത്തെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. നിങ്ങൾ നടത്തിയ ഗവേഷണത്തിനു നന്ദി.
എഫ്. കെ., ഇറ്റലി