ലോകത്തെ വീക്ഷിക്കൽ
ലോകത്തിലെ നിരക്ഷരതാ നിരക്കു വർധിക്കുന്നു
“590 കോടി വരുന്ന ലോക ജനസംഖ്യയുടെ ആറിൽ ഒരു ഭാഗത്തോളം നിരക്ഷരരാണ്” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി പറയുന്നതനുസരിച്ച് നിരക്ഷരതാ നിരക്ക് ഇനിയും വർധിക്കുമെന്നു തോന്നുന്നു. കാരണം? ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളിൽ 4-ൽ 3 കുട്ടികൾ വീതം ഇപ്പോൾ സ്കൂളിൽ പോകുന്നില്ല. ലോകവ്യാപകമായ സാമ്പത്തിക പ്രശ്നങ്ങൾക്കു പുറമേ വർഗീയ സംഘട്ടനങ്ങളും ദശലക്ഷക്കണക്കിനു കുട്ടികളെ വിദ്യാഭ്യാസം നേടുന്നതിൽനിന്നു തടയുന്നു. യുദ്ധങ്ങൾ വിദ്യാലയങ്ങളെ നശിപ്പിക്കുന്നുവെന്നു മാത്രമല്ല വിദ്യാർഥികളായിരിക്കേണ്ടിയിരുന്ന കുട്ടികളെ ഭടന്മാരാക്കി മാറ്റുകയും ചെയ്യുന്നു. നിരക്ഷരത സാമൂഹിക പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1999 (ഇംഗ്ലീഷ്) എന്ന റിപ്പോർട്ട് പറയുന്നതനുസരിച്ച് നിരക്ഷരത ജനനനിരക്കുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ഒരു തെക്കേ അമേരിക്കൻ രാജ്യത്ത് “നിരക്ഷരരായ സ്ത്രീകൾക്കു ശരാശരി 6.5 കുട്ടികൾ വീതമുണ്ട്, അതേസമയം സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം നേടിയ സ്ത്രീകൾക്കാകട്ടെ ശരാശരി 2.5 വീതവും,” ടൈംസ് പറഞ്ഞു.
സഹസ്രാബ്ദ ഭ്രാന്ത്
സഹസ്രാബ്ദവുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ പോകുന്ന അക്രമങ്ങൾക്ക് എതിരെയുള്ള തയ്യാറെടുപ്പെന്ന നിലയിൽ “ആലയഗിരിയിലെ സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്താൻ [ഇസ്രായേൽ] ഗവൺമെന്റ് 1.2 കോടി ഡോളർ അനുവദിച്ചിരിക്കു”ന്നതായി നാൻഡോ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. യഹൂദ ദേവാലയം പുനർനിർമിക്കാനായി യഹൂദരോ “ക്രിസ്ത്യാനി”കളോ ആയ മതഭ്രാന്തന്മാർ ആലയഗിരിയിലെ മുസ്ലീം പള്ളികൾ തകർക്കാൻ ശ്രമിച്ചേക്കുമെന്നു പൊലീസുകാർ കരുതുന്നു. ഇതു ലോകാവസാനത്തെയും ക്രിസ്തുവിന്റെ രണ്ടാംവരവിനെയും ത്വരിതപ്പെടുത്തുമെന്നു ചില “ക്രിസ്തീയ” ഭക്തിപ്രസ്ഥാനങ്ങൾ വിശ്വസിക്കുന്നു. മുസ്ലീങ്ങൾ ഹാറാം ആൽ ഷറിഫ് എന്നു വിളിക്കുന്ന ആലയഗിരി “മധ്യപൂർവദേശത്തെ ആളുകളുടെ വികാരങ്ങളെ ഏറ്റവും കൂടുതൽ തൊട്ടുണർത്തിയിരിക്കുന്ന സ്ഥാനമായി കണക്കാക്കപ്പെടു”ന്നതായി റിപ്പോർട്ടു പറയുന്നു. “ചുറ്റിലും മതിൽ കെട്ടിയ പഴയ യെരൂശലേം നഗരത്തിൽ” ആണ് ഇതു സ്ഥിതി ചെയ്യുന്നത്. “1967-ലെ മധ്യപൂർവ യുദ്ധത്തിൽ ഇസ്രായേൽ ഈ നഗരം യോർദാന്റെ കൈയിൽനിന്നു പിടിച്ചെടുക്കുകയുണ്ടായി.” ക്രിസ്തുവിന്റെ തിരിച്ചുവരവു പ്രതീക്ഷിച്ചുകൊണ്ട് ഒട്ടേറെ “ക്രിസ്ത്യാനികൾ” ഇപ്പോൾത്തന്നെ ഒലീവ് മലയിൽ സ്ഥലം വാടകയ്ക്ക് എടുത്തിട്ടുള്ളതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.
സസ്യങ്ങളുടെ വേദനയ്ക്ക് ആസ്പിരിനോ?
മനുഷ്യർക്ക് അനുഭവപ്പെടുന്ന രീതിയിൽ സസ്യങ്ങൾക്കു വേദന അനുഭവപ്പെടുകയില്ലായിരിക്കാം. എങ്കിലും മുറിവുകളുണ്ടാകുമ്പോൾ അവയും പ്രതികരിക്കുന്നു, ജാസ്മൊനിക്ക് അമ്ലം പുറപ്പെടുവിച്ചുകൊണ്ട്. ചില ചെടികളാകട്ടെ, മറ്റു സസ്യങ്ങളിൽ പ്രതികരണം ഉളവാക്കാവുന്ന തരം, മുല്ലപ്പൂ ഗന്ധവും ബാഷ്പീകരണ സ്വഭാവവും ഉള്ള രാസവസ്തുക്കൾ പുറപ്പെടുവിക്കുകപോലും ചെയ്യുന്നു. “സസ്യത്തിന്റെ ജാസ്മൊനിക്ക് അമ്ളോത്പാദനത്തെ ആസ്പിരിൻ എങ്ങനെയോ തടയുന്നുവെന്ന കാര്യം വർഷങ്ങളായി ഗവേഷകർക്ക് അറിവുള്ളതാണ്,” സയൻസ് ന്യൂസ് പറയുന്നു. ഇപ്പോൾ, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ദുരൂഹമായ ഈ പ്രവർത്തനത്തിന്റെ ചുരുൾ ഭാഗികമായി അഴിച്ചിരിക്കുന്നു. ആസ്പിരിൻ സസ്യ ശരീരത്തിലെ ഒരു പ്രധാന ജീവാഗ്നിയെ നിർവീര്യമാക്കുന്നു. മനുഷ്യ ശരീരത്തിൽ വേദന അനുഭവപ്പെടുന്നതിന് ഇടയാക്കുന്ന ജീവാഗ്നിയെ ആസ്പിരിൻ നിർവീര്യമാക്കുമ്പോൾ നടക്കുന്ന അതേ രാസപ്രവർത്തനം തന്നെയാണ് ഇവിടെയും നടക്കുന്നത്. എങ്കിലും സസ്യങ്ങളിൽ ആസ്പിരിൻ പ്രവർത്തിക്കുന്ന വിധവും മനുഷ്യരിൽ പ്രവർത്തിക്കുന്ന വിധവും തമ്മിലുള്ള ബന്ധം ഇപ്പോഴും വ്യക്തമല്ല. കാരണം രണ്ട് ജീവാഗ്നികൾക്കും പൊതുവായി ഒന്നുംതന്നെയില്ല.
“ദുർമന്ത്രവാദികൾ”ക്ക് മരണാനന്തര പാപമോചനമോ?
റോമൻ കത്തോലിക്കാ സഭ അതിന്റെ ‘കഴിഞ്ഞകാല പ്രവർത്തനങ്ങൾ നീതിനിഷ്ഠമായിരുന്നോ എന്നു പരിശോധി’ക്കണം എന്ന് 1994-ൽ പാപ്പാ ആഹ്വാനം ചെയ്യുകയുണ്ടായി. ഇതിന്റെ ഫലമായി “ദുർമന്ത്രവാദികൾ” എന്ന നിലയിൽ ജീവനോടെ ചുട്ടെരിക്കപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് പാപമോചനം നൽകണമോ വേണ്ടയോ എന്നു പരിചിന്തിക്കുന്നതിനു ചെക്ക് റിപ്പബ്ലിക്കിൽ ഒരു കമ്മീഷൻ രൂപവത്കരിക്കപ്പെട്ടു. ആദ്യമായിട്ടാണ് ഇങ്ങനെയൊരു കമ്മീഷൻ രൂപവത്കരിക്കുന്നത്. 12-ഉം 18-ഉം നൂറ്റാണ്ടുകൾക്കിടയിൽ യൂറോപ്പിൽ സഭയുടെ അനുമതിയോടെ ദുർമന്ത്രവാദികൾ എന്നു കരുതപ്പെട്ട ആയിരക്കണക്കിന് ആളുകളെ ചുട്ടെരിക്കുകയോ പീഡിപ്പിച്ചു കൊല്ലുകയോ ചെയ്തു. 1484-ൽ ഇന്നസെന്റ് എട്ടാമൻ പാപ്പായുടെ സഭാശാസനം പ്രസിദ്ധീകരിച്ചശേഷം ദുർമന്ത്രവാദം ചെയ്യുന്നവരെ വേട്ടയാടുന്ന രീതി വർധിച്ചു. ദുർമന്ത്രവാദികളായി സംശയിക്കപ്പെട്ടവരെക്കൊണ്ടു കുറ്റം സമ്മതിപ്പിക്കാൻ 30-ലധികം പീഡനരീതികൾ പ്രയോഗിക്കുകയുണ്ടായി. മാതാപിതാക്കൾക്കെതിരെ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിനിടയിൽ കൊച്ചുകുട്ടികളെ പോലും വെറുതെ വിട്ടില്ല. ഏറ്റവും കൂടുതൽ ദുർമന്ത്രവാദികളെ ചുട്ടെരിച്ചതു ജർമനിയിലായിരുന്നു. എന്നാൽ ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും അത്തരം കുറ്റവിചാരണകൾ സർവസാധാരണമായിരുന്നു. ഇവർക്കു മരണാനന്തര പാപമോചനം നൽകുന്നതിനെ കുറിച്ചു സഭ പരിചിന്തിച്ചേക്കും എന്നു ലണ്ടന്റെ ദ സൺഡേ ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു.
യാങ്സി നദിയെ വരുധിയിലാക്കൽ
ചൈനയിലെ യാങ്സി നദിക്കു കുറുകെയുള്ള ത്രീ ഗോർജസ് അണക്കെട്ടിന്റെ പണി പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയം അവിടത്തേതായിരിക്കും. 185 മീറ്റർ ഉയരവും 2.3 കിലോമീറ്റർ നീളവും ഉള്ള ഈ അണക്കെട്ടിലെ വെള്ളം കൊണ്ട് 1.82 കോടി കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. എങ്കിലും വൈദ്യുതോത്പാദനമല്ല ഈ അണക്കെട്ടു പണിയുടെ മുഖ്യ ഉദ്ദേശ്യം. മറിച്ച്, യാങ്സി നദിയിലെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുകയാണ്. 1994-ൽ തുടങ്ങിയ നിർമാണം 2009-ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ വൻ പദ്ധതിക്കായി മൊത്തം 14.7 കോടി ഘനമീറ്റർ മണ്ണും പാറയും കുഴിച്ചു മാറ്റേണ്ടി വരും. മാത്രമല്ല, നിർമാണത്തിന് 2.5 കോടിയിലധികം ഘനമീറ്റർ കോൺക്രീറ്റും ഏതാണ്ട് 20 ലക്ഷം ടൺ ഉരുക്കും വേണ്ടിവരും. “എന്നാൽ ഏറ്റവും ബുദ്ധിമുട്ടുള്ള പണി, ആ പ്രദേശത്തു വസിക്കുന്ന 11 ലക്ഷത്തിലേറെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതാണ്,” ചൈന ടുഡേ പറയുന്നു.
ആസ്തമ വർധിക്കുന്നു
ലോകവ്യാപകമായി, കഴിഞ്ഞ ദശകത്തിൽ ആസ്തമ രോഗികളുടെയും പ്രസ്തുത രോഗം മൂലം ആശുപത്രിയിൽ ആക്കേണ്ടി വന്നവരുടെയും എണ്ണത്തിൽ 40 ശതമാനം വർധനവ് ഉണ്ടായിരുന്നതായി ലോകാരോഗ്യ സംഘടനയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വർധനവിനുള്ള കാരണം? ഓമനമൃഗങ്ങളെ വളർത്തുന്നതിൽ ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ വർധനവും വേണ്ടത്ര വായു സഞ്ചാരമില്ലാത്ത ഇടുങ്ങിയ മുറികളിൽ താമസിക്കാനുള്ള ഇന്നത്തെ പ്രവണതയുമാണു കാരണങ്ങളായി അമേരിക്കൻ കോളെജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. “മൃഗങ്ങളുടെയും പക്ഷികളുടെയും ത്വക്കിലും രോമത്തിലും തൂവലുകളിലും ഉള്ള ഡാൻഡർ (അതിസൂക്ഷ്മമായ ശൽക്കങ്ങൾ), ചെള്ള്, പൂപ്പൽ, സിഗരറ്റ് പുക, പൂമ്പൊടി, പാരിസ്ഥിതിക മലിനീകാരികൾ, രൂക്ഷമായ ഗന്ധങ്ങൾ എന്നിവ” ആസ്തമയ്ക്കു കാരണമായേക്കാം എന്ന് ദ ടൊറന്റോ സ്റ്റാർ പറയുന്നു. അലർജിയുടെ ഏറ്റവും വലിയ കാരണം പൂച്ചകളുടെ രോമത്തിലെ ഡാൻഡർ ആണ്. ആസ്തമ രോഗം മൂലം ഉണ്ടാകുന്ന മിക്ക മരണങ്ങളും തടയാവുന്നതേയുള്ളു എന്നതുകൊണ്ട് ഈ രോഗം പ്രത്യേകിച്ചും ശ്രദ്ധ അർഹിക്കുന്നു എന്ന് പത്രം പറയുകയുണ്ടായി. കാനഡയിൽ ഇപ്പോൾ ഏതാണ്ട് 15 ലക്ഷം ആസ്തമ രോഗികളുണ്ട്, വർഷം തോറും അവിടെ ഈ രോഗം മൂലം ഏതാണ്ട് 500 പേർ മരണമടയുന്നു.
റെക്കോർഡ് കാലാവസ്ഥാ നാശനഷ്ടങ്ങൾ
1998-ലെ ആദ്യത്തെ 11 മാസങ്ങളിൽ കാലാവസ്ഥാ വിപത്തുകൾ മൂലം ലോകവ്യാപകമായി 8,900 കോടി ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായി. “1980-കളിൽ—ഒരു ദശാബ്ദത്തിൽ—മൊത്തം ഉണ്ടായ 5,500 കോടി ഡോളറിന്റെ നാശനഷ്ടത്തെക്കാൾ ഏറെ കനത്ത ഒന്നായിരുന്നു” ഇത് എന്ന് ഒരു അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ടു പറയുന്നു. “നാണയപ്പെരുപ്പം മൂലം 1980-കളിലെ 5,500 കോടി ഡോളർ ഇന്നത്തെ 8,270 കോടി ഡോളറിന്റെ അത്രയും വരും. എങ്കിൽപ്പോലും ആ ദശകത്തിലെ നാശനഷ്ടങ്ങൾ 1998-ലെ “ആദ്യത്തെ 11 മാസത്തിനുള്ളിൽ സംഭവിച്ചതിനോളം വരികയില്ല” എന്ന് റിപ്പോർട്ട് പറയുന്നു. സാമ്പത്തിക നഷ്ടങ്ങൾക്കു പുറമേ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, തീപിടിത്തം, വരൾച്ച തുടങ്ങിയ പ്രകൃതി വിപത്തുകൾ നിമിത്തം ഏതാണ്ട് 32,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. “പ്രകൃതി വിപത്തുകളിൽ മനുഷ്യർക്കുള്ള പങ്കു വർധിച്ചുവരികയാണ്” എന്ന് വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സെത്ത് ഡൻ പറയുന്നു. എങ്ങനെ? ഡനിന്റെ അഭിപ്രായ പ്രകാരം, വനനശീകരണംമൂലം ‘പ്രകൃതിയിലെ സ്പോഞ്ചുകളായി’ വർത്തിക്കുന്ന വൃക്ഷങ്ങളും ആർദ്രനിലങ്ങളും ഇല്ലാതാകുന്നത് പ്രശ്നത്തിന് ഇടയാക്കിയിരിക്കുന്നു.
കുടുംബങ്ങൾ സമ്മർദത്തിൻ കീഴിൽ
അര നൂറ്റാണ്ടു മുമ്പത്തെ യുദ്ധാനന്തര കുടുംബങ്ങളെ അപേക്ഷിച്ചു തങ്ങൾ സാമ്പത്തികമായും വൈകാരികമായും കൂടുതൽ സമ്മർദം അനുഭവിക്കുന്നതായി ഇന്നത്തെ കുടുംബങ്ങൾക്കു തോന്നുന്നുവെന്ന് കാനഡക്കാർക്കിടയിൽ അടുത്തകാലത്തു നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പു വെളിപ്പെടുത്തുകയുണ്ടായി. സമ്മർദത്തിനിടയാക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഘടകങ്ങൾ വിവാഹമോചനവും കുടുംബത്തകർച്ചയും ആണ് എന്ന് നാഷണൽ പോസ്റ്റ് പത്രം പ്രതിപാദിക്കുന്നു. “മാതാപിതാക്കൾക്കു ചെയ്യേണ്ടിവരുന്ന മണിക്കൂറുകൾ നീണ്ട കഠിന വേല, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ, അമിതമായ നികുതിപിരിവ്, കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ ചെലുത്തുന്ന ശ്രമങ്ങളോടുള്ള വിലമതിപ്പില്ലായ്മ” എന്നിവയാണ് യഥാക്രമം കുടുംബത്തെ സമ്മർദത്തിൻ കീഴിലാക്കുന്ന മറ്റു പ്രമുഖ ഘടകങ്ങൾ. മാതാപിതാക്കളിൽ ഒരാൾ മാത്രം ഉള്ള മിക്ക കുടുംബങ്ങളിലും ഈ സമ്മർദങ്ങൾ കൂടുതലാണെന്ന് അഭിപ്രായ വോട്ടെടുപ്പു വ്യക്തമാക്കുന്നു.
ഹിമാനികൾ ശേഖരിക്കൽ
“ഹിമാനി ജലം തികച്ചും ശുദ്ധമാണെന്ന കാര്യം ന്യൂഫൗണ്ട്ലാൻഡുകാർക്ക് ദീർഘനാളായി അറിവുള്ളതാണ്” എന്ന് ലണ്ടന്റെ ഫിനാൻഷ്യൽ ടൈംസ് പറയുന്നു. എങ്കിലും ഇപ്പോൾ അവർ “കടലോരത്തിന് അകലെയായി ഒഴുകിനടക്കുന്ന എണ്ണമറ്റ ഹിമാനികൾ” ശേഖരിക്കാൻ തുടങ്ങിയിരിക്കുന്നു. വേലിയേറ്റ സമയത്ത്, ഒഴുകിനടക്കുന്ന ഒരു ഹിമാനിയെ വല കൊണ്ടു പൊതിഞ്ഞ് ഒരു ടഗ്ബോട്ടിന്റെ—കപ്പലുകൾ വലിച്ചു നീക്കാൻ ഉപയോഗിക്കുന്നത്—സഹായത്തോടെ കരയ്ക്കടുത്തേക്കു വലിച്ചടുപ്പിക്കുന്നു. അതിവേഗം സഞ്ചരിക്കുന്ന ഈ ടഗ്ബോട്ട് തീരത്തോടടുക്കുമ്പോൾ പെട്ടെന്ന് വെട്ടിക്കുകയും വല ഊരിവിട്ടുകൊണ്ട് ഹിമാനിയെ വെള്ളം മൂടിക്കിടക്കുന്ന തീരഭാഗത്തായി നിക്ഷേപിക്കുകയും ചെയ്യുന്നു. വേലിയിറക്കത്തിൽ വെള്ളം ഇറങ്ങിക്കഴിയുമ്പോൾ അതു കരയിൽ ഉണ്ടായിരിക്കും. പിന്നീട് ഒരു കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് അതു കഷണങ്ങളാക്കിയശേഷം ഒരു ബാർജിൽ കയറ്റുന്നു. “അവിടെവെച്ച് അതു ഞെരിച്ചു പൊടിയാക്കി, ഉരുക്കി, അരിച്ചെടുക്കും.” പിന്നീട് ശുദ്ധീകരണത്തിനായി അതിലൂടെ “അൾട്രാവയലറ്റ് രശ്മികൾ കടത്തിവിടുന്നു.”
സ്ത്രീകളോടുള്ള അതിക്രമം
“ബ്രസീലിൽ സ്ത്രീകളുടെ നേർക്കുള്ള ശാരീരിക ആക്രമണങ്ങളിൽ 63 ശതമാനവും നടക്കുന്നതു ഭവനങ്ങളിൽ വെച്ചാണ്, അതിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമേ റിപ്പോർട്ടു ചെയ്യപ്പെടുന്നുള്ളൂ,” എന്ന് ഊ ഗ്ലോബോ വർത്തമാനപത്രം പറയുന്നു. പത്രം കൂട്ടിച്ചേർക്കുന്നു: “വീട്ടിലെ അക്രമങ്ങൾക്കു കൂടുതലും ഇരകളാകുന്നത് ദരിദ്രരായ സ്ത്രീകളാണെന്നതു ശരിതന്നെ, എങ്കിലും അക്രമത്തെക്കുറിച്ചു മിക്കപ്പോഴും അവർ പൊലീസിൽ റിപ്പോർട്ടു ചെയ്യാറുണ്ട്. സമ്പന്നരായ സ്ത്രീകളുടെ നേരെയുള്ള അതിക്രമം സ്ഥിതിവിവരക്കണക്കുകളിൽ കാണാനില്ലെന്നുതന്നെ പറയാം.” മറ്റു രാജ്യങ്ങളിലെ സ്ഥിതിവിവരക്കണക്കുകളും സമാനമാണ്. ഉദാഹരണത്തിന്, യു.എസ്. നീതിന്യായ വിഭാഗം പ്രസിദ്ധീകരിച്ച ഒരു സർവേ വെളിപ്പെടുത്തുന്നതനുസരിച്ച് “ഐക്യനാടുകളിലെ സ്ത്രീകളിൽ പകുതിയിൽ അധികവും ജീവിതത്തിൽ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളിൽ ശാരീരിക ആക്രമണങ്ങൾക്ക് ഇരകളായിട്ടുണ്ട്, ഏതാണ്ട് 5-ൽ ഒരാൾ വീതം ബലാത്സംഗത്തിനോ ബലാത്സംഗശ്രമത്തിനോ ഇരകളായിട്ടുള്ളവരാണ്” എന്ന് റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. യു.എസ്. ഹെൽത്ത് ആന്റ് ഹ്യൂമൺ സെർവീസസ് സെക്രട്ടറി ഡോന്ന ഷാലാലാ പറയുന്നത് ഇങ്ങനെയാണ്: “ഈ സർവേയിലെ ഓരോ അക്കവും നമ്മുടെ പെൺമക്കളെയോ അമ്മമാരെയോ അയൽക്കാരികളെയോ ആണു പ്രതിനിധീകരിക്കുന്നത്.”