ലോകത്തെ വീക്ഷിക്കൽ
അന്റാർട്ടിക്ക് ഓസോൺ പാളിക്ക് സർവകാല റെക്കോർഡ് ദ്വാരം
അന്റാർട്ടിക്കയ്ക്കു മുകളിലെ ഓസോൺ പാളിയിൽ വർഷം തോറും ഉണ്ടാകുന്ന ദ്വാരം 1998 സെപ്റ്റംബറിൽ സർവകാല റെക്കോർഡ് വലിപ്പത്തിൽ എത്തിയതായി ദ യുനെസ്കോ കുരിയർ റിപ്പോർട്ടു ചെയ്യുന്നു. ആ ദ്വാരത്തിന് യൂറോപ്പിന്റെ രണ്ടര ഇരട്ടിയോളം വലിപ്പം വെച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തി. സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളി, ഭൂമിയിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും സൂര്യന്റെ അൾട്രാവയലറ്റ് വികിരണത്തിൽ നിന്നു സംരക്ഷിക്കുന്നു. വർധിച്ച അളവിലുള്ള വികിരണം ആളുകളിൽ കരിവാളിപ്പ്, ചർമാർബുദം, തിമിരം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു എന്ന് ആ റിപ്പോർട്ടു പ്രസ്താവിക്കുന്നു. ഓസോൺ പാളിയുടെ ശോഷണത്തിനുള്ള ഒരു മുഖ്യ കാരണം ക്ലോറോഫ്ളൂറോകാർബണുകൾ (സിഎഫ്സി-കൾ) ആണെന്നു പറയപ്പെടുന്നു. സ്പ്രേ കാനുകളിലും മറ്റും നിറയ്ക്കുന്ന ഈ പദാർഥം ഒരു ശീതീകാരിയുമാണ്. 1987-ൽ, മോൺട്രിയലിൽ നടന്ന ഒരു സമ്മേളനത്തിൽ 165 രാജ്യങ്ങൾ അവയുടെ ഉപയോഗം ഘട്ടം ഘട്ടമായി നിർത്താമെന്നു പ്രതിജ്ഞയെടുത്തു. ഇങ്ങനെയൊക്കെ ആണെങ്കിലും, “സ്ട്രാറ്റോസ്ഫിയറിൽ നിന്നു സിഎഫ്സി-കൾ പൂർണമായി അപ്രത്യക്ഷമാകുന്നതിനു ചുരുങ്ങിയത് 60 വർഷമെങ്കിലും എടുക്കും” എന്ന് ദ യുനെസ്കോ കുരിയർ അഭിപ്രായപ്പെടുന്നു.
ആഗോള താപനിലയിൽ അങ്ങേയറ്റം വർധനവ് ഉണ്ടായ വർഷം
1860-നു ശേഷം ഏറ്റവും ചൂടു കൂടിയ വർഷം 1998 ആയിരുന്നുവെന്ന് സയൻസ് ന്യൂസ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഭൂമിയുടെ ശരാശരി ഉപരിതല ഊഷ്മാവ്, 1961-1990 കാലയളവിലെ ശരാശരി താപനിലയെക്കാൾ .58 ഡിഗ്രി സെൽഷ്യസ് ഉയർന്നതായി കണക്കാക്കപ്പെട്ടു. “ആഗോള താപനിലയിൽ, ഒരു ഡിഗ്രിയുടെ നൂറിൽ ഒന്നു വ്യതിയാനത്തെ കുറിച്ചുപോലും ചിന്തയുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷത്തെ താപനില ഹിമാലയ സമാനമാണ്” എന്ന് ആ മാസിക പറയുന്നു. ഏറ്റവും ചൂടു കൂടിയ ഏഴു വർഷങ്ങൾ 1990-നു ശേഷമുള്ളവയും ഏറ്റവും ചൂടു കൂടിയ പത്തു വർഷങ്ങൾ 1983-നു ശേഷമുള്ളവയും ആണെന്നു രേഖകൾ കാണിക്കുന്നുവെന്ന് ആ റിപ്പോർട്ടു സൂചിപ്പിക്കുന്നു. യുഎസ് ദേശീയ സാമുദ്രിക-അന്തരീക്ഷ കാര്യനിർവഹണ സമിതിയിലെ ജോനഥൻ ഓവർപെക് പറയുന്ന പ്രകാരം, പിന്നിട്ട 1,200 വർഷങ്ങളിൽ ഏറ്റവും ചൂടു കൂടിയ കാലയളവ് കഴിഞ്ഞ രണ്ടു ദശകങ്ങൾ ആയിരുന്നിരിക്കണം. യൂറോപ്പിന്റെയും ഏഷ്യയുടെയും വടക്കു ഭാഗങ്ങളിൽ മാത്രമേ വർധനവ് ഉണ്ടാകാതിരുന്നുള്ളൂ എന്ന് ‘ലോക അന്തരീക്ഷ ശാസ്ത്ര സംഘടന’ റിപ്പോർട്ടു ചെയ്യുന്നു. ഐക്യനാടുകളുടെ ദക്ഷിണ ഭാഗത്തു കൊടിയ വേനൽ അനുഭവപ്പെട്ടു. മധ്യ റഷ്യയിൽ ജൂൺ മാസത്തിൽ ഉണ്ടായ വരൾച്ച 100-ലധികം ആളുകളെ കൊന്നൊടുക്കുക മാത്രമല്ല വൻ തീപിടിത്തങ്ങൾക്കും വഴിതെളിച്ചു.
കോർക്ക്—സമ്പദ്വ്യവസ്ഥയും വന്യജീവനും
ദക്ഷിണ സ്പെയിനിലെയും പോർച്ചുഗലിലെയും കോർക്ക്-ഓക്ക് മരത്തിന്റെ പട്ടയിൽ നിന്നാണു ലോകത്തിൽ ഉപയോഗിക്കപ്പെടുന്ന കോർക്കിന്റെ 80 ശതമാനവും ലഭിക്കുന്നത്. അവിടത്തെ കർഷകർ ഒമ്പതു വർഷത്തിൽ ഒരിക്കൽ ആ കൂറ്റൻ മരങ്ങളുടെ പട്ട ചെത്തിയെടുക്കുന്നു. കോർക്ക്-ഓക്ക് മരത്തിന്റെ പട്ട മാത്രമേ വെട്ടിയെടുത്താലും വീണ്ടും വളരുകയുള്ളൂ. സമീപകാലത്ത്, പ്ലാസ്റ്റിക് കുപ്പി അടപ്പുകൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തൊഴിൽ ഭീഷണിയെ നേരിടുകയാണ് എന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള ഗാർഡിയൻ വീക്ക്ലി റിപ്പോർട്ടു ചെയ്യുന്നു. പ്രകൃതിദത്ത കോർക്ക് വ്യവസായം നിലയ്ക്കുന്നപക്ഷം, കൂടുതൽ ആദായകരമായ വിളകൾ ഉത്പാദിപ്പിക്കാനായി ആ മരങ്ങൾ വെട്ടിനീക്കിയേക്കാം. തന്നിമിത്തം, അതിജീവനത്തിനായി ആ മരക്കാടുകളെ ആശ്രയിക്കുന്ന അനവധി പക്ഷികൾക്കു തങ്ങളുടെ വാസസ്ഥാനം നഷ്ടപ്പെടുമോ എന്നു പരിസ്ഥിതി സംരക്ഷണവാദികൾ ആശങ്കപ്പെടുന്നു. “ഈ ഓക്ക് മരങ്ങളെ ആശ്രയിച്ചു കഴിയുന്ന 42 പക്ഷിവർഗങ്ങൾ ഉണ്ട്. അവയിൽ കൂടുകൂട്ടുന്ന, വംശഭീഷണി നേരിടുന്ന സ്പാനീഷ് രാജ കഴുകനും ആ പക്ഷി വർഗങ്ങളിൽ ഉൾപ്പെടുന്നു. അവയിൽ 130 ജോടിയേ ഇപ്പോൾ ലോകത്തിൽ അവശേഷിക്കുന്നുള്ളൂ” എന്ന് ആ വർത്തമാനപ്പത്രം പറയുന്നു.
പുതിയ ‘ശീത യുദ്ധം’
“വ്യത്യസ്ത തരത്തിലും രുചിയിലും ഉള്ള, ലഭ്യമായ സകലവിധ ഐസ്ക്രീമുകളും അകത്താക്കാൻ സ്ലോവേനിയക്കാർ ഉത്സുകർ ആയിരിക്കുന്നതിനാൽ കടക്കാർ തങ്ങളുടെ ഐസ്ക്രീം ഫ്രീസറുകൾ സദാ നിറച്ചുവെക്കാൻ ശ്രമിക്കുന്നു” എന്നു ലിയൂബ്ലിയാനയിലെ ഡേലോ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. പ്രസ്തുത പത്രം പറയുന്നപ്രകാരം, ഐസ്ക്രീമിനോടു സ്ലോവേനിയക്കാർക്കുള്ള പ്രിയം പൂർവാധികം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈയിടെ അവിടത്തെ വാർഷിക ഐസ്ക്രീം വിൽപ്പനയിൽ 22 ശതമാനം വർധനവു രേഖപ്പെടുത്തി. ഈ കണക്കിനു പോയാൽ, ആളൊന്നിന് 4.3 ലിറ്റർ ഐസ്ക്രീം എന്ന നിരക്കിലുള്ള ദേശീയ വാർഷിക ഐസ്ക്രീം ഉപഭോഗം ക്രമേണ പശ്ചിമ യൂറോപ്പിലെ 5.5 ലിറ്റർ എന്ന ശരാശരിയെ കടത്തിവെട്ടും. യൂറോപ്യൻ ഐസ്ക്രീം ഉപഭോഗ മത്സരത്തിൽ ഇപ്പോഴും സ്വീഡൻകാരാണ് ഏറ്റവും മുന്നിൽ. വിപണി വിജ്ഞാന വിഭാഗമായ യൂറോമോനിട്ടറിന്റെ അഭിപ്രായത്തിൽ, സ്വീഡൻകാർ പ്രതിവർഷം ആളൊന്നിന് ശരാശരി 16 ലിറ്ററോളം ഐസ്ക്രീം കഴിക്കുന്നുണ്ട്. ആഗോളതലത്തിൽ അമേരിക്കക്കാരാണു മുന്നിൽ, ഓരോ വ്യക്തിയും പ്രതിവർഷം 20 ലിറ്ററിൽ അധികം ഐസ്ക്രീം കഴിക്കുന്നു.
ദാരിദ്ര്യത്തിലാഴ്ത്തുന്ന ശവസംസ്കാരങ്ങൾ
“ജീവിതച്ചെലവുകൾ വർധിച്ചുവരികയാണ്. എന്നാൽ, . . . മരണച്ചെലവുകൾ അതിലും അധികമായി വർധിച്ചുവരുന്നു” എന്ന് ടൈംസ് ഓഫ് സാംബിയ റിപ്പോർട്ടു ചെയ്യുന്നു. സാംബിയ ഉൾപ്പെടെ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും ദൂരെയുള്ള ബന്ധുമിത്രാദികൾക്ക് ഒരാഴ്ചയോ അതിലധികമോ നീണ്ടുനിൽക്കുന്ന വിലാപ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കേണ്ടതിനു മിക്കപ്പോഴും വൈകിയാണു ശവസംസ്കാരം നടത്തുന്നത്. കൂടിവന്നിരിക്കുന്ന സകലർക്കും ഭക്ഷണവും താമസസൗകര്യവും ഒരുക്കിക്കൊടുക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. പണമില്ലാത്തവർക്കു വീടുകളിലേക്കു മടങ്ങാനുള്ള യാത്രാച്ചെലവും സന്തപ്ത കുടുംബാംഗങ്ങൾ നൽകേണ്ടതുണ്ടത്രെ. അത്തരം ശവസംസ്കാര ചടങ്ങുകൾ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ദാരിദ്ര്യത്തിലാഴ്ത്തുന്നു. “കണ്ണീർ പൊഴിക്കാനായി മാത്രം എത്തുന്ന അനവധി വിലാപകർ നിമിത്തം ആധുനിക ശവസംസ്കാരങ്ങൾക്കു ചെലവേറി വരുന്നു” എന്ന് ആ റിപ്പോർട്ടു പറയുന്നു. സന്തപ്ത കുടുംബാംഗങ്ങളുടെ ഭാരം കുറയ്ക്കേണ്ടതിന്, ഒരു വ്യക്തി മരിച്ച ഉടനെ സംസ്കരിക്കാൻ ആ പത്രം നിർദേശിക്കുന്നു.
പച്ച നിറത്തിൽ പാകപ്പെടുത്തിയ തേയില കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നു
പച്ച നിറത്തിൽ പാകപ്പെടുത്തിയ തേയില ഉപയോഗിക്കുന്നവർക്കു കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും മൃഗങ്ങളിൽ അതു സമാനമായ പ്രയോജനങ്ങൾ ചെയ്തെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഈയിടെ, യു.എസ്.എ.-യിലുള്ള ഇൻഡ്യാനയിലെ പുർഡൂ സർവകലാശാലയിലെ ഗവേഷകർ അതിനുള്ള ഭാഗികമായ കാരണം കണ്ടുപിടിച്ചതായി സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. പച്ച നിറത്തിൽ പാകപ്പെടുത്തിയ തേയിലയിൽ കാണുന്ന എപിഗാലോകാറ്റെകിൻ ഗാലെറ്റ് (ഇജിസിജി) എന്ന പദാർഥം കാൻസർ കോശങ്ങളുടെ വിഭജനത്തിന് ആവശ്യമായ ഒരു തരം എൻസൈമിന്റെ പ്രവർത്തനത്തെ തടയുന്നു. സാധാരണ കോശങ്ങളുടെ വിഭജനത്തിൽ ഇജിസിജി ഈ വിധത്തിൽ പ്രവർത്തിക്കുന്നതായി കാണുന്നില്ല. ലോകത്തിലെ ചായ കുടിക്കാരിൽ ഏകദേശം 80 ശതമാനവും പ്രിയപ്പെടുന്ന കറുത്ത തേയിലയിൽ ഇജിസിജി-യുടെ അളവു താരതമ്യേന കുറവാണ്. ടെസ്ററ്-ട്യൂബിൽ വളർത്തുന്ന കാൻസർ കോശങ്ങളിലെ എൻസൈമിന്റെ പ്രവർത്തനത്തെ തടയുന്നതിൽ പച്ച തേയിലയെ അപേക്ഷിച്ചു കറുത്ത തേയില പത്തിലൊന്നു മുതൽ നൂറിലൊന്നു വരെ മാത്രമേ ഫലപ്രദം ആയിരിക്കുന്നുള്ളൂ എന്നതിന്റെ കാരണം ഇതായിരിക്കാം എന്നു ഗവേഷകർ പറയുന്നു.
നായ്ക്കളുടെ കടിയും കുട്ടികളും
ഐക്യനാടുകളിൽ നായ്ക്കളുടെ കടിയേൽക്കുന്നതു കൂടുതലും കൊച്ചു കുട്ടികൾക്ക് ആണെന്ന് യുസി ബെർക്ലി വെൽനസ് ലെറ്റർ റിപ്പോർട്ടു ചെയ്യുന്നു. എങ്കിലും, നായ്ക്കളുടെ കടി മിക്കപ്പോഴും ഒഴിവാക്കാനാകും എന്ന് ആ റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. ഒന്നാമതായി, നല്ല പ്രകൃതമുള്ള നായ്ക്കുട്ടികളെ തിരഞ്ഞെടുത്തുകൊണ്ടു മാതാപിതാക്കൾക്ക് അപകട സാധ്യത കുറയ്ക്കാനാകും എന്ന് വെൽനസ് ലെറ്റർ ശുപാർശ ചെയ്യുന്നു. അടുത്തതായി, നായയുടെ വരിയുടയ്ക്കണം. തുടർന്ന്, അനുസരിക്കാനും ആളുകളുമായി—പ്രത്യേകിച്ചും കുട്ടികളുമായി—സൗഹൃദത്തിൽ ആയിരിക്കാനും ദയാപുരസ്സരം, അതേസമയം കർശനപൂർവം അതിനെ പരിശീലിപ്പിക്കണം. വെൽനസ് ലെറ്റർ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഏറ്റവും ശാന്തനായ നായ പോലും നവജാത ശിശുവിനെ സ്വാഗതം ചെയ്യുമെന്നോ കൊച്ചു കുട്ടിയോടു നല്ല രീതിയിൽ പെരുമാറുമെന്നോ ഒരിക്കലും പ്രതീക്ഷിക്കരുത്. അതിന്റെമേൽ ഒരു കണ്ണുണ്ടായിരിക്കണം.” തനിയെ നായയുടെ അടുത്തു പോകാതിരിക്കാൻ കുട്ടിയെ പഠിപ്പിക്കണം. നായയുടെ ഉടമ അതിനെ പരിചയപ്പെടുത്തട്ടെ. നായയോടു സംസാരിക്കുക. ചുരുട്ടിയ മുഷ്ടി നായയെ മണപ്പിക്കുക. നായ മുരളുകയോ രോമം ഉയർത്തി നിൽക്കുകയോ ചെയ്യുന്നെങ്കിൽ ശാന്തനായി നിൽക്കുക, തിരിഞ്ഞ് ഓടരുത്. “ചെന്നായ്ക്കളെ പോലെ നായ്ക്കളും ഓടുന്ന ഒന്നിനെ പിന്തുടർന്ന് ആക്രമിക്കാൻ സഹജ വാസന കാട്ടുന്നു” എന്ന് വെൽനസ് ലെറ്റർ പ്രസ്താവിക്കുന്നു.
ഓ ഡെ മെട്രോ?
ഫ്രാൻസിലെ ഗതാഗത അധികൃതർ, പാരീസിലെ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകളിൽ ഉപയോഗിച്ചിരുന്ന അത്രകണ്ട് ആസ്വാദ്യമല്ലാത്ത പെർഫ്യൂമിനു പകരം ഒരു പുതിയ പെർഫ്യൂം പുറത്തിറക്കിയിരിക്കുന്നു. മാഡ്ലെൻ എന്ന മെട്രോ സ്റ്റേഷന്റെ പേരിൽ ഇറക്കിയ ഈ പെർഫ്യൂം സ്റ്റേഷനുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ കലർത്തി ഉപയോഗിക്കുന്നതായി റോയിറ്റെഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ഈ ഉദ്യമത്തിന് അഞ്ചു വർഷത്തെ ഗവേഷണവും വികസനപ്രവർത്തനങ്ങളും വേണ്ടിവന്നു എന്ന് ഭൂഗർഭ റെയിൽവേ ഡയറക്ടറായ ഷാക് റപൊപൊർട്ട് വിശദീകരിക്കുന്നു. “രൂക്ഷമായ ഗന്ധത്തിനു പകരം ഹൃദ്യമായ സൗരഭ്യം പരത്തുന്ന, രണ്ട് ആഴ്ചയോളം വായുവിൽ തങ്ങിനിൽക്കുന്ന, ശുചിത്വത്തിന്റെയും ക്ഷേമത്തിന്റെയും അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഒരു പെർഫ്യൂം ആയിരുന്നു ഞങ്ങൾക്കു വേണ്ടിയിരുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. “ഗ്രാമപ്രദേശത്തിന്റെയും മരങ്ങളുടെയും പൂക്കളുടെയും പഴങ്ങളുടെയും” സൗരഭ്യം പരത്താനുള്ള ഉദ്ദേശ്യത്തിലാണ് മാഡ്ലെൻ ഉപയോഗിക്കുന്നത് എന്ന് ഭൂഗർഭ റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
വീഴ്ചകൾ ഒഴിവാക്കാൻ സന്തുലിത വ്യായാമം
“65-ലധികം വയസ്സുള്ളവരിൽ മൂന്നിലൊന്നുപേർ വർഷത്തിൽ ഒരു തവണയെങ്കിലും വീഴുന്നതിന്റെ ഫലമായി ഇടുപ്പിനും മറ്റും ക്ഷതമേൽക്കുന്നു. അത്തരം പല പരിക്കുകളും ഒരിക്കലും പൂർണമായി സുഖപ്പെടുന്നില്ലെന്നു വരാം” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പ്രായം ചെല്ലുന്നതനുസരിച്ച്, സ്ഥാനം നിർണയിക്കാനുള്ള ശരീരത്തിന്റെ പ്രാപ്തി കുറയുന്നതു നിമിത്തം സമനില പാലിക്കുന്നതു കൂടുതൽ ദുഷ്കരമായിത്തീരുന്നു. ഈയിടെ യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് സ്കൂൾ ഓഫ് മെഡിസിനിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഒറ്റക്കാലിൽ നിൽക്കുന്നതോ അധികം ഉയരത്തിലല്ലാതെ കിടക്കുന്ന ഒറ്റത്തടിയിലൂടെ നടക്കുന്നതോ പോലുള്ള ക്രമമായ, ശരീരത്തിനു സമനില പ്രദാനം ചെയ്യുന്ന തരം വ്യായാമം പ്രായമുള്ളവരിൽ സമനില മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ്. എന്നിരുന്നാലും, ഇത്തരം വ്യായാമങ്ങൾ തുടക്കത്തിൽ കുറഞ്ഞ തോതിൽ ചെയ്യാനും വാരത്തിൽ രണ്ടോ മൂന്നോ തവണ പത്തു മിനിട്ടു നേരത്തേക്കു പരിമിതപ്പെടുത്താനും സുളിവൻ ആൻഡ് ക്രോംവെൽ വ്യായാമ കേന്ദ്രത്തിലെ ജീന ആൽച്ചിൻ ഉപദേശിക്കുന്നു. അവർ ഇങ്ങനെയും പറയുന്നു: “പ്രഥമ ദൃഷ്ട്യാ കുഴപ്പമൊന്നും ഇല്ലെന്നു തോന്നിയേക്കാമെങ്കിലും ഇത്തരം വ്യായാമം വെല്ലുവിളി ഉയർത്തുന്നതാണ്, കൂടുതൽ ചെയ്യുന്നപക്ഷം ക്ഷീണമുണ്ടാകുന്നതിനും നീരുവെക്കുന്നതിനും അതു കാരണമാകും.”
വിദ്യാഭ്യാസവും ശിശുമരണ നിരക്കും
“2010-ാം ആണ്ടോടെ, ലോകവ്യാപകമായി എല്ലാ കുട്ടികൾക്കും പ്രാഥമിക [വിദ്യാഭ്യാസം] സാധ്യമാക്കുന്നതിന് അടുത്ത ദശകത്തിൽ പ്രതിവർഷം 700 കോടിയിലധികം ഡോളർ കൂടുതലായി വേണ്ടിവരും” എന്ന് ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1999—വിദ്യാഭ്യാസം (ഇംഗ്ലീഷ്) എന്ന ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ടു പറയുന്നു. “ഈ തുക വർഷംതോറും യൂറോപ്പുകാർ ഐസ്ക്രീമിനുവേണ്ടി ചെലവിടുന്ന അല്ലെങ്കിൽ അമേരിക്കക്കാർ സൗന്ദര്യ വർധകങ്ങൾക്കായി ചെലവിടുന്ന തുകയിലും കുറവാണ്.” ദ ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഇന്ത്യയിൽ പ്രായപൂർത്തിയായ 66 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളും മാത്രമേ സാക്ഷരരായിട്ടുള്ളൂ. കൂടുതൽ സ്ത്രീകൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളിടത്തു ശിശുമരണ നിരക്കു കുറയുന്നു. തെന്നിന്ത്യൻ സംസ്ഥാനമായ കേരളത്തിൽ അത്തരം അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഫലം കാണാനാകും. ഏതാണ്ട് 90 ശതമാനം സാക്ഷരതയുള്ള അവിടെ “വികസ്വര രാജ്യങ്ങളിലേക്കുംവെച്ച് ഏറ്റവും കുറവു ശിശുമരണ നിരക്കാണുള്ളത്.”