“ചൈനയിലെ തേയില മുഴുവൻ കൊടുത്താലും ഇല്ല!”
അത് ചരിത്രത്തിന്റെ ഗതിയെ മാററിമറിച്ചിരിക്കുന്നു. അതിന്റെ കാലത്തെ അതിശക്തമായ വ്യാപാരക്കമ്പനി അതിൻമേൽ അടിസ്ഥാനപ്പെട്ടിരുന്നു. ഡച്ച് നാവികർ അതന്വേഷിച്ച് ആയിരക്കണക്കിന് മൈൽ സഞ്ചരിച്ചു. വെള്ളം കഴിഞ്ഞാൽ ലോകത്തിലെ ഏററം പ്രിയങ്കരമായ പാനീയം അതാണ്. അതെന്താണ്? ചായ!
തേയിലക്ക് ഇത്ര പ്രചാരം സിദ്ധിച്ചതെങ്ങനെയെന്നറിയാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? അത് എവിടെനിന്നു വന്നു? മററ് അസംഖ്യം പുതുമകളുംപോലെ, അത് ചൈനയിലാണ് ഉത്ഭവിച്ചത്. പൊതുയുഗത്തിന് ഏതാണ്ട് 500 വർഷം മുമ്പ് കൊൺഫ്യൂഷ്യസ് തന്റെ കവിതകളിലൊന്നിൽ അതിനെ പരാമർശിച്ചു. പിന്നീട് 300 വർഷങ്ങൾക്കുശേഷം തേയിലക്കു നികുതിചുമത്തി ശൂന്യമായ ഖജനാവു നിറച്ച ഒരു ചൈനീസ് ചക്രവർത്തിയെക്കുറിച്ച് ചരിത്രം പറയുന്നു.
തേയിലയുടെ ഉത്ഭവത്തെക്കുറിച്ചു വിശദീകരിക്കുന്ന ഐതീഹ്യങ്ങൾക്ക് കുറവില്ലെങ്കിലും യഥാർത്ഥത്തിൽ അത് കണ്ടുപിടിക്കപ്പെട്ടതെങ്ങനെയെന്ന് നാം അറിയാനിടയില്ല. ഒരു കഥ അതിനെ ഷെൻ നൂംഗ് ചക്രവർത്തിയോടു ബന്ധിപ്പിക്കുന്നു. അദ്ദേഹം രാജ്യത്ത് ചുററിസഞ്ചരിക്കുമ്പോൾ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കുമായിരുന്നുള്ളു. ഒരിക്കൽ എരിഞ്ഞുകൊണ്ടിരുന്ന ഒരു ചുള്ളിക്കെട്ട് അപ്പോൾത്തന്നെ തിളച്ചുപൊങ്ങിക്കൊണ്ടിരുന്ന വെള്ളത്തിലേക്ക് പറന്നുവീണു. ചക്രവർത്തി പുതിയ പാനീയത്തിന് അത്യന്തം ഹിതകരമായ രുചിയും മനോഹരമായ സുഗന്ധവും ഉള്ളതായി ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ചായ ആയിരുന്നു!
രണ്ടാമത്തെ ഒരു ഐതീഹ്യപ്രകാരം, ബുദ്ധന്റെ ശിഷ്യൻമാരിലൊരാളായിരുന്ന ഒരു ബോധിധർമ്മ അഹോരാത്രമുള്ള നിരന്തര ധ്യാനത്താൽ മാത്രമേ യഥാർത്ഥ പുണ്യവാളപദവി പ്രാപിക്കാൻകഴികയുള്ളുവെന്ന് വിശ്വസിച്ചു. അദ്ദേഹം സുദീർഘമായി ഉണർന്നിരുന്ന ഒരു സമയത്ത് ഒടുവിൽ നിദ്ര അയാളെ കീഴടക്കി. ഇത്ര അധഃപതിച്ച ഒരു മാനുഷദൗർബല്യത്തിന് രണ്ടാമതും അടിപ്പെട്ടുപോകാതിരിക്കാൻ അയാൾ തന്റെ കൺപോളകൾ ഛേദിച്ചുകളഞ്ഞു. അവ നിലത്തുവീഴുകയും അത്ഭുതകരമായി മുളക്കാൻ തുടങ്ങുകയുംചെയ്തു. അടുത്ത ദിവസം ഒരു പച്ചസസ്യം പ്രത്യക്ഷപ്പെട്ടു. അയാൾ ഇലകൾ പരീക്ഷിച്ചുനോക്കുകയും രുചികരവും ഉൻമേഷപ്രദവുമാണെന്നു കണ്ടെത്തുകയുംചെയ്തു. തീർച്ചയായും അത് തേയിലച്ചെടിയായിരുന്നു.
തേയില വിദൂരപൂർവദേശത്തെ കീഴടക്കുന്നു
വളരെ താമസിയാതെ തേയില ജപ്പാനെ കീഴടക്കി. അത് അവിടെ കൊണ്ടുചെന്നത് ഒൻപതാം നൂററാണ്ടിൽ ഒരു സമയത്ത് ‘പൊക്കണത്തിൽ തേയിലപ്പാത്ര’വുമായി വന്നെത്തിയ ചൈനീസ് ബൗദ്ധസന്യാസിമാരായിരുന്നു. പെട്ടെന്നുതന്നെ, തേയില ജപ്പാൻകാരുടെ ഇടയിൽ വളരെ ഇഷ്ടമുള്ള വസ്തു ആയിത്തീർന്നതുകൊണ്ട് 400 വർഷങ്ങൾ കഴിഞ്ഞ് ചായ ഉണ്ടാക്കി വിളമ്പുന്ന “അത്യന്തം ഔപചാരികമായ ഒരു കർമ്മം” ഒരു ദേശീയ ഏർപ്പാടായിത്തീർന്നു, അത് ചനോയു എന്നു വിളിക്കപ്പെട്ടു.
എന്നിരുന്നാലും, ജപ്പാൻകാർ അതിശ്രദ്ധാപൂർവകമായ ഒരു ചായകുടിചടങ്ങ് വിപുലപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ, ചൈനയിലെ ചായ അശേഷം രുചികരമായിരുന്നില്ല. ചൈനാക്കാരായ കവികൾ ചായയെ “ദ്രാവകരൂപത്തിലുള്ള സൂര്യകാന്തത്തിന്റെ പത”യായി വാഴ്ത്തിയെങ്കിലും മിക്കപ്പോഴും അത് ഏറെയും ഒരു സൂപ്പുപോലെയായിരുന്നു. പച്ചത്തേയില ഉപ്പുവെള്ളത്തിൽ തിളപ്പിച്ച് ഇഞ്ചിയോ ഇലവങ്ങമോ ഉള്ളിപോലുമോ ചേർത്തോ മററു സന്ദർഭങ്ങളിൽ പാലോ അരിപോലുമോ ചേർത്തു ഊററിയെടുത്തോ ഉപയോഗിക്കുന്നതായിരുന്നു കൂടുതൽ സാധാരണമായ പാചകവിധി.
എന്നിരുന്നാലും, ചായനിർമ്മാണത്തിന് അർപ്പിതമായ ആദ്യത്തെ പുസ്തകം എഴുതിയത് ഒരു ചീനക്കാരനായിരുന്നു. ക്രി. വ. 780നോടു സമീപിച്ച് ലൂ യൂ ററ്ഷാ-കിംഗ് (തേയിലയുടെ പുസ്തകം) പ്രസിദ്ധപ്പെടുത്തി, അത് പെട്ടെന്നുതന്നെ വിദൂരപൂർവ ചായപ്രേമികൾക്ക് ററീ ബൈബിൾ ആയിത്തീർന്നു. ഈ വിദ്യാസമ്പന്നനായ മനുഷ്യനാൽ സ്വാധീനിക്കപ്പെട്ട് ചൈനാ അതിന്റെ ചായശീലങ്ങളെ പരിഷ്ക്കരിക്കാനും കൂടുതൽ സൂക്ഷ്മവും എന്നാൽ ലളിതവുമായ വിധത്തിൽ പാനീയം തയ്യാറാക്കാനും തുടങ്ങി; കൂടിയാൽ അല്പം ഉപ്പുചേർത്ത തിളപ്പിച്ച വെള്ളം ഉണങ്ങിയ തേയിലമേൽ ഒഴിക്കപ്പെട്ടു—ദീർഘനാൾ പ്രിയങ്കരമായി കരുതപ്പെട്ടിരുന്ന പഴയ പാചകവിധിയോടു കാണിച്ച ഏക സൗജന്യം ഉപ്പുചേർക്കുന്നതായിരുന്നു. ചായ നല്ലതാണോയെന്നത് അധികമായി അതിന്റെ സുഗന്ധത്തെ ആശ്രയിച്ചിരിക്കുന്നതായി ലൂ യൂ നിരീക്ഷിച്ചു. അതിന്റെ സ്വാദും ഗുണവും നിർണ്ണയിക്കപ്പെടുന്നത് തേയിലച്ചെടിയെ മാത്രമല്ല, ഏറെയും മുന്തിരിയുടെ കാര്യത്തിലെന്നപോലെ മണ്ണും കാലാവസ്ഥയുംപോലെയുള്ള ഘടകങ്ങളെയും ആശ്രയിച്ചാണ്. “ഒരു ആയിരവും പതിനായിരവും” ചായകളുണ്ടെന്ന് പറയാൻ അദ്ദേഹത്തിന് കഴിഞ്ഞതെന്തുകൊണ്ടെന്ന് ഇതു വിശദമാക്കുന്നു.
പെട്ടെന്നുതന്നെ ചൈനാക്കാർ തേയിലകൾ കൂട്ടിക്കലർത്താൻതുടങ്ങി. ശതക്കണക്കിന് വ്യത്യസ്തഇനങ്ങൾ വിപണിയിലിറക്കപ്പെട്ടു. ലോകത്തിന് തേയില കൊടുത്ത രാജ്യംതന്നെ അതിന്റെ സാർവലൗകികമായ പേർ നൽകിയത് അതിശയമല്ല: അത് ആമോയ് ചൈനീസ് ഉപഭാഷയിലെ ഒരു ചൈനീസ് അക്ഷരത്തിൽനിന്നുവന്നിട്ടുള്ളതാണ്.
യൂറോപ്പ് തേയില കണ്ടുപിടിക്കുന്നു
യൂറോപ്യൻമാർ ചായയുടെ രുചി കണ്ടുപിടിക്കുന്നതിന് ദീർഘനാൾ എടുത്തു. ഒരു വെനീഷ്യൻവ്യാപാരിയും സാഹസികനുമായിരുന്ന മാർക്കോ പോളോ (1254-1324) ചൈനയിൽ പരക്കെ പര്യടനംനടത്തിയെങ്കിലും അയാൾ തന്റെ യാത്രാക്കുറിപ്പുകളിൽ ഒരു പ്രാവശ്യം മാത്രമേ ചായയെക്കുറിച്ചു പറയുന്നുള്ളു. സ്വേച്ഛാപരമായി തേയിലനികുതി വർദ്ധിപ്പിച്ചതുകൊണ്ട് പിരിച്ചുവിടപ്പെട്ട ഒരു ചൈനീസ് ധനമന്ത്രിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഏതാണ്ട് 200 വർഷം കഴിഞ്ഞ് മറെറാരു വെനീഷ്യനായ ഗിയോവനി ബാററിസ്ററാ റാമൂസിയോ യൂറോപ്പിന് തേയില ഉല്പാദനത്തിന്റെയും ഉപയോഗത്തിന്റെയും വിശദമായ ആദ്യവർണ്ണന നൽകി. അങ്ങനെ 17-ാം നൂററാണ്ടിന്റെ ആരംഭത്തിൽ ഈ പുതിയ വിദേശപാനീയത്തിന്റെ ആദ്യസാമ്പിളുകൾ യൂറോപ്യൻഫാർമസികളിൽ വിൽക്കപ്പെട്ടു, സ്വർണ്ണത്തിന്റെ വിലയാണ് ആദ്യം കിട്ടിയത്. ആദ്യം ആസ്ത്രേലിയായിലുണ്ടായ “ചൈനയിലെ തേയില മുഴുവൻ കൊടുത്താലും ഇല്ല” എന്ന പദപ്രയോഗത്തിന്റെ അർത്ഥം “തീർച്ചയായും ഇല്ല!” എന്നായിരിക്കുന്നത് ഒട്ടും അതിശയമല്ല.
ഇതിനിടയിൽ ഡച്ചുകാർ വിദൂരപൂർവദേശവുമായി കച്ചവടംതുടങ്ങിയിരുന്നു. കൂടുതൽ വിശിഷ്ടമായ അവരുടെ ഇറക്കുമതികളിലൊന്ന് തേയിലയായിരുന്നു. ഒരു ഉത്സാഹിയായ വ്യാപാരിയായിരുന്ന ജോഹാൻ ന്യൂഹോഫ് ചൈനീസ് ഉദ്യോഗസ്ഥൻമാരുമായുള്ള അറുതിയില്ലാത്ത സംഭാഷണങ്ങളെക്കുറിച്ച് റിപ്പോർട്ടുചെയ്യുന്നു. ഒരു പാനീയം വിളമ്പിയിരുന്ന ഒരു വിരുന്ന് അവയെ മിക്കപ്പോഴും മകുടംചാർത്തിയിരുന്നു. അദ്ദേഹം ഈ പാനീയത്തെ വിലയിടിച്ച് “ഒരു പയർസൂപ്പ്” എന്നു വിളിച്ചു. അത് തയ്യാറാക്കുന്ന വിധവും “സഹിക്കാവുന്നടത്തോളം ചൂടിൽ” അതു കുടിക്കുന്നുവെന്നും വർണ്ണിച്ച ശേഷം “ചൈനാക്കാർ ഈ പാനീയത്തെ രസവാദികൾ തങ്ങളുടെ ലാപ്പിഡം ഫിലോസോഫോറത്തെ, അതായത് സ്പർശമണിയെ വിലമതിക്കുന്നതുപോലെ വിലമതിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.” എന്നിരുന്നാലും, അദ്ദേഹം ചായയെ ചെലവേറിയതെങ്കിലും സകലതരം രോഗത്തിനുമുള്ള ഫലകരമായ പ്രതിവിധിയെന്ന് പുകഴ്ത്തിപ്പറഞ്ഞു.
ബ്രിട്ടീഷുകാരെ സന്തോഷിപ്പിക്കുന്ന പാനപാത്രം
ഇന്നത്തെ ഏററം ആർത്തിയുള്ള ചായകുടിയൻമാർ ബ്രിട്ടീഷുകാരാണെങ്കിലും ഡച്ചുകാരും പോർട്ടുഗീസുകാരുമാണ് തേയിലയിലേക്കു മാറാൻ അവരെ സഹായിച്ചത്. ആംസ്ററർഡാമിലെ പ്രവാസത്തിൽനിന്ന് ഇംഗ്ലണ്ടിലേക്ക് ഒലിവർ ക്രോംവെലിനാൽ തിരികെക്ഷണിക്കപ്പെട്ട യഹൂദൻമാർ തങ്ങളോടുകൂടെ തേയില കൊണ്ടുവന്നെന്ന് പറയപ്പെടുന്നു. 1658 സെപ്ററംബർ 23 ഒരു സ്മരണീയമായ തേയിലത്തീയതിയാണെന്ന് തെളിഞ്ഞു. ഒരു തേയിലപരസ്യം ഇംഗ്ലീഷ്പത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് അന്നായിരുന്നുവെന്ന് തെളിഞ്ഞു. ഒരു ലണ്ടൻനഗര കോഫീഹൗസ് ആയ സൽററൻസ് ഹെഡ്ഡിൽ ചൈനാക്കാർ ററ്ഷാൻ എന്നു വിളിക്കുന്നതും മററുള്ളവർ ററീ എന്നു വിളിക്കുന്നതുമായ ഒരു പാനീയം വിൽക്കപ്പെടുമെന്ന് മെർക്കൂറിയസ് പൊളിററിക്കസ് പ്രഖ്യാപിച്ചു. പിന്നീട് മൂന്നുവർഷം കഴിഞ്ഞ് ഇംഗ്ലീഷ്രാജാവായ ചാൾസ് II-ാമൻ ചായയുടെ സ്വാദ് പരിശോധിക്കുന്നതിൽ വിദഗ്ദ്ധയായ ഒരു പോർട്ടുഗീസ് രാജകുമാരിയെ, ബ്രാഗൻസയിലെ കാതറീനെ, വിവാഹംചെയ്തു. അവർ ഇംഗ്ലീഷ് കൊട്ടാരത്തിൽ ചായസമയം ഏർപ്പെടുത്തി. അത് ലഹരിപാനീയങ്ങളുടെമേൽ ഒരു വിജയം ഉറപ്പിച്ചു, “രാവിലെയും ഉച്ചക്കും സന്ധ്യക്കും” പ്രഭുക്കൻമാരും പ്രഭ്വികളും അത് മോന്തിക്കൊണ്ടാണിരുന്നത്. താമസിയാതെ ചായ ഫാഷ്യൻപാനീയമായിത്തീർന്നു.
ആയിരക്കണിക്കിന് മൈൽ ദൂരെയാണ് ഉല്പാദിപ്പിക്കപ്പെട്ടിരുന്നതെങ്കിലും തേയില വർദ്ധിച്ച അളവിൽ ലണ്ടനിലേക്ക് വരുത്തപ്പെട്ടുകൊണ്ടിരുന്നു. കാലക്രമത്തിൽ ഈസ്ററ് ഇൻഡ്യാ കമ്പനി ചൈനയിലെ തേയിലവ്യാപാരാവകാശങ്ങൾ മുഴുവനായി നേടിയെടുക്കുകയും ഏതാണ്ട് 200 വർഷത്തേക്ക് വിദൂരപൂർവദേശവുമായുള്ള വ്യാപാരത്തിന്റെ കുത്തക സ്ഥാപിക്കുകയുംചെയ്തു. യൂറോപ്പിന്റെ അധികഭാഗത്തും ചായകുടി തുടങ്ങി, എന്നിരുന്നാലും ഫ്രാൻസ് പുതിയ പാനീയത്തിലേക്കു മാറിയില്ല.
തേയില, നികുതികൾ, യുദ്ധങ്ങൾ
അതിസമ്മർദ്ദത്തിൻകീഴിലായിരുന്ന ഗവൺമെൻറുകൾക്ക് തേയില അപ്രതീക്ഷിത ലാഭമായിത്തീർന്നു. ആദ്യം ലണ്ടൻകോഫീഹൗസുകളിൽ യഥാർത്ഥമായി കുടിക്കുന്ന ചായയുടെ അളവിന് പ്രതിദിനം ഒരു നികുതി ഏർപ്പെടുത്തി. ഈ പ്രയാസകരമായ നടപടി 1689ൽ നിർത്തൽചെയ്യപ്പെട്ടു, അന്ന് ഉണങ്ങിയ ഓരോ പൗണ്ട് തേയിലക്കും ഡ്യൂട്ടിചുമത്തപ്പെട്ടു. 90 ശതമാനംവരെയുള്ള നികുതികളും ഉയർന്നുവന്ന ആവശ്യകതയും ദക്ഷിണ ഇംഗ്ലീഷ് തീരപ്രദേശത്ത് കുതിച്ചുയർന്ന ഒരു കള്ളക്കടുത്തുവ്യാപാരത്തിലേക്കു നയിച്ചു, കാരണം ഭൂഖണ്ഡത്തിൽ ചായക്ക് വളരെ വിലക്കുറവായിരുന്നു. കൃത്രിമ തേയിലപോലും ഉല്പാദിപ്പിക്കപ്പെട്ടു. തേയിലയുടെ ആദ്യനിറം പുനഃസ്ഥാപിക്കാമെന്നുള്ള സങ്കൽപ്പത്തിൽ, ഉപയോഗിച്ച തേയിലയിൽ ശർക്കരപ്പാവും കളിമണ്ണും ചേർക്കുകയും ഉണങ്ങി വീണ്ടും വിൽക്കുകയുംചെയ്തു. ഒരു മായം ചേർക്കൽവിദഗ്ദ്ധൻ “സ്മൗച്ച്” എന്നു വിളിക്കപ്പെട്ട ഉല്പന്നം ഉളവാക്കി. അത് ആഷിലകൾ ഉണക്കി ആട്ടിൻകാഷ്ടത്തിൽ മുക്കിവെച്ച് പിന്നീട് വിൽക്കുന്നതിനുമുമ്പ് യഥാർത്ഥ തേയിലയും ചേർത്തുണ്ടാക്കുന്ന നാററമുള്ള ഒരു മിശ്രിതമായിരുന്നു!
തേയില ചരിത്രഗതിക്കുപോലും മാററംവരുത്തി. പൗണ്ടിന് മൂന്ന് പെൻസ് എന്ന തേയിലനികുതി അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ കാഞ്ചി വലിച്ചുവിട്ടു. കുപിതരായ ബോസ്റേറാണിയൻസ് ഈ “നിസ്സാരമെങ്കിലും നിഷ്ഠുരമായ” നികുതിയെ അപലപിച്ചു. കുപിതരായ കോളനിക്കാരിൽ ചിലർ നാട്ടുകാരായ അമേരിക്കക്കാരായി (ഇൻഡ്യൻസ്) ചമഞ്ഞ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന മൂന്ന് ഈസ്ററ് ഇൻഡ്യമെൻ-ന്റെ ഡക്കുകളിലേക്ക് പാഞ്ഞുകയറുകയും തേയിലപ്പെട്ടികൾ വെട്ടിപ്പൊളിക്കുകയും ചരക്കുമുഴുവൻ കടലിലെറിയുകയും ചെയ്തു. ഇതിൽനിന്നാണ് “ബോസ്ററൺററീപാർട്ടി” എന്ന പ്രയോഗമുണ്ടായത്. ശേഷം ചരിത്രമാണ്.
തേയിലയെപ്രതി മറെറാരുയുദ്ധം നടത്തപ്പെട്ടു, കറുപ്പുയുദ്ധം. തേയിലകയററുമതിക്ക് ചൈനക്ക് വെള്ളിയായിട്ടാണ് വിലകൊടുത്തിരുന്നത്, കാരണം യൂറോപ്യൻചരക്കുകൾക്ക് അവിടെ ഡിമാൻഡ് ഇല്ലായിരുന്നു. എന്നിരുന്നാലും, കറുപ്പ് നിരോധിക്കപ്പെട്ടിരുന്നതെങ്കിലും വളരെയധികം മോഹമുള്ള ചരക്കായിരുന്നു. ഈസ്ററ് ഇൻഡ്യാ കമ്പനി തേയില വാങ്ങി കറുപ്പു കൊടുത്തുകൊണ്ട് പെട്ടെന്നുതന്നെ ആവശ്യം നിറവേററി. തത്വദീക്ഷയില്ലാത്ത കമ്പനി വമ്പിച്ച ചൈനീസ് വിപണിയിലെത്തിക്കാൻ കിഴക്കൻ ഇൻഡ്യയിൽ കറുപ്പുചെടികൾ കൃഷിചെയ്തു. ഏതാണ്ട് പത്തുവർഷം ഈ നിയമരഹിതവ്യാപാരം തുടർന്നു, കറുപ്പുവ്യാപാരികളുടെ അസംഖ്യം രഹസ്യസങ്കേതങ്ങൾക്ക് വേണ്ടത്ര ഒരുക്കിക്കൊടുത്തുകൊണ്ടുതന്നെ. ഒടുവിൽ ചൈനീസ് ഗവൺമെൻറ് ഇത് നിയന്ത്രിച്ചു. ബ്രിട്ടീഷുകാരും ചീനക്കാരും തമ്മിൽ ഈ പ്രശ്നംസംബന്ധിച്ച് കുറെ വാക്കുതർക്കങ്ങൾക്കുശേഷം യുദ്ധംപൊട്ടിപ്പുറപ്പെട്ടു, അത് 1842ൽ ചൈനാക്കാരുടെ അവമാനകരമായ പരാജയത്തിൽ കലാശിച്ചു. തേയില വീണ്ടും യൂറോപ്പിലേക്ക് കയററിയയക്കപ്പെട്ടു, കറുപ്പിന്റെ ഇറക്കുമതി സ്വീകരിക്കാൻ ചൈനാ വീണ്ടും നിർബന്ധിതയായി.
ഒരു കപ്പുചായ കുടിക്കരുതോ?
തേയിലയുടെ ചരിത്രത്തിന്റെ പ്രാരംഭത്തിൽത്തന്നെ, ഏറെയും അതിലെ കാഫീൻനിമിത്തം തേയിലക്ക് ഉത്തേജകമായ ഒരു ഫലമുണ്ടെന്ന് തിരിച്ചറിയപ്പെട്ടു. ആദ്യം ഫാർമസികളിലാണ് തേയില വിൽക്കപ്പെട്ടിരുന്നത്. മഹോദരംമുതൽ രക്തപിത്തംവരെയുള്ള വിവിധരോഗങ്ങൾക്കുള്ള പ്രതിവിധിയായും അത് കരുതപ്പെട്ടിരുന്നു. വിശപ്പില്ലായ്മക്കും അതുപോലെതന്നെ അതിഭക്ഷണത്തിനുമുള്ള ഒരു പ്രയോജനപ്രദമായ പരിഹാരമെന്ന നിലയിലും അത് ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ന് ബി-കോംപ്ലക്സ് വൈററമിനുകളിൽ പലതും തേയിലയിൽ അടങ്ങിയിരിക്കുന്നതായി അറിയപ്പെടുന്നു. ഏതായാലും അത് കാഫീന്റെ അളവും കൂട്ടുന്നു. കൂടാതെ കലോറിബോധം വെച്ചുപുലർത്തുന്ന പാശ്ചാത്യസമുദായത്തിൽ ഒരു കപ്പു തേയിലയിൽ പാലും പഞ്ചസാരയും കൂടാതെ ഉപയോഗിച്ചാൽ വെറും നാലുകലോറിയാണുള്ളതെന്ന് ഓർത്തിരിക്കുന്നതുകൊള്ളാം.
തേയില പെട്ടെന്ന് ചീത്തയാകുന്നു. ചുരുക്കംചിലമാസങ്ങളെക്കാൾ ദീർഘമായി അതു സൂക്ഷിക്കാവുന്നതല്ല. എല്ലാററിനുമുപരിയായി അത് ഉചിതമായി സൂക്ഷിക്കേണ്ടിയിരിക്കുന്നു. മററ് സസ്യോൽപ്പന്നങ്ങളോടുകൂടെ അത് ഒരിക്കലും സൂക്ഷിച്ചുവെക്കരുത്. സുഗന്ധവർഗ്ഗങ്ങളോടുകൂടെ സംഭരിച്ചുവെക്കുന്നത് അതിലും മോശമാണ്. തേയില അതിനോടുകൂടെ സൂക്ഷിക്കുന്ന മറെറന്തിന്റെയും രുചി ആഗിരണംചെയ്യുന്നു. തന്നിമിത്തം കഴിഞ്ഞ നൂററാണ്ടിലെ ബ്രിട്ടീഷ് തേയിലത്തോട്ട മാനേജർമാർ തേയില നുള്ളുന്നവർ ജോലിക്കുപോകുന്നതിനുമുമ്പ് ഓരോ സമയത്തും കുളിക്കണമെന്ന് നിഷ്ക്കർഷിച്ചിരുന്നു!
ഇടക്കു പറയട്ടെ, ഐസിട്ട ചായക്കും രുചിപ്രദമായിരിക്കാൻകഴിയും. 1904ലെ സെൻറ് ലൂയി ലോകമേളക്കാലത്ത് ഒരു ഇംഗ്ലീഷുകാരന് അപ്പോൾത്തന്നെ വിയർത്തൊലിച്ചുകൊണ്ടിരുന്ന സന്ദർശകർക്ക് തന്റെ ആവിപൊങ്ങുന്ന ചൂടുതേയില വിൽക്കാൻകഴിഞ്ഞില്ല. തന്നിമിത്തം അയാൾ അത് ഐസിൻമേൽ ഒഴിച്ചു. അങ്ങനെ അമേരിക്കയിലെ നവോൻമേഷദായകമായ വേനൽപാനീയം പിറന്നു.
ബ്രിട്ടീഷുകാർ പാൽചേർത്ത് ചായ ഉപയോഗിക്കുന്നു. വടക്കൻജർമ്മനിയിലെ ഫ്രിസ്യൻസ് മുകളിൽ ക്രീം ഇട്ട് വെളുത്ത കൽക്കണ്ടംസഹിതം അത് ആസ്വദിക്കുന്നു. മൊറോക്കോക്കാർ ജീരകംചേർത്ത് അതിന് സ്വാദുവരുത്തുന്നു. അതേസമയം ടിബററുകാർ ഉപ്പും യാക്കുനെയ്യും ചേർക്കുന്നു. എന്നിരുന്നാലും അനേകം ചായപ്രേമികൾ പഴയ ലൂ യൂവിന്റെ നിർദ്ദേശത്തോടു പററിനിൽക്കുകയും ഇപ്പോഴും ലഭ്യമായിരിക്കുന്നടത്തെല്ലാം തിളക്കുന്ന പർവതജലത്തിൽ ചായ തയ്യാറാക്കുകയും ചെയ്യുന്നു
ചായയെക്കുറിച്ച് ഇത്രയധികം വായിച്ചശേഷം നിങ്ങൾക്കു ദാഹം തോന്നുന്നുണ്ടോ? ഇപ്പോൾത്തന്നെ നല്ല ഒരു കപ്പു ചായ കുടിക്കരുതോ? (g89 9⁄8)
[15-ാം പേജിലെ ചതുരം]
“തേയിലക്കുവേണ്ടി ദൈവത്തിനു നന്ദി! തേയില ഇല്ലാതെ ലോകം എന്തു ചെയ്യും?—അത് എങ്ങനെ നിലനിന്നു? തേയിലക്കുമുമ്പ് ഞാൻ ജനിക്കാഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്.”—സിഡ്നി സ്മിത്ത് (1771-1845), ഇംഗ്ലീഷ് എഴുത്തുകാരൻ
[18-ാം പേജിലെ ചതുരം/ചിത്രം]
തോട്ടത്തിൽനിന്ന്ചായപ്പാത്രത്തിലേക്ക്
ഇന്ന് വ്യത്യസ്തങ്ങളായ നൂറുകണക്കിന് തേയിലച്ചെടികളുണ്ട്. അവയെല്ലാം മൂന്ന് പ്രധാന ഇനങ്ങളുടെ സങ്കരങ്ങളാണ്. സാധാരണയായി തേയിലത്തോട്ടങ്ങൾ കാണുന്നത് മഴവെള്ളം ഒഴുകിപ്പോകാൻ കഴിയുന്ന പർവതപ്രദേശങ്ങളിലാണ്. ഇന്ന് തേയില വളരുന്ന ഏററവും വിസ്തൃതമായ മേഖല ഇൻഡ്യയിലെ വടക്കൻപ്രവിശ്യയായ ആസാമിലാണ്. എന്നിരുന്നാലും, തേയിലകളുടെ “ഷാംപേൻ” ഹിമാലയപർവതത്തിന്റെ അടിവാരത്തിലുള്ള ഡാർജിലിംഗിൽനിന്നാണെന്ന് പറയപ്പെടുന്നു. മഴ ധാരാളമുള്ള കാലാവസ്ഥയും അമ്ലഗുണമുള്ള മണ്ണും ഏററവും നല്ല തേയിലകൾ ഉല്പാദിപ്പിക്കുന്നതിന് ഒത്തുചേരുന്നു, അങ്ങനെ ഡാർജീലിംഗിനെ തേയിലയുടെ “വാഗ്ദത്തനാട്” ആക്കുന്നു.
ഡാർജീലിംഗിൽ വിളവ് സീസൺ അനുസരിച്ചാണ്. തേയില നുള്ളുന്നവർ ആദ്യത്തെ നാമ്പുകൾ ശേഖരിക്കുന്നതിന് മാർച്ചിലും ഏപ്രിലിലും തിരക്കോടെ ജോലിചെയ്യുന്നു. അവ അത്യധികം വിലമതിക്കപ്പെടുന്നതും സ്വാദുള്ളതുമായ ചായയായിത്തീരും. വേനൽക്കാലത്ത് പറിക്കുന്ന രണ്ടാമത്തെ നാമ്പുകൾ തവിട്ടുമഞ്ഞനിറമുള്ള പൂർണ്ണകായപുഷ്ടി തികഞ്ഞ തേയിലയാണ്. പിന്നീട് ശരൽക്കാലത്താണ് ഉപജീവനത്തിനുള്ള തേയിലയുടെ വിളവെടുപ്പ്. മററു ചില സ്ഥലങ്ങളിൽ വർഷംമുഴുവൻ ഏതാനും ചില ദിവസങ്ങളോ വാരങ്ങളൊ കൂടുമ്പോൾ കൊളുന്തു നുള്ളുന്നു. നാമ്പുകൾ ഇളയതും മയമുള്ളതുമായിരിക്കുന്നതനുസരിച്ച് തേയില മെച്ചമായിരിക്കും. കൊളുന്തു നുള്ളുന്നതിന് വളരെയധികം വൈദഗ്ദ്ധ്യവും ശ്രദ്ധയുമാവശ്യമാണ്. എങ്ങനെയായാലും, ഒരു വിദഗ്ദ്ധതൊഴിലാളിയുടെ ഒരു ദിവസത്തെ വേല ഏതാണ്ട് 30,000 നാമ്പുകൾ 13 പൗണ്ട് ഡാർജീലിംഗ്തേയിലയാണ് നൽകുന്നത്. എന്നാൽ വിളവെടുത്ത വസ്തു ഇതുവരെ ചായപ്പൊടിയായിട്ടില്ല.
ഇപ്പോൾ, നാലുഘട്ടങ്ങളായുള്ള നിർമ്മാണം തുടങ്ങുന്നു. ആദ്യമായി ഇളംപച്ച നാമ്പുകൾ അവയിലെ ജലാംശം ഏതാണ്ട് 30 ശതമാനം നഷ്ടപ്പെട്ട് തുകൽപോലെ മൃദുലമായിത്തീരത്തക്കവണ്ണം ഉണക്കേണ്ടതുണ്ട്. പിന്നീട് അവ അടുത്ത ഘട്ടമായുള്ള റോളറിലെ പൊടിക്കലിന് തയ്യാറായിരിക്കും. ഈ നടപടിയിൽ ഇലകളിലെ കോശഭിത്തികൾ പൊട്ടിത്തുറക്കുകയും തേയിലക്ക് അവയുടെ വ്യതിരിക്ത സ്വാദുകൊടുക്കുന്ന സ്വാഭാവിക നീര് പുറത്തുവിടുകയും ചെയ്യുന്നു. മൂന്നാം ഘട്ടത്തിൽ തേയിലകൾ മഞ്ഞകലർന്ന പച്ചയിൽനിന്ന് അവയുടെ സ്വഭാവലക്ഷണമായ താമ്രവർണ്ണമായി മാറുന്നു. ഈ പ്രക്രിയ കിണ്വനം എന്നു വിളിക്കപ്പെടുന്നു. പൊടിഞ്ഞ ഇലകൾ ഇർപ്പമുള്ള അന്തരീക്ഷത്തിൽ മേശകളിൽ നിരത്തുകയും കിണ്വനം തുടങ്ങുകയുചെയ്യുന്നു. ഇനി ഇലകൾ ഉണക്കണം അല്ലെങ്കിൽ തപിപ്പിക്കണം. ഈ പ്രക്രിയ ഇലകൾക്ക് കറുത്ത നിറംകൊടുക്കുന്നു. അവയുടെമേൽ നിങ്ങൾ ചൂടുവെള്ളം ഒഴിക്കുമ്പോൾമാത്രമേ അവ വീണ്ടും താമ്രവർണ്ണമായിത്തീരുകയുള്ളു.
ഒടുവിൽ, ഉണക്കിയ ഇലകൾ ഇനംതിരിച്ച് റൈസ്പേപ്പറും അലൂമിനിയംതാളും വെച്ച പ്ലൈവുഡ്പെട്ടികളിൽ പായ്ക്ക്ചെയ്യുന്നു. ഇപ്പോൾ അവ ലോകത്തിലെങ്ങുമുള്ള വ്യാപാരികൾക്ക് കയററിയയ്ക്കാൻ തയ്യാറായിരിക്കുകയാണ്. പിന്നീട് കൂട്ടിക്കലർത്തലിനുശേഷം നിങ്ങളുടെ ചായപ്പാത്രത്തിൽ ഊററിയെടുക്കാൻ തേയില തയ്യാറായിരിക്കുകയാണ്.
[14-ാം പേജിലെ ചിത്രം]
ചീനക്കാർ തേയില തൂക്കുന്നു
[16, 17 പേജുകളിലെ ചിത്രങ്ങൾ]
വലത്ത്—തേയിലഫാക്റററി, സിക്കിം, ഇൻഡ്യാ
ഏററം വലത്ത്—ഇൻഡ്യയിലെ തേയിലനുള്ളൽ
വലതുവശത്തു താഴെ—ശ്രീലങ്കയിലെ തേയിലത്തോട്ടം
മദ്ധ്യം—തേയിലകളും പൂക്കളും
താഴെ ഇടത്ത്—ജപ്പാനിലെ തേയിലനുള്ളുകാർ