ലോകത്തെ വീക്ഷിക്കൽ
പുരോഹിതന് നിരോധനം
ഒരു പ്രമുഖ ദൈവശാസ്ത്ര വിദഗ്ദ്ധനായിരിക്കുന്ന 52 വയസ്സുള്ള ചാൾസ് ഇ. കുറൻ എന്ന അമേരിക്കൻ പുരോഹിതനെ അമേരിക്കയിലെ വാഷിംഗ്ടനിലുള്ള കത്തോലിക്ക് സർവ്വകലാശാലയിൽ റോമൻ കത്തോലിക് ദൈവശാസ്ത്രം പഠിപ്പിക്കുന്നതിൽനിന്ന് നിരോധിച്ചിരിക്കുന്നു. കൃത്രിമജനന നിയന്ത്രണം, ഗർഭഛിദ്രം, വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ പൂർണ്ണമായ നിരോധനത്തെ ആവർത്തിച്ചാവർത്തിച്ച് വെല്ലുവിളിച്ചതിന്റെ ഫലമായാണ് ഈ നിരോധനമുണ്ടായത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ധാർമ്മികമായി ന്യായികരിക്കാമെന്ന് കുറൻ വാദിച്ചു. (1985-ൽ പരസ്യമായെടുത്ത ഒരഭിപ്രായ വോട്ടെടുപ്പനുസരിച്ച് അമേരിക്കയിലെ ഭൂരിപക്ഷം കത്തോലിക്കരും ധാർമ്മികത സംബന്ധിച്ച കുറന്റെ വീക്ഷണത്തോട് യോജിക്കുന്നു.) ഇത് കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നടന്ന ധാർമ്മിക പ്രശ്നങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ഈ പ്രവർത്തനം ധാർമ്മികോപദേശങ്ങളെക്കുറിച്ചുള്ള സഭയുടെ അപ്രമാദിത്വം കാത്തുരക്ഷിക്കുന്നതിനുള്ള ഒരു ആധുനിക ദൃഷ്ടാന്തമാണ്. ഈ നിരോധനം സഭാധികാരവും ലൈംഗികസദാചാരവും സംബന്ധിച്ച് അമേരിക്കയിലെ കത്തോലിക്കരുടെയിടയിലുള്ള ഭിന്നത ഇല്ലാതാക്കുന്നതിനുള്ള വത്തിക്കാന്റെ ഒരു ഉപായമാണെന്ന് വത്തിക്കാനിലെ ചില അധികാരികൾ കരുതുന്നു.
എയ്ഡ്സും അവയവം മാറ്റിവെക്കലും
കുറഞ്ഞപക്ഷം എയ്ഡ്സ് ബാധിച്ച രണ്ട് അവയവങ്ങൾ മറ്റുള്ളവരിലേക്ക് പറിച്ചുനട്ടതായി ഉത്തര കറോളിനായിലെ ഗ്രീൻസ് ബോറോയിലുള്ള ഒരാശുപത്രിയിലെ ഉദ്യോഗസ്ഥൻമാർ പറയുകയുണ്ടായി. എയ്ഡ്സ് ബാധിച്ച ഈ അവയവങ്ങൾ ഒരപകടത്തിൽ മസ്തിഷ്കം തകർന്ന ഒരു വ്യക്തിയിൽനിന്നെടുത്തതാണ്. അപകടശേഷം അയാളിലേക്ക് വലിയ അളവിൽ രക്തം കുത്തിവെക്കുകയുണ്ടായി. രക്തത്തിന്റെ പ്രാഥമിക പരിശോധനകൾ രക്തത്തിൽ രോഗബാധയുണ്ടെന്ന് വെളിപ്പെടുത്തിയില്ല. പുതിയ രക്തം എയ്ഡ്സിന്റെ പ്രതിരോധാണുക്കളെ മറച്ചതായി കാണപ്പെടുന്നു. മാറ്റിവെച്ച അവയവങ്ങൾ എയ്ഡ്സ് കടത്തിവിട്ടതായി കാണപ്പെട്ടിട്ടില്ലെങ്കിലും എയ്ഡ്സുള്ള ആളുകളുടെ അവയവങ്ങൾ മാറ്റിവെക്കരുതെന്നും അതിന് “രോഗസംക്രമണത്തിനുള്ള സാദ്ധ്യതയുണ്ടെന്നും” അമേരിക്കയിലെ രോഗനിയന്ത്രണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകുന്നു.
കാപ്പിയോ ചായയോ?
സ്വാഭാവിക നാശങ്ങളും മനുഷ്യൻ കൈവരുത്തുന്ന വിപത്തുകളും നിമിത്തം കാപ്പി ഉല്പാദിപ്പിക്കുന്ന ദേശങ്ങൾ കഴിഞ്ഞ വർഷം കാപ്പിയുടെ ഉല്പാദനത്തിൽ ഒരു വലിയ മാന്ദ്യം ദർശിക്കുകയുണ്ടായി. 1984-85-ൽ ഏതാണ്ട് 300 ലക്ഷം ചാക്ക് കാപ്പി ഉല്പാദിപ്പിച്ചതായി ലണ്ടൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അതേസമയം 1985-86-ലെ ഉല്പാദനം 160 ലക്ഷം മാത്രമായിരുന്നു. പരിണിതഫലമായി, പച്ചക്കാപ്പിയുടെ വില ഏതാണ്ട് ഇരട്ടിയായി—അത് ഉപഭോക്താക്കളെ തികച്ചും ബാധിച്ചു. ബ്രിട്ടനിലുള്ളവർ കാപ്പിയുടെ വർദ്ധിച്ച വിലയാൽ പരിഭ്രാന്തരാണോ? സ്പഷ്ടമായും അല്ല. ഗാർഡിയൻ ബ്രിട്ടീഷുകാരുടെയിടയിൽ ചായയുടെ ഉപയോഗത്തിൽ വീണ്ടും ഒരു വർദ്ധനവ് റിപ്പോർട്ടു ചെയ്യുന്നു. അവിടുത്തെ ജനസംഖ്യയിൽ 80 ശതമാനമാളുകളും ചായകുടിക്കാരാണ്. ബ്രിട്ടനിലുള്ളവർ ശരാശരി പ്രതിദിനം നാല് കപ്പ് ചായ കുടിക്കും—“അമേരിക്കയിലും പൂർവ്വയൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും മൊത്തം ഉപയോഗിക്കുന്ന ചായയെക്കാൾ കൂടുതൽ. വിലയോ? ഒരു കപ്പിന് ഒരു പെനിയും (ഏതാണ്ട് ഐക്യനാടുകളിലെ 1 1/2 സെൻറ്) പാലിന്റെയും പഞ്ചസാരയുടെയും വിലയും.
ലൂഥറൻ സഭക്കാർ ഒന്നിക്കുന്നു
1988 ജനുവരി 1-ഓടെ അമേരിക്കയിലെ ഇവാഞ്ചലിക്കൽ ലൂഥറൻ സഭ ഔദ്യോഗികമായി ഐക്യനാടുകളിലെ പ്രമുഖ പ്രൊട്ടസ്റ്റൻറു സഭകളിൽ നാലാമത്തേതായിത്തീരും. അതിന് 53 ലക്ഷം അംഗങ്ങളുണ്ടായിരിക്കും. 20 വർഷത്തെ ചർച്ചകൾക്കുശേഷം മൂന്ന് വ്യത്യസ്ത ലൂഥറൻ സ്ഥാപനങ്ങൾ ഒരു പുതിയ സഭയെന്നനിലയിൽ പൂർണ്ണമായും ലയിക്കുന്നതിനുവേണ്ടി വോട്ടു ചെയ്തു. ഈ പുതിയ സഭയ്ക്കു സാമൂഹ്യപ്രശ്നങ്ങളിൽ ഗവൺമെന്റധികാരികളുടെ മേൽ വലിയ സ്വാധീനവും മറ്റ് സഭകളുമായുള്ള മതൈക്യചർച്ചകളിൽ കൂടുതൽ പ്രാതിനിധ്യവും ഉണ്ടായിരിക്കുമെന്നും പുതിയ സഭയ്ക്കു കൂടുതൽ ആഫ്രിക്കക്കാരെയും സ്പെയിൻകാരെയും ഏഷ്യാക്കാരെയും ആകർഷിക്കാൻ കഴിയുമെന്നും ലയിച്ച സംഘങ്ങളുടെ ബിഷപ്പൻമാർ ആശിക്കുന്നു.
യുവതി മതാപിതാക്കളെക്കുറിച്ച് വിവരം നൽകുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ മയക്കുമരുന്നുകളുപയോഗിക്കുന്ന തന്റെ മതാപിതാക്കളെക്കുറിച്ച് വിവരം നൽകിയ 13 വയസ്സുള്ള കാലിഫോർണിയായിലെ ഒരു പെൺകുട്ടി പ്രസിദ്ധയായി. തന്റെ മതാപിതാക്കളുടെ നിയമവിരുദ്ധമായ മയക്കുമരുന്നുപയോഗത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയ ഒരു പെൺകുട്ടിയുടെ നാടകീയ പ്രകൃതത്തിൽ ഹോളിവുഡ് ചലച്ചിത്രനിർമ്മാതാക്കൾ ഒരു പ്രശസ്തസിനിമാ സംവിധാനം ചെയ്യുന്നതിന്റെ സാദ്ധ്യത കാണുന്നു. “കുറഞ്ഞപക്ഷം ഒരു ഡസൻ സിനിമാ നിർമ്മാണ കമ്പനികൾ അവളുടെ കഥ ചിത്രത്തിലാക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി നിയമപരമായി ശ്രമിക്കുകയാണ്.” എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. മയക്കുമരുന്നുകളുടെ ഉപയോഗം നിർത്തുന്നതിനു വേണ്ടി തന്റെ മതാപിതാക്കളോട് വീണ്ടും വീണ്ടും അപേക്ഷിച്ചിട്ടും അവർ കൂട്ടാക്കാഞ്ഞതിനാൽ അവൾ കഞ്ചാവും മയക്കുമരുന്നുകളും കൊക്കെയിനും നിറച്ചുവച്ചിരുന്ന ഒരു ബാഗ് പോലീസിന് കാണിച്ചുകൊടുത്തതായി പറയപ്പെടുന്നു.
നേഴ്സുമാർ എന്നിട്ടും പുകവലിക്കുന്നു.
ശ്വാസകോശ ക്യാൻസറിന്റെ എണ്ണമറ്റകേസുകളും അതിനോട് പുകവലി ബന്ധപ്പെട്ടിരിക്കുന്നതിന്റെ വസ്തുനിഷ്ഠമായ തെളുവുകളും ഗണ്യമാക്കാതെ വളരെയധികം നേഴ്സുമാർ സിഗരറ്റ് വലിച്ചുതുടങ്ങുന്നതായി ടെക്സാസ് യൂണിവേഴ്സിറ്റിയിലുള്ള നേഴ്സുമാരുടെ സ്കൂളിലെ ഡോക്ടർ ക്രേഗ് സ്റ്റോർട്ട്സ് പറയുന്നു. ചികിത്സാ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് അനേകം ജോലിക്കാർ സിഗരറ്റ് വലി ഉപേക്ഷിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് നേഴ്സുമാർ മാത്രമേ അത് ഉപേക്ഷിച്ചിട്ടുള്ളു. മാത്രമല്ല അമേരിക്കയിലെ പൊതുജനങ്ങൾ വലിക്കുന്നതിനെക്കാൾ വലിയ നിരക്കിൽ നേഴ്സുമാർ പുകവലിക്കുന്നതായും അദ്ദേഹത്തിന്റെ പഠനം കണ്ടെത്തി. എന്തുകൊണ്ട്? പുകവലി ഉപേക്ഷിക്കാത്തതിന് ഡോക്ടർമാർ നൽകുന്ന കാരണങ്ങളിൽ ചിലത് സമ്മർദ്ദവും നിരാശയും ആത്മശക്തിയില്ലായ്മയുമാണ്. “നമ്മുടെയിടയിൽ പുകവലിയില്ലായിരുന്നെങ്കിൽ ശ്വാസകോശ ക്യാൻസർ ഒരു വിരളമായ രോഗമായിരുന്നേനേ” എന്ന് സ്റ്റോർട്ട്സ് പറയുന്നു.
ഹൈഡ്രജൻ ബോംബ് അപകടം
ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ചേറ്റവും കൂടുതൽ ശക്തിയേറിയ ഹൈഡ്രജൻ ബോംബുകളിലൊന്ന്—42,000 പൗണ്ട് (19,000 കിലോ)—29 വർഷങ്ങൾക്കു മുമ്പ് യാദൃച്ഛികമായി ഒരു അമേരിക്കൻ യുദ്ധ വിമാനത്തിൽ നിന്ന് ന്യൂ മെക്സിക്കോയിലെ ആൽബർക്വർക്ക് നഗരത്തിനു സമീപം വീണതായി അമേരിക്കൻ ഗവൺമെൻറ് അടുത്ത കാലത്ത് പുറത്തിറക്കിയ രേഖകൾ വെളിപ്പെടുത്തുന്നു. ആൽബർക്വർക്ക് ജേർണൽ പറയുന്നതനുസരിച്ച് ബോംബിലെ മറ്റ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് 12 അടി (3.7മീ.) ആഴവും 25 അടി (7.6മീ.) വ്യാസവും വരുന്ന ഒരു വിള്ളലിനിടയായെങ്കിലും അവിടെ യാതൊരു ന്യൂക്ലിയർ സ്ഫോടനവും നടന്നിട്ടില്ല, ആർക്കും അപകടം സംഭവിച്ചതുമില്ല. “സാദ്ധ്യതയനുസരിച്ച് നാം ഉണ്ടാക്കിയിട്ടുള്ളതിൽ വച്ചേറ്റവും വലിയ ബോംബ് ഇതാണ്” എന്ന് ന്യൂക്ലിയർ ആയുധങ്ങളുടെ ഒരു വിദഗ്ദ്ധൻ പ്രസ്താവിച്ചു. ആ ബോംബിന്റെ ആണവസ്ഥാനികശക്തി പത്ത് മെഗാടണ്ണിനെക്കാൾ അല്ലെങ്കിൽ നൂറ് ലക്ഷം ടൺ ടിഎൻടി യെക്കാൾ കൂടുതലാണെന്ന് ഗവേഷകർ വിശ്വസിക്കുന്നു. അത് രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറോഷിമായിലിട്ട ആറ്റംബോംബിനെക്കാൾ 600 മടങ്ങ് നശീകരണ ശക്തിയുള്ളതാണെന്നും അവർ കരുതുന്നു.
വംശനാശത്തിന്റെ വക്കിൽ
ബകവർഗ്ഗ പക്ഷികളോട് ബന്ധപ്പെട്ടിരിക്കുന്ന നിരവധി ഇനങ്ങളിലൊന്നായിരിക്കുന്ന വിവിധ വർണ്ണങ്ങളോടുകൂടിയ ജപ്പാനിലെ ഐബിസ് പക്ഷിയുടെ നിലനിൽപ് ഭീഷണിയിലാണ്. 1977-ൽ ജപ്പാനിൽ ചൂഡയുള്ള എട്ട് ഐബിസ് പക്ഷികളുണ്ടായിരുന്നു. 1981-ആയതോടെ മനോഹരമായ ഈ പക്ഷികളിൽ ആറെണ്ണം മാത്രം അവശേഷിച്ചു. വംശനാശം ഒഴിവാക്കുന്നതിനും വംശവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി ജപ്പാനിലെ പാരിസ്ഥിതിക വകുപ്പ് ശേഷിക്കുന്നവയെ പിടിച്ച് അവയുടെ വാസസ്ഥലമായിരിക്കുന്ന സാഡോഗാഷിമാ ദ്വീപിലെ ഒരു സംരക്ഷണ കേന്ദ്രത്തിലാക്കി. എന്നാൽ 1983-ൽ ഒരു ആൺപക്ഷിയും രണ്ട് പെൺപക്ഷികളും അവശേഷിച്ചു. ഇവയുടെ വംശം വർദ്ധിക്കാത്തതിനാൽ ചൈന തങ്ങളുടെ 18 ഐബിസ് പക്ഷികളിലൊന്നിനെ (ഒരു ആൺപക്ഷിയെ) ജപ്പാന് കടം കൊടുത്തു. എന്നാൽ 1983-ൽ ഇതുവരെ വംശവർദ്ധനവിനുള്ള ശ്രമങ്ങൾ വിജയപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല. അടുത്തകാലത്ത് അവശേഷിച്ച രണ്ട് പെൺപക്ഷികളിലൊന്ന് ചത്തതോടെ പാരിസ്ഥിതിക വകുപ്പിലെ ഉദ്ദോഗസ്ഥൻമാരും ടോക്കിയോയിലെ സംരക്ഷണകേന്ദ്രവും ജപ്പാനിലെ ഈ വർഗ്ഗത്തെ സംരക്ഷിക്കുന്നതിനുവേണ്ടി കൃത്രിമ ബീജസങ്കലനത്തിന് ശ്രമിക്കുകയാണ്.
ആഫ്രിക്കയ്ക്കു പറ്റിയ വിത്തുകളാണോ?
1960-ലെ ഹരിതവിപ്ലവം നിരവധി രാജ്യങ്ങളിൽ സമൃദ്ധമായ വിളവു നൽകിയ വ്യത്യസ്ത വിത്തുകൾ ആവിഷ്ക്കരിച്ചു. എന്നാൽ അതേ വിത്തുകൾ ആഫ്രിക്കയിലെ പട്ടിണിക്ക് അറുതി വരുത്താഞ്ഞതെന്തുകൊണ്ട്? “ ഹരിതവിപ്ലവം ആഫ്രിക്കയുടെ ദക്ഷിണഭാഗത്തെ മൂന്നാം ലോകരാഷ്ട്രങ്ങളെ സഹായിച്ചില്ല” എന്ന് ദക്ഷിണാഫ്രിക്കയിലെ വിറ്റ് വാട്ടർ ബ്രാണ്ട് സർവ്വകലാശാലയുടെ ജൈവശാസ്ത്ര വകുപ്പിന്റെ തലവനായിരിക്കുന്ന ഡോക്ടർ എച്ച് ഗാർനെറ്റ് പറയുന്നു. മിക്ക ആഫ്രിക്കക്കാർക്കും പുതിയ വിത്തിനങ്ങൾ വാങ്ങുക പ്രയാസമാണ്. കൂടാതെ ഈ വിത്തുകൾ വികസിപ്പിച്ചെടുത്ത നാടുകളിലെ കാലാവസ്ഥയിൽനിന്നും മണ്ണിൽനിന്നും വ്യത്യസ്തമാണ് ആഫ്രിക്കയിലെ കലാവസ്ഥയും മണ്ണും. “യൂറോപ്പിലും അമേരിക്കയിലും വികസിപ്പിച്ചെടുത്ത വിത്തുകൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്” എന്ന് ഗാർനെറ്റ് വിശദീകരിച്ചു. വളരെ സമൃദ്ധമായ വിളവു നൽകുന്ന ചില തരത്തിലുള്ള മെയ്സുകൾ ചില ആഫ്രിക്കൻ കർഷകർക്ക് പറ്റിയതല്ല. കാരണം അവ വളർന്ന് പാകമാകാൻ അവയ്ക്ക് വളരെയധികം വെള്ളവും വളവും ആവശ്യമാണ്.
വികലാംഗർക്ക് പുതിയ കാർ
വികലാംഗർക്കുവേണ്ടി ജപ്പാനിൽ അടുത്ത കാലത്ത് ഒരു കാർ വികസിപ്പിച്ചെടുത്തിരിക്കുന്നു. “ഗുരുതരമായ ശാരീരികവൈകല്യങ്ങളുള്ള എല്ലാവർക്കും ഈ കാർ ഉപയോഗിക്കാൻ കഴിയും. . .ഇപ്പോൾ വൈദ്യുത ചക്രക്കസേരകളിൽ കഴിഞ്ഞുകൂടുന്നവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്” എന്ന് അസഹി സായാഹ്നപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. ഇത് സാധാരണ കാറിൽ നിന്നും പരിഷ്കരിച്ചതാണ്. ഡ്രൈവർ സ്റ്റീറിംഗ് വളയത്തിനും ആക്സ്ലറേറ്ററിനും ബ്രേയ്ക്ക് പെഡലിനും പകരം 12 ഇഞ്ച് (30 സെ. മീ) നീളമുള്ള ഒരു നിയന്ത്രണ ദണ്ഡ് ഉപയോഗിക്കുന്നു. ഈ നിയന്ത്രണ ദണ്ഡ് മുമ്പോട്ടു തള്ളിയാൽ വണ്ടി മുമ്പോട്ട് നീങ്ങും. ദണ്ഡ് പുറകോട്ട് നീക്കിയാൽ വണ്ടി നിൽക്കും. അത് സൈഡുകളിലേക്ക് നീക്കിയാൽ വണ്ടി തിരിയും. ഈ ദണ്ഡിനടുത്ത് ബട്ടൺ ക്രമീകരിച്ചിട്ടുണ്ട്. അവ വെള്ളം തുടയ്ക്കുന്നതിനും ലൈറ്റിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. പരിഷ്കരിച്ച ഒരു കാറിന് ഏതാണ്ട് 19,00,000 യെൻ (81,000ക.) വില വരും.
സമയത്തിനു മുമ്പേ തുടങ്ങുന്നു
ഐക്യനാടുകളിൽ ‘പകൽ കൂടുതൽ ജോലി സമയം ലഭിക്കുന്നതിനു വേണ്ടി വേനൽക്കാലത്ത് ഘടികാരം ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവെക്കുന്ന രീതി’ അടുത്ത വർഷം പതിവ് സമയത്തിനുമുമ്പേ പ്രാബല്യത്തിൽ വരും. അത് ഏപ്രിലിലെ അവസാന ഞായറാഴ്ച തുടങ്ങുന്നതിനു പകരം ഏപ്രിലിലെ ആദ്യ ഞായറാഴ്ച തുടങ്ങും. എന്നിരുന്നാലും അത് ഒക്ടോബറിലെ അവസാന ഞായറാഴ്ചയേ അവസാനിക്കുകയുള്ളു. സമയത്തിനു മുമ്പേയുള്ള ഈ തുടക്കംമൂലം ഗതാഗതാപകടങ്ങൾ മൂലമുണ്ടാകുന്ന 20 മരണങ്ങളും 1500-ലധികം പരുക്കുകളും അത് വരുത്തിക്കൂട്ടുന്ന 280 ലക്ഷം ഡോളർ ചെലവും ഒഴിവാക്കാമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
പുതിയ സ്മാരകാവശിഷ്ടമോ?
വരൾച്ചമൂലം ജലനിരപ്പ് താഴ്ന്നപ്പോൾ ഗലീലക്കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ ഒരു പുരാതന പടക് ഝടിതിയിൽ മതപരമായ ഒരു സ്മാരകാവശിഷ്ടമായിത്തീരുകയാണ്. പുരാവസ്തു ഗവേഷകർ ഇതിന് യേശുവിന്റെ കാലത്തോളം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്നു. ബാക്ടീരിയായുടെ പ്രവർത്തനം തടയുന്ന ഓക്സിജനില്ലാത്ത എക്കൽ മൂടിയിരിക്കുന്നതിനാൽ തടികൊണ്ടുണ്ടാക്കിയ ഈ വഞ്ചിക്ക് ഇത്രയും കാലം നിലനിൽക്കാൻ കഴിഞ്ഞുവെന്ന് അവർ പറയുന്നു. ഡിസ്കവർ മാസികയിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് വഞ്ചി പോളിത്തീൻ കവറിലാക്കി തീരത്ത് കൊണ്ടുവന്നു. അവിടെ വച്ച് അതിൽ കൃത്രിമ മെഴുക് ഇട്ടു. “ഇത് ഒരു വിശുദ്ധ സ്മാരകാവശിഷ്ടമാക്കിത്തീർക്കുകയെന്നതാണ് ഞങ്ങളുടെ പ്രമുഖ ആവശ്യം” എന്ന് യിസ്രായേലിലെ പുരാവസ്തുവകുപ്പിലെ ഗവേഷകനായിരിക്കുന്ന ഷെല്ലി വാച്ച്മാൻ പറയുന്നു. എന്നിരുന്നാലും യേശു 5,000 പേരെ അത്ഭുതകരമായി പോഷിപ്പിച്ച ശേഷം ഗലീലക്കടൽ കടന്ന പടക് ഇതാണെന്ന് കരുതികൊണ്ട് നിരവധി തീർത്ഥാടകർ അതു കാണാൻ അങ്ങോട്ട് ഒഴുകിച്ചെല്ലുന്നു. ഭംഗുരത നിമിത്തം പടകിനെ സ്പർശിക്കാൻ സാദ്ധ്യമല്ലെന്ന് ചിലർ കണ്ടപ്പോൾ അവർ ഷെല്ലി വാച്ച്മന്റെ കരങ്ങൾ സ്പർശിക്കാൻ ആവശ്യപ്പെട്ടു. കാരണം അദ്ദേഹം പടകിനെ സ്പർശിച്ചതാണ്!
സ്വാത്മ ഭജ്ഞനം
യുദ്ധവിമാനങ്ങൾ അടുത്തകാലത്ത് വേഗതയിലും പ്രാപ്തിയിലും വളരെയധികം വർദ്ധിച്ചിരിക്കുന്നതിനാൽ മനുഷ്യർ സാങ്കേതികവിദ്യയിലെ നിയന്ത്രിത ഘടകമായിത്തീർന്നിരിക്കുകയാണ്. ഒന്നാം ലോക മഹായുദ്ധത്തിലെ വിമാനങ്ങൾക്ക് 10-15 ഗേജുകളും ഉപകരണങ്ങളും ഘടകങ്ങളും ഉണ്ടായിരിന്നു. അത് രണ്ടാം ലോകമഹായുദ്ധകാലത്ത് 35 ആയി ഉയർന്നു. ഇന്നത്തെ വിമാനങ്ങൾക്ക് ഏതാണ്ട് 300 ഉണ്ട്. പയലറ്റ് മുന്നറിയിപ്പു നൽകുകയും എല്ലാവിവരങ്ങളും വിശദീകരിക്കുകയും അപകട സാഹചര്യങ്ങളഭിമുഖീകരിക്കുമ്പോൾ ഞൊടി നേരത്തിനുള്ളിൽ തീരുമാനമെടുക്കുകയും വേണം. കൂടാതെ, വിമാനങ്ങൾ വളരെ വേഗതയിലായിരിക്കുമ്പോഴും എങ്ങോട്ടും തിരിക്കാവുന്നതാണ്. അത് പയലറ്റിൻമേൽ കൂടുതൽ സമ്മർദ്ദം വരുത്തികൂട്ടുന്നു. ഒരു ഒടിച്ചുവളവിനെക്കുറിച്ച് വോൾസ്ട്രീറ്റ് ജേർണൽ ഇപ്രകാരം പറഞ്ഞു. “അത്തരം വളയ്ക്കലിന്റെ ഫലമായി പയലറ്റിന്റെ കരങ്ങളിലെ രക്തവാഹിനികൾ തകരുകയും താല്കാലിക അന്ധത ഉണ്ടാവുകയും തല ഊറ്റമായി ചങ്കിനിട്ടിടിക്കുകയും അയാളുടെ മസ്തിഷ്ക്കത്തിൽനിന്ന് രക്തം വാർന്നു പോകുകയും അയാൾക്ക് തന്റെ സ്വന്ത്വം ഭാരത്തിന്റെ ഒൻപത് മടങ്ങ് ഭാരമുള്ളതായി തോന്നുകയും ചെയ്യും. അതിന് ശോചനീയമായ ഒരു തമസ്കരണംമോ തകർച്ചയോ വരുത്തികൂട്ടാൻ കഴിയും.” ഈ വിധത്തിൽ നിരവധി പയലറ്റുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.