ലോകത്തിനു നര കയറിക്കൊണ്ടിരിക്കുന്നു
വർഷം 1513. സ്പാനീഷ് പര്യവേക്ഷകനായ ജുവാൻ പോൺസ് ദെ ലിയോൺ വടക്കേ അമേരിക്കയിലെ ഒരജ്ഞാത തീരത്തുകൂടെ ആയാസപ്പെട്ടു നടന്നു. പര്യവേക്ഷണത്തിനിടയിൽ കണ്ടെത്തിയ പ്രദേശത്തു നിറയെ പൂക്കൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം അതിന്, സ്പാനീഷിൽ “പുഷ്പസമൃദ്ധം” എന്ന് അർഥം വരുന്ന ഫ്ളോറിഡ എന്നു പേരിട്ടതായി ഒരു റിപ്പോർട്ടു പറയുന്നു. പേരു കണ്ടുപിടിക്കുന്നത് എളുപ്പമുള്ള പണിയായിരുന്നെങ്കിലും തന്റെ പര്യവേക്ഷണത്തിന്റെ ലക്ഷ്യം—വൃദ്ധരെ യൗവനത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ശക്തിയുള്ള നീരുറവ—കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മാസങ്ങളോളം ആ പ്രദേശം മുഴുവൻ അരിച്ചു പെറുക്കിയ ശേഷം ആ പര്യവേക്ഷകൻ ഐതിഹാസിക ‘യുവത്വത്തിന്റെ നീരുറവ’ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചു മടങ്ങിപ്പോയി.
പോൺസ് ദെ ലിയോണിന്റെ നാളുകളിലെ പോലെതന്നെ ഇന്നും യുവത്വത്തിന്റെ നീരുറവകൾ കണ്ടെത്താനുള്ള ശ്രമം പൂവണിയാത്ത ഒരു സ്വപ്നമായി അവശേഷിക്കുന്നു. അതേസമയം, “വാർധക്യത്തിന്റെ നീരുറവ” എന്നു ഗ്രന്ഥകർത്ത്രിയായ ബെറ്റി ഫ്രിഡാൻ വിശേഷിപ്പിച്ച ഒന്ന് മനുഷ്യൻ കണ്ടെത്തിയിരിക്കുന്നതായി തോന്നുന്നു. ഗോളമെമ്പാടും വൃദ്ധരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ശ്രദ്ധേയമായ വർധനവു നിമിത്തമാണ് അവർ ആ വിശേഷണം ഉപയോഗിച്ചത്. വളരെയധികം ആളുകൾ ഇന്നു വാർധക്യത്തിലേക്കു പ്രവേശിക്കുന്നതുകൊണ്ട് ലോക ജനതതിയുടെ മുഖച്ഛായയ്ക്കുതന്നെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഫലത്തിൽ ലോകത്തിനു നര കയറിക്കൊണ്ടിരിക്കുകയാണെന്നു പറയാം.
‘മനുഷ്യരാശിയുടെ വമ്പിച്ച നേട്ടങ്ങളിൽ ഒന്ന്’
ജനസംഖ്യാശാസ്ത്രം കാര്യത്തിന്റെ കിടപ്പ് വിശദീകരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ അതിസമ്പന്ന രാജ്യങ്ങളിൽ പോലും, ജനന സമയത്തെ ആയുർപ്രതീക്ഷ 50 വയസ്സിൽ താഴെ ആയിരുന്നു. ഇന്ന് അത് 75-ൽ അധികമായി കുതിച്ചുയർന്നിരിക്കുന്നു. സമാനമായി ചൈന, ഹോണ്ടുറസ്, ഇൻഡോനേഷ്യ, വിയറ്റ്നാം എന്നിങ്ങനെയുള്ള വികസ്വര രാജ്യങ്ങളിൽ ജനന സമയത്തെ ആയുർപ്രതീക്ഷ, നാൽപ്പതു വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ 25 വർഷം കൂടിയിരിക്കുന്നു. ഓരോ മാസവും ലോകവ്യാപകമായി പത്തു ലക്ഷം ആളുകൾക്ക് 60 വയസ്സ് തികയുന്നുണ്ട്. യുവജനങ്ങൾ അല്ല, പിന്നെയോ 80-ഓ അതിലധികമോ പ്രായമുള്ള ‘വയോവൃദ്ധർ’ ആണ് ഇന്നു ഭൂമിയിൽ ഏറ്റവും വേഗത്തിൽ പെരുകിക്കൊണ്ടിരിക്കുന്ന ജനവിഭാഗം എന്നറിയുന്നതു നമ്മെ അതിശയിപ്പിച്ചേക്കാം.
“ആയുർപ്രതീക്ഷയുടെ ദൈർഘ്യം വർധിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നത് മനുഷ്യരാശിയുടെ വമ്പിച്ച നേട്ടങ്ങളിൽ ഒന്നാണ്” എന്ന് ജനസംഖ്യാ ശാസ്ത്രജ്ഞയായ ഐലിൻ ക്രിമൻസ് സയൻസ് മാസികയിൽ പറയുന്നു. ഐക്യരാഷ്ട്രങ്ങളും ഇതിനോടു യോജിക്കുന്നു, ഈ നേട്ടത്തിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കാനായി അത്, 1999 എന്ന വർഷത്തെ അന്താരാഷ്ട്ര വയോജന വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.—3-ാം പേജിലെ ചതുരം കാണുക.
കാഴ്ചപ്പാടിൽ മാറ്റം വരുത്തേണ്ടത് ആവശ്യം
ഈ വിജയത്തിൽ മനുഷ്യന്റെ ആയുർദൈർഘ്യത്തിൽ ഉണ്ടായ മാറ്റം മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. വാർധക്യം പ്രാപിക്കലിനെ സംബന്ധിച്ച് മനുഷ്യന്റെ ധാരണയ്ക്ക് ഉണ്ടായിട്ടുള്ള മാറ്റവും അതിൽ പെടുന്നു. പ്രായമാകുന്നതിനെ കുറിച്ചുള്ള ചിന്ത ഇപ്പോഴും പലരിലും ഉത്കണ്ഠ—പേടി പോലും—ഉളവാക്കുന്നു. കാരണം, വയസ്സാകുന്തോറും മനസ്സും ശരീരവും ക്ഷയിക്കും എന്നാണു പൊതുവെയുള്ള ധാരണ. എന്നാൽ പ്രായംചെല്ലുന്നതും ശാരീരിക സൗഖ്യം നഷ്ടപ്പെടുന്നതും രണ്ടും രണ്ടു കാര്യങ്ങളാണ് എന്ന് വാർധക്യത്തെ കുറിച്ചു പഠിക്കുന്ന ഗവേഷകർ ഊന്നിപ്പറയുന്നു. തികച്ചും വ്യത്യസ്തമായ വിധങ്ങളിലാണ് ആളുകൾ വാർധക്യം പ്രാപിക്കുന്നത്. വർഷക്കണക്കിന്റെ അടിസ്ഥാനത്തിലുള്ള പ്രായമാകലും ജീവശാസ്ത്രപരമായ പ്രായമാകലും തമ്മിൽ വ്യത്യാസം ഉണ്ട് എന്ന് ഗവേഷകർ പറയുന്നു. (“പ്രായം ചെല്ലുക എന്നാൽ എന്താണ്?” എന്ന ചതുരം കാണുക.) മറ്റു വിധത്തിൽ പറഞ്ഞാൽ, പ്രായം ചെല്ലുന്നതനുസരിച്ച് അവശ്യം കഴിവുകൾ നഷ്ടപ്പെടണമെന്നില്ല.
വാസ്തവത്തിൽ, പ്രായമാകവെ നിങ്ങളുടെ ജീവിതത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള പടികൾ നിങ്ങൾക്കു സ്വീകരിക്കാവുന്നതാണ്. ഈ പടികൾ നിങ്ങളെ യുവത്വത്തിലേക്കു തിരിച്ചു കൊണ്ടുവരികയില്ല എന്നതു ശരിതന്നെ. എന്നാൽ പ്രായമേറുമ്പോൾ ആരോഗ്യത്തോടിരിക്കാൻ അവ നിങ്ങളെ സഹായിക്കും. അടുത്ത ലേഖനം ഈ പടികളിൽ ചിലതു ചർച്ച ചെയ്യുന്നു. വാർധക്യം പ്രാപിക്കൽ എന്ന വിഷയത്തിന് നിങ്ങൾ ഇപ്പോൾ വലിയ പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ലായിരിക്കാം. എന്നാൽ താമസിയാതെ നിങ്ങൾക്കും ഇത് ഒരു പ്രധാനപ്പെട്ട വിഷയമായിത്തീരും. അതുകൊണ്ട് ഇതേ കുറിച്ചു വായിക്കാൻ നിങ്ങൾ താത്പര്യപ്പെട്ടേക്കാം.
[3-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അന്താരാഷ്ട്ര വയോജന വർഷം
“60 വയസ്സായ എന്നെയും . . . ഞാൻ മുമ്പു പരാമർശിച്ച സ്ഥിതിവിവരക്കണക്കിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നു” എന്ന് യുഎൻ സെക്രട്ടറി ജനറൽ കോഫി ആന്നൻ അടുത്തയിടെ, അതായത്, 1999-നെ അന്താരാഷ്ട്ര വയോജന വർഷമായി പ്രഖ്യാപിക്കവെ പറയുകയുണ്ടായി. ശ്രീ. ആന്നന്റെ കൂട്ടത്തിൽ പെടുത്താവുന്ന ധാരാളം പേർ ഉണ്ട്. പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തോടെ പല രാജ്യങ്ങളിലും ഓരോ 5 പേരിലും ഒരാൾ വീതം 60-ഓ അതിനു മുകളിലോ പ്രായമുള്ളവർ ആയിരിക്കും എന്നു ഗവേഷകർ പറയുന്നു. അവരിൽ എല്ലാവർക്കും പരിചരണം ആവശ്യമില്ലായിരിക്കാം. എന്നാൽ സ്വാതന്ത്ര്യം, അന്തസ്സ്, ഉത്പാദനക്ഷമത എന്നിവ നിലനിർത്താനുള്ള മാർഗങ്ങൾ ആവശ്യമാണുതാനും. ജനസംഖ്യാ സ്ഥിതിവിവരക്കണക്കിൽ ഉണ്ടായിരിക്കുന്ന ഈ സമൂല മാറ്റം ഉയർത്തിയിരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിൽ നയതന്ത്രശിൽപ്പികളെ സഹായിക്കാനും “സമൂഹത്തിൽ പ്രായമുള്ളവർ ഉള്ളതിന്റെ പ്രയോജന”ത്തെ കുറിച്ച് കുറേക്കൂടെ മെച്ചപ്പെട്ട അവബോധം സൃഷ്ടിക്കാനുമായി 1999 എന്ന വർഷത്തെ അന്താരാഷ്ട്ര വയോജന വർഷമായി പ്രഖ്യാപിക്കാൻ യുഎൻ ജനറൽ അസംബ്ളി 1992-ൽ തീരുമാനിച്ചു. “എല്ലാ പ്രായക്കാരും ഉൾപ്പെട്ട ഒരു സമൂഹം എന്ന ലക്ഷ്യം കൈവരിക്കൽ” എന്നതാണ് ഈ പ്രത്യേക വർഷത്തിന്റെ വിഷയം.
[ചിത്രം]
കോഫി ആന്നൻ
[കടപ്പാട]
UN photo
UN/DPI photo by Milton Grant
[4-ാം പേജിലെ ചതുരം/ചിത്രം]
പ്രായംചെല്ലുക എന്നാൽ എന്താണ്?
“പ്രായംചെല്ലുന്നതിന്റെ കാര്യം വരുമ്പോൾ ജീവശാസ്ത്രത്തിന്റെ പക്കൽ യാതൊരു വിശദീകരണവുമില്ല” എന്ന് ഒരു ഗവേഷകൻ പറയുന്നു. “അത് ആർക്കും പൂർണമായി മനസ്സിലാക്കാൻ കഴിയുന്നില്ല” എന്നാണ് മറ്റൊരു ഗവേഷകന്റെ അഭിപ്രായം. എങ്കിലും വാർധക്യ വിജ്ഞാനികൾ (വാർധക്യത്തെ കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞർ) അതു നിർവചിക്കാൻ ശ്രമിച്ചിട്ടുണ്ട്. ലളിതമായി പറഞ്ഞാൽ, പ്രായംചെല്ലൽ എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ കടന്നുപോകുന്ന വർഷങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു എന്ന് അവർ പറയുന്നു. എന്നാൽ പ്രായം ചെല്ലുന്നതിൽ വർഷം കടന്നു പോകുന്നതിൽ അധികം ഉൾപ്പെട്ടിരിക്കുന്നു. സാധാരണഗതിയിൽ ഒരു കുട്ടിക്ക് പ്രായംചെല്ലുന്നു എന്ന് ആരും പറയാറില്ല. കാരണം പ്രായംചെല്ലുക എന്നതിന് ഓജസ്സ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന ധ്വനി ഉണ്ട്. വർഷങ്ങൾ കടന്നുപോകുന്നതനുസരിച്ച് ആളുകളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രതികൂല മാറ്റങ്ങളെയാണു പ്രായംചെല്ലൽ എന്നതുകൊണ്ട് അർഥമാക്കുന്നത്. എന്നാൽ ചില ആളുകളുടെ കാര്യത്തിൽ ഈ മാറ്റങ്ങൾ അത്ര പ്രകടമാകുന്നില്ല. ഉദാഹരണത്തിന് ഒരു വ്യക്തിയോട് “പ്രായം തോന്നിക്കുന്നില്ല” എന്നു പറയുമ്പോൾ അതാണു സൂചിപ്പിക്കുന്നത്. വർഷക്കണക്കിന്റെ അടിസ്ഥാനത്തിലുള്ള പ്രായമാകലും ജീവശാസ്ത്രപരമായ പ്രായമാകലും തമ്മിൽ വേർതിരിച്ചറിയിക്കാൻ സാധാരണഗതിയിൽ ഗവേഷകർ രണ്ടാമത്തേതിനെ (ഹാനികരമായ ശാരീരിക മാറ്റങ്ങൾ സഹിതമുള്ള പ്രായംചെല്ലലിനെ) വാർധക്യം എന്നാണു വിശേഷിപ്പിക്കുന്നത്.
“കാലം കടന്നുപോകുന്നതോടെ ഏതാണ്ട് എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും സംഭവിക്കുന്ന പടിപടിയായുള്ള ക്ഷയിക്കൽ” എന്നാണ് ജന്തുശാസ്ത്ര പ്രൊഫസറായ സ്റ്റീവൻ എൻ. ഒസ്റ്റാഡ് വാർധക്യത്തെ വിശേഷിപ്പിക്കുന്നത്. “സമ്മർദങ്ങളോട് വേണ്ടവിധത്തിൽ പ്രതികരിക്കാൻ സഹായിക്കുന്ന ഭാഗങ്ങളുടെ സാവധാനത്തിലുള്ള അപക്ഷയമാണ്” വാർധക്യം പ്രാപിക്കൽ എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ്ങിലെ ഡോ. റിച്ചർഡ് എൽ. സ്പ്രോട്ട് പറയുന്നു. എന്നാൽ വാർധക്യം എന്നതിനു വ്യക്തമായ ഒരു നിർവചനം നൽകുന്നത് ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു എന്ന് മിക്ക ഗവേഷകരും സമ്മതിക്കുന്നു. തന്മാത്രാ ജീവശാസ്ത്രജ്ഞനായ ഡോ. ജോൺ മെഡീന കാരണം വിശദീകരിക്കുന്നു: “60,00,000,00,00,000 കോശങ്ങളുള്ള ഒരു മനുഷ്യശരീരത്തെ വാർധക്യത്തിലേക്കു വലിച്ചിഴയ്ക്കാൻ അടിതൊട്ട് മുടിവരെ, മാംസ്യങ്ങൾ മുതൽ ഡിഎൻഎ വരെ, ജനനം മുതൽ മരണം വരെ, അസംഖ്യം പ്രക്രിയകൾ ആരംഭിക്കുകയായി.” വാർധക്യം പ്രാപിക്കൽ “ജൈവശാസ്ത്രപരമായ എല്ലാ പ്രശ്നങ്ങളിലുംവെച്ച് ഏറ്റവും സങ്കീർണമാണ്” എന്ന് പല ഗവേഷകരും നിഗമനം ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ല!