“സമൃദ്ധിയുടെ പ്രയോജനങ്ങൾ സകലർക്കും ലഭിക്കുന്നില്ല”
ഐക്യരാഷ്ട്ര വികസന പദ്ധതി അഥവാ യുഎൻഡിപി സമാഹരിച്ച വാർഷിക റിപ്പോർട്ടായ മാനവ വികസന റിപ്പോർട്ട് 1998 (ഇംഗ്ലീഷ്), ലോകത്തിലെ സാമ്പത്തിക വസ്തുക്കളുടെ അഭൂതപൂർവമായ ഉപഭോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭൂവ്യാപകമായി നാം ഇപ്പോൾ, 1950-ൽ ചെലവഴിച്ചിരുന്നതിന്റെ ആറിരട്ടിയും 1975-ൽ ചെലവഴിച്ചിരുന്നതിന്റെ രണ്ടിരട്ടിയും തുക സാമ്പത്തിക വസ്തുക്കൾക്കു വേണ്ടി ചെലവഴിക്കുന്നതായി അതു വെളിപ്പെടുത്തി. അവയുടെ ഉപഭോഗത്തിൽ ഇത്രമാത്രം വർധനവ് ഉണ്ടായിരുന്നിട്ടും “സമൃദ്ധിയുടെ പ്രയോജനങ്ങൾ സകലർക്കും ലഭിക്കുന്നില്ല” എന്ന് യുഎൻഡിപി എക്സിക്യൂട്ടീവ് ഡയറക്ടറായ ജെയിംസ് ഗുസ്റ്റാവ് സ്പെത്ത് പറയുന്നു.
ദൃഷ്ടാന്തത്തിന്: ലോകത്തിലെ അതിസമ്പന്നരായ 20 ശതമാനം ആളുകൾ ലോകത്തിലെ അതിദരിദ്രരായ 20 ശതമാനം ആളുകളെക്കാൾ ഏഴ് ഇരട്ടി മത്സ്യം കഴിക്കുന്നു. അതിസമ്പന്നരായ ഈ 20 ശതമാനം ആളുകൾ ദരിദ്രരെക്കാൾ 11 ഇരട്ടി മാംസവും 17 ഇരട്ടി വൈദ്യുതിയും 77 ഇരട്ടി കടലാസ്സും ഉപയോഗിക്കുന്നു. അവർക്കു ദരിദ്രരെക്കാൾ 49 ഇരട്ടി ടെലിഫോൺ ബന്ധങ്ങളും 149 ഇരട്ടി കാറുകളും ഉണ്ട്.
സ്വാഭാവിക ഭൂവിഭവങ്ങളുടെ ഉപഭോഗം വെട്ടിക്കുറയ്ക്കാൻ വ്യവസായവത്കൃത ലോകം അതിന്റെ ഉപഭോഗ രീതികളിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് ഈ കണ്ടുപിടിത്തങ്ങളെ ആസ്പദമാക്കി യുഎൻ റേഡിയോ അഭിപ്രായപ്പെട്ടു. ഒപ്പംതന്നെ, ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളും ഭൂവിഭവങ്ങളിൽ നിന്നു പ്രയോജനം അനുഭവിക്കത്തക്കവണ്ണം സമ്പന്ന രാഷ്ട്രങ്ങൾ കൂടുതൽ സമ്പത്ത് അവരുമായി പങ്കിടേണ്ടതും ആവശ്യമാണ്. എത്രമാത്രം സമ്പത്തു പങ്കിടേണ്ടതായിട്ടുണ്ട്?
വ്യവസായവത്കൃത രാഷ്ട്രങ്ങൾ വികസനത്തിനായി ഇപ്പോൾ നൽകുന്ന സാമ്പത്തിക സഹായം പ്രതിവർഷം 5,000 കോടി ഡോളറിൽ നിന്ന് 10,000 കോടി ഡോളറാക്കി ഇരട്ടിപ്പിക്കുന്നപക്ഷം ലോകമെമ്പാടുമുള്ള എല്ലാ ദരിദ്രർക്കും ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വീട് എന്നിവ ലഭ്യമായിരിക്കും എന്ന് ശ്രീ. സ്പെത്ത് കണക്കാക്കുന്നു. 5,000 കോടി ഡോളർ എന്നത് ഒരു വലിയ തുകയായി തോന്നിയേക്കാം. എന്നാൽ, “യൂറോപ്പുകാർ സിഗരറ്റിനായി പ്രതിവർഷം അത്രയും തുക ചെലവഴിക്കുന്നുണ്ട്. ഇന്ന് ഐക്യനാടുകൾ ലഹരിപാനീയങ്ങൾക്കായി ചെലവഴിക്കുന്നതിന്റെ പകുതിയേ ഉള്ളൂ ആ തുക,” ശ്രീ. സ്പെത്ത് ഓർമിപ്പിക്കുന്നു.
ഈ ഗ്രഹത്തിലെ വിഭവങ്ങൾ തുല്യമായി പങ്കിടുന്നതിനുള്ള കൂട്ടായ ശ്രമം, കൊടിയ ദാരിദ്ര്യം തുടച്ചുനീക്കാൻ വളരെ സഹായിക്കും. അതിന് എന്താണ് ആവശ്യമായിരിക്കുന്നത്? “ആത്യന്തികമായി, ഹൃദയത്തിന്റെയും മനസ്സിന്റെയും അഭീഷ്ടങ്ങളുടെയും പരിവർത്തനം” എന്ന് ഒരു യുഎൻ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. ഇന്നത്തെ നയരൂപീകരണ സംഘടനകൾ, അവ എത്രതന്നെ സദുദ്ദേശ്യമുള്ളവ ആയിരുന്നാലും, അത്തരം പരിവർത്തനങ്ങൾ വരുത്താൻ അപ്രാപ്തമാണ് എന്നു മിക്കവരും തിരിച്ചറിയുക മാത്രമല്ല സമ്മതിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് അത്യാഗ്രഹം പോലുള്ള ഗുണങ്ങൾ പിഴുതെറിയുന്നതിനെ കുറിച്ച് എന്തു പറയാൻ!
എന്നിരുന്നാലും, മനുഷ്യകുടുംബത്തിന്റെയും നമ്മുടെ ഗ്രഹത്തിന്റെയും ഭാവിയെ കുറിച്ച് ഉത്കണ്ഠപ്പെടുന്നവർക്കു പ്രത്യാശയ്ക്കു വകയുണ്ട്. മനുഷ്യന്റെ പ്രശ്നങ്ങളെ ഫലപ്രദമായ വിധത്തിൽ പരിഹരിക്കുമെന്നു ഭൂമിയുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്തിരിക്കുന്നു എന്നറിയുന്നതു ഹൃദയോഷ്മളമാണ്. സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രവചിച്ചു: “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും. ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവും ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.” (സങ്കീർത്തനം 67:6; 72:16) അതേ, അപ്പോൾ ഭൂവാസികളിൽ ‘സകലർക്കും സമൃദ്ധിയുടെ പ്രയോജനങ്ങൾ ലഭിക്കും’!