ബൈബിളിന്റെ വീക്ഷണം
വിവാഹത്തിൽ മത ഐക്യം—പ്രാധാന്യമർഹിക്കുന്നതിന്റെ കാരണം
ഒരു കുടുംബം അത്താഴം കഴിക്കാൻ ഇരിക്കുകയാണ്. പിതാവ് ഉച്ചത്തിൽ പ്രാർഥിക്കുമ്പോൾ അമ്മ മറ്റൊരു ദൈവത്തോടു മൗനമായി പ്രാർഥിക്കുന്നു. വേറൊരു വീട്ടിൽ ഭാര്യ പള്ളിയിൽ പോകുന്നു, ഭർത്താവ് സിനഗോഗിലും. മാതാപിതാക്കളിൽ ഒരാൾ മക്കളെ സാന്താക്ലോസിനെ കുറിച്ചു പഠിപ്പിക്കുമ്പോൾ മറ്റെയാൾ യഹൂദ ഉത്സവമായ ഹനുക്കയെ കുറിച്ചു പഠിപ്പിക്കുന്ന കുടുംബങ്ങളും ഉണ്ട്.
അന്യ മതസ്ഥരെ വിവാഹം ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ അത്തരം രംഗങ്ങൾ സാധാരണമാണെന്നു സമീപകാല പഠനങ്ങൾ തെളിയിക്കുന്നു. ഒരു സർവേ അനുസരിച്ച്, ഐക്യനാടുകളിൽ 21 ശതമാനം കത്തോലിക്കർ അന്യ മതക്കാരെ വിവാഹം ചെയ്യുന്നു; മോർമൻകാരുടെ ഇടയിൽ അത് 30 ശതമാനമാണ്; മുസ്ലീങ്ങളുടെ ഇടയിൽ 40 ശതമാനവും യഹൂദരുടെ ഇടയിൽ 50 ശതമാനവും ആണത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മതവിദ്വേഷം കണക്കിലെടുക്കുമ്പോൾ, ചിലർ മിശ്രവിവാഹത്തെ അസഹിഷ്ണുതയുടെ മേലുള്ള വിജയമായി കണക്കാക്കുന്നു. ഒരു പത്രപംക്തീകാരൻ ഇങ്ങനെ എഴുതി: “ഏതു തരത്തിലുള്ള മിശ്രവിവാഹവും അങ്ങേയറ്റം പ്രകീർത്തിക്കപ്പെടേണ്ടതാണ്.” എന്നാൽ, ബൈബിളിന്റെ വീക്ഷണം അതാണോ?
വർഗീയമോ വംശീയമോ ആയ മുൻവിധികളെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതു കുറിക്കൊള്ളേണ്ടതാണ്. ദൈവവചനം വർഗീയ നിഷ്പക്ഷതയെ പ്രോത്സാഹിപ്പിക്കുന്നു. അതേക്കുറിച്ചു പത്രൊസ് അപ്പൊസ്തലൻ വ്യക്തമായി ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) അതേസമയം, യഹോവയുടെ സത്യാരാധകർ, “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം ചെയ്യാവൂ എന്നു ബൈബിൾ പഠിപ്പിക്കുന്നു. (1 കൊരിന്ത്യർ 7:39) എന്തുകൊണ്ട്?
വിവാഹത്തിന്റെ ഉദ്ദേശ്യം
വിവാഹം, സവിശേഷതയുള്ള ഒരു ഉറ്റ ബന്ധം ആയിരിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നു. (ഉല്പത്തി 2:24) വിവാഹക്രമീകരണത്തിനു തുടക്കമിട്ടപ്പോൾ സഖിത്വത്തെക്കാൾ കവിഞ്ഞ ഒന്നാണു ദൈവത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ആദ്യ ദമ്പതികൾക്കു മക്കളെ വളർത്താനും തങ്ങളുടെ ഭൗമിക ഭവനത്തെ പരിപാലിക്കാനുമുള്ള നിയമനം നൽകവെ, തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിന് അവർ ഇരുവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതാണെന്ന് അവൻ വ്യക്തമാക്കി. (ഉല്പത്തി 1:28) ഈ വിധത്തിൽ ദൈവത്തെ സേവിക്കുന്നതിൽ സഹകരിക്കുന്നതിലൂടെ പുരുഷനും സ്ത്രീയും സഖിത്വം മാത്രമല്ല, നിലനിൽക്കുന്ന ഉറ്റ പങ്കാളിത്തവും ആസ്വദിക്കുമായിരുന്നു.—മലാഖി 2:14 താരതമ്യം ചെയ്യുക.
പിൻവരുന്ന, വിഖ്യാതമായ വാക്കുകൾ പറഞ്ഞപ്പോൾ യേശു ആ പങ്കാളിത്തത്തെ കുറിച്ചാണു സൂചിപ്പിച്ചത്: “അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.” (മത്തായി 19:6) വിവാഹബന്ധത്തെ താരതമ്യപ്പെടുത്താൻ, ഭാരം വലിക്കുന്നതിനു രണ്ടു മൃഗങ്ങളെ ഒരുമിച്ചു പിണയ്ക്കുന്ന ഒരു നുകത്തെ യേശു പ്രതീകാത്മകമായി ഉപയോഗിച്ചു. ഒരേ നുകത്തിൽ പിണച്ചിരിക്കുന്ന രണ്ടു മൃഗങ്ങൾ എതിർ ദിശകളിലേക്കു വലിക്കുമ്പോഴത്തെ ബുദ്ധിമുട്ട് ഒന്ന് ആലോചിച്ചുനോക്കൂ! സമാനമായി, സത്യ വിശ്വാസത്തിനു വെളിയിലുള്ളവരെ വിവാഹം ചെയ്യുന്നവർ, ഇണയുടെ എതിർപ്പിന്മധ്യേ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ തങ്ങൾക്കു കഠിന ശ്രമം ചെയ്യേണ്ടിവരുന്നതായി കണ്ടെത്തിയേക്കാം. അനുയോജ്യമായിത്തന്നെ ബൈബിൾ പ്രസ്താവിക്കുന്നു: “നിങ്ങൾ അവിശ്വാസികളോടു ഇണയില്ലാപ്പിണ കൂടരുതു.”—2 കൊരിന്ത്യർ 6:14.
മെച്ചപ്പെട്ട വിവാഹബന്ധം
സത്യാരാധനയിലെ ഐക്യത്തിനു വിവാഹബന്ധത്തെ അങ്ങേയറ്റം ശക്തമാക്കാൻ കഴിയും. “ഏകീകൃതമായ ആരാധനയാണു ഭദ്രതയും സന്തുഷ്ടിയുമുള്ള കുടുംബങ്ങളുടെ പ്രധാന സവിശേഷതകളിൽ ഒന്ന്” എന്ന് ഒരു ലേഖകൻ അഭിപ്രായപ്പെട്ടു. സഭാപ്രസംഗി 4:9, 10 ഇങ്ങനെ പറയുന്നു: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറേറവനെ എഴുന്നേല്പിക്കും.”
തങ്ങളുടെ ജീവിതം ആരാധനയിൽ കേന്ദ്രീകരിക്കുന്ന ക്രിസ്തീയ ദമ്പതികൾ ശാരീരികമായി മാത്രമല്ല ആത്മീയമായും ഏകീകൃതരാണ്. ഒരുമിച്ചു പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും സഹക്രിസ്ത്യാനികളോടൊപ്പം കൂടിവരുകയും മറ്റുള്ളവരുമായി വിശ്വാസം പങ്കിടുകയും ചെയ്യവെ, തങ്ങളുടെ വിവാഹബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ഉറ്റ ആത്മീയ ബന്ധം അവർ വളർത്തിയെടുക്കുന്നു. ഒരു ക്രിസ്തീയ വനിത ഇങ്ങനെ അഭിപ്രായപ്പെട്ടു: “സത്യാരാധന ഒരു ജീവിതരീതിയാണ്. ഞാൻ ആരാണെന്നും എന്താണെന്നും ഉള്ള അടിസ്ഥാന വസ്തുതകൾ മനസ്സിലാക്കാത്ത ഒരാളെ വിവാഹം ചെയ്യുന്നത് എനിക്കു സങ്കൽപ്പിക്കാനേ കഴിയില്ല.”—മർക്കൊസ് 3:35 താരതമ്യം ചെയ്യുക.
‘കർത്താവിൽ വിശ്വസിക്കുന്ന’വരെ വിവാഹം ചെയ്യുന്നവർക്കു തങ്ങളുടെ ഇണ യേശുവിന്റെ മാതൃക അനുകരിക്കുമെന്നു പ്രതീക്ഷിക്കാനാകും. യേശു സഭയോടു സ്നേഹപുരസ്സരം ഇടപെട്ടതുപോലെ ക്രിസ്തീയ ഭർത്താക്കന്മാർ ഭാര്യമാരോട് ഇടപെടേണ്ടതാണ്. ക്രിസ്തീയ ഭാര്യമാരാകട്ടെ ഭർത്താക്കന്മാരോട് ആദരവോടെ ഇടപെടേണ്ടതുണ്ട്. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:25, 29, 33) അതിന്റെ പിന്നിലെ അവരുടെ ഉദ്ദേശ്യം, തങ്ങളുടെ ഇണകളെ മാത്രമല്ല ദൈവത്തെയും സന്തോഷിപ്പിക്കുക എന്നതാണ്. കാരണം, തങ്ങൾ അന്യോന്യം എങ്ങനെ പെരുമാറുന്നു എന്നതിനെ ആസ്പദമാക്കി ദമ്പതികൾ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിയിരിക്കുന്നു.—മലാഖി 2:13, 14; 1 പത്രൊസ് 3:1-7.
ക്രിസ്തീയ ദമ്പതികൾ ഇരുവരും ഒരേ വിശ്വാസത്തോടു പറ്റിനിൽക്കുന്നതു സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാനും അവരെ സഹായിക്കുന്നു. “ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്നു ക്രിസ്ത്യാനികളെ ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (ഫിലിപ്പിയർ 2:4) വ്യക്തിപരമായ താത്പര്യങ്ങൾ ഗണ്യമാക്കാതെ, വിശ്വാസത്തിൽ ഏകീകൃതരായ ഇണകൾ പ്രശ്നങ്ങളുടെ പരിഹാരാർഥം ഒരു പൊതു ആധികാരിക ഉറവിടമെന്ന നിലയിൽ ദൈവവചനത്തിലേക്കു തിരിയുന്നു. (2 തിമൊഥെയൊസ് 3:16, 17) അങ്ങനെ, ‘ഏകമനസ്സ്’ ഉള്ളവരായിരിക്കണം എന്ന ബൈബിളിന്റെ ബുദ്ധിയുപദേശം ക്രിസ്ത്യാനികൾ പിൻപറ്റുന്നു.—1 കൊരിന്ത്യർ 1:10; 2 കൊരിന്ത്യർ 13:11; ഫിലിപ്പിയർ 4:2.
ആകർഷണവും പൊതുവായ മൂല്യങ്ങളും
ഒരേ വിശ്വാസം പങ്കിടുന്നതിലും അധികം ഒരു ബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. പരസ്പര ആകർഷണം പ്രധാനപ്പെട്ട ഒരു ഘടകമാണ്. (ഉത്തമഗീതം 3:5; 4:7, 9; 5:10) എന്നാൽ, ഒരു വിവാഹം നിലനിൽക്കുന്നതിന് പൊതുവായ മൂല്യങ്ങളും മർമപ്രധാനമാണ്. ആർ യു ദ വൺ ഫോർ മീ? എന്ന ഗ്രന്ഥം പറയുന്നതനുസരിച്ച്, “പൊതുവായ മൂല്യങ്ങൾ ഉള്ള ദമ്പതികൾ സന്തോഷപ്രദവും യോജിപ്പുള്ളതും നിലനിൽക്കുന്നതുമായ ബന്ധം വളർത്തിയെടുക്കാൻ വർധിച്ച സാധ്യതകൾ ഉണ്ട്.”
ദുഃഖകരമെന്നു പറയട്ടെ, പരസ്പരം ആകർഷിതരാകുന്ന വ്യക്തികൾ വിവാഹം കഴിയുന്നതു വരെ ഗൗരവാവഹമായ പ്രശ്നങ്ങൾ ഗൗനിക്കാതിരുന്നേക്കാം. ഉദാഹരണമെന്ന നിലയിൽ, ഒരു വീടു വാങ്ങുന്ന കാര്യമെടുക്കുക. മുഖ്യമായും, അതിന്റെ പുറമേയുള്ള ഭംഗി ഇഷ്ടപ്പെട്ടതുകൊണ്ടാകാം നിങ്ങൾ അതു വാങ്ങുന്നത്. എന്നാൽ, അതിലേക്കു താമസം മാറ്റിയ ശേഷമാണ് അതിന്റെ അടിത്തറ ഭദ്രമല്ല എന്നു നിങ്ങൾ മനസ്സിലാക്കുന്നത്. എത്രതന്നെ ആകർഷകമായ സവിശേഷതകൾ ഉണ്ടായിരുന്നാലും, ഈടുറ്റ അടിത്തറയില്ലാത്ത വീടുകൊണ്ടു യാതൊരു പ്രയോജനവും ഇല്ല. സമാനമായി, അന്യ മതത്തിൽപ്പെട്ട, പൊരുത്തമുള്ളതായി കാണപ്പെടുന്ന ഒരു വ്യക്തിയോടു നിങ്ങൾക്ക് ആകർഷണം തോന്നിയേക്കാം. എന്നാൽ, വിവാഹശേഷം ആ ബന്ധത്തിനു ഗുരുതരമായ വിധത്തിൽ ഉലച്ചിൽ തട്ടിയേക്കാം.
മിശ്രവിവാഹത്തിൽ പിന്നീട് ഉയർന്നുവന്നേക്കാവുന്ന ദുഷ്കരമായ ചില പ്രശ്നങ്ങളെ കുറിച്ചു പരിചിന്തിക്കുക: ആരാധനയ്ക്കു കുടുംബം എവിടെ പോകും? ഏതു തരത്തിലുള്ള മതപരിശീലനമാണു കുട്ടികൾക്കു ലഭിക്കുക? ഏതു മതത്തിനാണു കുടുംബം സാമ്പത്തിക പിന്തുണ നൽകുക? ഇണകളിൽ ഒരാൾ വ്യാജമതത്തിന്റേതെന്നു കരുതുന്ന മത ആചാരങ്ങളിലും വിശേഷ ദിവസങ്ങളിലും പങ്കുപറ്റണമെന്നു മറ്റേ ഇണ നിർബന്ധം പിടിക്കുമോ? (യെശയ്യാവു 52:11) ഏതൊരു വിവാഹബന്ധത്തിലും ഇരു പങ്കാളികളും ന്യായയുക്തമായ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് ആവശ്യമാണ്. എന്നുവരികിലും, ഒരു വിവാഹബന്ധം നിലനിർത്താൻ വേണ്ടിയാണെങ്കിൽ പോലും, ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്ച വരുത്തുന്നതു ദൈവത്തിനു സ്വീകാര്യമല്ല.—ആവർത്തനപുസ്തകം 7:3, 4-ഉം നെഹെമ്യാവു 13:26, 27-ഉം താരതമ്യം ചെയ്യുക.
മതപരമായി ഭിന്നിച്ച കുടുംബങ്ങളിൽ, ദാമ്പത്യ സമാധാനം നിലനിർത്തുന്നതിനു ചില ദമ്പതികൾ അവരവരുടെ വിശ്വാസങ്ങൾ തനിച്ചു പിൻപറ്റുന്നു. ദുഃഖകരമെന്നു പറയട്ടെ, ഒറ്റയ്ക്കുള്ള ആരാധന വിവാഹ ജീവിതത്തിൽ ഒരു ആത്മീയ ശൂന്യത സൃഷ്ടിക്കുന്നു. തന്റെ വിശ്വാസം പിൻപറ്റാത്ത ഒരു വ്യക്തിയെ വിവാഹം ചെയ്ത ഒരു ക്രിസ്തീയ സ്ത്രീ ഇങ്ങനെ വിലപിച്ചു: “ഞങ്ങൾ വിവാഹിതരായിട്ടു 40 വർഷം ആയെങ്കിലും എന്റെ ഭർത്താവ് ഇതുവരെ എന്നെ ശരിക്കും മനസ്സിലാക്കിയിട്ടില്ല.” നേരെ മറിച്ച്, ഇണകൾ ഇരുവരും, “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്ന ഒരു വിവാഹബന്ധത്തിന്റെ കേന്ദ്രബിന്ദു ദൈവം ആയിരിക്കും. ബൈബിൾ കാവ്യാത്മകമായി പറയുന്നപ്രകാരം, “മുപ്പിരിച്ചരടു വേഗത്തിൽ അററുപോകയില്ല.”—യോഹന്നാൻ 4:23, 24; സഭാപ്രസംഗി 4:12.
കുട്ടികളുടെ കാര്യമോ?
മിശ്രവിവാഹത്തെ കുറിച്ചു ചിന്തിക്കുന്നവർ, മക്കൾക്ക് ഇരുകൂട്ടരുടെയും മതവിശ്വാസങ്ങൾ മനസ്സിലാക്കാൻ അവസരം നൽകുകയും ഒടുവിൽ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുകയും ചെയ്യാനാകുമെന്നു കരുതിയേക്കാം. മതപരമായ പരിശീലനം നൽകാൻ ഇരു മാതാപിതാക്കൾക്കും നിയമപരവും ധാർമികവുമായ അവകാശം ഉണ്ടെന്നതും ഒടുവിൽ തീരുമാനം എടുക്കുന്നതു മക്കളാണെന്നതും ശരിതന്നെ.a
മാതാപിതാക്കളെ “കർത്താവിൽ” അനുസരിക്കാൻ ബൈബിൾ കുട്ടികളോടു നിർദേശിക്കുന്നു. (എഫെസ്യർ 6:1) അതേക്കുറിച്ചു സദൃശവാക്യങ്ങൾ 6:20 ഇങ്ങനെ പറയുന്നു: “മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.” ഒരേസമയം വ്യത്യസ്തമായ ഉപദേശങ്ങൾ പഠിപ്പിക്കപ്പെടുന്നതിനു പകരം, ഒരു പൊതു മതവിശ്വാസം പുലർത്തുന്ന മാതാപിതാക്കൾ വളർത്തുന്ന കുട്ടികൾ, “കർത്താവു ഒരുവൻ, വശ്വാസം ഒന്നു, സ്നാനം ഒന്നു” എന്നു ബൈബിൾ പറയുന്ന പ്രകാരം ഏകീകൃതരാണ്.—എഫെസ്യർ 4:5; ആവർത്തനപുസ്തകം 11:19.
ശരിക്കും ‘കർത്താവിൽ’ ഉള്ളയാൾ
പൊതുവായ മൂല്യങ്ങൾ പങ്കിടുന്നതു വിജയപ്രദമായ വിവാഹത്തിനുള്ള താക്കോൽ ആയിരിക്കുന്ന സ്ഥിതിക്ക്, ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഏതൊരാളെയും വിവാഹം ചെയ്യുന്നതു ജ്ഞാനമായിരിക്കുമോ? ബൈബിൾ ഉത്തരം നൽകുന്നു: “അവനിൽ [യേശുവിൽ] വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.” (1 യോഹന്നാൻ 2:6) തന്മൂലം, വിവാഹത്തെ കുറിച്ചു ചിന്തിക്കുന്ന ഒരു ക്രിസ്ത്യാനി, യേശുവിനെ അനുഗമിക്കാൻ പരമാവധി ശ്രമിക്കുന്ന ഒരു സഹക്രിസ്ത്യാനിയെ വിവാഹം ചെയ്യാനായിരിക്കും ആഗ്രഹിക്കുക. അത്തരമൊരു ഭാവി ഇണ, ജീവിതം യഹോവയ്ക്കു സമർപ്പിച്ചു സ്നാപനമേറ്റ ആളായിരിക്കും. അയാൾ യേശുവിന്റെ സ്നേഹനിർഭരമായ വ്യക്തിത്വം അനുകരിക്കുകയും ദൈവരാജ്യ ഘോഷണത്തിൽ അവനെപ്പോലെ തീക്ഷ്ണത പ്രകടമാക്കുകയും ചെയ്യും. യേശു ചെയ്തതുപോലെ, അയാൾ തന്റെ ജീവിതം ദൈവേഷ്ടം ചെയ്യുന്നതിൽ കേന്ദ്രീകരിക്കും.—മത്തായി 6:33; 16:24; ലൂക്കൊസ് 8:1; യോഹന്നാൻ 18:37.
ദൈവത്തിന്റെ ആരാധകരുടെ കുടുംബത്തിൽ നിന്നുതന്നെ അനുയോജ്യ പങ്കാളിയെ തിരഞ്ഞെടുക്കാൻ ക്ഷമാപൂർവം കാത്തിരിക്കുകവഴി, വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നവർ തങ്ങളുടെ ജീവിതത്തിൽ ദൈവേഷ്ടത്തിനു പ്രഥമ സ്ഥാനം നൽകുകയായിരിക്കും ചെയ്യുന്നത്. അത് ഒടുവിൽ ഏറെ സന്തുഷ്ടവും സംതൃപ്തിദായകവും ആയ വിവാഹജീവിതത്തിനു വഴിയൊരുക്കും.—സഭാപ്രസംഗി 7:8; യെശയ്യാവു 48:17, 18.
[അടിക്കുറിപ്പുകൾ]
a 1997 മാർച്ച് 8 ഉണരുക!യുടെ 26-7 പേജുകളിലെ “ബൈബിളിന്റെ വീക്ഷണം: കുട്ടികൾ മതം സ്വയം തിരഞ്ഞെടുക്കേണ്ടതുണ്ടോ?” എന്ന ലേഖനം കാണുക. കൂടാതെ, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച, യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും എന്ന ലഘുപത്രികയുടെ 24-5 പേജുകളും കാണുക.
[20-ാം പേജിലെ ചതുരം]
മതപരമായി ഭിന്നിച്ച കുടുംബങ്ങൾക്കു സഹായം
വിവാഹിതരായ പലരും ഇന്നു പല കാരണങ്ങളാൽ മതപരമായി ഭിന്നിച്ചിരിക്കുന്നു. ചിലർ അന്യ മതത്തിൽ പെട്ട ഒരു വ്യക്തിയെ ഇണയായി തിരഞ്ഞെടുത്തതാകാം. എന്നാൽ, പല ദമ്പതികളും തുടക്കത്തിൽ ഒരേ മതം പിൻപറ്റുന്നവർ ആയിരുന്നെങ്കിലും പിൽക്കാലത്ത് ഇണ മറ്റൊരു ആരാധനാരീതി തിരഞ്ഞെടുത്തതിന്റെ ഫലമായാകാം മതപരമായി വിഭജിക്കപ്പെട്ടത്. മതപരമായ ഭിന്നിപ്പിന് ഇടയാക്കുന്ന വേറെയും സാഹചര്യങ്ങൾ കുടുംബത്തിൽ ഉണ്ടായിരുന്നേക്കാം. കാരണങ്ങൾ എന്തുതന്നെ ആയിരുന്നാലും, മതകാര്യങ്ങളിൽ ഇണകൾ അഭിപ്രായവ്യത്യാസം ഉള്ളവർ ആയിരിക്കുന്നതു കൊണ്ടു മാത്രം വിവാഹ പ്രതിജ്ഞ ലംഘിക്കാനോ തുച്ഛീകരിക്കാനോ പാടുള്ളതല്ല. ഇണകൾ ആരാധനയിൽ ഏകീകൃതർ അല്ലാത്തപ്പോൾ പോലും വിവാഹത്തിന്റെ പവിത്രതയെയും ശാശ്വതത്വത്തെയും ബൈബിൾ മാനിക്കുന്നു. (1 പത്രൊസ് 3:1, 2) പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.” (1 കൊരിന്ത്യർ 7:12) ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നപക്ഷം, സ്നേഹനിർഭരവും ആദരണീയവുമായ ഒരു ബന്ധം കൈവരുത്തുന്ന സമാധാനം ആസ്വദിക്കാൻ ഏതൊരു ദമ്പതികളെയും സഹായിക്കാൻ അവയ്ക്കു കഴിയും.—എഫെസ്യർ 5:28-33; കൊലൊസ്സ്യർ 3:12-14; തീത്തൊസ് 2:4, 5; 1 പത്രൊസ് 3:7-9.