ഏണികൾ ഉപയോഗിക്കുമ്പോൾ—സുരക്ഷിതത്വത്തിനു വേണ്ടി നിങ്ങൾ പിൻവരുന്നവ ശ്രദ്ധിക്കാറുണ്ടോ?
അയർലൻഡിലെ ഉണരുക! ലേഖകൻ
പോളിന് തന്റെ വീടിനു വെളിയിൽ പിടിപ്പിച്ചിരിക്കുന്ന ഒരു ബൾബ് മാറ്റിയിടണമായിരുന്നു. മുകളിലത്തെ നിലയിലെ മുറികളുടെ പുറത്തെ ജനലുകളും അദ്ദേഹത്തിനു വൃത്തിയാക്കേണ്ടതുണ്ടായിരുന്നു. ഇതെല്ലാം ഭാര്യ അദ്ദേഹത്തെ എത്രതവണ ഓർമപ്പെടുത്തിയതാണെന്ന് അറിയാമോ. എന്നാൽ പോളാകട്ടെ, പിന്നെ ചെയ്യാം പിന്നെ ചെയ്യാം എന്നും പറഞ്ഞ് ഈ ജോലികൾ എല്ലാം മാറ്റിവെക്കുകയായിരുന്നു. കാരണം? ഈ ജോലികൾ ചെയ്യുന്നതിന് അദ്ദേഹത്തിന് ഒരു ഏണി ഉപയോഗിക്കേണ്ടതുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പേടി മനസ്സിലാക്കാവുന്നതേയുള്ളൂ. ഏണി ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഗുരുതരമോ മാരകം പോലുമോ ആയിരുന്നേക്കാം എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മിക്കപ്പോഴും ഇവ സംഭവിക്കുന്നത് ഏണി ശരിയായി ഉപയോഗിക്കേണ്ട വിധം സംബന്ധിച്ചു വേണ്ടത്ര ശ്രദ്ധിക്കാത്തതു കൊണ്ടാണ്.
തന്റെ ജോലികൾ ചെയ്തു തുടങ്ങുന്നതിനു മുമ്പ് പോൾ ഏണിയെ കുറിച്ച് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്നു? സുരക്ഷിതമായി ഏണി ഉപയോഗിക്കാൻ അദ്ദേഹത്തെ സഹായിച്ച പത്തു നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.
ഏണി സുരക്ഷിതമോ?
1 ഒത്ത ഏണി സംഘടിപ്പിക്കുക. ഏണിക്കു തീരെ പൊക്കം കുറവാണെങ്കിൽ അത് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് എത്തിവലിയേണ്ടി വരും. അതിനു നീളം വളരെ കൂടുതലാണെങ്കിലോ അത് ഒരുപാടു ചെരിച്ചുവെക്കേണ്ടി വരും. ഇത് അപകടകരവുമാണ്. തട്ടിൻപുറത്ത് കയറുന്നതിന് കവര ഏണി (stepladder) ഉപയോഗിക്കരുത്. പകരം, പറ്റിയ ഒരു ഏണി അതിനു വേണ്ടി സ്ഥിരമായി ഉറപ്പിച്ചു വെക്കുക. അതല്ലെങ്കിൽ ചാരി വെക്കാവുന്ന ഒരു ഏണി ഉപയോഗിക്കുക.
2 ഏണി ശ്രദ്ധാപൂർവം പരിശോധിക്കുക. ഏണി വെളിയിൽ ആയിരുന്നോ സൂക്ഷിച്ചിരുന്നത്? മരം കൊണ്ടുണ്ടാക്കിയ ഏണികൾ നനയുമ്പോൾ വികസിക്കുകയും ഉണങ്ങുമ്പോൾ സങ്കോചിക്കുകയും ചെയ്യും. കുറച്ചുകാലം കഴിയുമ്പോൾ അതിന്റെ ചവിട്ടുപടികൾ ഇളകിത്തുടങ്ങുകയും അങ്ങനെ ഏണിയുടെ ഉറപ്പു കുറയുകയും ചെയ്യും. ചവിട്ടുപടികളിൽ ഏതെങ്കിലും പൊട്ടുകയോ ചെതുക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ? മിക്കപ്പോഴും മരം കൊണ്ടുണ്ടാക്കിയ ചവിട്ടുപടികളുടെ അടിയിൽ അവയ്ക്കു താങ്ങായി ലോഹക്കഷണം പിടിപ്പിക്കാറുണ്ട്. അത് അതിന്റെ ശരിയായ സ്ഥാനത്ത്, നന്നായി ഉറച്ചിരിക്കുന്നുവോ? ലോഹക്കഷണങ്ങളെ ഏണിയുടെ കാലുകളിൽ ഉറപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന പിരിയാണികളും മടക്കാണികളും ഒടിയുകയോ തുരുമ്പിക്കുകയോ ചെയ്തിട്ടുണ്ടോ? വലിയ, നീട്ടാവുന്ന തരത്തിലുള്ള ഏണികൾക്ക് (extension ladders) കപ്പിയും കയറും ഉണ്ടായിരുന്നേക്കാം. കപ്പികൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടോ? കയറു പൊട്ടിപ്പോകാൻ സാധ്യതയുണ്ടോ? അതിനു വേണ്ടത്ര നീളമുണ്ടോ? എന്തെങ്കിലും കേടുപാടുകൾ തീർക്കാനോ പുതിയ കയർ ഇടാനോ മറ്റോ ഉണ്ടെങ്കിൽ വെച്ചു താമസിപ്പിക്കാതെ അതു വേഗം ചെയ്യുക.
ചവിട്ടുപടികൾ കയറുമ്പോൾ തെന്നിപ്പോകാതിരിക്കാനായി, അവയുടെ പ്രതലത്തെ പരുപരുത്തതാക്കുന്ന ചാലുകൾ പോലുള്ള ഭാഗങ്ങൾ മിക്കപ്പോഴും ഏണിയിൽ ഉണ്ടായിരിക്കും. ഇവയിൽ അഴുക്ക് അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ അതു നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏണികൾ തെന്നിപ്പോകാതിരിക്കാൻ അവയുടെ കാലുകൾക്ക് അടിയിൽ പാഡുകൾ ഉണ്ടായിരിക്കേണ്ടതാണ്. അവ ഉണ്ടെന്നും നല്ല നിലയിൽ ആണെന്നും ഉറപ്പു വരുത്തുക.
3 ഏണികൾ സുരക്ഷിതമായി കൊണ്ടുപോകുക. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു വാഹനത്തിലാണ് ഏണി കൊണ്ടുപോകുന്നത് എങ്കിൽ, ഏണി വെക്കുന്നതിനുള്ള റാക്കിൽത്തന്നെ അത് ഉറപ്പിച്ചു വെക്കുക. ഏണി വെക്കുന്നതിനു പ്രത്യേക സൗകര്യമില്ലെങ്കിൽ, അതു വാഹനത്തിൽ കെട്ടിവെക്കുക. ചുരുങ്ങിയപക്ഷം രണ്ടു സ്ഥലങ്ങളിൽ എങ്കിലും കെട്ട് ഉണ്ടായിരിക്കണം. ഏണിക്കു നീളം കൂടുതലാണെങ്കിൽ അതു വാഹനത്തിന്റെ പിന്നിലേക്കു തള്ളിനിന്നേക്കാം. അതുകൊണ്ട് പിന്നാലെ വരുന്നവർക്കു പെട്ടെന്നു കാണാൻ പാകത്തിന് ഒരു തുണിയോ മറ്റോ അതിൽ കെട്ടിയിടുക.
നീളമുള്ള ഒരു ഏണി രണ്ടു പേർ ചേർന്നു ചുമക്കുന്നതാണ് ഏറ്റവും സുരക്ഷിതം. എന്നാൽ, നിങ്ങൾ തനിയെ ഒരു ഏണി എടുത്തുകൊണ്ടു പോകുകയാണ് എന്നിരിക്കട്ടെ. നിങ്ങൾ അതു വിലങ്ങനെയാണു പിടിക്കുന്നത് എങ്കിൽ, ഒരു കൈ അതിന്റെ നടുക്കു കൂടിയിട്ട് തോളത്തു വെക്കുക. എന്നിട്ട് ചെരിഞ്ഞു പോകാതിരിക്കാൻ മറ്റേ കൈ കൊണ്ട് അതു താങ്ങിപ്പിടിക്കുക. ഏണി ആരുടെയും ദേഹത്തു കൊള്ളാതിരിക്കേണ്ടതിന് അതിന്റെ മുൻവശം തലപ്പൊക്കത്തിലും ഉയരത്തിൽ ആയിരിക്കണം. ഏണിയുടെ മുൻപോട്ടുള്ള അത്രയും നീളം തന്നെ പുറകോട്ടും ഉണ്ടെന്നുള്ള കാര്യം മറക്കരുത്! ഏണികൊണ്ടുള്ള ഇടി കൊള്ളുന്നത് വലിയ തമാശയായിട്ടാണു ഹാസ്യചിത്രങ്ങൾ അവതരിപ്പിക്കാറുള്ളത്. എന്നാൽ യഥാർഥ ജീവിതത്തിൽ, അതിൽ സ്വൽപ്പം പോലും തമാശയില്ല, വിശേഷിച്ചും പരിക്കു പറ്റുന്നത് നിങ്ങൾക്കാണെങ്കിൽ.
ഇനി, ഏണി പിടിക്കുന്നതു കുത്തനെ ആണെങ്കിലോ? ഏണിയുടെ ഭാരം അരയ്ക്കു മേൽപ്പോട്ടു വരാൻ പാകത്തിന് ഒരു കൈ കൊണ്ട് അതു പിടിക്കുക. എന്നിട്ട് ചെരിഞ്ഞു പോകാതിരിക്കുന്നതിനു മറ്റേ കൈ കൊണ്ട് അതു താങ്ങിപ്പിടിക്കുക. തോളിനു മുകളിലായി വേണം കൈ പിടിക്കാൻ. എന്നാൽ, തലയ്ക്കു മുകളിൽ ഉള്ള കമ്പികൾ, ലൈറ്റ് ഷെയ്ഡുകൾ, ബോർഡുകൾ എന്നിവയിൽ തട്ടാതെ സൂക്ഷിക്കണേ!
4 ഏണി ശരിയായ വിധത്തിൽ വെക്കുക. ഏണി വെക്കുമ്പോൾ അത് വശങ്ങളിലേക്കു ചെരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. അത് അപകടകരമാണ്. എന്നാൽ നിലത്തു നിന്ന് അത് എപ്പോഴും 75 ഡിഗ്രി ചെരിച്ചുവേണം വെക്കാൻ.
5 ഏണിയുടെ മുകൾഭാഗത്തിനും ചുവടിനും താങ്ങുകൊടുക്കുക. ഏണിയുടെ മുകൾഭാഗം എവിടെയാണു ചാരുന്നത് എന്നു പ്രത്യേകം ശ്രദ്ധിക്കണം. ആ പ്രതലം ഇളകാത്തതോ തെന്നാത്തതോ ആണെന്ന് ഉറപ്പാക്കണം. പ്ലാസ്റ്റിക്, സ്ഫടിക പ്രതലങ്ങൾ എപ്പോഴും ഒഴിവാക്കണം. സാധ്യമാകുമ്പോഴെല്ലാം, ഏണിയുടെ മുകൾഭാഗം നിങ്ങൾക്കു കയറിച്ചെല്ലേണ്ട ഇടത്തുനിന്ന് ഒരു മീറ്ററോളം ഉയർന്നുനിൽക്കത്തക്ക വിധത്തിൽ, ഇളകിപ്പോകാതവണ്ണം എവിടെയെങ്കിലും കെട്ടിവെക്കണം.
നിങ്ങൾ ആദ്യം ഏണിയിൽ കയറുമ്പോൾത്തന്നെ, അതിന്റെ മുകൾഭാഗം കെട്ടിവെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഏണിയുടെ മുകൾഭാഗം കെട്ടിവെക്കുന്നതിനു വേണ്ടി ആദ്യം കയറുമ്പോഴും അതുപോലെ തന്നെ കെട്ട് അഴിച്ച ശേഷം ഒടുവിൽ ഇറങ്ങുമ്പോഴും ഏണി മറിയാനിടയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനായി, ആരെങ്കിലും അതിന്റെ ചുവട്ടിൽ ഒന്നു പിടിച്ചുതരാനുള്ള ഏർപ്പാടു ചെയ്യുക. എന്നിരുന്നാലും, ഏണിക്ക് അഞ്ചുമീറ്ററിലധികം നീളമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല.
ഇനി, ഏണി വെച്ചിരിക്കുന്നിടം കെട്ടിടത്തിന്റെ തറനിരപ്പിനെക്കാൾ ചെരിഞ്ഞാണ് ഇരിക്കുന്നത് എങ്കിൽ, ഭാരമുള്ള എന്തെങ്കിലും അതിന്റെ ചുവട്ടിൽ വെക്കുക. അല്ലെങ്കിൽ അടിഭാഗത്തുള്ള ചവിട്ടുപടികളിൽ ഒന്ന് എവിടെയെങ്കിലും ഭദ്രമായി കെട്ടിവെക്കുക. നിലം നിരപ്പല്ലാത്തതും അതേസമയം ഉറപ്പുള്ളതും ആണെങ്കിൽ, ഏണിയുടെ കാലുകൾ ഒരേ നിരപ്പിൽ ആയിരിക്കുന്നതിന് ആപ്പുപോലെ എന്തെങ്കിലും അടിയിൽ തിരുകി വെക്കുക. നിലം ഉറപ്പില്ലാത്തത് ആണെങ്കിലോ, ഏണി തെന്നിപ്പോകാതിരിക്കാൻ ഒരു മരപ്പലകയോ മറ്റോ അതിന്റെ അടിയിൽ വെക്കുക.
നിങ്ങൾ ഒരു കവര ഏണിയാണ് ഉപയോഗിക്കുന്നത് എങ്കിൽ, അതിന്റെ നാലുകാലുകളും നിലത്ത് ഉറച്ചാണ് ഇരിക്കുന്നത് എന്നു തീർച്ചയാക്കുക. കവര ഏണിയുടെ രണ്ടുവശത്തേക്കുമുള്ള കാലുകൾ പരമാവധി അകത്തിവെക്കുക. അവ അടുത്തുപോകാതിരിക്കാനായി എന്തെങ്കിലും സംവിധാനമുണ്ടെങ്കിൽ അവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
നിങ്ങൾ സുരക്ഷിതനാണോ?
6 നിങ്ങളുടെ ചെരിപ്പ് ശ്രദ്ധിക്കുക. ഏണിയിൽ കയറുന്നതിന് മുമ്പ് നിങ്ങളുടെ ചെരിപ്പിന്റെ അടിവശം നല്ലവണ്ണം ഉണങ്ങിയാണോ ഇരിക്കുന്നത് എന്നു നോക്കുക. നിങ്ങൾ തെന്നിവീഴാൻ ഇടയാക്കിയേക്കാവുന്ന എന്തും, ചെളിയോ മറ്റെന്തെങ്കിലുമോ ചെരിപ്പിനടിയിൽ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതു തൂത്തുകളയാൻ മറക്കരുത്.
7 സാധനങ്ങളും കൊണ്ടു കയറുമ്പോൾ സൂക്ഷിക്കുക. ഏണിയിൽ കയറുമ്പോൾ രണ്ടുകൈയും സ്വതന്ത്രമായിരിക്കുന്നതിന്, സാധ്യമെങ്കിൽ ഒരു സഞ്ചിയിലോ മറ്റോ പണിസാധനങ്ങൾ എടുത്തിട്ട് അത് തോളത്തിട്ടു കൊണ്ടു കയറുക. കൂടെകൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾ മുകളിലെത്തിക്കുന്നതിനു മറ്റെന്തെങ്കിലും മാർഗം കണ്ടുപിടിക്കാൻ ശ്രമിക്കുക. എന്നാൽ ഏണി ഉപയോഗിക്കാതെ തരമില്ലെങ്കിൽ, ഒഴിവുള്ള കൈകൊണ്ട് ഏണിയിൽ പിടിച്ചു പിടിച്ചേ കയറാവൂ. ധൃതി കൂട്ടാതെ വളരെ ശ്രദ്ധിച്ച്, സാവധാനം വേണം കയറാൻ.
വൈദ്യുതി കൊണ്ടു പ്രവർത്തിപ്പിക്കുന്ന പണിയായുധങ്ങൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ രണ്ടുകൈയും ഉപയോഗിച്ച് അവ പ്രവർത്തിപ്പിക്കരുത്. ഉദാഹരണത്തിന്, തുരക്കുന്ന യന്ത്രത്തിന്റെ കാര്യമെടുക്കുക. പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ അത് അപ്രതീക്ഷിതമായി നിന്നുപോകുകയോ കൈയിൽ നിന്നു വഴുതിപ്പോകുകയോ ചെയ്തേക്കാം. അങ്ങനെ സംഭവിച്ചാൽ ബാലൻസ് നഷ്ടപ്പെട്ടു നിങ്ങൾ വീണുപോയേക്കാം. ഇതുപോലുള്ളവ ഒരിക്കലും പ്രവർത്തിക്കുന്ന നിലയിൽ ലോക്കു ചെയ്തു വെക്കരുത്. അങ്ങനെ ചെയ്താൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നിലയിൽ തന്നെ അവ താഴെവീണേക്കാം.
8 മറ്റുള്ളവരോടു പരിഗണന ഉള്ളവരായിരിക്കുക. നിങ്ങൾ ഒരു പൊതുസ്ഥലത്താണു ജോലി ചെയ്യുന്നത് എങ്കിൽ, എല്ലാവർക്കും പെട്ടെന്നു കാണാവുന്ന വിധത്തിൽ ആയിരിക്കണം ഏണി വെക്കേണ്ടത്. സാധ്യമെങ്കിൽ, ഏണി വെച്ചിരിക്കുന്ന ഭാഗം കയറോ മറ്റോ കെട്ടി വേർതിരിക്കുക. ഏണിയും കൊണ്ട് നിങ്ങൾക്ക് ഏതെങ്കിലും വളവുതിരിഞ്ഞു പോകേണ്ടതുണ്ട് എങ്കിൽ, മറ്റുള്ളവർ ഇങ്ങനെയൊന്നു പ്രതീക്ഷിക്കുന്നുണ്ടാവില്ല എന്ന കാര്യം മറക്കരുത്. അതുകൊണ്ട്, വഴിയിൽ നിന്നു മാറിനിൽക്കാൻ സൗഹാർദപൂർവം ഉറക്കെ വിളിച്ചുപറയുക. വഴിയിൽ തടസ്സങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
ഏണിയിൽ കയറി നിൽക്കുമ്പോൾ നിങ്ങളുടെ കൈവശം പണിസാധനങ്ങൾ ഉണ്ടെങ്കിലോ? ചെറിയ ഒരു സ്ക്രൂഡ്രൈവർ പോലും നല്ല ഉയരത്തിൽ നിന്നു താഴേക്കു വീണാൽ പരിക്കുണ്ടാക്കും എന്ന കാര്യം ഓർമയിൽ വെക്കണം. ഇനി, എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് അവിടെനിന്ന് ഒന്നു മാറണമെന്നിരിക്കട്ടെ. ഏണി സുരക്ഷിതമായി കെട്ടിയുറപ്പിക്കാനും നിങ്ങൾക്കു പറ്റിയില്ല. എങ്കിൽ, ഒന്നുകിൽ ഏണിയുടെ അടുത്ത് ആരെയെങ്കിലും നിറുത്തിയിട്ടു പോകുക അല്ലെങ്കിൽ, തിരിച്ചുവരുന്നതു വരെ അതു സുരക്ഷിതമായി തറയിൽ ചെരിച്ചിടുക. അല്ലാതെ അതു വെറുതെ ചാരിവെച്ചിട്ടു പോകരുത്.
9 നിങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുക. ഏണിയിൽ കയറുന്നതിന് നിങ്ങൾക്കു ബാലൻസും ഒരു പ്രത്യേക താളവും ആവശ്യമായിരിക്കുന്നതിനാൽ, സുഖമില്ലെങ്കിലോ മനംപിരട്ടലോ തലകറക്കമോ അനുഭവപ്പെടുന്നുവെങ്കിലോ കയറാതിരിക്കുന്നതാണു നല്ലത്.
10 സുരക്ഷിതമായി കയറുക. എല്ലായ്പോഴും സുരക്ഷിതത്വബോധമുള്ളവർ ആയിരിക്കണം. ഒരേ സമയം രണ്ടോ അതിലധികമോ ആളുകൾ ഒരു ഏണിയിൽ കയറാൻ ഒരിക്കലും അനുവദിക്കരുത്. ശക്തമായ കാറ്റും കോളും ഉള്ളപ്പോൾ ഒരുകാരണവശാലും ഏണിയിൽ കയറരുത്. കവര ഏണിയുടെ മുകളിലത്തെ ചവിട്ടുപടിയിൽ ഒരിക്കലും കയറിനിൽക്കരുത്. അതുപോലെ തന്നെ നീളമുള്ള ഏണിയിൽ കയറുമ്പോൾ മുകളിൽ നിന്നു നാലു ചവിട്ടുപടി ഒഴിച്ചിടാൻ ശ്രദ്ധിക്കണം. നീട്ടാവുന്ന തരത്തിലുള്ള ഏണിയാണു നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ, അത് ഒരുപാട് നീട്ടരുത്, അതായത് കുറഞ്ഞത് മൂന്നു ചവിട്ടുപടികളെങ്കിലും മുകളിലേക്കു നീട്ടാതെ ഒഴിച്ചിടണം. ഏണിയിൽ കയറിനിൽക്കുമ്പോൾ ഒരിക്കലും എത്തിവലിയാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ, നിങ്ങൾക്ക് പെട്ടെന്നു ബാലൻസ് നഷ്ടമാവുകയും വീഴുകയും ചെയ്തേക്കാം. ഏണിയിൽ നിന്ന് എത്തിവലിഞ്ഞു വീണു പരിക്കു പറ്റുന്നതിലും നല്ലത്, ആവശ്യമുള്ള സ്ഥാനത്തേക്ക് ഏണി നീക്കിവെക്കുന്നതാണ്. അങ്ങനെ ചെയ്യുന്നത് കുറച്ചു സമയം കൂടുതൽ എടുത്താലും അതാണു സുരക്ഷിതം. ഏണിയിൽ കയറുന്ന സമയത്ത് എപ്പോഴും മുകളിലേക്കു തന്നെ നോക്കണം.
എന്തെല്ലാം മുൻകരുതലുകൾ എടുത്താലും ശരി, ഏണി ഉപയോഗിക്കുമ്പോൾ എപ്പോഴും അപകടങ്ങൾ സംഭവിക്കാവുന്നതാണ്. ഒരുപക്ഷേ ഈ നിർദേശങ്ങളുടെ സഹായത്തോടെ നിങ്ങൾക്ക് അവ കുറയ്ക്കാൻ സാധിച്ചേക്കും. ഈ നിർദേശങ്ങൾ പോളിനു സഹായകമായി. അവ പാലിച്ചതു വഴി, യാതൊരു അപകടവും കൂടാതെ അദ്ദേഹം വെളിയിലെ ബൾബ് മാറ്റിയിട്ടു. എന്നാൽ ജനാലകൾ വൃത്തിയാക്കുന്ന കാര്യമോ? അത് . . . . ഒരുപക്ഷേ അദ്ദേഹം പിന്നീട് ഒരിക്കൽ ആയിരിക്കും ചെയ്യുക!
[22-ാം പേജിലെ ചിത്രം]
1 ഒത്ത ഏണി സംഘടിപ്പിക്കുക
2 ഏണി ശ്രദ്ധാപൂർവം പരിശോധിക്കുക
3 ഏണികൾ സുരക്ഷിതമായി കൊണ്ടുപോകുക
4 ഏണി ശരിയായ വിധത്തിൽ വെക്കുക
5 ഏണിയുടെ മുകൾഭാഗത്തിനും ചുവടിനും താങ്ങുകൊടുക്കുക
6 നിങ്ങളുടെ ചെരിപ്പ് ശ്രദ്ധിക്കുക
7 സാധനങ്ങളും കൊണ്ടു കയറുമ്പോൾ സൂക്ഷിക്കുക
8 മറ്റുള്ളവരോടു പരിഗണന ഉള്ളവരായിരിക്കുക
9 നിങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുക
10 സുരക്ഷിതമായി കയറുക