ശരം പോലെ പായുന്ന—ശരപ്പക്ഷികൾ
കെനിയയിലെ “ഉണരുക!” ലേഖകൻ
കാറ്റിന്റെ തേരിലേറി ശരവേഗത്തിൽ പായുന്ന ഈ പക്ഷികൾ ഭൂമിയിലെ തന്നെ ഏറ്റവും വേഗമുള്ള ജീവികളിലൊന്നാണ്. അരിവാൾ ആകൃതിയിലുള്ള ചിറകുകളോടു കൂടിയ ഈ ഇത്തിരിക്കുഞ്ഞന് ഏതാനും ഗ്രാം തൂക്കമേ ഉള്ളൂ. എങ്കിലും, മാനത്തുകൂടെ മിന്നൽപ്പിണർ പോലെ പായാൻ ഈ വിരുതനു കഴിയും. ദി എൻസൈക്ലോപീഡിയ അമേരിക്കാനാ പറയുന്നതനുസരിച്ച് “വായുവിലൂടെ മണിക്കൂറിൽ 160 കിലോമീറ്ററിൽ (100 മൈലിൽ) അധികം വേഗത്തിൽ സഞ്ചരിക്കാൻ ശരപ്പക്ഷികൾക്കാകും.” വേഗതയുടെ പര്യായമായ ഈ തൂവൽധാരിക്ക് വെറുതെയല്ല ശരപ്പക്ഷി എന്ന പേരു കിട്ടിയിരിക്കുന്നത്!
മാനത്ത് അങ്ങ് ഉയരത്തിൽ പറക്കുന്ന ശരപ്പക്ഷികളെ കണ്ടാൽ അവ വായുവിലൂടെ ഒഴുകിനീങ്ങുകയാണെന്നു തോന്നും. ചെരിഞ്ഞും തിരിഞ്ഞും ശ്വാസംമുട്ടിക്കുന്ന വേഗത്തിലാണ് ഇരകളെയും തേടിയുള്ള അവയുടെ സഞ്ചാരം. വായുവിൽ ഏറ്റവുമധികം സമയം ചെലവിടുന്ന പക്ഷികളും ഇവ തന്നെ. ഇരതേടലും തീറ്റയും കുടിയും കൂടുകൂട്ടാനുള്ള വസ്തുക്കൾ ശേഖരിക്കലും എന്തിന്, ഇണചേരൽ പോലും പറക്കുന്നതിന് ഇടയിലാണ്. ശരപ്പക്ഷികൾ ഇങ്ങനെ അധികസമയവും വായുവിൽത്തന്നെ കഴിച്ചുകൂട്ടുന്നതുകൊണ്ട് പുരാതന കാലത്തെ നിരീക്ഷകർ കരുതിയിരുന്നത് അവ ആകാശത്ത്, മേഘങ്ങൾക്കിടയിൽ എവിടെയോ ആണു ചേക്കേറിയിരുന്നത് എന്നാണ്. ചില ശരപ്പക്ഷികൾ ഒമ്പതു മാസം വരെ വായുവിൽത്തന്നെ കഴിച്ചുകൂട്ടിയേക്കാം. ആരിലും വിസ്മയം ഉണർത്തുന്ന ഈ കൊച്ചു പക്ഷികൾ ഒഴുകിപ്പറക്കുന്നതിന് ഇടയിൽ ഉറങ്ങുക പോലും ചെയ്യുന്നതായി കാണപ്പെടുന്നു!
പറക്കുന്നതിന് അനുയോജ്യമായ രൂപകൽപ്പന
വായുവിൽ അതിവേഗത്തിൽ സഞ്ചരിക്കുന്നതിന് അത്ഭുതകരമായി രൂപകൽപ്പന ചെയ്യപ്പെട്ടതാണു ശരപ്പക്ഷികളുടെ ശരീരം. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള, പുറകോട്ടു വളഞ്ഞ ചിറകുകൾ വായുവിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വലിവ് (drag) മിക്കവാറും ഇല്ലാതാക്കുന്നു. ഇതു മൂലം മറ്റു മിക്ക പക്ഷികളെക്കാളും വേഗത്തിൽ പറക്കാൻ ശരപ്പക്ഷികൾക്കു കഴിയുന്നു. പറക്കുന്നതിനിടയിൽ ചിറകുകൾ തുരുതുരെ വിറപ്പിച്ചുകൊണ്ടും ഇടയ്ക്കിടെ കുറച്ചു സമയം ഒഴുകിപ്പറന്നുകൊണ്ടുമാണ് അവ ഗതിവേഗം വർധിപ്പിക്കുന്നത്.
ഇവയുടെ അപാരമായ ഗതിവ്യതിയാന പ്രാപ്തിക്കുള്ള ഭാഗിക കാരണം പറക്കുമ്പോൾ ഒരു ചിറക് മറ്റേ ചിറകിനെക്കാൾ അൽപ്പം വേഗത്തിൽ ചലിപ്പിക്കാൻ കഴിയുന്നു എന്നതാണ്. ചിറകുകൾ ഈ രീതിയിൽ ചലിപ്പിക്കാൻ കഴിയുന്നതുകൊണ്ട് അവയ്ക്ക് ഒട്ടും വേഗം കുറയ്ക്കാതെ തന്നെ, പറക്കുന്നതിനിടയിൽ വെട്ടിത്തിരിയാൻ കഴിയും. അങ്ങനെ അവ പറക്കുന്ന പ്രാണികളുടെ മുന്നിൽ കടന്ന് മിന്നായം പോലെ ചക്രം തിരിഞ്ഞ് അവയെ കൊക്കിൽ കോരിയെടുക്കുന്നു. എപ്പോഴും തിരക്കിട്ടു പായുന്ന ഈ പക്ഷികൾക്കു വളരെയേറെ ഊർജം ആവശ്യമായതിനാൽ ഒരുപാട് പ്രാണികളെ അകത്താക്കേണ്ടതുണ്ട്. ചുറുചുറുക്കുള്ള ഈ വിരുതന്മാർ പ്രാണികളെയും തേടി ദിവസം നൂറു കണക്കിനു കിലോമീറ്റർ സഞ്ചരിക്കുന്നു.
കാഴ്ചയ്ക്ക് വലിയ പ്രൗഢിയൊന്നുമില്ലാത്ത ശരപ്പക്ഷികളെ കണ്ടാൽ അവയ്ക്ക് പറക്കാൻ ഇത്രയും കഴിവുണ്ടെന്നൊന്നും ആർക്കും തോന്നില്ല. ഭംഗിയുടെ കാര്യത്തിൽ പൂവനും പിടയും കണക്കാണ്. മിക്കവയ്ക്കും ഇളം ചാരനിറമോ തവിട്ടു നിറമോ ആയിരിക്കും. ശരപ്പക്ഷികളുടെ വിവിധയിനങ്ങളെ ലോകമെമ്പാടും കണ്ടുവരുന്നു. എങ്കിലും അവയെ മുഖ്യമായും കണ്ടുവരുന്നത് ഉഷ്ണമേഖലാ ഉപോഷ്ണമേഖലാ പ്രദേശങ്ങളിലാണ്. ശിശിര കാലത്ത് ഉത്തരാർധഗോളത്തിലെ ശരപ്പക്ഷികൾ ആയിരക്കണക്കിനു കിലോമീറ്റർ അകലെ ഉഷ്ണ കാലാവസ്ഥയുള്ള സ്ഥലങ്ങളിലേക്കു ദേശാടനം നടത്തുന്നു.
ഒട്ടിച്ചുചേർത്ത കൂടുകൾ
തികച്ചും അസാധാരണമായ ഒരു പദാർഥം കൊണ്ടാണ് ശരപ്പക്ഷികൾ കൂടുണ്ടാക്കുന്നത്—അവയുടെ തന്നെ ഉമിനീർ! വലിയ അളവിൽ ഉമിനീർ ഉത്പാദിപ്പിക്കുന്ന പ്രത്യേക തരത്തിലുള്ള ഉമിനീർ ഗ്രന്ഥികൾ അവയ്ക്കുണ്ട്. ഈ ഉമിനീർ ഉപയോഗിച്ച് പഞ്ഞിയും തൂവലും മറ്റും ഒട്ടിച്ചുചേർത്താണ് അവ കൂടുണ്ടാക്കുന്നത്.
ശരപ്പക്ഷികൾ സാധാരണഗതിയിൽ നിരപ്പുള്ള നിലത്ത് ഇറങ്ങാറില്ല. മറ്റു പക്ഷികളെ പോലെ അവയ്ക്കു ചേക്കിരിക്കാനുമാകില്ല. അവയുടെ കാലുകൾക്ക് കൊളുത്തുപോലുള്ള കൊച്ചു പാദങ്ങളാണ് ഉള്ളത്. കൂടാതെ, കാലിനു നീളം നന്നേ കുറവായതിനാൽ പറന്നുയരാൻ വേണ്ടി ചിറകുകൾ പൂർണമായി അടിക്കാൻ പാകത്തിനുള്ള ഉയരം പക്ഷിയുടെ ശരീരത്തിനില്ല. എന്നാൽ, കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ, ഗുഹകൾ, കെട്ടിടങ്ങളുടെ ചുവരുകൾ എന്നിങ്ങനെ കുത്തനെയുള്ള പ്രതലങ്ങളിൽ അള്ളിപ്പിടിക്കുന്നതിന് തികച്ചും അനുയോജ്യമാണ് അവയുടെ പാദങ്ങൾ. കൂടു കൂട്ടാൻ സമയമാകുമ്പോൾ, ശരപ്പക്ഷികൾക്ക് മറ്റു പക്ഷികളെപ്പോലെ നിലത്തുനിന്ന് ഇലകളോ കമ്പോ ചേറോ ഒന്നും ശേഖരിക്കാനാവില്ല. അതിന് മറ്റെന്തെങ്കിലും മാർഗം തേടേണ്ടിയിരിക്കുന്നു.
ചിമ്മിനി ശരപ്പക്ഷി കൂടുകൂട്ടാനാവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നത് ഒരു പ്രത്യേക വിധത്തിലാണ്. മരക്കൊമ്പുകൾക്കിടയിലൂടെ ശീഘ്രം പറക്കുന്നതിനിടയിൽ അത് ഒരു കമ്പിൽ പിടിത്തമിടുന്നു. പക്ഷി മുന്നോട്ടായുമ്പോൾ കമ്പ് ഒടിഞ്ഞുപോരുന്നു. ഇങ്ങനെ ശേഖരിക്കുന്ന ചുള്ളിക്കമ്പുകൾ പശിമയുള്ള സ്വന്തം ഉമിനീർ ഉപയോഗിച്ച് പരസ്പരം ഒട്ടിച്ചുചേർത്ത ശേഷം കുത്തനെയുള്ള പ്രതലത്തിൽ ഉറപ്പിക്കുന്നു. അമേരിക്കൻ പനങ്കൂളൻ വായുവിൽ പറന്നുനടക്കുന്ന തലമുടിയും തൂവലും പഞ്ഞിക്കഷണങ്ങളും അതുപോലുള്ള മറ്റു കനംകുറഞ്ഞ സാധനങ്ങളും കൈക്കലാക്കുന്നു. എന്നിട്ട് ഉമിനീർ ചേർത്തൊട്ടിച്ച് കൂടുണ്ടാക്കുന്നു.
ചിത്രകൂടൻ ശരപ്പക്ഷിയാണ് മറ്റൊരിനം. ഈ പക്ഷിയുടെ കൂട് മുഖ്യമായും അതിന്റെ തന്നെ കട്ടിയായിത്തീർന്ന ഉമിനീരുകൊണ്ടുള്ളതാണ്. നൂറ്റാണ്ടുകളായി പൗരസ്ത്യദേശക്കാരുടെ ഇഷ്ടഭോജനമായ പക്ഷിക്കൂട്-സൂപ്പിലെ മുഖ്യ ചേരുവ ഈ ഉമിനീരാണ്. രുചിയുടെ മുകുളങ്ങളെ താരാട്ടുന്ന ഈ സ്വാദിഷ്ട വിഭവം തയ്യാറാക്കുന്നതിന് വർഷംതോറും ദശലക്ഷക്കണക്കിനു കൂടുകൾ ഉപയോഗിച്ചുവരുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.
ഏറ്റവും കൗതുകമുണർത്തുന്ന കൂടുകളിൽ ഒന്ന് ആഫ്രിക്കൻ പനങ്കൂളന്റേതാണ്. പശപോലിരിക്കുന്ന ഉമിനീരുകൊണ്ടാണ് അവ കൂടുണ്ടാക്കുന്നത്. ഈ ഇത്തിരിക്കുഞ്ഞൻ, തൂവലുകൾകൊണ്ട് പരന്ന ഒരു കുഞ്ഞു മെത്തയുണ്ടാക്കി പനയോലയുടെ അടിവശത്ത് ഒട്ടിച്ചു വെക്കുന്നു. തലകീഴായി തൂങ്ങിക്കിടക്കുന്ന ഈ കൂട് പലപ്പോഴും കാറ്റത്തു വല്ലാതെ ഉലഞ്ഞാടും. അപ്പോൾ അവയുടെ ഇത്തിരിപ്പോന്ന മുട്ട കൂട്ടിൽനിന്നു താഴെ വീഴാതിരിക്കുന്നതെങ്ങനെ? ജീവിത പരീക്ഷണങ്ങൾ എന്ന തന്റെ ഇംഗ്ലീഷ് പുസ്തകത്തിൽ ഡേവിഡ് ആറ്റെൻബറോ വിശദീകരിക്കുന്നു: “ആ കൊച്ചു കോപ്പയിൽനിന്നു മുട്ട താഴെപ്പോകാതിരിക്കുന്നതു തികച്ചും അതിശയം തന്നെ. പക്ഷി, കൂട് ഓലയിൽ ഒട്ടിച്ചുവെക്കുന്നതു കൂടാതെ മുട്ട കൂട്ടിലും ഒട്ടിച്ചു വെക്കുന്നതുകൊണ്ടാണ് അതു താഴെപ്പോകാത്തത്.” കൂടും മുട്ടയും പനയോലയിൽ ഭദ്രമായി ഉറപ്പിച്ച ശേഷം തന്തപ്പക്ഷിയും തള്ളപ്പക്ഷിയും മാറി മാറി മുട്ടയ്ക്ക് അടയിരിക്കുന്നു. അടയിരിക്കുമ്പോൾ നഖങ്ങൾകൊണ്ട് കൂടിന്റെ വശങ്ങളിൽ പിടിച്ചിട്ടുണ്ടാകും. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞ് കാറ്റത്ത് ഊഞ്ഞാലാടുന്ന കൂട്ടിനകത്ത് അള്ളിപ്പിടിച്ചിരിക്കുന്നു. പറക്കമുറ്റുന്നതു വരെ അവ അതിനകത്തു തന്നെ കഴിച്ചുകൂട്ടും.
ആവേശമുണർത്തുന്ന എന്തോ കണ്ടതുപോലെ ഉറക്കെ സല്ലപിച്ചുകൊണ്ട് ആയിരക്കണക്കിനു ശരപ്പക്ഷികൾ കണ്ണഞ്ചിക്കുന്ന വേഗത്തിൽ വട്ടമിട്ടുപറക്കുന്നത് കണ്ണിനു വിരുന്നൊരുക്കുന്ന ഒരു ദൃശ്യം തന്നെയാണ്. വിഹായസ്സിൽ സ്വച്ഛമായി വിഹരിക്കുന്ന അവയുടെ പറക്കൽ പ്രാപ്തിയും വിസ്മയാവഹമായ രൂപകൽപ്പനയും നമ്മിൽ ഭയാദരവ് ഉണർത്തും, ഒപ്പം വിലമതിപ്പും. വേഗത്തിന്റെയും ചുറുചുറുക്കിന്റെയും പര്യായമായ ആകാശത്തിലെ ഈ സർക്കസ്സുകാർക്ക് എന്തായാലും ശരപ്പക്ഷി എന്ന പേരു നന്നേ ഇണങ്ങും!
[17-ാം പേജിലെ ചിത്രം]
ഒരു സാധാരണ യൂറോപ്യൻ ശരപ്പക്ഷി
[കടപ്പാട്]
Animals/Jim Harter/Dover Publications, Inc.
[17-ാം പേജിലെ ചിത്രങ്ങൾ]
ചിമ്മിനി ശരപ്പക്ഷി
വെള്ളവയറൻ ശരപ്പക്ഷി
[കടപ്പാട്]
© Robert C. Simpson/Visuals Unlimited
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© D. & M. Zimmerman/VIREO