യാഥാർഥ്യം എന്റെ പ്രതീക്ഷകളെ കടത്തിവെട്ടിയിരിക്കുന്നു
വില്ലെം വാൻ സേയ്ൽ പറഞ്ഞപ്രകാരം
വർഷം 1942. ഞങ്ങളുടെ രാജ്യം രണ്ടാം ലോകമഹായുദ്ധത്തിന്റെ പിടിയിലമർന്നിരിക്കുകയായിരുന്നു. നെതർലൻഡ്സിലെ ഗ്രോണിങ്കൻ നഗരത്തിൽ നാസികളിൽനിന്ന് ഒളിച്ചു കഴിഞ്ഞിരുന്ന അഞ്ചു ചെറുപ്പക്കാരിൽ ഒരുവനായിരുന്നു ഞാൻ. ഒരു കൊച്ചു മുറിയിലിരുന്ന് രക്ഷപ്പെടാനുള്ള സാധ്യതകളെ കുറിച്ച് ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.
ഞങ്ങൾ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നു വ്യക്തമായിരുന്നു. ഞങ്ങളിൽ മൂന്നു പേർ പിന്നീടു കൊല്ലപ്പെട്ടു. വാസ്തവത്തിൽ, അക്കൂട്ടത്തിൽ ഈ പ്രായംവരെ ജീവിച്ചിരുന്നതു ഞാൻ മാത്രമേയുള്ളൂ. എന്റെ പ്രതീക്ഷകളെ കടത്തിവെട്ടിയ ഒരു യാഥാർഥ്യം.
മേൽപ്പറഞ്ഞ സംഭവം നടക്കുമ്പോൾ എനിക്കു വെറും 19 വയസ്സായിരുന്നു. ബൈബിളിനെയോ മതത്തെയോ കുറിച്ച് എനിക്കു യാതൊന്നുംതന്നെ അറിയില്ലായിരുന്നു. ഡാഡി എല്ലാ മതത്തോടും എതിരായിരുന്നു. മമ്മിയെ, മതത്തിനു വേണ്ടിയുള്ള അന്വേഷണം കൊണ്ടെത്തിച്ചതു ഭൂതവിദ്യയിൽ ആയിരുന്നു. എന്നെ സംബന്ധിച്ചാണെങ്കിൽ എനിക്കു ജീവിതത്തിൽ യാതൊരു പ്രത്യാശയുമില്ലായിരുന്നു. ഒരു ബോംബ് സ്ഫോടനത്തിലോ മറ്റോ ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ ദൈവത്തിന് എന്നെ ഓർക്കാൻ ഒരു കാരണവും ഉണ്ടാകില്ലെന്ന് എനിക്കു തോന്നി. അവനെ കുറിച്ചു മനസ്സിലാക്കാൻ പോലും ഞാൻ മിനക്കെട്ടിട്ടില്ലായിരുന്നു.
അന്വേഷണത്തിനു ഫലമുണ്ടാകുന്നു
ആ നാലു യുവാക്കളുമൊത്തുള്ള സംഭാഷണത്തിനു ശേഷം താമസിയാതെ നാസികൾ എന്നെ പിടികൂടി ജർമനിയിൽ എമ്മറിച്ചിന് അടുത്തുള്ള ഒരു തൊഴിൽ പാളയത്തിലേക്കു കൊണ്ടുപോയി. സഖ്യകക്ഷികളുടെ ബോംബിടലിനെ തുടർന്നു സംഭവിച്ച കേടുപാടുകൾ പോക്കുന്നതും അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യുന്നതും ഞങ്ങളുടെ ജോലിയിൽ ഉൾപ്പെട്ടിരുന്നു. 1943-ന്റെ അവസാനത്തോടെ ഞാൻ രക്ഷപ്പെട്ടു. യുദ്ധം അപ്പോഴും അവസാനിച്ചിട്ടില്ലായിരുന്നെങ്കിലും നെതർലൻഡ്സിലേക്കു മടങ്ങിപ്പോകാൻ എനിക്കു സാധിച്ചു.
ആയിടെ, ചോദ്യങ്ങളും ബൈബിൾ വാക്യങ്ങളും നിറഞ്ഞ ഒരു ചെറുപുസ്തകം എനിക്ക് എങ്ങനെയോ കിട്ടി. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച രക്ഷ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ അധ്യയനത്തിന് ഉപയോഗിച്ചിരുന്നതായിരുന്നു അത്. ചോദ്യങ്ങൾ വായിച്ച് തിരുവെഴുത്തുകൾ ഒത്തു നോക്കിയപ്പോൾ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയിൽ എനിക്ക് അതിയായ താത്പര്യം തോന്നി.
ആ പുസ്തകത്തെ കുറിച്ച് ഞാൻ എന്റെ പ്രതിശ്രുത വധുവായിരുന്ന ച്രേയോടു പറഞ്ഞു. പക്ഷേ ആദ്യം അവൾക്ക് അതിൽ തീരെ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ എന്റെ മമ്മി ആ ചെറുപുസ്തകം അരിച്ചുപെറുക്കി വായിച്ചു. “ജീവിതത്തിൽ ഞാൻ ഇതുവരെ അന്വേഷിച്ചു നടന്ന സത്യം ഇതാണ്!” അതിയായ ആഹ്ലാദത്തോടെ മമ്മി പറഞ്ഞു. മനസ്സിലാക്കിയ കാര്യങ്ങൾ സുഹൃത്തുക്കളുമായും ഞാൻ പങ്കുവെച്ചു. അവരിൽ ചിലർക്ക് കൂടുതൽ അറിയാൻ താത്പര്യമുണ്ടായിരുന്നു. ഒരാളാണെങ്കിൽ ഒരു സാക്ഷിയായി തീരുകയും ചെയ്തു, 1996-ൽ അവൻ മരിക്കുന്നതുവരെ ഞങ്ങൾ പരസ്പരം കാണുകയും കത്തുകൾ എഴുതുകയും ചെയ്തിരുന്നു.
ഇതിനിടയിൽ, ച്രേ ബൈബിൾ പഠിക്കാൻ തുടങ്ങി. 1945 ഫെബ്രുവരി മാസം ഞങ്ങൾ ഇരുവരും സ്നാപനമേറ്റു. ഏതാനും മാസം കഴിഞ്ഞപ്പോൾ യുദ്ധം അവസാനിച്ചു. വിവാഹിതരായ ശേഷം പയനിയർ—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ വിളിക്കുന്നത് അങ്ങനെയാണ്—ശുശ്രൂഷയിൽ പ്രവേശിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ സാമ്പത്തികവും ആരോഗ്യ സംബന്ധവുമായ പ്രശ്നങ്ങൾ ഞങ്ങൾക്കു നേരിടേണ്ടി വന്നു. കൂടാതെ, പണം സമ്പാദിക്കാനുള്ള അവസരങ്ങളും ഞങ്ങൾക്കു മുമ്പാകെ തുറക്കപ്പെട്ടു. ആദ്യം സാമ്പത്തിക ഭദ്രത ഉറപ്പാക്കിയശേഷം പയനിയറിങ് തുടങ്ങണോ അതോ ഉടനെ തന്നെ തുടങ്ങണോ?
നെതർലൻഡ്സിലെ ഞങ്ങളുടെ ശുശ്രൂഷ
നേരെ പയനിയർ സേവനത്തിലേക്കു പ്രവേശിക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. 1945 സെപ്റ്റംബർ 1-ന് ഞങ്ങൾ പയനിയറിങ് ആരംഭിച്ചു. അന്നു തന്നെ, രാത്രി നന്നേ വൈകി വീട്ടിലേക്കു മടങ്ങവെ എന്തെങ്കിലും കുടിക്കാമെന്നു കരുതി ഞാൻ ഒരു റെസ്റ്ററന്റിൽ കയറി. ഒരു ഗിൽഡറിന്റേതാണെന്നു കരുതി ഞാൻ വെയിറ്റർക്ക് ഒരു നോട്ടെടുത്തു കൊടുത്തിട്ട്, “ബാക്കി തരേണ്ട, വെച്ചോളൂ” എന്നു പറഞ്ഞു. തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് ഞാൻ അയാൾക്കു നൽകിയത് 100 ഗിൽഡറിന്റെ നോട്ടായിരുന്നു എന്നു മനസ്സിലായത്! അങ്ങനെ, പയനിയറിങ് തുടങ്ങിയ സമയത്ത് ഞങ്ങളുടെ കൈവശം ആകെ ഉണ്ടായിരുന്നത് ഒരു ഗിൽഡർ!
1946-ൽ ബൈബിൾ വിഷയങ്ങളെ അധികരിച്ച് പരസ്യപ്രസംഗങ്ങൾ നടത്താൻ ആരംഭിച്ചപ്പോൾ എനിക്ക് തുകൽകൊണ്ടുള്ള ഒരു ജാക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏകദേശം എന്റെ അത്രയുംതന്നെ വണ്ണവും പൊക്കവുമൊക്കെ ഉണ്ടായിരുന്ന ഒരു സഹോദരൻ ആയിരുന്നു എന്റെ പ്രസംഗങ്ങൾക്ക് അധ്യക്ഷൻ ആയിരുന്നത്. എന്നെ വേദിയിലേക്ക് സ്വാഗതം ചെയ്ത ശേഷം അദ്ദേഹം ഉടനെതന്നെ സ്റ്റേജിന്റെ പുറകിലേക്കു വന്ന് കോട്ട് ഊരി എനിക്കു തരും. പിന്നെ ഞാൻ പ്രസംഗം നടത്തും. പ്രസംഗം കഴിയുമ്പോൾ ഞാൻ കോട്ട് ഊരി അദ്ദേഹത്തിനു കൊടുക്കും.
1949 മാർച്ചിൽ, എനിക്കും ഭാര്യക്കും സർക്കിട്ട് വേലയിൽ പങ്കുകൊള്ളാനുള്ള ക്ഷണം ലഭിച്ചു. യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിച്ച് ആത്മീയമായി അവരെ ബലപ്പെടുത്തുക ആയിരുന്നു നിയമനത്തിന്റെ ഉദ്ദേശ്യം. സർക്കിട്ട് വേലയിൽ എനിക്കു പരിശീലനം നൽകിയത് ഫ്രിറ്റ്സ് ഹാർട്ട്സ്റ്റാങ് ആയിരുന്നു. യുദ്ധത്തിനു മുമ്പും യുദ്ധകാലത്തും ഒക്കെ, വിശ്വസ്തനായി സേവിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഫ്രിറ്റ്സ് സഹോദരൻ എനിക്ക് വളരെ നല്ല ഒരു ബുദ്ധിയുപദേശം നൽകി: “വിം, യഹോവയുടെ സംഘടനയിൽനിന്നു ലഭിക്കുന്ന നിർദേശങ്ങളെല്ലാം അനുസരിക്കുക, കേൾക്കുന്ന ഉടനെ അവ ഏറ്റവും മെച്ചമാണെന്നു തോന്നുന്നില്ലെങ്കിലും. അങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും ഖേദിക്കേണ്ടി വരികയില്ല.” അദ്ദേഹം പറഞ്ഞതു ശരിയായിരുന്നു.
1951-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന നേഥൻ എച്ച്. നോർ നെതർലൻഡ്സ് സന്ദർശിക്കുകയുണ്ടായി. ആ സമയത്ത്, ച്രേയും ഞാനും ഐക്യനാടുകളിൽ മിഷനറി പരിശീലനത്തിനായി അപേക്ഷ സമർപ്പിച്ചു. താമസിയാതെ, വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 21-ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. 1945-ൽ ഞങ്ങൾ പയനിയറിങ് ആരംഭിച്ചപ്പോൾ നെതർലൻഡ്സിൽ ഏതാണ്ട് 2,000 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 1953 ആയപ്പോൾ അവിടെ 7,000-ത്തിൽ അധികം സാക്ഷികൾ ഉണ്ടായിരുന്നു. യാഥാർഥ്യം ഞങ്ങളുടെ പ്രതീക്ഷകളെ കടത്തിവെട്ടി!
ഞങ്ങളുടെ പുതിയ ഭവനത്തിലെ ശുശ്രൂഷ
ഇപ്പോൾ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയായ ഡച്ച് ന്യൂ ഗിനിയിൽ സേവിക്കാനാണ് ഞങ്ങൾക്കു നിയമനം ലഭിച്ചത്. എന്നാൽ ഞങ്ങൾക്ക് അവിടേക്കു പ്രവേശനം ലഭിക്കാഞ്ഞതിനാൽ തെക്കേ അമേരിക്കയിലെ ഒരു ഉഷ്ണമേഖലാ രാജ്യമായ സുരിനാമിലേക്ക് ഞങ്ങൾക്കു നിയമനം മാറ്റിത്തന്നു. 1955 ഡിസംബറിൽ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. സുരിനാമിൽ അന്ന് ഏതാണ്ട് നൂറ് സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ അവർ അങ്ങേയറ്റം സഹായമനസ്കത ഉള്ളവരായിരുന്നു. താമസിയാതെ ഞങ്ങൾ അവിടവുമായി ഇഴുകിച്ചേർന്നു.
വിവിധ തരത്തിലുള്ള സാഹചര്യങ്ങളുമായി ഞങ്ങൾക്കു പൊരുത്തപ്പെടേണ്ടി വന്നുവെന്നതു ശരിതന്നെ. ചിലപ്പോൾ അങ്ങനെ ചെയ്യുന്നതിൽ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, ച്രേക്ക് ക്ഷുദ്രജീവികൾ എന്നുവെച്ചാൽ വലിയ പേടിയായിരുന്നു. നെതർലൻഡ്സിൽ ഞങ്ങളുടെ കിടപ്പറയിൽവെച്ച് ഒരു ചെറിയ ചിലന്തിയെ കണ്ടപ്പോൾ അതിനെ ഞാൻ കൊന്നുവെന്ന് ഉറപ്പുവരുത്തിയിട്ടേ അവൾ ഉറങ്ങിയുള്ളൂ. എന്നാൽ സുരിനാമിൽ അതിലും പതിന്മടങ്ങു വലിപ്പമുള്ള ചിലന്തികളായിരുന്നു ഉണ്ടായിരുന്നത്, ചിലതാകട്ടെ വിഷമുള്ളതുമായിരുന്നു! ഇവയ്ക്കു പുറമേ ഞങ്ങളുടെ മിഷനറി ഭവനത്തിൽ പാറ്റകളും എലികളും ഉറുമ്പും കൊതുകും പുൽച്ചാടികളുമൊക്കെ യഥേഷ്ടം വിഹരിച്ചിരുന്നു. പാമ്പുകൾ പോലും ഞങ്ങൾക്ക് സന്ദർശകരായുണ്ടായിരുന്നു. സ്ഥിരം അവയെ കാണാൻ തുടങ്ങിയതോടെ ച്രേക്ക് പഴയ പേടിയൊക്കെ മാറി, അവയെ തല്ലിക്കൊല്ലുന്ന ജോലിയും അവൾ സ്വയം ഏറ്റെടുത്തു.
ഞങ്ങൾ ഈ പ്രദേശത്തു വന്നിട്ട് 43-ലധികം വർഷമായി. ഇവിടെ ജനിച്ചു വളർന്ന പലരെക്കാളും നന്നായി ഞങ്ങൾക്ക് ഈ രാജ്യത്തെക്കുറിച്ച് അറിയാം. ഇവിടത്തെ നദികളും മഴക്കാടും കടൽത്തീരത്തിനരികെയുള്ള ചതുപ്പുനിലങ്ങളുമൊക്കെ ഞങ്ങൾക്ക് വളരെ ഇഷ്ടമായി. മുള്ളൻപന്നി, തേവാങ്ക്, അമേരിക്കൻ പുള്ളിപ്പുലികൾ, എന്തിന് മനോഹരമായ നിറങ്ങളോടു കൂടിയ വിവിധയിനം പാമ്പുകൾ പോലും ഞങ്ങളുടെ പരിചയക്കാരായിരിക്കുന്നു. എന്നാൽ ഇവിടത്തെ ആളുകളുടെ വിപുലമായ വൈവിധ്യത്തെയാണ് ഞങ്ങൾ ഏറ്റവുമധികം വിലമതിക്കുന്നത്. ചിലരുടെ പൂർവികർ ആഫ്രിക്ക, ഇന്തോനേഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ചിലർ, ഇവിടത്തെ ആദിമനിവാസികളുടെ പിൻതലമുറക്കാരായ അമേരിക്കൻ ഇൻഡ്യക്കാർ ആണ്.
ക്രിസ്തീയ ശുശ്രൂഷയിൽ വീടുതോറും പോകുമ്പോൾ ഈ എല്ലാ പശ്ചാത്തലങ്ങളിലും പെട്ട ആളുകളെ ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. കൂടാതെ, രാജ്യഹാളുകളിൽ ക്രിസ്തീയ സഹോദരീസഹോദരന്മാരുടെ ഇടയിലും ഇതേ വൈവിധ്യം ദർശിക്കാനാകും. 1953-ൽ, ഇടിഞ്ഞു പൊളിഞ്ഞ നിലയിലുള്ള ഒരൊറ്റ രാജ്യഹാൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇന്ന് ഇവിടെ 30-ലധികം മനോഹരമായ രാജ്യഹാളുകളും ഒന്നാംതരം ഒരു സമ്മേളന ഹാളും നല്ല ഒരു ബ്രാഞ്ച് ഓഫീസും ഉണ്ട്. ബ്രാഞ്ചിന്റെ സമർപ്പണം 1995 ഫെബ്രുവരിയിലായിരുന്നു.
ഞാൻ പഠിച്ച പാഠങ്ങൾ
സുരിനാമിൽ അങ്ങ് ഉൾഭാഗത്തായി കാട്ടുവർഗക്കാരായ നീഗ്രോകൾ എന്നു വിളിക്കപ്പെടുന്നവരുടെ നിരവധി സഭകൾ ഉണ്ട്, കൃഷിത്തോട്ടങ്ങളിൽനിന്നു രക്ഷപ്പെട്ട് അങ്ങ് നദികളുടെ ഉത്ഭവസ്ഥാനത്തോളം പോയി പാർത്ത ആഫ്രിക്കൻ അടിമകളുടെ പിൻഗാമികളാണ് ഇവർ. അവരുടെ കഴിവുകൾ എന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്—ഉദാഹരണത്തിന് നദിയിലൂടെ അവർ സഞ്ചരിക്കുന്ന വിധവും മഴക്കാടുമായി ഇഴുകിച്ചേർന്നിരിക്കുന്ന വിധവും. മരങ്ങൾ വെട്ടിയിടാനും വഞ്ചികൾ ഉണ്ടാക്കാനും വെള്ളച്ചാട്ടങ്ങളിലൂടെയും നദിയിലെ കുത്തൊഴുക്കുള്ള ഭാഗങ്ങളിലൂടെയും അവ തുഴഞ്ഞുകൊണ്ടുപോകാനും ഒക്കെ അവർക്കു നല്ല വശമാണ്. വേട്ടയാടിയും മീൻപിടിച്ചുമൊക്കെയാണ് അവർ ഉപജീവനം കഴിക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ ആധുനിക സൗകര്യങ്ങളൊന്നും അവർക്കില്ല. വളരെ ബുദ്ധിമുട്ടുപിടിച്ചതെന്നു നാം കരുതിയേക്കാവുന്ന മറ്റു പല കാര്യങ്ങളും അവർക്കു ചെയ്യാൻ അറിയാം.
വർഷങ്ങൾകൊണ്ട് സുരിനാമിൽ താമസിക്കുന്ന മറ്റ് ആളുകളെയും ഞങ്ങൾ അറിയാൻ ഇടയായിരിക്കുന്നു, അവരുടെ ആചാരങ്ങളും ചിന്താഗതികളും ജീവിതരീതികളും ഒക്കെ ഞങ്ങൾക്കു പരിചിതമാണ്. 1950-കളിൽ അമേരിക്കൻ ഇന്ത്യക്കാരുടെ ഒരു ഗ്രാമം സന്ദർശിച്ചതു ഞാൻ ഓർക്കുന്നു. അർധരാത്രിയോടെ ഞാൻ മഴവനത്തിനുള്ളിലെ ആളൊഴിഞ്ഞ ഒരു ക്യാമ്പിലെത്തി. അവിടെനിന്ന് അമേരിക്കൻ ഇൻഡ്യക്കാരനായ എന്റെ വഴികാട്ടിയുമൊത്ത് വഞ്ചിയിൽ യാത്ര പുറപ്പെടാനായിരുന്നു പരിപാടി. അയാൾ തീ കൂട്ടി, ഭക്ഷണം പാകം ചെയ്തു, തൂക്കുമഞ്ചം കെട്ടിത്തന്നു. അങ്ങനെ എല്ലാ കാര്യങ്ങളും അയാൾ എനിക്കു ചെയ്തുതന്നു. കാരണം എനിക്ക് അതൊന്നും ചെയ്യാൻ വശമില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു.
അർധരാത്രി തൂക്കുമഞ്ചത്തിൽനിന്നു ഞാൻ താഴെ വീണപ്പോൾ അയാൾ ചിരിച്ചില്ല. പകരം അയാൾ എന്റെ വസ്ത്രത്തിലെ പൊടി തട്ടി വീണ്ടും തൂക്കുമഞ്ചം ശരിയാക്കിത്തന്നു. ഉറങ്ങിയെഴുന്നേറ്റ ശേഷം ഞങ്ങൾ തീരെ വീതികുറഞ്ഞ ഒരു നദിയിലൂടെ യാത്ര ചെയ്യാൻ തുടങ്ങി. യാതൊന്നും കാണാൻ സാധിക്കാത്തവിധം അത്രയ്ക്ക് ഇരുട്ടായിരുന്നു നദിയിൽ, ഇരുട്ടെന്നു പറഞ്ഞാൽ കുറ്റാക്കുറ്റിരുട്ട്. എന്നാൽ വളവുകളും തടസ്സങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കിലും എന്റെ വഴികാട്ടി വിദഗ്ധമായി വഞ്ചി തുഴഞ്ഞു കൊണ്ടുപോയി. എങ്ങനെയാണ് അതു സാധിക്കുന്നത് എന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “മുമ്പോട്ടല്ല നോക്കേണ്ടത്. മുകളിലേക്കു നോക്കി വൃക്ഷത്തലപ്പുകളും ആകാശവും തമ്മിലുള്ള നിറവ്യത്യാസം ശ്രദ്ധിക്കുക. അങ്ങനെയാകുമ്പോൾ നദിയുടെ വളവ് മനസ്സിലാകും. താഴേക്കു നോക്കി നദിയിലെ ഓളങ്ങളും ശ്രദ്ധിക്കുക. മുന്നിൽ പാറകളോ മറ്റ് തടസ്സങ്ങളോ ഉണ്ടോയെന്ന് അവ കാട്ടിത്തരും. ശബ്ദങ്ങൾ കേട്ടും മുന്നിൽ എന്താണെന്നു തിരിച്ചറിയാം.”
മരത്തിൽനിന്നു കൊത്തിയുണ്ടാക്കിയ ചിറ്റോടങ്ങളിൽ കുത്തൊഴുക്കുള്ള ഭാഗത്തുകൂടെ സഞ്ചരിക്കുന്നതും വെള്ളച്ചാട്ടങ്ങൾ മുറിച്ചുകടക്കുന്നതും അപകടം നിറഞ്ഞതും ക്ഷീണിപ്പിക്കുന്നതുമായ കാര്യമാണ്. എന്നാൽ ഇങ്ങനെ യാത്ര ചെയ്തു ചെല്ലുമ്പോൾ ഞങ്ങളെ സ്വാഗതം ചെയ്യാൻ ക്രിസ്തീയ സഹോദരീസഹോദരന്മാർ നിൽക്കുന്നതു കാണുമ്പോൾ ക്ഷീണമൊക്കെ പമ്പകടക്കും. അതിഥികൾക്കു വേണ്ടി എപ്പോഴും അവർ ആഹാരം കരുതിവെക്കും, ഒരു കോപ്പ സൂപ്പെങ്കിലും. മിഷനറി ജീവിതത്തിൽ മിക്കപ്പോഴും പരിശോധനകളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ടെങ്കിലും ഒരിക്കലും ഞങ്ങൾക്കു നിരാശപ്പെടേണ്ടി വന്നിട്ടില്ല.
സേവനത്തിൽ തുടരാൻ ഞങ്ങളെ സഹായിച്ചത്
ഞങ്ങളുടെ ആരോഗ്യനില അത്ര മെച്ചമായിരുന്നില്ല എന്നു മാത്രമല്ല, കുടുംബാംഗങ്ങളിൽ നിന്നു കാര്യമായ പ്രോത്സാഹനവും ഞങ്ങൾക്കു ലഭിച്ചിരുന്നില്ല. കാരണം ഞങ്ങളെ കൂടാതെ കുടുംബത്തിൽ മമ്മി മാത്രമേ സാക്ഷിയായി തീർന്നുള്ളൂ. എങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾ എല്ലായ്പോഴും ആവശ്യമായ സഹായവും പ്രോത്സാഹനവും നൽകി നിയമനത്തിൽ തുടരാൻ ഞങ്ങളെ പിന്തുണച്ചു. മമ്മി വിശേഷിച്ചും പ്രോത്സാഹനത്തിന്റെ ഉറവിടമായിരുന്നു.
ഞങ്ങൾ നിയമനത്തിൽ പ്രവേശിച്ച് ഏതാണ്ട് ആറു വർഷം കഴിഞ്ഞപ്പോൾ മമ്മിക്കു തീരെ സുഖമില്ലാതായി. മമ്മിയെ അവസാനമായി ഒന്നു പോയി കാണാൻ സുഹൃത്തുക്കൾ ഞങ്ങളോടു പറഞ്ഞു. പക്ഷേ മമ്മി ഞങ്ങൾക്ക് ഇങ്ങനെ എഴുതി: “നിങ്ങൾ ഇങ്ങോട്ടു വരേണ്ടതില്ല. ഞാൻ ആരോഗ്യത്തോടെ ഇരുന്നപ്പോഴുള്ള രൂപം മതി നിങ്ങളുടെ മനസ്സിൽ. പുനരുത്ഥാനത്തിൽ നിങ്ങളെ കാണാൻ കഴിയുമെന്നു ഞാൻ പ്രത്യാശിക്കുന്നു.” ഉറച്ച വിശ്വാസത്തിന് ഉടമയായിരുന്നു മമ്മി.
1966-ൽ ആണ് ഞങ്ങൾ നെതർലൻഡ്സിൽ ആദ്യമായി അവധിക്കു പോയത്. പഴയ സുഹൃത്തുക്കളെ കണ്ടപ്പോൾ ഞങ്ങൾക്കു സന്തോഷമായി, എങ്കിലും സുരിനാമാണ് ഞങ്ങളുടെ സ്വന്തം നാടെന്ന് ഞങ്ങൾക്കു തോന്നി. നിയമിത പ്രദേശത്ത് ചുരുങ്ങിയതു മൂന്നു വർഷമെങ്കിലും സേവിക്കാതെ മിഷനറിമാർ മാതൃദേശത്തേക്ക് അവധിക്കു പോകരുതെന്നുള്ള സംഘടനയുടെ ബുദ്ധിയുപദേശം എത്ര ജ്ഞാനപൂർവകമായ ഒന്നാണ് എന്നു ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു.
നിയമനം ആസ്വദിക്കാൻ ഞങ്ങളെ സഹായിച്ച മറ്റൊരു ഘടകം നർമബോധമായിരുന്നു—എല്ലാറ്റിനെയും, ഞങ്ങളെ ഉൾപ്പെടെ, ഒരു നർമരസത്തോടെ നോക്കിക്കാണാൻ ഉള്ള കഴിവ്. യഹോവതന്നെ നർമബോധം ഉള്ളവനാണ്. പ്രകൃതിയിലെ ചില സൃഷ്ടികളിൽ അതു തെളിഞ്ഞു കാണാം. ചിമ്പാൻസികളുടെയും നീർനായ്ക്കളുടെയും മൃഗക്കുട്ടികളുടെയുമൊക്കെ കോമളിത്തം നിറഞ്ഞ വികൃതികൾ കാണുമ്പോൾ നമ്മൾ ചിരിച്ചുപോകും. എല്ലാറ്റിന്റെയും നല്ല വശം കാണാൻ ശ്രമിക്കുന്നതും നമുക്കുതന്നെ വളരെയധികം പ്രാധാന്യം കൽപ്പിക്കാതിരിക്കുന്നതും മുഖ്യമാണ്—വർഷങ്ങളിലൂടെ ഞങ്ങൾ പഠിച്ച കാര്യമാണ് അത്.
ശുശ്രൂഷയിൽ ഞങ്ങൾക്കു ലഭിച്ച പ്രതിഫലങ്ങൾ വിശേഷിച്ചും ഞങ്ങളെ നിയമനത്തിൽ തുടരാൻ സഹായിച്ചിരിക്കുന്നു. പാരമാരിബോയിലുള്ള ഒരു വൃദ്ധസദനത്തിലെ ഒമ്പത് പുരുഷന്മാരുമായി ച്രേ ബൈബിളധ്യയനം ആരംഭിച്ചു. അവർ എല്ലാവരും 80 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആയിരുന്നു. അവർ മുമ്പ് ബാലാറ്റബ്ലീഡറുകളോ (റബർ ടാപ്പിങ് തൊഴിലാളികൾ) സ്വർണ ഖനി തൊഴിലാളികളോ ഒക്കെ ആയിരുന്നു. എല്ലാവർക്കും പഠിച്ച കാര്യങ്ങൾ ഇഷ്ടപ്പെട്ടു, എല്ലാവരും സ്നാപനമേറ്റു, മരണം വരെ പ്രസംഗവേലയിൽ വിശ്വസ്തയോടെ പങ്കുകൊണ്ടു.
ന്യൂ ചർച്ച് ഓഫ് സ്വീഡൻബൊർഗിന്റെ ഒരു പ്രസംഗകനായിരുന്ന റിവേർസ് എന്നു പേരുള്ള പ്രായംചെന്ന ഒരു വ്യക്തി ഞങ്ങൾ അധ്യയനം നടത്തുമ്പോൾ അതു ശ്രദ്ധിച്ച് പരിഹാസപൂർവം ഓരോരോ അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ടായിരുന്നു. എന്നാൽ ഓരോ ആഴ്ചയും അദ്ദേഹം അടുത്തടുത്തു വന്നു, അതോടൊപ്പം കളിയാക്കലും കുറഞ്ഞുവന്നു. ഒടുവിൽ അദ്ദേഹം മറ്റുള്ളവരോടൊപ്പം അധ്യയനത്തിന് ഇരിക്കാൻ തുടങ്ങി. 92 വയസ്സുണ്ടായിരുന്ന അദ്ദേഹത്തിനു കാഴ്ചശക്തിയും കേൾവിശക്തിയും നന്നേ കുറവായിരുന്നു, എങ്കിലും ബൈബിൾ വാക്യങ്ങളെല്ലാം അദ്ദേഹത്തിനു കാണാപ്പാഠമായിരുന്നു. ഒടുവിൽ അദ്ദേഹം ഞങ്ങളോടൊപ്പം ശുശ്രൂഷയിൽ പങ്കെടുക്കാൻ തുടങ്ങി, ശ്രദ്ധിക്കുമായിരുന്ന ആരോടും അദ്ദേഹം സുവാർത്ത പറയുമായിരുന്നു. ഒന്നു വന്നു കാണാൻ പറഞ്ഞുകൊണ്ട് മരിക്കുന്നതിനു മുമ്പ് അദ്ദേഹം ഞങ്ങൾക്ക് ഒരു സന്ദേശം അയച്ചു. ഞങ്ങൾ ചെന്നപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു, അദ്ദേഹത്തിന്റെ തലയണക്കീഴിൽ ആ മാസം ശുശ്രൂഷയിൽ ചെലവഴിച്ച സമയത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.
25-ലധികം വർഷത്തെ മുഴുസമയ പ്രസംഗവേലയ്ക്കു ശേഷം 1970-ൽ സുരിനാം ബ്രാഞ്ച് ഓഫീസിന്റെ മേൽനോട്ടം വഹിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമനം എനിക്കു ലഭിച്ചു. മനസ്സില്ലാമനസ്സോടെ ഓഫീസിൽ ഇരിക്കുമ്പോൾ ച്രേയോട് എനിക്ക് അസൂയ തോന്നി. കാരണം അവൾ അപ്പോഴും എല്ലാ ദിവസവും വയൽ ശുശ്രൂഷയ്ക്കു പോകുന്നുണ്ടായിരുന്നു. ഇപ്പോൾ ച്രേയും ബ്രാഞ്ചിൽത്തന്നെ സേവിക്കുന്നു. വയസ്സായി വരുന്ന ഞങ്ങൾക്ക് ഇവിടെ അർഥവത്തായ വേല ഉണ്ട്.
1945-ൽ ലോകമെമ്പാടുമുള്ള സജീവ രാജ്യഘോഷകരുടെ എണ്ണം 1,60,000-ത്തിൽ താഴെയായിരുന്നു. എന്നാൽ ഇന്ന് ആ സംഖ്യ ഏതാണ്ട് 60,00,000 ആയി ഉയർന്നിരിക്കുന്നു. തീർച്ചയായും യാഥാർഥ്യം എന്റെ പ്രതീക്ഷയെ കടത്തിവെട്ടിയിരിക്കുന്നു. സുരിനാമിനെ സംബന്ധിച്ചാണെങ്കിൽ, 1955-ൽ ഞങ്ങൾ വരുമ്പോൾ ഉണ്ടായിരുന്നതിന്റെ 19 മടങ്ങിലധികം ആളുകൾ ശുശ്രൂഷയിൽ പങ്കെടുക്കുന്നുണ്ട്—ഇവിടത്തെ രാജ്യഘോഷകരുടെ എണ്ണം 100-ൽ നിന്ന് 1,900-ലധികം ആയി വർധിച്ചിരിക്കുന്നു!
യഹോവയോടു വിശ്വസ്തരായി നിലകൊണ്ടാൽ ഭാവിയിൽ അവന്റെ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച കൂടുതൽ മഹത്തായ സംഭവവികാസങ്ങൾ നാം കാണുമെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. ഞങ്ങൾ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതും അതുതന്നെയാണ്.
[13-ാം പേജിലെ ചിത്രം]
1955-ൽ, ഞങ്ങൾ സുരിനാമിൽ വന്നപ്പോൾ
[15-ാം പേജിലെ ചിത്രം]
ശുശ്രൂഷയിൽ ചിറ്റോടങ്ങൾ ഉപയോഗിക്കുന്നു
[15-ാം പേജിലെ ചിത്രം]
ഭാര്യയോടൊപ്പം