ലോകത്തെ വീക്ഷിക്കൽ
“ബാബേൽ ഗോപുരം”
യൂറോപ്യൻ യൂണിയനിൽ (ഇയു) ഇപ്പോളുള്ള 11 ഔദ്യോഗിക ഭാഷകളോടു പത്തെണ്ണം കൂടെ കൂട്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പാരീസിലെ വർത്തമാനപ്പത്രമായ ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. അഞ്ച് ഔദ്യോഗിക ഭാഷകൾ മാത്രമുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്തുള്ളതിന്റെ നാലിരട്ടിയിൽ അധികം പരിഭാഷകരെയും ദ്വിഭാഷികളെയുമാണ് ഇയു-വിന്റെ ഭരണനിർവഹണ സമിതിയായ യൂറോപ്യൻ കമ്മീഷൻ ഇപ്പോൾ ഉപയോഗിക്കുന്നത്. യൂറോപ്പിനെ ഏകീകരിക്കാനും ഇയു-വിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനുമുള്ള ശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ ഭാഷയുടെ കാര്യത്തിൽ നേർവിപരീതമാണു സംഭവിക്കുന്നത്. ഓരോ അംഗരാജ്യവും അതതിന്റെ ഭാഷയെ അനുകൂലിക്കുന്നു. പത്രത്തിന്റെ അഭിപ്രായത്തിൽ, “ഒരു ബാബേൽ ഗോപുരം ഉയർന്നു വരികയാണ്.” “യൂറോസ്പീക്ക്”—ദുർഗ്രഹമായ പദങ്ങളും സാങ്കേതിക പദപ്രയോഗങ്ങളും സമൃദ്ധമായുള്ള, കമ്മീഷന്റേതായ ഭാഷ—കമ്മീഷനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രശ്നമാണ്. ഒരു പരിഭാഷകൻ പറയുന്നത് അനുസരിച്ച്, രാഷ്ട്രീയക്കാരെക്കൊണ്ട് കാര്യങ്ങൾ വ്യക്തമായി പറയിക്കുക എന്നത് ഒരു വെല്ലുവിളിയാണ്, “മിക്ക അവസരങ്ങളിലും അവരുടെ ലക്ഷ്യം കാര്യങ്ങൾ വ്യക്തമായി പറയരുത് എന്നതായിരിക്കുമ്പോൾ.”
ഓമന മൃഗങ്ങൾ—ആരോഗ്യത്തിനു നല്ലതോ?
“ഡോക്ടറെ സന്ദർശിക്കുന്നത് ഒഴിവാക്കാൻ ഓമന മൃഗങ്ങളോടുള്ള സ്നേഹം ഒരുവനെ സഹായിച്ചേക്കും” എന്ന് ദ ടൊറന്റോ സ്റ്റാർ അഭിപ്രായപ്പെടുന്നു. “ഓമന മൃഗങ്ങൾ ഉള്ളവർക്കു സമ്മർദം കുറവുള്ളതായും, ഡോക്ടർമാരുടെ സഹായം അത്രകണ്ട് ആവശ്യം ഇല്ലാത്തതായും, ഹൃദയാഘാതത്തെ തുടർന്നു രക്ഷപ്പെടാനുള്ള സാധ്യത കൂടുതൽ ഉള്ളതായും” കഴിഞ്ഞ പതിറ്റാണ്ടിൽ നടന്ന വ്യത്യസ്ത പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. “മസ്തിഷ്കാഘാതം ഉണ്ടായവരെ ബലം വീണ്ടെടുക്കുന്നതിനും മനോരോഗമുള്ളവരെ തങ്ങളുടെ ഉത്കണ്ഠ കുറയ്ക്കുന്നതിനും ഒരു മൃഗത്തിനു സഹായിക്കാൻ കഴിഞ്ഞേക്കും.” യു.എസ്.എ.,യിലെ ഇൻഡ്യാനയിലുള്ള പുർഡൂ മൃഗവൈദ്യശാസ്ത്ര സർവകലാശാല സ്കൂളിലെ ഡോ. ആല്ലൻ ബെക്ക് കരുതുന്നത് “മൃഗങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയും അവയെ തലോടുകയുമൊക്കെ ചെയ്യുമ്പോൾ ആളുകളുടെ മനസ്സിന് അയവു വരുന്നു” എന്നാണ്. സ്വന്തം വീട്ടിലെ ഓമന മൃഗം അല്ലെങ്കിൽ കൂടി ഇതുപോലുള്ള നല്ല ഫലങ്ങൾ ഉണ്ടായേക്കാം എന്നുള്ള വസ്തുത “മൃഗങ്ങളെ ഉപയോഗിച്ചുള്ള ചികിത്സ”യുടെ വളർച്ചയിലേക്കു നയിച്ചിരിക്കുന്നു. അതിനാൽ ചില മാനസിക ആരോഗ്യ പ്രവർത്തകർ ഒരു ഓമന മൃഗത്തോടൊപ്പം സമയം ചെലവഴിക്കാൻ മനോരോഗികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു നല്ല ഫലങ്ങളും കിട്ടിയിരിക്കുന്നു.
കുറഞ്ഞുവരുന്ന ജലശേഖരം
“50 വർഷം മുമ്പ് ആളൊന്നുക്ക് ലഭ്യമായിരുന്ന ജലത്തിന്റെ പകുതിയിൽ കുറവു മാത്രമേ ഇന്നു നമുക്കു ലഭിക്കുന്നുള്ളൂ” എന്ന് ദ യുനെസ്കോ കുരിയർ പ്രസ്താവിക്കുന്നു. ആഗോള ശേഖരം ഇനിയും കുറഞ്ഞുകൊണ്ടേയിരിക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നു. വർധിച്ചു വരുന്ന ജനസംഖ്യ, കാർഷിക ആവശ്യങ്ങൾ, വ്യവസായവത്കരണം എന്നിവയുടെ ഫലമായി ശുദ്ധജലത്തിന്റെ ആവശ്യം കുതിച്ചുയർന്നിരിക്കുന്നതിനാലാണ് ജലശേഖരത്തിൽ ഇങ്ങനെ കുറവു സംഭവിക്കുന്നത്. ജല ലഭ്യതയുടെ അടിസ്ഥാനത്തിൽ ഭൂപടം നിർമിക്കാനായി ഗോളമെമ്പാടും സർവേ നടത്തുന്ന ശാസ്ത്രജ്ഞന്മാർ ചില പ്രദേശങ്ങളെ “അങ്ങേയറ്റം വിപത്കരം” എന്നു വിശേഷിപ്പിച്ചിരിക്കുന്നു. കുരിയറിന്റെ അഭിപ്രായത്തിൽ, ഇതിന്റെ അർഥം “വരൾച്ച പോലുള്ള ഒരു പ്രതിസന്ധി ഉണ്ടായാൽ ജനങ്ങളുടെ ജീവൻ നിലനിർത്താൻ” ജലശേഖരം “പര്യാപ്തമല്ല” എന്നാണ്. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വെറും 50 വർഷത്തിനു മുമ്പ് ലോകത്തിലെ ഒരൊറ്റ രാജ്യം പോലും ജല ലഭ്യതയുടെ കാര്യത്തിൽ ഇത്ര വിപത്കരമായ അവസ്ഥയെ നേരിട്ടിരുന്നില്ല. എന്നാൽ ഇന്ന് ജനസംഖ്യയുടെ ഏതാണ്ട് 35 ശതമാനവും ഇത്തരം അവസ്ഥകളിൻ കീഴിലാണു കഴിയുന്നത്.”
യാചകരായുള്ള അഭിനയം
മിക്ക യാചകരും യഥാർഥത്തിൽ സഹായം അർഹിക്കുന്നവർ തന്നെ ആണെങ്കിലും ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്ന ദ വീക്ക എന്ന മാസികയിൽ വന്ന ഒരു റിപ്പോർട്ടു കാണിക്കുന്നത് അനുസരിച്ച് എല്ലാവരും അങ്ങനെയല്ല. ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ, ഒരു യാചകൻ ഊന്നുവടികളുടെ സഹായത്തോടെ, ട്രാഫിക് സിഗ്നലും കാത്തു കിടന്നിരുന്ന ഒരു കാറിനെ സമീപിച്ചു. കാറോടിച്ചിരുന്നയാൾ അയാളെ പാടേ അവഗണിച്ചുകൊണ്ടു തന്റെ കാമുകിയോടു സംസാരിക്കുന്നതിൽ തുടർന്നു. അപ്പോൾ യാചകൻ തന്റെ ശബ്ദം കുറേക്കൂടെ ഉച്ചത്തിലാക്കി. ഡ്രൈവർ ഗ്ലാസ്സു താഴ്ത്തി അയാളെ തള്ളിമാറ്റി. ഭിക്ഷപ്പാത്രത്തിൽ ഉണ്ടായിരുന്ന നാണയത്തുട്ടുകൾ അവിടെയെങ്ങും ചിതറി വീണു. പൊടുന്നനെ “വികലാംഗ” യാചകൻ സുഖം പ്രാപിച്ചു. അയാൾ തന്റെ ഊന്നുവടികൾ ഉപയോഗിച്ച് കാറിന്റെ മുൻഭാഗത്തെ ചില്ല് അടിച്ചു തകർക്കാൻ തുടങ്ങി. ദ വീക്ക് പറയുന്നത് അനുസരിച്ച്, “മറ്റു വാഹനങ്ങളുടെ അരികിൽ യാചിച്ചുകൊണ്ടിരുന്ന ‘കുരുടരും’ ‘മുടന്തരും’ ‘വികലാംഗരും’ ആയ സുഹൃത്തുക്കൾ അയാളുടെ സഹായത്തിനെത്തി.” അവർ കാറിനു നേരെ കല്ലുകളും കമ്പുകളും ഊന്നുവടികളും വലിച്ചെറിഞ്ഞു, ഒടുവിൽ ആ യുവാവിനെ കാറിൽ നിന്നു വലിച്ചിറക്കുകയും ചെയ്തു. പൊലീസ് വാഹനം തക്ക സമയത്ത് എത്തിയതോടെ യാചകരെല്ലാം സ്ഥലം വിട്ടു.
കുട്ടികളോടുള്ള ദുഷ്പെരുമാറ്റം ആഗോള വ്യാപകം
സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ളിയുഎച്ച്ഒ) കണക്കുകൾ പ്രകാരം ലോകവ്യാപകമായി നാലു കോടി കുട്ടികൾ ദുഷ്പെരുമാറ്റത്തിനു വിധേയരാകുന്നു. ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് 14 വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് 19 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയത് 29 ശതമാനം ആൺകുട്ടികളും 34 ശതമാനം പെൺകുട്ടികളും ലൈംഗിക ദ്രോഹത്തിന് ഇരകൾ ആയിരുന്നുവെന്നാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഐക്യനാടുകളിൽ മാത്രം ഓരോ വർഷവും ഏകദേശം 20 ലക്ഷം കുട്ടികൾക്ക് ദുഷ്പെരുമാറ്റത്തിന്റെ ഫലമായി പരിക്കേൽക്കുന്നു.
വിരസമായി ജോലി ആരോഗ്യത്തിനു നന്നല്ല
ജർമനിയിൽ 50,000 ജോലിക്കാരുടെ ഇടയിൽ നടത്തിയ ഒരു പഠനം, നല്ല ജോലിത്തിരക്കുള്ളവരെ അപേക്ഷിച്ച് വിരസമായ ജോലികളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യം ക്ഷയിക്കാനുള്ള സാധ്യത കൂടുതൽ ആണെന്നു വെളിപ്പെടുത്തി. ഔഗ്സ്ബുർഗ ആൽജെമൈന എന്ന വർത്തമാനപ്പത്രം ഇപ്രകാരം നിരീക്ഷിക്കുന്നു: “ആവർത്തനവിരസവും ഒട്ടും സ്വാതന്ത്ര്യം ഇല്ലാത്തതുമായ ജോലികൾ ചെയ്യുന്നവർക്കു ശ്രമകരമായ ജോലികൾ ചെയ്യുന്നവരെക്കാൾ രണ്ടിരട്ടിയിലധികം തവണ രോഗം പിടിപെടുന്നതായി സ്ഥിരീകരിച്ചിരിക്കുന്നു.” ആളുകൾ കൂടെക്കൂടെയും ദീർഘനാളത്തേക്കും അവധി എടുക്കുന്നതിലേക്കു നയിക്കുന്ന തൊഴിൽ സമ്മർദ ഘടകങ്ങളിൽ ഒന്നാം സ്ഥാനം ഇതിനാണ്. റിപ്പോർട്ടനുസരിച്ച് സാധാരണമായി ഇത്തരക്കാരെ “ഉയർന്ന രക്തസമ്മർദം, ഉദരസംബന്ധവും കുടൽസംബന്ധവുമായ കുഴപ്പങ്ങൾ, പുറത്തിനും സന്ധികൾക്കും ഉണ്ടാകുന്ന തകരാറുകൾ” തുടങ്ങിയ പ്രശ്നങ്ങൾ ബാധിക്കുന്നു.
കോപത്തിന്റെ കെട്ടഴിച്ചു വിടൽ
കത്താർസിസ് എന്നു വിളിക്കപ്പെടുന്ന “നിർജീവ വസ്തുക്കളുടെമേൽ ദേഷ്യം തീർക്കുന്ന പ്രക്രിയ—ഉദാഹരണത്തിന് തലയിണയിലും വ്യായാമം ചെയ്യുമ്പോഴും ബോക്സിങ് പരിശീലിക്കുമ്പോഴും ഒക്കെ ഉപയോഗിക്കുന്ന ബാഗിലും മറ്റും മുഷ്ടി ചുരുട്ടി ഇടിക്കുന്നത്—അക്രമസ്വഭാവം കുറയ്ക്കുന്നതിനു പകരം അതു വർധിപ്പിക്കുകയാണു ചെയ്യുന്നത്” എന്ന് കാനഡയിലെ നാഷണൽ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ഐയ്യൊവ സംസ്ഥാന സർവകലാശാലയിലെ മനശ്ശാസ്ത്ര വിഭാഗ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ. ബ്രാഡ് ജെ. ബുഷ്മൻ പറയുന്നു: “ജനപ്രീതി ആർജിച്ച മാധ്യമങ്ങളുടെ തുടർച്ചയായ പിന്തുണ കത്താർസിസ് ആസ്വദിച്ചിരിക്കുന്നു. ഗവേഷണ പ്രസിദ്ധീകരണങ്ങൾ അതിനു നൽകുന്ന പിന്തുണയെക്കാൾ വളരെ കൂടുതലാണ് ഇത്.” “കോപത്തെ നേരിടുന്നതിനുള്ള ഒരു നല്ല മാർഗമായി ‘കത്താർസിസി’നെ ശുപാർശ ചെയ്യുന്ന പുസ്തകങ്ങളും ലേഖനങ്ങളും യഥാർഥത്തിൽ ആത്മനിയന്ത്രണത്തിൽ അയവു വരുത്താൻ ആളുകളെ അനുവദിച്ചുകൊണ്ട് അക്രമസ്വഭാവം ഊട്ടിവളർത്തുകയാണു ചെയ്യുന്നത്” എന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നതായി പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു.
പക്ഷി മസ്തിഷ്കവും ഉറക്കവും
ഉറങ്ങുന്നതിനിടയിൽ പക്ഷികൾക്കു ക്രമമായ ഇടവേളകളിൽ ഒരു കണ്ണു തുറന്നു നോക്കാൻ കഴിയും. ഇത് ഇരപിടിയന്മാരിൽ നിന്ന് അവയെ സംരക്ഷിക്കുന്നു. ടൊറന്റോ സ്റ്റാറിന്റെ ഒരു റിപ്പോർട്ടു കാണിക്കുന്നത് അനുസരിച്ച് ശാസ്ത്രജ്ഞന്മാർക്കു നാളുകളായി അറിയാവുന്ന ഒരു വസ്തുത ആണിത്. പുതിയ കണ്ടുപിടിത്തങ്ങൾ പ്രകടമാക്കുന്നത് മുഴു മസ്തിഷ്കത്തെയും ഉറങ്ങാൻ അനുവദിക്കണോ അതോ ഇടയ്ക്കിടയ്ക്ക് ചുറ്റുപാടുമൊന്നു കണ്ണോടിക്കുന്നതിനായി പകുതി മസ്തിഷ്കത്തോട് ഉണർന്നിരിക്കാൻ കൽപ്പിക്കണോ എന്നു തീരുമാനിക്കാൻ പക്ഷികൾക്കാകും എന്നാണ്. ഒരു നിരയിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന മല്ലാർഡ് എന്ന ഒരിനം കാട്ടുതാറാവിനെ ഉപയോഗിച്ച് പഠനം നടത്തിയപ്പോൾ കണ്ടത് നിരയുടെ അറ്റത്തുണ്ടായിരുന്ന പക്ഷികളുടെ മസ്തിഷ്കത്തിന്റെ പകുതി ഭാഗം അവയുടെ ഉറക്കത്തിന്റെ മൂന്നിലൊന്നു സമയത്തും ഉണർന്നിരുന്നു എന്നാണ്. എന്നാൽ മധ്യഭാഗത്തുണ്ടായിരുന്ന പക്ഷികൾ അങ്ങനെ ചെയ്തത് ഉറക്കത്തിന്റെ 12 ശതമാനം സമയത്തേക്കു മാത്രമായിരുന്നു. “അപകടഭീഷണി ഉള്ളപ്പോൾ പക്ഷിയുടെ മസ്തിഷ്കത്തിന്റെ പകുതി ഭാഗം കൂടുതൽ സമയം ഉണർന്നിരിക്കുന്നതായി” കാണപ്പെടുന്നു എന്ന് ഇൻഡ്യാന സംസ്ഥാന സർവകലാശാലയിലെ പ്രൊഫസർ നിൽസ് റാറ്റെൻബൊർഗ് പറയുന്നു.
ഹാംസ്റ്ററുകൾക്കുള്ള സൈക്കിൾ
ഓമന മൃഗങ്ങൾക്കുള്ള സാധനസാമഗ്രികളുടെ വിതരണക്കാരായ ഹോങ്കോംഗിലെ ഒരു കമ്പനി “ഓമന മൃഗങ്ങൾക്കായുള്ള സൈക്കിൾ” കണ്ടുപിടിച്ചിരിക്കുന്നുവെന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഈ കളിപ്പാട്ടത്തിന്റെ മുന്നിലെ ചക്രം കണ്ടാൽ ഹാംസ്റ്ററിനായി (ചെറിയ ഒരിനം കരണ്ടുതീനി) നിർമിച്ച ഒരു ചവിട്ടുചക്രം പോലെയിരിക്കും. ഓമന മൃഗം ചക്രത്തിനുള്ളിലൂടെ ഓടിനടക്കുമ്പോൾ ചക്രം കറങ്ങുകയും സൈക്കിൾ മുന്നോട്ടു ചലിച്ചു തുടങ്ങുകയും ചെയ്യും. എന്നിരുന്നാലും തന്റെ ഓമനമൃഗം എന്തെങ്കിലും അപകടത്തിൽ ചെന്നുചാടിയേക്കാം എന്ന് ഉടമ ഭയപ്പെടുന്നുവെങ്കിൽ സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ലിവർ അയാൾക്കു പ്രവർത്തിപ്പിക്കാൻ സാധിക്കും. അപ്പോൾ സൈക്കിളിന്റെ മുൻചക്രം നിലത്തു നിന്ന് ഉയരും. അങ്ങനെ നിശ്ചലമായി നിൽക്കുന്ന സൈക്കിളിൽ സുരക്ഷിതമായി ഓമന മൃഗത്തിനു വ്യായാമം ചെയ്യാൻ കഴിയും.
യാത്രക്കാരുടെ പുറംവേദന ലഘൂകരിക്കൽ
വിട്ടുമാറാത്ത പുറംവേദന അനുഭവിക്കുന്നവർക്കു യാത്ര ദുഷ്കരം ആയിരുന്നേക്കാം. എന്നിരുന്നാലും, ദ ടൊറന്റോ സ്റ്റാർ പ്രദാനം ചെയ്ത സഹായകമായ ഏതാനും നിർദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നടക്കുമ്പോൾ “അനുയോജ്യമായ പാദരക്ഷകൾ ധരിക്കുക. ഉപ്പൂറ്റി ഉയർന്ന പാദരക്ഷകൾ ഇടുമ്പോൾ നട്ടെല്ലിൽ കൂടുതൽ സമ്മർദം ചെലുത്തപ്പെടുന്നു. . . . കാറിലാണു യാത്ര ചെയ്യുന്നതെങ്കിൽ ഇടയ്ക്കിടയ്ക്കു നിറുത്തി, ഒന്നു നടുനിവർക്കുന്നതും അൽപ്പമൊന്നു നടക്കുന്നതും നല്ലതായിരിക്കും.” കാറിന്റെ സീറ്റിൽ “പുറത്തിനു താങ്ങായി എന്തെങ്കിലും വെക്കുക.” അതുപോലെ ഇരുന്ന ഇരുപ്പിൽത്തന്നെ തുടരാതെ ഇടയ്ക്കൊക്കെ ഇരിക്കുന്ന രീതിക്കു മാറ്റം വരുത്തുക. “ഇപ്പോൾ എളുപ്പത്തിൽ ലഭ്യമായ വ്യത്യസ്ത ആകൃതികളിലും വലിപ്പത്തിലുമുള്ള ഉരുട്ടിക്കൊണ്ടു നടക്കാവുന്ന പെട്ടികൾ” ഉപയോഗിക്കുന്നത് ഭാരം ചുമക്കുമ്പോൾ ഉണ്ടാകുന്ന വേദനയിൽ നിന്നു മോചനം നൽകും എന്ന് സ്റ്റാർ പറയുന്നു. “നിങ്ങളുടെ പെട്ടിയുടെ പിടിക്ക് സൗകര്യപ്രദമായി വലിച്ചുകൊണ്ടു നടക്കാൻ പാകത്തിനു നീളമുണ്ടെന്ന് ഉറപ്പു വരുത്തുക. ഉരുട്ടിക്കൊണ്ടു നടക്കാമെങ്കിലും അതിനായി കുനിയേണ്ടി വരികയാണെങ്കിൽ അതുകൊണ്ടു പുറത്തിനു കാര്യമായ മെച്ചമൊന്നും ഉണ്ടാകില്ല.”
ഒരു പ്രയോജനവും ഇല്ല
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ലി വെൽനസ് ലെറ്റർ റിപ്പോർട്ടു ചെയ്യുന്നത് അനുസരിച്ച്, “പുകവലി ആളുകളെ മെലിഞ്ഞിരിക്കാൻ സഹായിക്കുന്നില്ല. വിശേഷിച്ചും, യുവതികളിൽ മിക്കവരും പുകവലിക്കാൻ തുടങ്ങുന്നത് അത് തങ്ങളെ മെലിഞ്ഞിരിക്കാൻ സഹായിക്കും എന്ന ധാരണ നിമിത്തമാണ്.” എന്നാൽ, 18-നും 30-നും ഇടയ്ക്കു പ്രായമുള്ള 4,000 വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഒരു പഠനം കാണിച്ചത്, “ഏഴു വർഷത്തിനിടയിൽ എല്ലാവരുടെയുംതന്നെ—പുകവലിക്കുന്നവരുടെയും അല്ലാത്തവരുടെയും—തൂക്കം വർധിച്ചു (ഒരു വർഷം ശരാശരി അര കിലോഗ്രാമിൽ അധികം എന്ന നിരക്കിൽ) എന്നാണ്.” ലേഖനം ഇങ്ങനെ നിഗമനം ചെയ്തു: “പുകവലിക്കുന്നതുകൊണ്ട് തൂക്കം നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.”