മാലാഖാ ഭ്രമം
“നമ്മെ ‘എല്ലാവരെയും’ വഴിനടത്താനും കാവൽ ചെയ്യാനും മാലാഖമാരുണ്ട്. . . . നാം അവരെ ശല്യം ചെയ്യാതിരിക്കുന്നെങ്കിൽ, കുട്ടികളെപ്പോലെ പൂർണ വിശ്വാസത്തോടും സ്നേഹത്തോടും വിനയത്തോടും കൂടെ കൃതജ്ഞതാപൂർവം നമ്മെത്തന്നെ അവർക്ക് ഏൽപ്പിച്ചുകൊടുക്കുന്നെങ്കിൽ അവർ നമ്മുടെ മേൽ അനുഗ്രഹങ്ങൾ വർഷിക്കും. അവർ നമ്മോടൊപ്പം കളിക്കുന്നു. അവർ നമ്മെ കാത്തുപരിപാലിക്കുന്നു. അവർ നമ്മെ സുഖപ്പെടുത്തുന്നു, സ്പർശിക്കുന്നു. അദൃശ്യമായ കരങ്ങൾകൊണ്ട് നമ്മെ സ്നേഹപൂർവം തഴുകി ആശ്വസിപ്പിക്കുന്നു, നാം ആഗ്രഹിക്കുന്നതെന്തും സാധിച്ചുതരാൻ അവർ എപ്പോഴും ശ്രമിക്കുന്നു.”—“മാലാഖമാരുടെ കത്തുകൾ” (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ നിന്ന്.
മാലാഖമാരെ സംബന്ധിച്ചു പരക്കെയുള്ള ഈ വീക്ഷണം ആകർഷകമാണെന്നു സമ്മതിച്ചേ തീരൂ. “പുതിയ ആത്മീയത” എന്നു ചിലർ വിളിക്കുന്ന വീക്ഷണമനുസരിച്ച്, നമുക്ക് ഓരോരുത്തർക്കും വേണ്ടി ചുരുങ്ങിയത് ഒരു മാലാഖയെ എങ്കിലും നിയമിച്ചിരിക്കുന്നു. നമ്മെ ആശ്വസിപ്പിക്കുകയും ആപത്തിൽനിന്നു കാത്തുസംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ മാലാഖയുടെ ചുമതല. നിങ്ങളുടെ മാലാഖ ശക്തനും സ്നേഹവാനുമാണെന്നു പറയപ്പെടുന്നു. അനുസരണമോ ആരാധനയോ അവൻ ആവശ്യപ്പെടുന്നില്ല. അവൻ ഒരിക്കലും നിങ്ങളെ വിധിക്കുകയോ ശാസിക്കുകയോ ചെയ്യുന്നില്ല. അവൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. അവന്റെ മുഴു ശ്രദ്ധയും നിങ്ങളുടെ ക്ഷേമത്തിലാണ്, നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചുതരാൻ അവൻ ഉത്സുകനാണ്. ഇതെല്ലാം ശരിയാണെന്നു പലരും ഇന്ന് ആത്മാർഥമായി വിശ്വസിക്കുന്നു.
മാലാഖമാരിലുള്ള വിശ്വാസം പുതുതായി പൊട്ടിമുളച്ച ഒന്നല്ല. പുരാതന കാലം മുതലേ ആളുകളുടെ മതവിശ്വാസങ്ങളിൽ ഇവർ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കലാസൃഷ്ടികളിൽ ഇതിന്റെ പ്രതിഫലനം കാണാവുന്നതാണ്. മാലാഖമാരുടെ ഒരു വിഭാഗമായ കെരൂബുകളെ പ്രതിനിധാനം ചെയ്യുന്ന കൊത്തുപണികൾ പുരാതന യഹൂദന്മാരുടെ സമാഗമന കൂടാരത്തെയും ആലയത്തെയും അലങ്കരിച്ചിരുന്നു. ക്രൈസ്തവലോകത്തിലെ പള്ളികളിലും കത്തീഡ്രലുകളിലും മാലാഖമാരുടെ പ്രതിമകൾ കാണാവുന്നതാണ്. പ്രദർശനശാലകൾ മാലാഖമാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
മാലാഖമാരോടുള്ള പ്രിയം വർധിച്ചിരിക്കുന്നു
സമീപ കാലങ്ങളിൽ, ചില ദേശങ്ങളിൽ മാലാഖമാരെ കുറിച്ചുള്ള വിഷയങ്ങളിൽ ആളുകൾക്കുള്ള താത്പര്യം വളരെയധികം വർധിച്ചിട്ടുണ്ട്. സത്പ്രവൃത്തികൾ ചെയ്യാൻ മരണശേഷം ഭൂമിയിലേക്കു തിരിച്ചുവന്ന മനുഷ്യരായിട്ടാണു സിനിമകൾ മിക്കപ്പോഴും മാലാഖമാരെ ചിത്രീകരിക്കുന്നത്. കളിയിൽ തോൽക്കാറായ ഒരു ബേസ്ബോൾ ടീമിനെ മാലാഖമാർ സഹായിക്കുന്നതായി ഒരു സിനിമയിൽ കാണിച്ചിരുന്നു. കാമുകിയെ കൊലപ്പെടുത്തിയതിനു പകരം ചോദിക്കാൻ ഒരു കൗമാരപ്രായക്കാരനെ അവന്റെ കാവൽ മാലാഖ സഹായിക്കുന്നതായി മറ്റൊരു സിനിമ ചിത്രീകരിക്കുന്നു. ജനപ്രീതിയാർജിച്ച ഒരു യു.എസ്. ടെലിവിഷൻ പരിപാടിയിലെയും മുഖ്യ കഥാപാത്രം സഹായത്തിനെത്തുന്ന മാലാഖയാണ്.
മാലാഖമാരെ കുറിച്ചുള്ള നിരവധി ഗാനങ്ങൾ നിലവിലുണ്ട്. സമീപ ദശകങ്ങളിൽ, ഐക്യനാടുകളിൽ പ്രചാരമേറിയ ഓരോ 10 ഗാനങ്ങളിലും ഒരെണ്ണം മാലാഖമാരെ കുറിച്ചു പ്രതിപാദിക്കുന്നു. 1990-കളുടെ മധ്യത്തോടെ അമേരിക്കയിൽ 120-ലധികം “മാലാഖ സ്റ്റോറുകൾ” തുറക്കപ്പെട്ടു. മാലാഖമാരുടെ രൂപങ്ങളും അവരുടെ ചിത്രങ്ങളുള്ള ലോക്കറ്റുകളും സ്റ്റേഷനറി സാധനങ്ങളും, എന്തിന്, കളിപ്പാട്ടങ്ങൾ പോലും, ഇവിടെ ലഭ്യമാണ്. ഈ സ്വർഗീയ നിവാസികളുമായി എങ്ങനെ ബന്ധപ്പെടാൻ കഴിയുമെന്ന് ആളുകളെ പഠിപ്പിക്കുന്നതായി അവകാശപ്പെടുന്ന സെമിനാറുകളും പത്രികകളും ഉണ്ട്. ആളുകൾ മാലാഖമാരെ കണ്ടതിനെ കുറിച്ചുള്ള കഥകൾ മാസികകളും പത്രങ്ങളും ടോക്ക്ഷോകളും വിവരിക്കാറുണ്ട്.
നൂറുകണക്കിനു പുസ്തകങ്ങൾ
മാലാഖമാരെ കുറിച്ചുള്ള പുസ്തകങ്ങളും ഉണ്ട്. ന്യൂയോർക്ക് നഗരത്തിലെ ഒരു വലിയ പുസ്തകക്കടയിൽ മാലാഖമാരെ, വിശേഷിച്ചും കാവൽ മാലാഖമാരെ, പറ്റിയുള്ള 500-ലധികം വ്യത്യസ്ത പുസ്തകങ്ങൾ ഉണ്ട്. കാവൽ മാലാഖമാരുമായി ബന്ധപ്പെടാനും അവരുടെ പേരുകൾ മനസ്സിലാക്കാനും അവരുമായി സംസാരിക്കാനും അവരുടെ സഹായം നേടാനുമുള്ള മാർഗങ്ങൾ കാട്ടിത്തരാമെന്ന് അത്തരം പുസ്തകങ്ങൾ വാഗ്ദാനം ചെയ്യുന്നു. തക്കസമയത്തു പ്രത്യക്ഷപ്പെട്ടുകൊണ്ട് മാലാഖമാർ, പാഞ്ഞുവരുന്ന കാറിന്റെ മുമ്പിൽനിന്ന് ആളുകളെ പൊക്കിമാറ്റുകയും മാരക രോഗങ്ങൾ സുഖപ്പെടുത്തുകയും മനോദുഃഖം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും പടക്കളത്തിൽ ഭടന്മാർക്കു സംരക്ഷണം നൽകുകയുമൊക്കെ ചെയ്തതിനെ കുറിച്ചുള്ള കഥകൾ ഈ പുസ്തകങ്ങളിലുണ്ട്. “അനുതാപത്തിന്റേതായ അടയാളങ്ങളോ മതംമാറ്റമോ വിശ്വാസപരമായ പ്രതിബദ്ധതയോ ഒന്നും ആവശ്യപ്പെടാതെയാണ്” ഈ മാലാഖമാർ ഇത്തരം സേവനങ്ങൾ ചെയ്തുതരുന്നത്. എന്നാൽ ആധുനികകാലത്ത് മാലാഖമാരെ ‘കണ്ടതായി’ അവകാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം പലപ്പോഴും, അവർക്ക് ഒരു പ്രത്യേക തരം അനുഭൂതി ഉണ്ടായി എന്നതല്ലാതെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ആ അനുഭവം അവരെ പ്രചോദിപ്പിച്ചിട്ടില്ല.
പിരിമുറുക്കവും പ്രതിസന്ധിയും നിറഞ്ഞ ഇക്കാലത്ത് ഇത്തരത്തിലുള്ള കഥകൾ സന്തോഷ വാർത്തയാണെന്നു തോന്നിയേക്കാം. എന്നാൽ അവ ആശ്രയ യോഗ്യമാണോ? അവ പ്രാധാന്യം അർഹിക്കുന്നുണ്ടോ?
[4-ാം പേജിലെ ആകർഷകവാക്യം]
തങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടെന്നു പലരും കരുതുന്നു