നിങ്ങൾക്ക് ഒരു കാവൽ മാലാഖ ഉണ്ടോ?
നിങ്ങൾക്ക് ഒരു കാവൽ മാലാഖ ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? ഉണ്ട് എന്നാണ് അനേകരും വിചാരിക്കുന്നത്. പശ്ചിമ കാനഡയിലെ ഒരു സ്ത്രീക്ക് മാലാഖമാരോടുള്ള ബന്ധത്തിൽ ഒരു പ്രത്യേക വരംതന്നെ ഉള്ളതായി പറയപ്പെടുന്നു. നിങ്ങളുടെ പേരും 200 ഡോളറും നൽകിയാൽ, നിങ്ങളുടെ കാവൽ മാലാഖയുമായി നിങ്ങളെ സമ്പർക്കത്തിൽ വരുത്താമെന്ന് അവർ അവകാശപ്പെടുന്നു. ആദ്യം, ഒരു തിരിനാളത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവർ ധ്യാനിക്കുന്നു. തുടർന്ന് അവർക്ക് ഒരു ദർശനം ലഭിക്കുന്നു. അതിലൂടെ മാലാഖ നിങ്ങൾക്കുള്ള ഒരു സന്ദേശം അവരെ ഏൽപ്പിക്കുന്നു. കൂടുതലായ ഒരു മെച്ചമെന്നപോലെ നിങ്ങളുടെ മാലാഖയുടെ ഒരു രേഖാചിത്രവും അവർ നൽകുന്നു.
ചിലർക്ക് ഇത്, ഫ്രാൻസിലെ ലൂയി ഒമ്പതാമൻ രാജാവുമായി ബന്ധപ്പെട്ട ഒരു കഥപോലെ തോന്നിയേക്കാം. പ്രധാന മാലാഖയായ മീഖായേലിന്റെ ദേഹത്തുനിന്ന് കൊഴിഞ്ഞുവീണതായി പറയപ്പെടുന്ന വളരെ വിലയേറിയ തൂവലുകൾ അദ്ദേഹം വിലയ്ക്കു വാങ്ങി എന്നാണ് വിശ്വാസം. ആ കഥയിൽ വിശ്വസിക്കാത്ത അനേകർ പോലും ഈ കനേഡിയൻ സ്ത്രീയുടെ അവകാശവാദങ്ങളെ സംശയിക്കുന്നേ ഇല്ല.
മാലാഖാ ഭ്രമം
സമീപ വർഷങ്ങളിൽ മാലാഖമാരുടെ കാര്യത്തിൽ വലിയ താത്പര്യം പ്രകടമായി കാണുന്നു. ടെലിവിഷൻ, ചലച്ചിത്രങ്ങൾ, പുസ്തകങ്ങൾ, മാസികകൾ, വാർത്താപത്രികകൾ എന്നിവയെല്ലാം മാലാഖമാരെ കുറിച്ചു നമ്മോടു പറയുന്നു. അവർ ഗുരുതരമായ രോഗം ബാധിച്ചവരെയും സന്തപ്ത കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുന്നതായും ജ്ഞാനം പ്രദാനം ചെയ്യുന്നതായും വ്യക്തികളെ മരണത്തിൽനിന്നു രക്ഷിക്കുന്നതായും ചിത്രീകരിക്കപ്പെടുന്നു. മാലാഖമാർ ആളുകളുടെ ജീവിതത്തിൽ ഇടപെടുന്നതായി ചിത്രീകരിക്കുന്ന ഒരു പ്രതിവാര ടെലിവിഷൻ പരമ്പര ഐക്യനാടുകളിൽ ഏതാണ്ട് 2 കോടി ആളുകളാണ് വീക്ഷിക്കുന്നത്. ഒരു പുസ്തക കടയിലെ പട്ടികയിൽ മാലാഖമാരെ കുറിച്ചുള്ള 400-ലധികം പുസ്തകങ്ങൾ ഉണ്ട്.
അടുത്തകാലത്തെ ഒരു പുസ്തകം, യുദ്ധത്തിനിടയിൽ കാവൽ മാലാഖമാർ പട്ടാളക്കാരുടെ ജീവൻ രക്ഷിച്ചത് എങ്ങനെ എന്നു വിവരിക്കുന്നു. ഡ്രൈവർമാർക്ക് കാവൽ മാലാഖമാരുടെ സംരക്ഷണം ഉണ്ടെന്നു പറയുന്ന സ്റ്റിക്കറുകൾ ആളുകൾ വാഹനങ്ങളിൽ ഒട്ടിക്കുന്നു. സംഘടനകളും ചർച്ചാസമ്മേളനങ്ങളും സെമിനാറുകളും മാലാഖമാരെ കുറിച്ചുള്ള പഠനം ഉന്നമിപ്പിക്കുന്നു. ഇവയെല്ലാം മാലാഖമാരുമായി ആശയവിനിയമം നടത്താൻ ആളുകളെ സഹായിക്കുന്നതായി പറയപ്പെടുന്നു.
മാലാഖമാരെ കുറിച്ചു മൂന്നു പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഐലിൻ ഫ്രീമാൻ അവരെ കുറിച്ചു മാത്രം പ്രതിപാദിക്കുന്ന ഒരു പത്രികയും പ്രസിദ്ധീകരിക്കുന്നുണ്ട്. എഴുത്തുകാരി ഇങ്ങനെ ഉറപ്പിച്ചുപറയുന്നു: “സ്വർഗത്തിലെ മാലാഖമാരുടെ അത്രയുംതന്നെ കാവൽ മാലാഖമാർ ഭൂമിയിലുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. അവരുടെ കർത്തവ്യങ്ങൾ സ്വർഗത്തിൽ ദൈവത്തെ സ്തുതിക്കുക മാത്രമല്ല, ഭൂമിയിലെ മനുഷ്യരെയും മറ്റു ജീവരൂപങ്ങളെയും പരിപാലിക്കുകയും ആണ്. ഗർഭത്തിൽ ഉരുവാകുമ്പോൾത്തന്നെ നമുക്ക് ഓരോരുത്തർക്കും ഒരു കാവൽ മാലാഖ നിയമിക്കപ്പെടുന്നു. ഈ ലോകത്തിന്റെ ബന്ധനങ്ങളിൽനിന്ന് സ്വർഗത്തിലെ മഹത്ത്വത്തിലേക്കു നമ്മെ നയിക്കുന്നതുവരെ ഗർഭപാത്രത്തിലെ നമ്മുടെ വളർച്ചമുതൽ നമ്മുടെ ജനനത്തിലും ഈ ലോകത്തിലെ ജീവിതത്തിലും ഈ മാലാഖ കാവൽ ചെയ്യുന്നു.” കാവൽ മാലാഖയെ കുറിച്ച് ആളുകൾക്കു പൊതുവേ ഉള്ള ധാരണ ഇതു വിശദീകരിക്കുന്നു.
സമ്മർദപൂരിതവും ദുഷ്കരവുമായ ഈ കാലത്ത്, നമ്മുടെ സംരക്ഷണാർഥം നമുക്ക് ഓരോരുത്തർക്കും ഒരു കാവൽ മാലാഖ ഉണ്ട് എന്നു വിശ്വസിക്കുന്നത് ആശ്വാസകരമാണ്. എന്നാൽ ദൈവവചനമായ ബൈബിൾ ഇതേക്കുറിച്ച് എന്താണു പറയുന്നത്? മാലാഖമാരുമായി ബന്ധപ്പെടാൻ നാം ശ്രമിക്കണമോ? നമ്മുടെ ധാർമിക നിലവാരങ്ങളും മതവിശ്വാസങ്ങളും സംബന്ധിച്ച് അവർക്കു ശ്രദ്ധ ഉണ്ടോ? അവരിൽനിന്ന് നമുക്ക് എന്തു സഹായം പ്രതീക്ഷിക്കാനാകും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പിൻവരുന്ന ലേഖനത്തിൽ കാണാം.