അവർ വാക്കു പാലിച്ചു!
ആന്റോണിയോ അവസാന വർഷ ഹൈസ്കൂൾ വിദ്യാർഥിയായിരുന്നു. സഹപാഠികൾക്ക് അനൗപചാരികമായി സാക്ഷ്യം നൽകണമെന്ന് അവന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് അവൻ ചരിത്ര അധ്യാപികയോട്, ക്ലാസ്സിലെ കുട്ടികളെ യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോ കാണിച്ചുകൊടുക്കാമോ എന്നു ചോദിച്ചു. അധ്യാപികയ്ക്ക് അതിനോട് വലിയ യോജിപ്പില്ലായിരുന്നെങ്കിലും ഒടുവിൽ അവർ സമ്മതിച്ചു. പിറ്റേന്ന് വീഡിയോ കാണിച്ചുകൊടുക്കാമെന്നു പറയുകയും ചെയ്തു.
“തുടക്കത്തിൽ, ടീച്ചർക്ക് ആ വീഡിയോയിൽ തീരെ താത്പര്യമില്ലായിരുന്നു”, ആന്റോണിയോ പറയുന്നു. “എന്നാൽ, തടങ്കൽപ്പാളയങ്ങളിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രം പ്രമുഖരായ ചരിത്രകാരന്മാരാണു വിവരിക്കുന്നത് എന്നു മനസ്സിലാക്കിയപ്പോൾ അവർ കാതു കൂർപ്പിച്ചു കേൾക്കാൻ തുടങ്ങി. ഒടുവിൽ, വീഡിയോ കാണിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചതിന് അവർ എനിക്കു നന്ദി പറഞ്ഞു.”
അടുത്ത പാഠം പഠിപ്പിച്ചുകൊണ്ടിരിക്കെ, ബിബെൽഫൊർഷെറുടെ—യഹോവയുടെ സാക്ഷികൾ ജർമനിയിൽ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—പ്രവർത്തനങ്ങളെ കുറിച്ച് അവർ വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ, ആന്റോണിയോ തന്നെ അതു വിവരിക്കുന്നതാകും നല്ലത് എന്നു കുറച്ചുകഴിഞ്ഞപ്പോഴേക്കും അവർക്കു മനസ്സിലായി. യഹോവയുടെ സാക്ഷികൾ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും അവരുടെ ചില ഉപദേശങ്ങളെക്കുറിച്ചും ആന്റോണിയോ വിശദീകരിക്കുകയുണ്ടായി. അവൻ ഇങ്ങനെ പറഞ്ഞു നിറുത്തി: “ഞങ്ങൾ പറയുന്നതു കേൾക്കുകയോ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയോ ചെയ്യാതെ ഞങ്ങളുടെ നേരെ വാതിൽ കൊട്ടിയടയ്ക്കുകയാണെങ്കിൽ ഞങ്ങൾ വഹിക്കുന്ന അമൂല്യമായ സന്ദേശത്തിൽ നിന്ന് ആളുകൾക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല.”
ആന്റോണിയോയുടെ സഹപാഠികൾ എല്ലാവരും ഇതു ശരിയാണെന്നു സമ്മതിച്ചു. അധ്യാപിക ഒരു നിർദേശവും വെച്ചു: അടുത്ത തവണ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുമ്പോൾ അവർ പറയുന്നതു ശ്രദ്ധിക്കുകയും അവരുടെ പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കുകയും ചെയ്യുക. ആ വീഡിയോ കുറച്ചു നേരത്തേക്കു ക്ലാസ്സിൽ ഒരു സംസാരവിഷയമായിരുന്നു. അടുത്ത ദിവസങ്ങളിൽ കുറെയേറെ സഹപാഠികൾ വാച്ച്ടവർ പ്രസിദ്ധീകരണങ്ങളുമായി വരുന്നതു കണ്ടപ്പോൾ ആന്റോണിയോയ്ക്കുണ്ടായ സംതൃപ്തി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു പുഞ്ചിരിയോടെ അവർ ഓരോരുത്തരും ഇങ്ങനെ പറയുന്നത് അവൻ കേട്ടു: “നോക്കൂ, ഞാൻ വാക്കു പാലിച്ചു!”