ലോകത്തെ വീക്ഷിക്കൽ
വിദഗ്ധരായ മാതാപിതാക്കളുടെ കുറവ്
കുട്ടികളെ വളർത്തുന്നതിനോടു ബന്ധപ്പെട്ട് കാനഡയിൽ നടന്ന ആദ്യത്തെ ദേശീയ സർവേ, “കുട്ടികളുടെ വളർച്ചയെ കുറിച്ചോ മാതാപിതാക്കൾക്ക് അതിലുള്ള പങ്കിനെ കുറിച്ചോ ഉള്ള അടിസ്ഥാനപരമായ അറിവു പോലും അനേകം [മാതാപിതാക്കൾക്കും] ഇല്ല” എന്നു വെളിപ്പെടുത്തുന്നതായി നാഷണൽ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. “ആറു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള” 1,600-ലധികം “അച്ഛനമ്മമാരും ഒറ്റക്കാരായ അമ്മമാരും” ഈ സർവേയിൽ പങ്കെടുത്തു. ഒരു അച്ഛനോ അമ്മയോ ആയിരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി എന്ന് അവരിൽ 92 ശതമാനവും സമ്മതിച്ചു. എന്നിരുന്നാലും “തങ്ങളുടെ കുട്ടികൾക്കു വായിച്ചുകൊടുക്കുകയും അവരോടൊപ്പം കളിക്കുകയും അവരെ തലോടുകയും പുണരുകയും ഒക്കെ ചെയ്തുകൊണ്ട് അവരുടെ ബുദ്ധിയുടെ അളവിനെ ക്രിയാത്മകമായ ഒരു വിധത്തിൽ സ്വാധീനിക്കാൻ തങ്ങൾക്കാകുമെന്ന് പകുതി പേർക്കു പോലും ബോധ്യമുണ്ടായിരുന്നില്ല.” മാത്രമല്ല, ഏകദേശം 30 ശതമാനം പേരും “എല്ലാ കുഞ്ഞുങ്ങളും ഒരു നിശ്ചിത അളവ് ബുദ്ധിയോടു കൂടി ജനിക്കുന്നുവെന്നും മാതാപിതാക്കൾ ഇടപെടുന്ന വിധത്തിലൂടെ ആ അളവു കൂട്ടാനോ കുറയ്ക്കാനോ സാധിക്കുകയില്ലെന്നും ആണ് വിശ്വസിച്ചി”രുന്നത്. ഇത്തരം കണ്ടെത്തലുകൾ ഉത്കണ്ഠയ്ക്ക് ഇടയാക്കുന്നുവെന്ന് പോസ്റ്റ് പറയുന്നു, എന്തെന്നാൽ ഗവേഷണങ്ങൾ കാണിക്കുന്നത് “പഠിക്കാനും സൃഷ്ടിക്കാനും സ്നേഹിക്കാനും മറ്റുള്ളവരെ വിശ്വസിക്കാനും ഉള്ള കഴിവും തങ്ങളെക്കുറിച്ചു തന്നെ ശക്തമായ ബോധം വളർത്തിയെടുക്കാനുള്ള കഴിവും വികസിപ്പിക്കുന്നതിൽ കുട്ടിയുടെ ആദ്യത്തെ അഞ്ചു വർഷങ്ങൾ നിർണായകമാണ്” എന്നാണ്.
സ്വീഡനിൽ സഭയും രാഷ്ട്രവും വഴിപിരിയുന്നു
ചർച്ച് ഓഫ് സ്വീഡൻ പറയുന്നത് 2000 ജനുവരി 1-ന് അത് രാഷ്ട്രവുമായുള്ള എല്ലാ ബന്ധവും വേർപെടുത്തുമെന്നാണ്. സഭയും സ്വീഡൻ ഗവൺമെന്റും തമ്മിൽ 16-ാം നൂറ്റാണ്ടു മുതൽ നിലനിന്നുപോന്നിട്ടുള്ള ബന്ധമാണ് അതോടെ മുറിച്ചുമാറ്റപ്പെടുക. സഭയുടെ ഔദ്യോഗിക വെബ് സൈറ്റ് പറയുന്നു: “1996 ജനുവരി 1 വരെ, മാതാപിതാക്കളിൽ ഒരാൾ സഭാംഗമാണെങ്കിൽ കുട്ടികളും ജന്മനാ തന്നെ ചർച്ച് ഓഫ് സ്വീഡന്റെ അംഗങ്ങൾ ആകുമായിരുന്നു. മാമ്മോദീസായുടെ ആവശ്യമില്ലായിരുന്നു.” സഭാ സുന്നഹദോസിനുള്ളിൽ നാലു ദശാബ്ദക്കാലം നീണ്ടുനിന്ന ചർച്ചകൾക്കും നിർദേശങ്ങൾക്കും ഒടുവിൽ ഇതിൽ വരുത്തിയ ഭേദഗതിക്ക്, 1995-ൽ സ്വീഡനിലെ ഗവൺമെന്റിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. സ്വീഡിഷ് ജനതയുടെ ഏതാണ്ട് 88 ശതമാനവും ചർച്ച് ഓഫ് സ്വീഡന്റെ അംഗങ്ങളാണ്.
കമ്പ്യൂട്ടറുകൾക്കു നേരെയുള്ള അക്രമം
“നിങ്ങളുടെ പെഴ്സണൽ കമ്പ്യൂട്ടർ നിങ്ങൾ ആവശ്യപ്പെടുന്നതു ചെയ്യാതെ വരുമ്പോൾ എന്തു ചെയ്യും?” എന്ന് ജർമനിയിലെ ഓൺ-ലൈൻ മാസികയായ പിസി വെൽറ്റ് ചോദിക്കുന്നു. “നിങ്ങൾ അതിനിട്ട് ഇടിക്കുമോ, അതോ അതെടുത്ത് ജനലിലൂടെ പുറത്തേക്കു വലിച്ചെറിയുമോ?” അത്തരം പ്രതികരണങ്ങൾ അപൂർവമല്ല. 150 ഇൻഫർമേഷൻ ടെക്നോളജി മാനേജർമാരെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു ലോകവ്യാപക സർവേയിൽ പങ്കെടുത്ത 83 ശതമാനവും കമ്പ്യൂട്ടറിനോടു ദേഷ്യപ്പെടുകയോ അതിനു നേരെ അക്രമാസക്തരാകുകയോ ചെയ്തിട്ടുള്ളതായി റിപ്പോർട്ടു ചെയ്തു. ഡൗൺലോഡിങ്ങ് അവസാനിക്കാതെ തുടർന്നുപോകുമ്പോഴോ മൗസ് പ്രവർത്തിക്കാതാകുമ്പോഴോ ആളുകൾ ക്ഷമ നശിച്ച്, മോണിറ്റർ തല്ലിതകർക്കുകയോ കീബോർഡിനിട്ട് ഇടിക്കുകയോ മൗസ് ഭിത്തിക്കു നേരെ തട്ടിത്തെറിപ്പിക്കുകയോ കമ്പ്യൂട്ടറിനിട്ട് തൊഴിക്കുക പോലുമോ ചെയ്യുന്നു. ഇടിയും കുത്തും ഒക്കെ കിട്ടുന്നത് കമ്പ്യൂട്ടറിനാണെങ്കിലും പലപ്പോഴും പ്രശ്നക്കാരൻ ഉപയോഗിക്കുന്ന വ്യക്തിതന്നെയാണ്. ഉദാഹരണത്തിന്, ഇ-മെയിൽ പ്രോഗ്രാമിൽനിന്ന് മെയിൽ അയച്ചിട്ട് പോകാഞ്ഞപ്പോൾ ഒരു ഉദ്യോഗസ്ഥ അതിനു നേരെ ചൂടായി. എന്നാൽ ഇ-മെയിൽ വിലാസത്തിനു പകരം തപാൽ മേൽവിലാസം ടൈപ്പ് ചെയ്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പിന്നീടാണു തിരിച്ചറിഞ്ഞത്.
വിജയത്തിലേക്കു നയിക്കുന്ന വസ്ത്രധാരണം
ജോലിക്കുള്ള ഒരു ഇന്റർവ്യൂവിനു വേണ്ടി തയ്യാറെടുക്കുമ്പോൾ, “നല്ല വസ്ത്രധാരണം മറ്റുള്ളവരിൽ മതിപ്പുളവാക്കുന്നു” എന്ന സംഗതി മനസ്സിൽ പിടിക്കുന്നതു നല്ലതാണെന്ന് ടൊറന്റോ സ്റ്റാർ എന്ന വർത്തമാനപത്രം പറയുന്നു. ആദ്യം മനസ്സിൽ പതിയുന്ന ധാരണകൾ ദീർഘകാലം നിലനിൽക്കും എന്നതാണ് ഇതിനു കാരണം. അതുകൊണ്ട്, റിപ്പോർട്ടു പറയുന്നു, “തൊഴിൽ രംഗവുമായി ബന്ധപ്പെട്ടവർക്കുള്ള അടിസ്ഥാന സന്ദേശം ഇതാണ്: തന്റെ ആകാരത്തെ സംബന്ധിച്ച് ഒരു വ്യക്തി അശ്രദ്ധനാണെങ്കിൽ അയാൾ അശ്രദ്ധനായ ഒരു വ്യക്തി ആയിരിക്കും എന്നുള്ളതിൽ സംശയമില്ല.” വൃത്തിയായും വെടിപ്പായും വസ്ത്രധാരണം ചെയ്ത ഒരു വ്യക്തിയിൽ നിന്ന് നല്ല നിലവാരമുള്ള ജോലി പ്രതീക്ഷിക്കാമെന്ന് തൊഴിലുടമകൾ അല്ലെങ്കിൽ ഇടപാടുകാർ നിഗമനം ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു. പ്രതിച്ഛായാ ഉപദേഷ്ടാക്കളുടെ അഭിപ്രായത്തിൽ “കൂനിക്കൂടാതെ നിവർന്നു നിൽക്കുകയും പ്രസരിപ്പോടെ പെരുമാറുകയും ചെയ്യുന്നത് ആദ്യ കാഴ്ചയിൽ തന്നെ ആഴമായ മതിപ്പുളവാക്കുന്നു. നിങ്ങളുടെ സംസാരരീതിയും സംസാരത്തിന്റെ വേഗവും പ്രാധാന്യം അർഹിക്കുന്ന സംഗതികളാണ്.”
ആധുനികനാളിലെ കടൽക്കൊള്ളക്കാർ
“ആധുനിക കപ്പൽഗതാഗതം നേരിടുന്ന ഏറ്റവും വലിയ ഭീഷണി കടൽക്കൊള്ളയാണ് എന്നു പറയുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു” എന്ന് ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. നാവിക പട്രോളിങ് കുറഞ്ഞിരിക്കുന്നതിന്റെ ഫലമായി കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങൾ വർധിച്ചിരിക്കുന്നു, പ്രത്യേകിച്ച് ദക്ഷിണപൂർവേഷ്യൻ കടലുകളിൽ. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചില കപ്പൽഗതാഗത മാർഗങ്ങളുള്ള ഈ കടലുകൾ, ആ ഭാഗത്തുള്ള അനേകം ഒറ്റപ്പെട്ട ദ്വീപുകൾ താവളമാക്കി പ്രവർത്തിക്കുന്ന കടൽക്കൊള്ളക്കാരുടെ പറുദീസയാണ്. സായുധരായ കടൽക്കൊള്ളക്കാർ രാത്രിയിൽ സ്പീഡ് ബോട്ടുകളിൽ വന്ന് കപ്പലുകളിലെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കൊള്ളയടിക്കുന്നു. കടലിൽ വെച്ച് ഇവരെ പിടിക്കാൻ ബുദ്ധിമുട്ടാണെന്നും കൊള്ളമുതൽ വിൽക്കാൻ കരയിലേക്കു പോകുമ്പോൾ മാത്രമേ ഇവരെ പിടികൂടാൻ കഴിയുകയുള്ളുവെന്നും അധികൃതർ പറയുന്നു.
ഈജിപ്തിലെ സ്വർണഖനികൾ
പുരാതന കാലങ്ങളിൽ ഈജിപ്തിലെ സ്വർണഖനികളിൽ നിന്ന് 1,500 ടണ്ണിലേറെ സ്വർണം ലഭിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. കാര്യമായ അളവിൽ സ്വർണം ലഭിച്ചിട്ട് ഇപ്പോൾ 2,000 വർഷത്തോളം ആയെങ്കിലും ഇപ്പോഴും വളരെയധികം സ്വർണം ബാക്കിയുണ്ടെന്നാണ് ഭൂഗർഭശാസ്ത്രജ്ഞർ കണക്കാക്കുന്നത്. “ഫറവോന്മാരുടെ കാലങ്ങളിലെ പ്രതാപം തിരിച്ചുകൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതുകൊണ്ട് 6,000-ത്തിലേറെ വർഷം പഴക്കമുള്ള ഖനികൾ ഞങ്ങൾ വീണ്ടും തുറക്കാൻ പോകുകയാണ്” എന്ന് ഒരു ഓസ്ട്രേലിയൻ സ്വർണ-ഖനന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ സാമി എൽ-റാഗി പറഞ്ഞു. ചെങ്കടലിനു സമീപത്തെ കിഴക്കൻ മരുഭൂമി പ്രദേശത്ത്—അവിടെ 16 ഫറവോന്യ ഖനികൾ ഉള്ളതായാണ് അറിവ്—പര്യവേക്ഷണം നടത്താൻ ഈജിപ്ഷ്യൻ ഗവൺമെന്റ് അദ്ദേഹത്തിന്റെ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ 1820-ൽ ലക്സോറിൽ (പുരാതന തിബ്സ്) കണ്ടെത്തിയ 2,900 വർഷം പഴക്കമുള്ള ഒരു ഭൂപടം സൂചിപ്പിക്കുന്നത് ആ പ്രദേശത്ത് വേറെ 104 ഖനികൾ മരുഭൂമിയിലെ മണലിനടിയിൽ ആയിപ്പോയിട്ടുണ്ടെന്നാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്താൽ അവയിൽ ചിലത് വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന സ്ഥിതിയിലായി തീർന്നേക്കാം എന്നു കരുതപ്പെടുന്നതായി ദ വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നു.
ജനസംഖ്യ അറുന്നൂറു കോടിയിൽ നിൽക്കുന്നില്ല
1999, ഒക്ടോബർ 12-ന് ലോകജനസംഖ്യ അറുന്നൂറു കോടി ആയതായി ഐക്യരാഷ്ട്ര ജനസംഖ്യാ നിധി കണക്കാക്കുന്നു. ലോകജനസംഖ്യ 500 കോടിയിൽ നിന്ന് 600 കോടി ആകാൻ വെറും 12 വർഷമേ വേണ്ടിവന്നുള്ളൂ എന്ന് പോപ്പുലേഷൻ റെഫറൻസ് ബ്യൂറോയിലെ കാൾ ഹൗബ് പറഞ്ഞു. ബ്യൂറോയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് “20-ാം നൂറ്റാണ്ടിൽ ലോകജനസംഖ്യയിൽ 440 കോടിയുടെ വർധനവുണ്ടായി.” അതേസമയം 19-ാം നൂറ്റാണ്ടിൽ “ജനസംഖ്യയിൽ ഏതാണ്ട് 60 കോടിയുടെ വർധനവേ ഉണ്ടായുള്ളൂ.” 20-ാം നൂറ്റാണ്ടിൽ ലോകജനസംഖ്യ കുതിച്ചുയർന്നതിന്റെ മുഖ്യ കാരണം ആയുർപ്രതീക്ഷയിൽ ഉണ്ടായ വർധനവാണ്. “ഇന്ന്, ലോകജനസംഖ്യാ വർധനവിൽ ഏതാണ്ട് 98 ശതമാനവും നടക്കുന്നത് അൽപ്പ വികസിത രാജ്യങ്ങളിലാണ്,” എന്ന് ഹൗബ് പറഞ്ഞു.
റെക്കോർഡ് ഊഷ്മാവ്
“1998-ൽ ഭൂമിയുടെ ശരാശരി ഊഷ്മാവ് റെക്കോർഡുകൾ ഭേദിച്ചു” എന്ന് വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു വാർത്താക്കുറിപ്പ് പറയുന്നു. ഉയർന്ന അന്തരീക്ഷോഷ്മാവ് വർധിച്ച അളവിലുള്ള ബാഷ്പീകരണത്തിനും വർഷപാതത്തിനും ഇടയാക്കുന്നു. കൂടാതെ, അതിന്റെ ഫലമായി ഇടിമിന്നലുകളോടു കൂടിയ ഏറെ വിനാശകരമായ കൊടുങ്കാറ്റുകളും ഉണ്ടാകുന്നു. ഉദാഹരണത്തിന്, “1998-ൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി, 9,200 കോടി ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായി. 1996-ലെ 6,000 കോടി ഡോളറിൽ നിന്നുള്ള ഞെട്ടിക്കുന്ന 53 ശതമാനം വർധനവാണിത്” എന്ന് വേൾഡ്വാച്ച് പറയുന്നു. കൂടാതെ, 1998-ൽ അഭൂതപൂർവമായ അളവിൽ ഉണ്ടായ കൊടുങ്കാറ്റുകളുടെയും വെള്ളപൊക്കങ്ങളുടെയും ഫലമായി 30 കോടി ആളുകൾക്ക് തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിച്ചു പോകേണ്ടി വന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ 1998-ന്റെ മാത്രം പ്രത്യേകതയായിരുന്നോ അതോ അത് വരും വർഷങ്ങളിൽ സംഭവിക്കാനിരിക്കുന്നതിന്റെ മുന്നോടി ആയിരുന്നോ എന്നതിനെ കുറിച്ച് ശാസ്ത്രജ്ഞന്മാർക്കു നിശ്ചയമില്ല. എന്നിരുന്നാലും റിപ്പോർട്ടു പറയുന്നു: “1998-ലെ കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾ സമാഹരിച്ചു നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ആ വർഷത്തെ സംഭവവികാസങ്ങൾ ഭാവിയിൽ നടക്കാനിരിക്കുന്നതിന്റെ ഒരു മുൻകുറി ആയിരിക്കാം എന്നാണ്.”
ത്വരിതഗതിയിലുള്ള വനവത്കരണം
ഖനനപ്രവർത്തനങ്ങളാൽ നശിപ്പിക്കപ്പെട്ട ആമസോൺ മഴക്കാടിന്റെ ഒരു ഭാഗത്തെ രണ്ടു വർഷംകൊണ്ട് സസ്യങ്ങൾ തഴച്ചുവളരുന്ന ഒരു വനമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ബ്രസീലിലെ ഒരു സർക്കാർ കാർഷിക ഗവേഷണ കേന്ദ്രമായ എമ്പ്രാപായിലെ ശാസ്ത്രജ്ഞർ, സ്വതന്ത്ര നൈട്രജനെ നൈട്രജൻ സംയുക്തമാക്കി മാറ്റുന്ന ബാക്ടീരിയയെ വിത്തുകളിൽ നിവേശിപ്പിക്കാനുള്ള ഒരു മാർഗം കണ്ടുപിടിച്ചു. ഇതിന്റെ ഫലമായി വളർച്ച ത്വരിതഗതിയിൽ ആകുന്നു. ബോക്സൈറ്റ് ഖനനം മൂലം വ്യാപകമായ വനനശീകരണം സംഭവിച്ച വടക്കൻ സംസ്ഥാനമായ പറായിലെ ഓറിഷിമിനായിൽ ഈ രീതി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞു. മാസിക പറയുന്നതനുസരിച്ച് ഗവേഷകർ ഇപ്പോൾ, ആദ്യം ഉണ്ടായിരുന്ന വനപ്രദേശത്തിന്റെ 6 ശതമാനം മാത്രം അവശേഷിക്കുന്ന ബ്രസീലിന്റെ കിഴക്കൻ തീരത്ത് ഈ പുതിയ രീതി നടപ്പാക്കി വരികയാണ്.
ഒരു അമ്മയുടെ വില
ഒരു അമ്മ വർഷത്തിൽ ഉടനീളം ചെയ്യുന്ന എല്ലാ സേവനങ്ങൾക്കും ഉള്ള മൊത്തം ശമ്പളം കണക്കുകൂട്ടിയാൽ അത് എത്ര വരും? ദ വാഷിങ്ടൺ പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് അവർക്ക് ഒരു വർഷം 5,08,700 ഡോളർ കിട്ടേണ്ടതാണ്! അമ്മമാർ ദിനചര്യയുടെ ഭാഗമായി ചെയ്യാറുള്ള സംഗതികൾ, മറ്റുള്ളവർ ഒരു ജോലിയെന്ന നിലയിൽ ചെയ്യുമ്പോൾ ലഭിക്കുന്ന ശരാശരി വേതനത്തെ കുറിച്ചുള്ള ഒരു പഠനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ സംഖ്യ. റിപ്പോർട്ടിൽ കാണിച്ചിരിക്കുന്ന 17 ജോലികളിൽ ചിലതും, അവയുടെ ശരാശരി വാർഷിക വേതനവുമാണ് താഴെ കൊടുത്തിരിക്കുന്നത്: ശിശുപാലക, 13,000 ഡോളർ; ഡ്രൈവർ, 32,000 ഡോളർ; മനശ്ശാസ്ത്രജ്ഞ, 29,000 ഡോളർ; മൃഗ സംരക്ഷക, 17,000 ഡോളർ; രജിസ്റ്റേർഡ് നേഴ്സ്, 35,000 ഡോളർ; മുഖ്യ പാചകവിദഗ്ധ, 40,000 ഡോളർ; സാധാരണ ഓഫീസ് ക്ലാർക്ക്, 19,000 ഡോളർ. ഈ പഠനം നടത്തിയ സാമ്പത്തിക സേവന കമ്പനിയുടെ ചെയർമാനായ റിക്ക് എഡൽമാൻ പറയുന്നതനുസരിച്ച് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, റിട്ടയർമെന്റിനോടു ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താതെ ഉള്ള കണക്കുകളാണ് ഇവ.