ഞങ്ങളുടെ വായനക്കാരിൽനിന്ന്
ദാമ്പത്യ അവിശ്വസ്തത 1999, ഏപ്രിൽ 22 ലക്കം ഉണരുക!യിലെ “ഇണ അവിശ്വസ്തത കാട്ടുമ്പോൾ” എന്ന ലേഖനപരമ്പരയ്ക്കു നന്ദി. ഞാൻ ദാമ്പത്യ അവിശ്വസ്തതയ്ക്ക് ഇരയായവളാണ്. വിവാഹമോചനം നേടിയിട്ട് മൂന്നു വർഷം പിന്നിട്ടെങ്കിലും എന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. കഴിഞ്ഞതെല്ലാം മറന്ന് സാധാരണരീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട് എന്നു കാണാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു.
വി. ബി., ട്രിനിഡാഡ്
ഞാൻ ഈ വിഷയത്തെ കുറിച്ച് മുമ്പു ഗവേഷണം നടത്തിയിരുന്നു. എന്നാൽ ഇത്ര നല്ല വിവരങ്ങൾ ഞാൻ ആദ്യമായിട്ടാണു കാണുന്നത്. ബൈബിൾ സന്ദേശം ആദ്യമായി കേട്ട നിമിഷത്തിൽ തന്നെ അതു സത്യമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ഇപ്പോൾ ഇതാ അതു വിശ്വസിക്കുന്നതിനുള്ള മറ്റൊരു കാരണം കൂടെ യഹോവ എനിക്കു നൽകിയിരിക്കുന്നു.
ജി. ബി., ഇറ്റലി
കടുത്ത വിഷാദം, ആത്മാഭിമാനക്കുറവ്, എണ്ണമറ്റ ആരോഗ്യപ്രശ്നങ്ങൾ ഇവയെല്ലാമാണ് വിവാഹമോചനം എനിക്കു സമ്മാനിച്ചത്. ഇതിൽ നിന്നൊക്കെ ഞാൻ ഇപ്പോഴും വിമുക്തയായിട്ടില്ലെങ്കിലും യഹോവയാം ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസവും എന്റെ സഭയിൽ നിന്നു ലഭിക്കുന്ന സ്നേഹവും വൈകാരിക പിന്തുണയും എനിക്കു വളരെയേറെ ആശ്വാസം പ്രദാനം ചെയ്തിരിക്കുന്നു!
എ. ബി., കാനഡ
ഭർത്താവിൽ നിന്നു വേർപെട്ടിട്ട് ഒമ്പതു മാസം കഴിഞ്ഞെങ്കിലും ഞാൻ ഇപ്പോഴും ഒറ്റയ്ക്കു ജീവിക്കുന്നതിന്റെ വേദനയുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്തീയ യോഗങ്ങളിൽ ആരാണ് എന്റെ അടുത്ത് ഇരിക്കുക? ഡോക്ടറെ കാണാൻ പോകുമ്പോൾ ആർ എന്നോടൊപ്പം വരും? കൈ പിടിക്കാൻ ആരും ഇല്ലാതെ ഞാൻ എങ്ങനെ തെരുവിലൂടെ നടക്കും? നിരപരാധികളായ ഇണകളെ യഹോവ ഉപേക്ഷിക്കുകയില്ലെന്ന് ഓർമിപ്പിച്ചതിനു നന്ദി.
ഇ. എസ്., ബ്രസീൽ
“ആരാണ് ഉത്തരവാദി?” എന്ന ചതുരത്തിലെ ആശയങ്ങൾ എനിക്കു വളരെയധികം ആശ്വാസം പ്രദാനം ചെയ്തു. എന്റെ ഭർത്താവിന്റെ അവിശ്വസ്തതയെ കുറിച്ച് അറിഞ്ഞപ്പോൾ വിവാഹമോചനം നേടാൻ ഞാൻ തീരുമാനിച്ചു. ചില സമയങ്ങളിൽ ഇയ്യോബിനെ പോലെ, ഞാനും മരിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. (ഇയ്യോബ് 17:11-13) എന്നാൽ കുടുംബാംഗങ്ങളുടെയും ക്രിസ്തീയ സഹോദരീസഹോദരന്മാരുടെയും പിന്തുണ പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.
എം. ഒ., അർജന്റീന
ഞാൻ ഈ ലേഖനപരമ്പര ആർത്തിയോടെ വായിച്ചുതീർത്തു! വിവാഹമോചനത്തിന്റെ കയ്പ് അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു വ്യക്തിയാണു ഞാൻ. അത് ഉയർത്തിയ എല്ലാ ചോദ്യങ്ങളെയും ഉത്കണ്ഠകളെയും കുറിച്ച് ഈ ലേഖനങ്ങൾ ചർച്ച ചെയ്തു. ഞങ്ങൾക്കു വേണ്ടി കരുതുന്നതിനു നന്ദി.
ഇ. എൽ., ഫ്രാൻസ്
എനിക്ക് ഏഴു വയസ്സുള്ളപ്പോൾ പിതാവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി. അത് ഒരു കനത്ത പ്രഹരമായിരുന്നു. കുറച്ചു വർഷം കഴിഞ്ഞപ്പോൾ തന്നെ തിരികെ സ്വീകരിക്കണമെന്നു പിതാവ് ആവശ്യപ്പെട്ടു. ഞാനും ജ്യേഷ്ഠന്മാരും ശക്തമായി എതിർത്തെങ്കിലും അമ്മ അതിനു സമ്മതിച്ചു. അമ്മ എന്തുകൊണ്ടാണ് പ്രയാസകരമായ ആ തീരുമാനം എടുത്തതെന്ന് നിങ്ങളുടെ ലേഖനങ്ങൾ വായിച്ചതിനു ശേഷം ഞാൻ ഇപ്പോൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.
എ. എ., ബ്രസീൽ
ഈ ലേഖനപരമ്പരയ്ക്ക് ആയിരമായിരം നന്ദി! ഇതേ സാഹചര്യത്തിലുള്ള മറ്റുള്ളവർക്കും എന്റേതിനോടു സമാനമായ വികാരവിചാരങ്ങൾ ഉണ്ട് എന്നറിയുന്നത് ആശ്വാസപ്രദമാണ്. എങ്കിലും, “ഇണയ്ക്ക് ആവശ്യമായ സ്നേഹവും ആർദ്രപ്രിയവും അഭിനന്ദനവും ആദരവും നൽകുന്നതിൽ നിങ്ങൾ പരാജയപ്പെട്ടിരുന്നിരിക്കാം” എന്നു നിങ്ങൾ പറഞ്ഞു. അപസ്വരങ്ങൾ നിറഞ്ഞ ഒരു വിവാഹബന്ധം നേരെയാക്കാൻ ശ്രമിച്ചിട്ടുള്ള, ഞങ്ങളെപ്പോലുള്ളവരെ വേദനിപ്പിക്കുന്ന ഒരു വാചകം ആയിരുന്നു അത്. വ്യഭിചാരത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുന്ന ഒരു വ്യക്തിയുടെ പെരുമാറ്റരീതികൾ വളരെ അസഹ്യമായിത്തീരാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള ഒരാളോട് സ്നേഹത്തോടെ പെരുമാറാൻ ബുദ്ധിമുട്ടാണ്.
എൽ. ഡബ്ളിയു., ഐക്യനാടുകൾ
ഈ പ്രസ്താവന ഞങ്ങളുടെ വായനക്കാരിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. എന്നാൽ, വ്യഭിചാരത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തിക്ക് തന്റെ ഇണയുടെ മേൽ പഴിചാരാൻ കഴിയുമെന്ന് സൂചിപ്പിക്കുകയായിരുന്നില്ല ഞങ്ങൾ. “ആരാണ് ഉത്തരവാദി?” എന്ന ചതുരത്തിൽ, വ്യഭിചാരി തന്നെയാണ് തന്റെ തെറ്റിന് ഉത്തരവാദി എന്നും “നിരപരാധിയായ ഇണയുടെ അപൂർണതകൾ” അതിന് ഒരു ഒഴികഴിവായി കണക്കാക്കാൻ സാധിക്കില്ലെന്നും ഊന്നിപ്പറഞ്ഞിരുന്നു. അനുരഞ്ജനത്തെ കുറിച്ചു ചർച്ച ചെയ്യവെയാണ് നിങ്ങൾ പരാമർശിച്ച ആ പ്രസ്താവന ഞങ്ങൾ നടത്തിയത്. വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന, അടിയന്തിര ശ്രദ്ധ ആവശ്യമായിരുന്നേക്കാവുന്ന വശങ്ങൾ കണ്ടുപിടിക്കാൻ അനുരഞ്ജനം തിരഞ്ഞെടുക്കുന്ന ഇണകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നല്ല ആശയവിനിമയത്തിന്റെ ആവശ്യം ഊന്നിപ്പറയുക മാത്രമായിരുന്നു ഞങ്ങൾ. മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്ന നീരസത്തെ കുറിച്ചും തുറന്നു ചർച്ച ചെയ്യേണ്ടതുണ്ടായിരിക്കാം. സാധാരണഗതിയിൽ അത്തരമൊരു ചർച്ച ഇണകൾ രണ്ടുപേരും അവരുടെ ചില തെറ്റുകുറ്റങ്ങൾ തുറന്നു സമ്മതിക്കുന്നതിലേക്കു നയിക്കും. എന്തൊക്കെയായാലും “നാം എല്ലാവരും പലതിലും തെററിപ്പോകുന്ന”വരാണല്ലോ. (യാക്കോബ് 3:2) പലപ്പോഴും അത്തരം ചർച്ചകൾ വേദനാജനകം ആയിരുന്നേക്കാമെങ്കിലും ലേഖനത്തിൽ പരാമർശിച്ചിരുന്നതു പോലെ “വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിൽ അത് ഒരു സുപ്രധാന ഘടകം ആണ്.”—പത്രാധിപർ