ഞങ്ങളുടെ വായനക്കാരിൽനിന്ന്
ആഗോള ഉദ്യാനം “ഒരു ആഗോള ഉദ്യാനം—സ്വപ്നമോ ഭാവിയാഥാർഥ്യമോ?” (ഏപ്രിൽ 8, 1997) എന്ന വളരെ നല്ല ലേഖനപരമ്പരയ്ക്ക് നന്ദിപറഞ്ഞേ മതിയാകൂ. അതേ, ഉദ്യാനങ്ങൾക്കും വർണങ്ങൾക്കും നമ്മുടെ ആരോഗ്യത്തെ ബാധിക്കാനും നമ്മെ സന്തോഷമുള്ളവരാക്കാനും സാധിക്കും. “പറുദീസയിലേക്കു മടങ്ങാനുള്ള വഴി” എന്ന ശീർഷകത്തോടുകൂടിയ ഭാഗം എനിക്കു വളരെ ഇഷ്ടമായി. ആ വാക്കുകൾ വളരെ പ്രോത്സാഹജനകമായിരുന്നു—“വഴി ഇതാകുന്നു,” എന്നുപറഞ്ഞു ക്ഷണിക്കുന്നതുപോലെ. ഒരുകാലത്ത്, ഭൂമിയെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്താൻ സഹായിച്ചുകൊണ്ട് ഉദയംമുതൽ അസ്തമയംവരെ വേലചെയ്യുന്നത് എത്ര ഉല്ലാസകരമായിരിക്കും! ചായമടിക്കലും ചിത്രരചനയും കരകൗശലവിദ്യയും ആസ്വദിക്കുന്നതുപോലെതന്നെ മാസികയിലെ എല്ലാ ചിത്രങ്ങളും ഞാൻ ആസ്വദിക്കുന്നു.
വി. ആർ., ഓസ്ട്രേലിയ
പ്രസ്തുത ലേഖനങ്ങൾക്കായി നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനവ ശരിക്കും ആസ്വദിച്ചു. 80-ഓടടുത്ത് പ്രായമുണ്ടെങ്കിലും മുറ്റത്ത് പണിയെടുക്കുന്നത് എനിക്കിപ്പോഴും ഇഷ്ടമാണ്. എന്റെ തോട്ടത്തിലുള്ള പൂക്കൾക്കും പച്ചക്കറികൾക്കും ഒന്നാം സമ്മാനമൊന്നും കിട്ടില്ലായിരിക്കും. എങ്കിലും വീടിനു വെളിയിലിറങ്ങി അവയെ പരിചരിക്കുന്നതു ഞാൻ നന്നായി ആസ്വദിക്കുന്നു. പ്രസ്തുത ലേഖനങ്ങൾ വായിച്ചതുമുതൽ, ഉദ്യാനങ്ങളിൽ വേലചെയ്യാൻ മനുഷ്യർ ഇഷ്ടപ്പെടുന്നതെന്തുകൊണ്ടെന്ന് മെച്ചമായി ഞാൻ മനസ്സിലാക്കുന്നു.
ആർ. ആർ., ഐക്യനാടുകൾ
വിവാഹത്തെ പരിരക്ഷിക്കുകയോ? “ദാമ്പത്യ അവിശ്വസ്തതയ്ക്കു ശേഷം വിവാഹം പരിരക്ഷിക്കപ്പെടാനാകുമോ?” (ഏപ്രിൽ 8, 1997) എന്ന ലേഖനം വായിച്ചപ്പോൾ, യഹോവ എനിക്കൊരു കത്തയച്ചതുപോലെ തോന്നി. ഞാൻ സഹിച്ചതും എനിക്ക് അനുഭവപ്പെട്ടതും കൃത്യമായിത്തന്നെ ആ ലേഖനത്തിൽ വിവരിച്ചിരുന്നു. അവിശ്വസ്തനായിരുന്നെങ്കിലും എന്റെ ഭർത്താവ് ആത്മാർഥമായി അനുതപിച്ചു. ലേഖനത്തിൽ സൂചിപ്പിച്ചവണ്ണം, ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടതുപോലെ എനിക്കു തോന്നി. അദ്ദേഹത്തോട് ക്ഷമിക്കാൻ ഞാൻ തീരുമാനിച്ചു. എങ്കിലും എന്റെ ചിന്തകളെപ്രതി ചിലപ്പോഴൊക്കെ എനിക്കു ലജ്ജ തോന്നിയിട്ടുണ്ട്. എന്റെ പ്രതികരണം തികച്ചും സ്വാഭാവികവും ന്യായവുമാണെന്നു മനസ്സിലാക്കാൻ ആ ലേഖനം എന്നെ സഹായിച്ചു. യഹോവ ഞങ്ങളുടെ ശ്രമങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും അങ്ങനെ ഞങ്ങളുടെ വിവാഹം പരിരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
എൽ. പി., ഫ്രാൻസ്
എന്റെ വിവാഹം പരിരക്ഷിക്കാനായില്ലെങ്കിലും, ഈ ലേഖനം ഒരു യഥാർഥ അനുഗ്രഹമായിരുന്നു. എന്തെന്നാൽ, എനിക്ക് അനുഭവപ്പെട്ടത് കൃത്യമായി അതിൽ വിവരിച്ചിരുന്നു. ലേഖനത്തിൽ വിവരിച്ച സകല സ്ഥിതിവിശേഷങ്ങളുമായി എന്റെ സാഹചര്യം താരതമ്യപ്പെടുത്താൻ എനിക്കു സാധിച്ചു. പ്രസ്തുത ലേഖനത്തിൽനിന്ന് ഇതുപോലെ പ്രയോജനം നേടിയ മറ്റുള്ളവരെയും എനിക്കറിയാം. ഇത്തരം സാഹചര്യങ്ങളിലുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുക അനേകരെയും സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. അത്തരം ആളുകൾക്ക് ഉൾക്കാഴ്ച നൽകുന്നതിന് ഈ ലേഖനം വളരെയധികം സഹായിക്കും.
എം. സി., അയർലൻഡ്
എന്റെ വിവാഹം കഴിഞ്ഞിട്ട് ഒമ്പതു വർഷമായി. അവിശ്വാസിയും അവിശ്വസ്തനുമായിരുന്നു എന്റെ ഇണ. എന്നാൽ “വിവാഹം പുനരുദ്ധരിക്കാവുന്നതാണോ?” എന്ന ഉപതലക്കെട്ടിൻകീഴിലെ ഖണ്ഡികകൾ വായിച്ചപ്പോൾ എനിക്ക് ആശ്വാസം തോന്നി. മറ്റേ സ്ത്രീയുമായുള്ള ബന്ധത്തോടൊപ്പം ഞങ്ങളുടെ വിവാഹബന്ധവും തുടരാനായിരുന്നു ഭർത്താവിന്റെ ആഗ്രഹം. അതുകൊണ്ട് വിവാഹബന്ധം അവസാനിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇപ്പോൾ ഒരു ഏകാകിനിയായ അമ്മ എന്നനിലയിൽ എനിക്ക് തുടക്കമിടേണ്ടതുണ്ട്.
എം. എസ്. ബി., ട്രിനിഡാഡ്
മനോഹരവും ഹൃദയസ്പർശിയുമായ ഈ ലേഖനത്തിനു നന്ദി. അനുരജ്ഞനം വിജയപ്രദമായിരിക്കുമോയെന്നു പരിചിന്തിക്കുന്നതിനായി നൽകിയ ബുദ്ധ്യുപദേശം വളരെ മികച്ചതായിരുന്നു. അവിശ്വസ്തനാകുന്നപക്ഷം ഭർത്താവിനോടു ക്ഷമിക്കാൻ എനിക്കൊരിക്കലും കഴിയില്ലെന്നായിരുന്നു ഞാൻ മിക്കപ്പോഴും അനുമാനിച്ചിരുന്നത്. എന്നാൽ എല്ലായ്പോഴും ശരിയായ മനോഭാവം അതല്ല എന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു. ദാമ്പത്യ അവിശ്വസ്തത നിരന്തരം വർധിച്ചുവരുന്ന ഒരു പ്രശ്നമാണെന്നുള്ളതു ലജ്ജാകരംതന്നെ. എങ്കിലും സ്വയം എങ്ങനെ സഹായിക്കാമെന്നതു സംബന്ധിച്ചുള്ള തിരുവെഴുത്തുപരമായ ഉൾക്കാഴ്ചയ്ക്കു നന്ദി. എന്റെ ഭർത്താവ് ആഴമായി അനുതപിച്ചു. (ഇപ്പോഴും അനുതപിക്കുന്നുണ്ട്.) കടുത്ത വിഷാദത്തെ തരണംചെയ്യാനും അദ്ദേഹത്തോടു ക്ഷമിക്കാനും യഹോവയിലുള്ള ആശ്രയം എന്നെ സഹായിച്ചിരിക്കുന്നു.
എസ്. എൻ., ഐക്യനാടുകൾ
ബധിരർ യഹോവയെ സ്തുതിക്കുന്നു “ബധിരർ യഹോവയെ സ്തുതിക്കുന്നു” (ഏപ്രിൽ 8, 1997) എന്ന ലേഖനം വായിക്കുന്നത് നിർത്തിയിട്ട് ഞാൻ സദസ്യരുടെ ചിത്രം ശ്രദ്ധിച്ചു. യഹോവയെ സ്തുതിക്കാനായി ധാരാളം സഹോദരീ സഹോദരൻമാർ ആംഗ്യഭാഷ ഉപയോഗിക്കുന്നത് കാണുന്നതുതന്നെ വിശ്വാസത്തെ എത്ര ബലിഷ്ഠമാക്കുന്നതായിരുന്നു! പലവട്ടം എന്റെ കണ്ണു നിറഞ്ഞൊഴുകി. ഞാൻ അവരുടെ തീക്ഷ്ണതയെയും ദൃഢനിശ്ചയത്തെയും സമർപ്പണത്തെയും ആഴമായി വിലമതിക്കുന്നു. ഇത്തരം ലേഖനങ്ങൾക്കു നന്ദി.
ആർ. എച്ച്., ഐക്യനാടുകൾ