അവൊക്കാഡോ—ബഹുമുഖോപയോഗമുള്ള ഒരു ഫലം!
കൊളംബിയയിലെ ഉണരുക! ലേഖകൻ
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പാദം. ആ സ്പാനീഷ് ജേതാക്കൾ അത്തരത്തിലുള്ള എന്തെങ്കിലും കാണുന്നത് ആദ്യമായിട്ടായിരുന്നു. ഒരു സാധാരണ പേരയ്ക്കയെക്കാൾ വലിപ്പവും അതിന്റെ ആകൃതിയുമുള്ള ഒരു കനി. പഴുത്താലും പച്ച നിറം മാറാത്ത ആ ഫലത്തിന്റെ മാംസള ഭാഗം വെണ്ണപോലെ മൃദുവായിരുന്നു. രുചി ഏറെക്കുറെ കശുവണ്ടിപരിപ്പിന്റേതു പോലെ. കാലക്രമേണ അത് അവൊക്കാഡോ എന്ന് അറിയപ്പെടാൻ തുടങ്ങി. ആവാക്കാറ്റ്ൽ എന്ന ആസ്ടെക് വാക്കിൽ നിന്നാണ് ഈ പേരു വന്നത്.
1519-ൽ, മാർട്ടിൻ ഫെർണാൻഡേസ് ദെ ഏൻസിസോ എന്നയാളാണ് യൂറോപ്യൻ ജനതയ്ക്ക് അവൊക്കാഡോ പഴം ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തത്. തെക്കേ അമേരിക്കയിലേക്കുള്ള ആദ്യകാല സ്പാനീഷ് പര്യടനങ്ങളിൽ ഒന്നിനിടയ്ക്ക് കൊളംബിയയിലെ, ഇപ്പോൾ സാന്റ മാർട്ട എന്നറിയപ്പെടുന്ന സ്ഥലത്തിനടുത്തു വെച്ചാണ് അദ്ദേഹം ഈ പഴം കണ്ടത്. അവൊക്കാഡോ കൂടാതെ ചോക്കലേറ്റ്, ചോളം, ഉരുളക്കിഴങ്ങ് എന്നിങ്ങനെ പല പുതിയ ഭക്ഷ്യവസ്തുക്കളുടെയും രുചി യൂറോപ്പുകാർ ആദ്യമായി അറിഞ്ഞത് ആ പര്യവേക്ഷണ നാളുകളിലായിരുന്നു.
എന്നാൽ ആ ഭക്ഷ്യവസ്തുക്കൾ ഒന്നുംതന്നെ യഥാർഥത്തിൽ പുതിയത് ആയിരുന്നില്ല. പശ്ചിമാർധഗോളത്തിന്റെ മിതോഷ്ണ മേഖലകളിലെ തദ്ദേശവാസികൾ നൂറ്റാണ്ടുകളായി അവയെല്ലാം ആസ്വദിച്ചിരുന്നു. അവിടങ്ങളിലെ ചില ഗോത്രവർഗക്കാർ, അതിഥികളെ വീട്ടിലേക്കു സ്വീകരിക്കുന്ന വേളയിലും വധൂവരന്മാർക്ക് വിവാഹദിവസവും സമ്മാനമായി നൽകാൻ തക്ക മൂല്യമുള്ളതായി അവൊക്കാഡോയെ വീക്ഷിച്ചിരുന്നു.
അവൊക്കാഡോ കൃഷി
ഇസ്രായേൽ, ഓസ്ട്രേലിയ, കെനിയ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, ന്യൂസിലൻഡ്, ഫിലിപ്പീൻസ് എന്നിങ്ങനെ ഉഷ്ണ കാലാവസ്ഥയോ മിതോഷ്ണ കാലാവസ്ഥയോ ഉള്ള പല സ്ഥലങ്ങളിലും ഇന്ന് അവൊക്കാഡോ കൃഷി ചെയ്യപ്പെടുന്നു. ആഗോളവ്യാപകമായി വാണിജ്യ പ്രാധാന്യം കൈവരിച്ചിരിക്കുന്ന 20 ഉഷ്ണമേഖലാ ഫലങ്ങളിൽ ഒന്നാണ് ഇത്.
അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഉടനീളം വ്യത്യസ്ത ഇനം അവൊക്കാഡോകൾ കാണാം. ഒരു കോഴിമുട്ടയുടെ വലിപ്പം മാത്രം ഉള്ളവ മുതൽ ഒരു ഇടത്തരം മത്തങ്ങയുടെ അത്രയും വലിപ്പവും രണ്ടു കിലോഗ്രാമോളം തൂക്കവും ഉള്ളവ വരെ അക്കൂട്ടത്തിലുണ്ട്. ഇവയുടെ നിറം പച്ച മുതൽ കടും നീലലോഹിതം (purple) വരെ ആകാം. ചിലതിന്റെ തൊലി പരുപരുത്തതും പെട്ടെന്നു പൊട്ടിക്കീറുന്നതും ആയിരിക്കെ മറ്റു ചിലതിനു നേർത്ത മിനുസമുള്ള തൊലിയാണുള്ളത്. എന്നാൽ രൂപത്തിലും ഗുണത്തിലും ഒരുപോലെയുള്ള അവൊക്കാഡോകൾ ഉണ്ടാകുന്ന തോട്ടങ്ങൾ നിർമിക്കാൻ സാധിക്കും.
പൂവിടുന്ന സമയത്ത്, അവൊക്കാഡോ മരങ്ങൾ ഇളം മഞ്ഞനിറത്തിലുള്ള ആയിരക്കണക്കിനു പൂക്കളാൽ അലങ്കൃതമാകുന്നു. പക്ഷേ, 5,000 പൂക്കളിൽ 1 മാത്രമേ ഒരു അവൊക്കാഡോ ആയിത്തീരുകയുള്ളൂ. ഈ പൂക്കൾക്ക് ഒരു അപൂർവ സവിശേഷത ഉണ്ട്. ഓരോ പൂവിലും പരാഗം ഉത്പാദിപ്പിക്കുന്ന കേസരവും അണ്ഡാശയം സ്ഥിതി ചെയ്യുന്ന ജനിയും ഉണ്ടെങ്കിലും സ്വയം-പരാഗണം നടക്കുന്നില്ല. കേസരവും ജനിയും വ്യത്യസ്ത സമയങ്ങളിൽ പ്രവർത്തനക്ഷമമാകാൻ മരത്തിനുള്ളിലെ അത്ഭുതകരമായ ഒരു സംവിധാനം ഇടയാക്കുന്നതിനാലാണിത്.
അതിന്റെ ഫലമായി, ചില അവൊക്കാഡോ മരങ്ങളുടെ പൂക്കൾ പ്രഭാത സൂര്യൻ ഉദിക്കുമ്പോൾ പരാഗം സ്വീകരിക്കുക എന്ന ധർമം നിറവേറ്റാനായി വിടരുകയും ഉച്ചയ്ക്കു കൂമ്പുകയും ചെയ്യുന്നു. അതേ പൂക്കൾ തന്നെ വൈകുന്നേരം പരാഗം ഉത്പാദിപ്പിക്കുക എന്ന ധർമം നിറവേറ്റാനായി വീണ്ടും വിടരുന്നു. ചുറ്റുവട്ടത്തുള്ള മറ്റു മരങ്ങൾക്ക്, നേരെ വിപരീതമായ പ്രവർത്തനചക്രം ആയിരിക്കും ഉള്ളത്. പരാഗണം നടക്കുന്നതിന് പരാഗം ഉത്പാദിപ്പിക്കുന്ന ഒരു മരത്തിനടുത്ത് അതേ സമയത്തു തന്നെ പരാഗം സ്വീകരിക്കുന്ന ഒരു മരം ഉണ്ടായിരിക്കേണ്ടതുണ്ട്. കൂടാതെ, തേനീച്ചകളും മറ്റു ഷഡ്പദങ്ങളും ഒരു മരത്തിൽ നിന്നു മറ്റൊരു മരത്തിലേക്കു പരാഗം എത്തിച്ചുകൊണ്ട് പരാഗണത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. അങ്ങനെ, സൂര്യപ്രകാശം, ചൂട്, ഷഡ്പദങ്ങൾ, കാറ്റ്, സ്ഥാനം എന്നീ ഘടകങ്ങളുടെ സങ്കീർണമായ സമന്വയമാണ് അവൊക്കാഡോയുടെ പ്രത്യുത്പാദനം സാധ്യമാക്കിത്തീർക്കുന്നത്.
പോഷകസമൃദ്ധവും ഉപയോഗപ്രദവും
മാംസ്യം, റൈബോഫ്ളാവിൻ, നിയാസിൻ, പൊട്ടാസിയം, ജീവകം സി എന്നിവയാൽ സമ്പന്നമായ അവൊക്കാഡോ വളരെയേറെ പോഷകസമൃദ്ധമാണ്. കുറഞ്ഞത് 11 ജീവകങ്ങളും 14 ധാതുക്കളും അതിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. മധ്യ അമേരിക്കയുടെ ചില ഭാഗങ്ങളിൽ അവൊക്കാഡോയോടൊപ്പം ടോർട്ടിയയും ഉണ്ടെങ്കിൽ അതിനെ സമ്പൂർണ ഭക്ഷണമായി കണക്കാക്കുന്നു. അവൊക്കാഡോയിൽ വളരെയധികം കൊഴുപ്പുമുണ്ട്. ഒലിവെണ്ണയിലേതു പോലെതന്നെ മോണോ അൺസാച്ചുറേറ്റഡ് (അപൂരിത) കൊഴുപ്പുകളാണ് ഇതിന്റെ എണ്ണയിലും ഉള്ളത്. സോപ്പിന്റെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിൽ ഈ എണ്ണ ഉപയോഗിക്കാറുണ്ട്.
അവൊക്കാഡോ മരത്തിന്റെ എല്ലാ ഭാഗത്തിനുംതന്നെ എന്തെങ്കിലുമൊക്കെ ഉപയോഗമുണ്ട്. ഈ മരത്തിന്റെ തടി വിറകായി ഉപയോഗിക്കുന്നു. അവൊക്കാഡോ കുരുവിന്റെ കറ മാഞ്ഞുപോകില്ലാത്തതിനാൽ തെക്കേ അമേരിക്കക്കാർ വസ്ത്രങ്ങളിൽ അടയാളമിടാൻ അത് ഉപയോഗിക്കുന്നു. ഫിലിപ്പീൻസിന്റെ ചില ഭാഗങ്ങളിൽ അതിന്റെ ഇലകൊണ്ട് ചായ ഉണ്ടാക്കാറുണ്ട്. തുകൽ ഊറയ്ക്കിടുന്നതിൽ ഈ മരത്തിന്റെ തോൽ ഉപയോഗപ്രദമാണെന്നു പറയപ്പെടുന്നു.
അവൊക്കാഡോ വാങ്ങലും ഭക്ഷിക്കലും
മാർക്കറ്റിൽ പോയി അവൊക്കാഡോ വാങ്ങുമ്പോൾ അതു പഴുത്തതാണോ അല്ലയോ എന്നു നിശ്ചയിക്കുന്നതു തൊലിയുടെ നിറം നോക്കിയല്ല, കാരണം ഇനം അനുസരിച്ച് ഇതു വ്യത്യാസപ്പെട്ടിരിക്കും. അതു പതുക്കെ ഒന്നു ഞെക്കി നോക്കുക. ചെറുതായി ഞെക്കുകൊള്ളുന്നുണ്ടെങ്കിൽ അതിന്റെ അർഥം അതു പഴുത്തതാണെന്നാണ്. അവൊക്കാഡോ സൂക്ഷിക്കുന്നത് ഇളം ചൂടും നല്ല വായു സഞ്ചാരവും ഉള്ള സ്ഥലങ്ങളിൽ ആയിരിക്കണം. പത്രക്കടലാസിൽ പൊതിഞ്ഞു വെച്ചാൽ അൽപ്പം കൂടി വേഗത്തിൽ അതു പഴുത്തു കിട്ടും. മുറിച്ചു കഴിഞ്ഞാലും അവൊക്കാഡോ ഫ്രിഡ്ജിൽ സൂക്ഷിക്കാം. മുറിച്ച ഭാഗം കറുത്തു പോകാതിരിക്കാനായി ആ ഭാഗത്തു ചെറുനാരങ്ങാനീരു പുരട്ടിയാൽ മതി.
നാരങ്ങ വർഗത്തിൽപ്പെട്ട വിവിധയിനം പഴങ്ങളോടും തക്കാളിയോടും ഒപ്പം അവൊക്കാഡോ കഴിക്കാൻ പലർക്കും വളരെ ഇഷ്ടമാണ്. കടുത്ത രുചിയുള്ള ഒരു സോസിനോടൊപ്പം കഴിച്ചാൽ അവൊക്കാഡോയ്ക്കു സ്വാദേറും. കൂടാതെ, ചെമ്മീൻ, ഞണ്ട്, ചിറ്റാക്കൊഞ്ചൻ എന്നിവയുമായി അവൊക്കാഡോ നന്നായി ചേർന്നു പോകും. പലതരം സാലഡുകളുടെ സ്വാദു വർധിപ്പിക്കാനും അവൊക്കാഡോ ഉപയോഗിക്കാം. ചില ആളുകൾ ഇതും മറ്റു പഴങ്ങളും ചേർത്ത് ഉന്മേഷദായകമായ ജ്യൂസ് ഉണ്ടാക്കാറുണ്ട്.
സുഗന്ധവ്യഞ്ജനങ്ങളും മറ്റു ചില ചേരുവകളും ചേർത്ത് അവൊക്കാഡോ കുഴച്ചെടുത്ത് ക്രാക്കർ ബിസ്ക്കറ്റുകളിലും മറ്റും പുരട്ടി തിന്നാൻ നല്ല രുചിയാണ്. പേരുകേട്ട വിഭവമായ ഗ്വാക്കമോളി ഉണ്ടാക്കുന്നത് അവൊക്കാഡോ, തക്കാളി, ഉള്ളി, കാപ്സിക്കം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ്. പാകം ചെയ്തു വിളമ്പുന്ന മുഖ്യ വിഭവത്തിലും ഇതു ചേർക്കാവുന്നതാണ്. എന്നാൽ അടുപ്പിൽ നിന്ന് ഇറക്കിവെച്ച ശേഷം, അവസാന നിമിഷത്തിലേ അങ്ങനെ ചെയ്യാവൂ എന്നു മാത്രം.
ഒരുപക്ഷേ അവൊക്കാഡോ ഇപ്പോൾത്തന്നെ നിങ്ങളുടെ ആഹാരക്രമത്തിന്റെ ഒരു പ്രധാന ഭാഗം ആയിരിക്കാം. എന്നാൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഈ പഴത്തെക്കുറിച്ച് ആളുകൾക്ക് കേട്ടറിവു മാത്രമേ ഉള്ളൂ. നിങ്ങൾക്ക് ഇതുവരെ അവൊക്കാഡോ കഴിക്കാൻ പറ്റിയിട്ടില്ലെങ്കിൽ അതു രുചിച്ചുനോക്കാൻ ഒരു അവസരം കിട്ടുന്നപക്ഷം അതു നഷ്ടപ്പെടുത്തരുത്. ബഹുമുഖോപയോഗമുള്ള ഈ ഫലം സ്വാദിഷ്ഠവുമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം!