ക്വെറ്റ്സൽ—വർണപ്പകിട്ടാർന്ന പക്ഷി
കോസ്റ്ററിക്കയിലെ ഉണരുക! ലേഖകൻ
ഭൂമിയുടെ മൊത്തം വിസ്തൃതിയുടെ 0.03 ശതമാനത്തിൽ താഴെ മാത്രം വിസ്തൃതിയുള്ള ഒരു കൊച്ചുരാജ്യമാണ് കോസ്റ്ററിക്ക. എങ്കിലെന്താ, അറിയപ്പെടുന്ന 875 ഇനം പക്ഷികളാണ് ഇവിടെയുള്ളത്. അതാകട്ടെ, ഒരു ഉറവിടം പറയുന്നതനുസരിച്ച് കാനഡയിലും ഐക്യനാടുകളിലും കാണപ്പെടുന്ന മൊത്തം പക്ഷികളുടെ എണ്ണത്തെക്കാളും കൂടുതലാണ്. അതുകൊണ്ട്, ഒരവസരം കിട്ടിയാൽ ഉടനെ പക്ഷി-നിരീക്ഷണ പ്രേമികൾ കോസ്റ്ററിക്കയിലേക്കു പായുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ല. ഈ പക്ഷികളിൽ ഒന്നിനെ, വർണപ്പകിട്ടാർന്ന ക്വെറ്റ്സലിനെ, കാണാൻ പോയ കഥ ഞങ്ങൾ നിങ്ങളോടു പറയട്ടെ.
അതിനു മുമ്പ് ഒരൽപ്പം ചരിത്രം കൂടി. 1500-കളുടെ തുടക്കത്തിൽ, സ്പാനീഷ് ജേതാവായ എർനാൻ കോർട്ടേസ് മെക്സിക്കോയിൽ എത്തിച്ചേർന്നു. അവിടെ ആസ്ടെക്കുകാർ അദ്ദേഹത്തിന് ക്വെറ്റ്സൽ തൂവലുകൾ കൊണ്ടുള്ള ഒരു തലപ്പാവ് സമ്മാനിച്ചു. വിലപിടിച്ച അത്തരം വിഭൂഷണങ്ങൾ അണിയാനുള്ള പദവി അന്നൊക്കെ ആസ്ടെക് രാജകുടുംബാംഗങ്ങൾക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്വെറ്റ്സലിന്റെ മരതകപ്പച്ച വർണത്തിലുള്ള തൂവലുകൾ സ്വർണത്തെക്കാളും വിലപിടിച്ചതായി അവർ കണക്കാക്കിയിരുന്നിരിക്കാം.
സൗന്ദര്യത്തിന്റെ നിറകുടമായ ഈ പക്ഷി അതിന്റെ ആവാസകേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത് മെക്സിക്കോ മുതൽ പാനമ വരെയുള്ള പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്ന് 1,200 മുതൽ 3,000 വരെ മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മേഘവനങ്ങളിലാണ് അവയുടെ താമസം. മുകളിലേക്കു പൊങ്ങുന്ന ഇളംചൂടുള്ള വായു പെട്ടെന്നു തണുക്കുന്നതുകൊണ്ടാണ് വനങ്ങളിൽ മേഘങ്ങൾ രൂപംകൊള്ളുന്നത്. അതിന്റെ ഫലമോ, വർഷം മുഴുവനും കാനനത്തിനു പച്ചപ്പിന്റെ പ്രശാന്തത സമ്മാനിച്ചുകൊണ്ട് തഴച്ചുവളരുന്ന സസ്യങ്ങളും മൂടൽമഞ്ഞിൽ തലയൊളിപ്പിച്ച് 30 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിൽ വളരുന്ന വൻവൃക്ഷങ്ങളും.
സാൻജോസിന് ഏതാണ്ട് 200 കിലോമീറ്റർ വടക്കാണ് സാന്റ എലേന വന്യമൃഗ സംരക്ഷണ കേന്ദ്രം. ക്വെറ്റ്സലിനെ അതിന്റെ സ്വാഭാവിക ചുറ്റുപാടിൽ നിരീക്ഷിക്കാൻ പറ്റിയ ഒരു സ്ഥാനമാണിത്. ഒരു വഴികാട്ടിയോടൊപ്പം വർണപ്പകിട്ടാർന്ന ക്വെറ്റ്സലിനെയും തേടി ഞങ്ങൾ യാത്ര ആരംഭിച്ചു. കാടിന്റെ പച്ചപ്പിനിടയിൽ മരതകവർണമുള്ള ഈ പക്ഷിയെ കണ്ടുപിടിക്കുക നന്നേ പ്രയാസമാണ്. വഴികാട്ടി, പക്ഷിയുടെ മൃദുവായ ശബ്ദം അനുകരിക്കാൻ തുടങ്ങി. ഒരു നായ്ക്കുട്ടിയുടെ നേർത്ത ചിണുങ്ങൽ പോലെയാണ് ആ ശബ്ദം. ക്വെറ്റ്സലിന്റെ പ്രതികരണം കേൾക്കുന്ന ഞങ്ങളുടെ സംഘത്തിലെ ഒരു സ്ത്രീ കരുതുന്നത് കാട്ടിലെവിടെയോ ഒരു നായ വഴിതെറ്റി അലഞ്ഞു നടപ്പുണ്ടെന്നു തന്നെയാണ്!
പെട്ടെന്ന്, 15 മീറ്റർ പൊക്കമുള്ള ഒരു മരക്കൊമ്പിൽ നിന്ന് ഒരു ആൺപക്ഷി ഒളിഞ്ഞുനോക്കി, സംഭവം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ. കണ്ണഞ്ചിക്കുന്ന വർണശോഭയുള്ള ഒരു സുന്ദരഗാത്രനാണ് അവൻ. എന്നാൽ, ബൈനോക്കുലറിലൂടെ നോക്കുമ്പോൾ കാണുന്ന കാഴ്ച ഞങ്ങളുടെ ഭാവനകളെയെല്ലാം വെല്ലുന്ന തരത്തിലുള്ളതാണ്. മാറിന്റെ നിറം കടും ചെമപ്പ്, തൂവലുകൾക്ക് മരതകത്തിന്റേതു പോലെ തിളങ്ങുന്ന പച്ചയും. ആ വർണഭേദം ഒന്നു കാണേണ്ടതു തന്നെയാണ്. വാലിൽ ഉള്ള വെള്ളത്തൂവലുകളും തിളങ്ങുന്ന പച്ച നിറത്തിലുള്ള രണ്ടു തൂവലുകളും അതിന്റെ സൗന്ദര്യത്തിന്റെ മാറ്റ് എത്രയധികം വർധിപ്പിക്കുന്നുവെന്നോ. നാടപോലെ തൂങ്ങിക്കിടക്കുന്ന ഈ പച്ചത്തൂവലുകൾക്ക് ഏകദേശം 60 സെന്റിമീറ്റർ നീളം വരും. ഇളംതെന്നലിൽ മെല്ലെ ആടുന്ന ഈ പച്ചത്തൂവലുകളുമായി നല്ല ഉയരമുള്ള ഒരു കൊമ്പത്തിരിക്കുന്ന ക്വെറ്റ്സൽ നയനാനന്ദകരമായ ഒരു കാഴ്ച തന്നെയെന്നു പറയേണ്ടിയിരിക്കുന്നു.
ഒരു ക്വെറ്റ്സലിനെ കാണുന്നത് തികച്ചും അനുപമമായ ഒരു അനുഭവമാണ്. ക്വെറ്റ്സലിനെ ഒന്നു കണ്ടുകിട്ടാൻ മിക്കപ്പോഴും ഒന്നിലധികം തവണ കാട്ടിൽ പോകേണ്ടിവരാറുണ്ടെന്ന് വഴികാട്ടി ഞങ്ങളോടു പറയുകയുണ്ടായി. ക്വെറ്റ്സലുകളെ നിരീക്ഷിക്കാൻ ഏറ്റവും പറ്റിയ സമയം അവ കൂടുകൂട്ടുന്ന കാലമാണ്, മാർച്ചു മുതൽ ജൂൺ വരെയുള്ള മാസങ്ങൾ. ഈ കാലയളവിൽ അവ രണ്ടുതവണയാണു മുട്ടയിടുക, ഓരോ തവണയും ഈരണ്ടു മുട്ടകൾ വീതം.
വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഓഫീസിലേക്കു മടങ്ങവെ ഞങ്ങൾ മറ്റൊരു ക്വെറ്റ്സലിന്റെ ശബ്ദം കേൾക്കുന്നു. പിന്നിൽ നാട പോലെ നീണ്ടുകിടക്കുന്ന പച്ചനിറത്തിലുള്ള ആ തൂവലുകളുമായി അങ്ങ് ഉയരത്തിൽ നിന്ന് അതു താഴേക്ക് ഒഴുകിയിറങ്ങുന്നതു കാണാൻ എന്തു ഭംഗിയാണ്! ഞങ്ങളുടെ അടുത്തുള്ള ഒരു മരക്കൊമ്പിലാണ് അതു വന്ന് ഇരിക്കുന്നത്, അടുത്ത് എന്നുപറഞ്ഞാൽ, ഞങ്ങൾ ഇരിക്കുന്നിടത്തുനിന്ന് വെറും 5 മീറ്റർ ദൂരത്തിൽ! അതിന്റെ കൂട്ടിൽ നിന്ന് ഒരു കുഞ്ഞിനെ കാണാതായ കാര്യം വഴികാട്ടി ഞങ്ങളോടു പറഞ്ഞു. തന്റെ കുഞ്ഞിനെയും തേടി ആ അച്ഛൻപക്ഷി മരങ്ങൾ തോറും അലയുകയാണ്. അണ്ണാൻ, ടൂകാനെറ്റുകൾ, തവിട്ടു മണികണ്ഠൻ പക്ഷികൾ, രാജകീരികൾ, ടേയ്റകൾ എന്നിവ ക്വെറ്റ്സലിന്റെ മുട്ടകൾ തിന്നുകളയുന്നതിനാൽ വെറും 25 ശതമാനം മുട്ടകളേ വിരിയാറുള്ളൂ എന്നും ഞങ്ങൾ മനസ്സിലാക്കി. ക്വെറ്റ്സലുകൾ കൂട് ഉണ്ടാക്കാൻ തിരഞ്ഞെടുക്കുന്ന ഇടവും അവയ്ക്ക് അപകടം വരുത്തിവെക്കുന്നു. നിലത്തു നിന്ന് 3 മുതൽ 20 വരെ മീറ്റർ ഉയരത്തിൽ, ജീർണിച്ചുതുടങ്ങുന്ന പഴയ വൃക്ഷങ്ങളിൽ മരംകൊത്തികൾ ഉണ്ടാക്കുന്നതു പോലുള്ള പൊത്തുകൾ ഉണ്ടാക്കി അവയിലാണ് ഈ പക്ഷികൾ താമസിക്കുന്നത്. കനത്ത മഴയിൽ ഒന്നുകിൽ ഈ പൊത്തുകളിൽ വെള്ളം നിറയുകയോ വൃക്ഷംതന്നെ നിലം പൊത്തുകയോ ചെയ്യാറുണ്ട്.
ക്വെറ്റ്സലുകളുടെ പ്രിയപ്പെട്ട ആഹാരം കാട്ട് അവൊക്കാഡോ പഴങ്ങളാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. മരക്കൊമ്പിൽ ഇരുന്നുകൊണ്ട് ആദ്യംതന്നെ തൊട്ടടുത്തുള്ള അവൊക്കാഡോ മരത്തിലെ ഒരു പഴം അത് നോട്ടമിടും. പിന്നെ, വേഗത്തിൽ ചിറകടിച്ച് പഴം ലക്ഷ്യമാക്കി ഒറ്റ പറക്കലാണ്. എന്നിട്ട് പഴവും കൊത്തിയെടുത്ത് ചേക്കിരിക്കുന്നയിടത്തേക്കു മടങ്ങും. കൊത്തിയെടുത്ത പഴം മുഴുവനായി വിഴുങ്ങുകയാണ് അതു ചെയ്യുക. 20 മുതൽ 30 വരെ മിനിട്ടു കഴിയുമ്പോൾ അതിന്റെ വലിയ കുരു അതു തികട്ടിക്കളയുന്നു.
കാട്ട് അവൊക്കാഡോ പഴങ്ങൾക്കു വേണ്ടിയുള്ള അന്വേഷണത്തിൽ ക്വെറ്റ്സലുകൾ, കോൺഡിനെന്റൽ ഡിവൈഡ് പർവതനിരകളുടെ (ഭൂഖണ്ഡവിഭജന പർവതനിരകൾ) വ്യത്യസ്ത ചെരിവുകളിലേക്കു ദേശാടനം നടത്തുന്നു. ഉദാഹരണത്തിന്, ജൂലൈ മുതൽ സെപ്റ്റംബർ വരെ അവയെ പസിഫിക് സ്ലോപ്പിൽ കണ്ടെത്താൻ കഴിയും. കരീബിയൻ ദ്വീപുകളിൽ അവൊക്കാഡോ വിളയുന്ന ഒക്ടോബറാകുമ്പോൾ അവ അങ്ങോട്ടു പോകും.
വനത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ, ഏകദേശം 30 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തൂക്കുപാലത്തിലൂടെ ഞങ്ങൾ നടന്നുവരികയായിരുന്നു. അപ്പോൾ ഞങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു ക്വെറ്റ്സൽ ഒറ്റ പോക്ക്! തീറ്റയും തേടിയുള്ള പാച്ചിലാണെന്നു തോന്നുന്നു. ആ പെൺപക്ഷി ഞങ്ങൾക്കു തൊട്ടുമുകളിലായി ഇരിപ്പുറപ്പിച്ചു, എന്നിട്ട് അവിടേക്ക് അതിക്രമിച്ചു ചെന്നതിന് വഴക്കുപറയുന്ന മട്ടിൽ ഞങ്ങളെ തറപ്പിച്ചൊരു നോട്ടവും.
ബ്ലാക്ക്ബെറിയാണ് ഈ പക്ഷികളുടെ മറ്റൊരു ഇഷ്ടഭോജ്യം എന്ന് വഴികാട്ടി ഞങ്ങളോടു പറഞ്ഞു. പഴം കൊത്തിയെടുക്കുന്നതിനു വേണ്ടി പെട്ടെന്ന് പറന്നിറങ്ങുമ്പോൾ, നാടപോലെ നീണ്ടുകിടക്കുന്ന അവയുടെ തൂവലുകൾ ചിലപ്പോഴെല്ലാം ചെടിയുടെ മുള്ളുകളിൽ കുടുങ്ങി നഷ്ടപ്പെടാറുണ്ട്. എന്നാലും കുറച്ചു നാൾ കഴിയുമ്പോൾ നഷ്ടപ്പെട്ടവയുടെ സ്ഥാനത്തു പുതിയവ ഉണ്ടായിവരും.
ഇങ്ങനെ ഈ പക്ഷിക്ക് അതിന്റെ പേര് തുടർന്നും അന്വർഥമാക്കാൻ കഴിയുന്നു. “ക്വെറ്റ്സൽ” എന്ന വാക്ക് “അമൂല്യം” അല്ലെങ്കിൽ “മനോഹരം” എന്നൊക്കെ അർഥമുള്ള “കെറ്റ്സാലി” എന്ന ആസ്ടെക് പദത്തിൽ നിന്ന് വന്നിട്ടുള്ളതാണ്. സങ്കടകരമെന്നു പറയട്ടെ, ക്വെറ്റ്സലിന്റെ സൗന്ദര്യം അതിനൊരു ശാപമായി തീർന്നിരിക്കുകയാണ്. വാസ്തവത്തിൽ, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയിൽ ഈ പക്ഷികളുമുണ്ട്. ഇവയുടെ വർണാഭമായ നനുത്ത പപ്പുകളോടു കൂടിയ തൊലി സ്മരണികകളായി വിൽക്കപ്പെടുന്നതിനാൽ അതിനു വേണ്ടി ഇവ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇണക്കിവളർത്തുന്നവർക്കു വിൽക്കാനായി കുറെയെണ്ണം ജീവനോടെയും പിടിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇത്തരത്തിലുള്ള വേട്ടയാടലുകളിൽ നിന്ന് ക്വെറ്റ്സലുകൾക്ക് ഇപ്പോൾ കുറെയൊക്കെ നിയമാനുസൃത സംരക്ഷണം ലഭിക്കുന്നുണ്ടെന്നു വഴികാട്ടി ഞങ്ങളോടു പറയുന്നു.
ക്വെറ്റ്സലുകളുടെ അതിജീവനത്തിനു ഭീഷണി ഉയർത്തുന്ന മറ്റൊരു ഘടകം വനനശീകരണമാണ്. വനം ഇല്ലാതാകുമ്പോൾ അവയുടെ ആവാസകേന്ദ്രവും അപ്രത്യക്ഷമാകുന്നു. വർണപ്പകിട്ടാർന്ന ഈ പക്ഷിയുടെയും മറ്റു ജന്തുജാലങ്ങളുടെയും സംരക്ഷണാർഥം കോസ്റ്ററിക്കയുടെ ഏകദേശം 27 ശതമാനം സംരക്ഷിത പ്രദേശങ്ങളായി തിരിച്ചിരിക്കുകയാണ്.
ക്വെറ്റ്സലിനെ കാണാനുള്ള ഞങ്ങളുടെ യാത്ര ശ്രമത്തിനു തക്ക മൂല്യമുള്ളതായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. എർനാൻ കോർട്ടേസിനു ലഭിച്ച തലപ്പാവ് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിങ്ങൾക്കു കാണാൻ കഴിയും. എന്നാൽ, ക്വെറ്റ്സലിന്റെ തൂവലുകൾ ഒരു തലപ്പാവിനെ അലങ്കരിക്കുന്നതിലും എത്രയോ മനോഹരമാണ് അത് ആ പക്ഷിയുടെ തന്നെ ശരീരത്തെ അലങ്കരിക്കുന്ന കാഴ്ച! എന്തായാലും, മധ്യ അമേരിക്കയിലെ മേഘവനങ്ങളിൽ വസിക്കുന്ന ക്വെറ്റ്സലുകൾ ഇപ്പോൾ സ്വാതന്ത്ര്യവും കുറെയൊക്കെ സുരക്ഷിതത്വവും ആസ്വദിക്കുന്നുണ്ട്.