റഷ്യക്കാർ ആരാധനാസ്വാതന്ത്ര്യത്തെ നിധിപോലെ കരുതുന്നു
1991-ൽ സോവിയറ്റ് യൂണിയൻ ഒരു രാജ്യമെന്ന നിലയിൽ ഇല്ലാതായതു മുതൽ അവിടെ ജീവിക്കുന്നവർക്കു കൂടുതലായ ആരാധനാസ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിഞ്ഞിരിക്കുന്നു. അവിടെ നിന്നു മറ്റു രാജ്യങ്ങളിലേക്കു കുടിയേറിപാർത്തവരും ആ സ്വാതന്ത്ര്യത്തെ അമൂല്യമായി കരുതുന്നു.
മുൻ സോവിയറ്റ് യൂണിയനിലെ അനേകരെയും സംബന്ധിച്ചിടത്തോളം ആരാധനയ്ക്കു പരസ്യമായി കൂടിവരുന്നതിനുള്ള സ്വാതന്ത്ര്യം വിലതീരാത്ത ഒരു സംഗതിയാണ്. കാരണം, പതിറ്റാണ്ടുകളോളം അത് അവർക്കു നിഷേധിക്കപ്പെട്ടിരുന്നു.
1917-ലെ ബോൾഷേവിക് വിപ്ലവത്തിനു ശേഷം, റഷ്യയിൽ ബൈബിൾ വായിക്കുന്നത് അപകടകരമായ ഒരു സംഗതിയായിത്തീർന്നു. തടവുശിക്ഷ ഭയന്ന് അതു ചെയ്യാൻ അധികമാരും ധൈര്യപ്പെട്ടില്ല. എന്നാൽ, ഇതിന് തികച്ചും ഒരു അപവാദമായിരുന്നു യഹോവയുടെ സാക്ഷികൾ. 1956, ഏപ്രിൽ 16 ലക്കം ന്യൂസ്വീക്ക് മാഗസിൻ—ഏതാണ്ടു 44 വർഷം മുമ്പുള്ള ലക്കം—കിഴക്കൻ ജർമനിയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ ഇപ്രകാരം പറഞ്ഞതായി പ്രസ്താവിക്കുകയുണ്ടായി: “യഹോവയുടെ സാക്ഷികൾ ഒഴികെ മറ്റാരും ബൈബിൾ വായിക്കുന്നില്ല.” ബൈബിൾ പഠന യോഗങ്ങൾ നടത്തിയതിന്റെയും ബൈബിൾ സന്ദേശം പ്രസംഗിച്ചതിന്റെയും പേരിൽ യഹോവയുടെ സാക്ഷികൾക്കു ജയിലിലും തൊഴിൽപ്പാളയങ്ങളിലും കഴിയേണ്ടിവന്നു. പക്ഷേ, എന്തെല്ലാം സഹിക്കേണ്ടി വന്നിട്ടും അവർ തങ്ങളുടെ ബൈബിളധിഷ്ഠിത പ്രത്യാശയെ തള്ളിപ്പറയാൻ കൂട്ടാക്കിയില്ല. ചുവടെ ചേർത്തിരിക്കുന്ന ചതുരം അതാണു തെളിയിക്കുന്നത്.
1991-ൽ, സോവിയറ്റ് യൂണിയനിൽ നിന്ന് റിപ്പബ്ലിക്കുകൾ വേർപെട്ടുപോകാൻ തുടങ്ങിയ സമയത്ത് അവിടെ ഉണ്ടായിരുന്ന യഹോവയുടെ സാക്ഷികൾ ബൈബിൾ പ്രബോധനത്തെ വിശേഷവത്കരിക്കുന്ന ഏഴു കൺവെൻഷനുകൾ നടത്തുകയുണ്ടായി. മൊത്തം 74,252 പേർ അവയിൽ സംബന്ധിച്ചു. വെറും രണ്ടു വർഷത്തിനു ശേഷം 1993-ൽ, 15 മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ 4 എണ്ണത്തിൽ വെച്ചു നടത്തിയ അത്തരം എട്ടു കൺവെൻഷനുകളിൽ ഹാജരായത് 1,12,326 പേരായിരുന്നു.a അവരിൽ നിരവധി പേരും സോവിയറ്റ് ജയിലുകളിലും തൊഴിൽപ്പാളയങ്ങളിലും ഒട്ടനവധി വർഷങ്ങൾ ചെലവഴിച്ചിട്ടുള്ളവരായിരുന്നു. തടസ്സങ്ങളേതുമില്ലാതെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതിൽ ഈ വിശ്വസ്ത ക്രിസ്ത്യാനികൾ എത്രയധികം നന്ദിയുള്ളവരായിരുന്നെന്നോ!
1993 മുതൽ ഓരോ വർഷവും തങ്ങളുടെ മാതൃരാജ്യത്തുതന്നെ സ്വതന്ത്രമായി ക്രിസ്തീയ കൂടിവരവുകൾ നടത്താൻ മുൻ സോവിയറ്റ് റിപ്പബ്ലിക്ക് നിവാസികൾക്കു സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ 80-ലധികം ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ നടത്തപ്പെട്ടു. യഹോവയുടെ സാക്ഷികളും അവരുടെ സുഹൃത്തുക്കളും പങ്കെടുത്ത “ദൈവത്തിന്റെ പ്രാവചനിക വചനം” എന്ന പേരിലുള്ള ഈ കൺവെൻഷനുകളിലെ മൊത്തം ഹാജർ 2,82,333 ആയിരുന്നു. കൂടാതെ, 13,452 പേർ സ്നാപനമേൽക്കുകയും ചെയ്തു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും റഷ്യൻ ഭാഷയിലുള്ള കൺവെൻഷനുകൾ നടത്തപ്പെടുകയുണ്ടായി എന്ന് അറിയുന്നതു നിങ്ങളെ അതിശയിപ്പിച്ചേക്കാം. മുൻ സോവിയറ്റ് യൂണിയനിൽ വെച്ചല്ലാതെ നടത്തിയ അത്തരം നാലു കൂടിവരവുകളിൽ മൊത്തം 6,336 പേരാണു സംബന്ധിച്ചത്! ഏതെല്ലാം സ്ഥലങ്ങളിലായിരുന്നു അവ നടത്തപ്പെട്ടത്? റഷ്യൻ ഭാഷ സംസാരിക്കുന്ന ഇത്രയധികം പേർക്ക് ബൈബിളിൽ അതീവ താത്പര്യം ഉള്ളത് എന്തുകൊണ്ടാണ്? ആദ്യം നമുക്കു രണ്ടാമത്തെ ചോദ്യം ഹ്രസ്വമായി പരിചിന്തിക്കാം.
അവർ ആത്മീയ ആവശ്യം തിരിച്ചറിയുന്നു
തികച്ചും സമ്പന്നമായൊരു മത ചരിത്രമാണു റഷ്യക്കുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അവിടത്തെ അത്യലംകൃതങ്ങളായ കത്തീഡ്രലുകൾ, ക്രൈസ്തവലോകത്തിലെ പുകഴ്പെറ്റ കത്തീഡ്രലുകളിൽ പെടുന്നു. പക്ഷേ, റോമൻ കത്തോലിക്കാ സഭയെ പോലെ തന്നെ റഷ്യൻ ഓർത്തഡോക്സ് സഭയും ബൈബിൾ കാര്യങ്ങൾ സംബന്ധിച്ച് ആളുകളെ അജ്ഞതയിൽ വിടുകയാണു ചെയ്തത്.
“റഷ്യൻ ഓർത്തഡോക്സ് സഭ ഒരുകാലത്തും ബൈബിളിനു പ്രാധാന്യം നൽകിയിട്ടില്ല” എന്ന് അടുത്തയിടെ പുറത്തിറങ്ങിയ റഷ്യൻ ട്രാജഡി—ദ ബർഡൻ ഓഫ് ഹിസ്റ്ററി എന്ന പുസ്തകം പറയുന്നു. അതിന്റെ ഫലമോ? “ബൈബിളിനെക്കുറിച്ചുള്ള അജ്ഞത നിമിത്തം ഓർത്തഡോക്സ് സഭക്കാരിൽ അനേകരും അന്ധവിശ്വാസത്തിനും ഗൂഢവിദ്യക്കും മാന്ത്രികവിദ്യക്കുമൊക്കെ അടിമപ്പെടാൻ അക്രൈസ്തവരെക്കാൾ കൂടുതൽ സാധ്യതയുള്ളവരായിത്തീർന്നിരിക്കുന്നു” എന്ന് റഷ്യൻ മത പണ്ഡിതനായ സിർഗ്യേ ഇവാന്യെൻകാ പറയുന്നു.
പ്രസിദ്ധ റഷ്യൻ എഴുത്തുകാരനായിരുന്ന ടോൾസ്റ്റോയിയും സമാനമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. അദ്ദേഹം ഇങ്ങനെ എഴുതി: “തന്ത്രപരമായി മെനഞ്ഞെടുത്തതും ദോഷത്തിൽ കലാശിക്കുന്നതുമായ വെറും വഞ്ചനയാണ് [റഷ്യൻ ഓർത്തഡോക്സ്] സഭയുടെ പഠിപ്പിക്കലുകൾ എന്നും അതിന്റെ പ്രവർത്തനങ്ങൾ ആഭിചാരത്തിലും കടുത്ത അന്ധവിശ്വാസങ്ങളിലും വേരൂന്നിയവയാണ് എന്നും എനിക്കു ബോധ്യമായി. ക്രിസ്തീയ പഠിപ്പിക്കലുകൾക്കു കടകവിരുദ്ധമായ കാര്യങ്ങളാണിവ.”
സോവിയറ്റ് കമ്മ്യൂണിസത്തിന്റെ പിറവിക്കു തികച്ചും അനുയോജ്യമായ ഒരു സാഹചര്യമായിരുന്നു അത്. നിരീശ്വരവാദപരമായ ആശയങ്ങളും “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന പ്രശസ്തമായ മുദ്രാവാക്യവുമായാണ് അതു രംഗപ്രവേശം ചെയ്തത്. എന്നാൽ, കമ്മ്യൂണിസംതന്നെ ഒരു തരം മതമായി മാറാൻ അധികം താമസമൊന്നും ഉണ്ടായില്ല. ചുവപ്പ് മതം എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന അതിനു പക്ഷേ അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 1991-ൽ സോവിയറ്റ് രാഷ്ട്രം ശിഥിലമായപ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾ ആകെ ആശയക്കുഴപ്പത്തിലായി. ഇനി എന്തിൽ പ്രതീക്ഷ അർപ്പിക്കണം എന്നറിയാതെ അവർ കുഴങ്ങി. യഹോവയുടെ സാക്ഷികളിൽ നിന്നുള്ള പ്രോത്സാഹനത്തിന്റെ ഫലമായി ആയിരക്കണക്കിനു റഷ്യക്കാർ ബൈബിളിലേക്കു ശ്രദ്ധ തിരിച്ചു.
മികച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായിരുന്നതുകൊണ്ട്, ലോകത്തിലെതന്നെ ഏറ്റവും സാക്ഷരരായ ആളുകളുടെ കൂട്ടത്തിൽ സ്ഥാനം പിടിക്കാൻ റഷ്യക്കാർക്കു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ, അവരിൽ അനവധി പേർ ബൈബിൾ വായിക്കാൻ മാത്രമല്ല അതിന്റെ പഠിപ്പിക്കലുകളെ സ്നേഹിക്കാനും ഇടയായിത്തീർന്നു. ഈ കാലയളവിൽ, പ്രത്യേകിച്ചും 1990-കളിൽ, മുൻ സോവിയറ്റ് യൂണിയനിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഐക്യനാടുകൾ, ഗ്രീസ്, ജർമനി എന്നീ രാജ്യങ്ങളിലേക്കു കുടിയേറുകയുണ്ടായി. ഫലമെന്തായിരുന്നു?
ജർമനിയിൽ സ്വതന്ത്രമായി ആരാധിക്കുന്നു
18-ഉം 19-ഉം നൂറ്റാണ്ടുകളിൽ, ജർമനിയിൽ നിന്ന് അനേകം ആളുകൾ റഷ്യയിലേക്കു താമസം മാറ്റിയിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്ത സോഫി എന്ന പെൺകുട്ടിയായിരുന്നു. റഷ്യയിലേക്കു താമസം മാറ്റുമ്പോൾ വെറും 15 വയസ്സുണ്ടായിരുന്ന അവൾ, 1762-ൽ തന്റെ ഭർത്താവിന്റെ കാലശേഷം റഷ്യയിലെ ഭരണാധികാരിണിയായി സ്ഥാനമേറ്റു. പിൽക്കാലത്ത് കാത്റിൻ ദ ഗ്രേറ്റ് എന്ന പേരിൽ അറിയപ്പെട്ട അവർ, തന്റെ സുദീർഘമായ ഭരണകാലത്ത് ജർമനിയിലെ കർഷകരെ റഷ്യയിൽ വന്നു താമസിക്കാൻ ക്ഷണിക്കുകയുണ്ടായി. പിന്നീട്, രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ, ജർമൻ വംശജരിൽ മിക്കവരും സൈബീരിയയിലേക്കും ഉസ്ബക്കിസ്ഥാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ പോലുള്ള സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്കും നാടുകടത്തപ്പെട്ടു. സമീപ കാലങ്ങളിലാണെങ്കിൽ, റഷ്യൻ ഭാഷ സംസാരിക്കുന്ന അനവധി ജർമൻകാരും അതുപോലെ മുൻ സോവിയറ്റ് യൂണിയനിൽ നിന്നുതന്നെ ഉള്ളവരും മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടുകൾ തേടി ജർമനിയിലേക്കു താമസം മാറ്റിയിരിക്കുന്നു.
1992 ഡിസംബറിൽ, റഷ്യൻ ഭാഷയിലുള്ള ജർമനിയിലെ ആദ്യത്തെ സഭ ബെർലിനിൽ സ്ഥാപിതമായി. എന്നാൽ ഇക്കഴിഞ്ഞ വർഷം ആയപ്പോഴേക്കും 52 സഭകളും 43 ചെറിയ കൂട്ടങ്ങളും ഉൾപ്പെടുന്ന റഷ്യൻ ഭാഷയിലുള്ള മൂന്നു സർക്കിട്ടുകൾതന്നെ ജർമനിയിൽ രൂപംകൊണ്ടു കഴിഞ്ഞിരുന്നു. കൊളോണിൽ വെച്ച് ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ നടത്തിയ റഷ്യൻ ഭാഷയിലുള്ള “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ അത്യുച്ച ഹാജർ 4,920 ആയിരുന്നു. 164 പേരാണ് യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിച്ചതിന്റെ പ്രതീകമായി സ്നാപനമേറ്റത്. ആ വർഷംതന്നെ, ഏപ്രിൽ 1-ാം തീയതി ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കുന്നതിന് ജർമനിയിലെ റഷ്യൻ ഭാഷയിലുള്ള സഭകളിൽ കൂടിവന്നത് 6,175 പേരായിരുന്നു.
റഷ്യക്കാർ ഐക്യനാടുകളിൽ
മുൻ സോവിയറ്റ് യൂണിയനിൽ നിന്ന് റഷ്യൻ ഭാഷ സംസാരിക്കുന്ന ആളുകളുടെ ഒരു കുത്തൊഴുക്ക് ഐക്യനാടുകളിലേക്കും ഉണ്ടായിട്ടുണ്ട്. ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുകയുണ്ടായി: “ബ്രുക്ലിനിലേക്ക് 1991-നും 1996-നും ഇടയ്ക്ക് കുടിയേറിപ്പാർത്തവരിൽ ഏറ്റവും കൂടുതൽ റഷ്യക്കാരായിരുന്നു. ആ കാലയളവിൽ, മുൻ സോവിയറ്റ് യൂണിയനിൽ നിന്നുള്ള 3,39,000-ത്തിലധികം ആളുകൾക്ക് ഐക്യനാടുകളിൽ താമസിക്കുന്നതിന് ഇമിഗ്രേഷൻ ആൻഡ് നാച്യുറലൈസേഷൻ സർവീസ് അനുമതി നൽകുകയുണ്ടായി.”
മുൻ സോവിയറ്റ് യൂണിയനിൽ നിന്ന് ഏതാണ്ട് 4,00,000 യഹൂദന്മാർ അതിനു മുമ്പത്തെ പതിറ്റാണ്ടിൽ ന്യൂയോർക്കു നഗരത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും കുടിയേറിയിട്ടുണ്ടെന്ന് 1999 ജനുവരിയിലെ ടൈംസ് റിപ്പോർട്ടുചെയ്തു. സമീപ വർഷങ്ങളിൽ, ഐക്യനാടുകളുടെ ഇതരഭാഗങ്ങളിലും ആയിരക്കണക്കിന് റഷ്യക്കാർ താമസമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, 35,000 റഷ്യക്കാരാണ് വടക്കൻ കാലിഫോർണിയയിലേക്കു പുതുതായി കുടിയേറിപ്പാർത്തത്. അങ്ങനെ ഇപ്പോൾ, മുൻ സോവിയറ്റ് യൂണിയനിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ന്യൂയോർക്കും ലോസാഞ്ചലസും കഴിഞ്ഞാൽ അടുത്ത സ്ഥാനം വടക്കൻ കാലിഫോർണിയയ്ക്കാണ്. റഷ്യൻ ഭാഷ സംസാരിക്കുന്ന ഇവരും ബൈബിൾ പഠിക്കുന്നതിനുള്ള ക്ഷണത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇവരിൽ നൂറുകണക്കിനുപേർ ഇപ്പോൾ സത്യദൈവമായ യഹോവയുടെ ആരാധകർ ആയിത്തീർന്നിരിക്കുന്നു.
1994 ഏപ്രിൽ 1-ാം തീയതി ഐക്യനാടുകളിലുള്ള ന്യൂയോർക്കിലെ ബ്രുക്ലിനിൽ യഹോവയുടെ സാക്ഷികളുടെ സമീപകാല റഷ്യൻ-ഭാഷാ സഭകളിൽ ആദ്യത്തേത് സ്ഥാപിതമായി. കാലക്രമത്തിൽ, പെൻസിൽവേനിയ, കാലിഫോർണിയ, വാഷിങ്ടൺ എന്നിവിടങ്ങളിലും റഷ്യൻ സഭകൾ സ്ഥാപിക്കപ്പെട്ടു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ അധ്യയന കൂട്ടങ്ങളും രൂപംകൊണ്ടു.
ഐക്യനാടുകളിൽ ആദ്യമായി
കഴിഞ്ഞ ആഗസ്റ്റ് മാസം 20 മുതൽ 22 വരെയുള്ള തീയതികളിൽ ന്യൂയോർക്കു നഗരത്തിൽ നടന്ന റഷ്യൻ ഭാഷയിലുള്ള ആദ്യത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ, ഐക്യനാടുകളിൽ നിന്നും കാനഡയിൽ നിന്നും ഉള്ള 670 പേരുടെ ഒരു അത്യുച്ച ഹാജർ ഉണ്ടായിരുന്നു. എല്ലാ പ്രസംഗങ്ങളും റഷ്യൻ ഭാഷയിൽ തന്നെയായിരുന്നു. ഏശാവിനെയും യാക്കോബിനെയും കുറിച്ചുള്ള ബൈബിൾ വിവരണത്തെ അടിസ്ഥാനപ്പെടുത്തി, പുരാതന വേഷവിധാനങ്ങളോടു കൂടിയ ഒരു നാടകം കാലിഫോർണിയയിലെ ലോസാഞ്ചലസിലുള്ള റഷ്യൻ സഭയിലെ സഹോദരങ്ങൾ അവതരിപ്പിക്കുകയുണ്ടായി. കൺവെൻഷന്റെ മുഖ്യ സവിശേഷതകളിൽ ഒന്നായിരുന്നു അത്.
14 പേരുടെ സ്നാപനം ആയിരുന്നു കൺവെൻഷന്റെ മറ്റൊരു സവിശേഷത. അവരുടെ എല്ലാവരുടെയും ഫോട്ടോ ഇതിന്റെ കൂടെ കൊടുത്തിട്ടുണ്ട്. ന്യൂയോർക്കിലെ കൺവെൻഷനിൽ സ്നാപനമേൽക്കുന്നതിന് അവരിൽ ചിലർ ഏകദേശം 4,000 കിലോമീറ്റർ അകലെയുള്ള ഓറിഗണിലെ പോർട്ട്ലൻഡിൽ നിന്നും കാലിഫോർണിയയിലെ ലോസാഞ്ചലസ്, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ നിന്നുമൊക്കെയാണ് എത്തിയത്. സ്നാപനമേറ്റ 14 പേരും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ അർമേനിയ, അസ്ർബൈജാൻ, ബ്യാലറൂസ്, മൊൾഡോവ, യൂക്രെയിൻ, റഷ്യ എന്നിവിടങ്ങളിലായിരുന്നു മുമ്പ് താമസിച്ചിരുന്നത്. ദൈവിക പരിജ്ഞാനത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും അവർ എത്രമാത്രം വിലമതിക്കുന്നുവെന്ന് അവരുടെ അനുഭവങ്ങൾ തെളിയിക്കുന്നു.
സ്വെറ്റ്ലാന (മുൻനിരയിൽ ഇടത്തു നിന്നു മൂന്നാമത്) വളർന്നതു മോസ്കോയിലായിരുന്നു. 17-ാമത്തെ വയസ്സിൽത്തന്നെ ആ പെൺകുട്ടി തന്നെക്കാൾ വളരെ പ്രായം ഉണ്ടായിരുന്ന ഒരു പ്രശസ്ത ഗായകന്റെ ഭാര്യയായിത്തീർന്നു. കൈക്കുഞ്ഞായിരുന്ന മകനെയും കൊണ്ട് 1989-ൽ അവരിരുവരും ഐക്യനാടുകളിൽ എത്തി. സ്വെറ്റ്ലാനയുടെ ഭർത്താവ് ഒട്ടുമിക്കപ്പോഴും യാത്രയിലായിരുന്നു. അഞ്ചു വർഷത്തിനു ശേഷം അവർ വിവാഹബന്ധം വേർപെടുത്തി.
സാക്ഷിയായിരുന്ന ഒരു സഹപ്രവർത്തകയുമായി സ്വെറ്റ്ലാന സഹവസിക്കാൻ തുടങ്ങിയപ്പോൾ, അവരുടെ “ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പണം മുഴുവൻ തട്ടിയെടുക്കുകയും ചെയ്യാൻ പോകുന്ന ഒരു വിഭാഗവുമായിട്ടാണ് [അവർ] സഹവസിക്കുന്നത്” എന്നു സുഹൃത്തുക്കൾ മുന്നറിയിപ്പു നൽകി. എന്നാൽ ബൈബിളിന്റെ പഠിപ്പിക്കലുകളെ കുറിച്ച് അറിയാൻ അവർ അതിയായി ആഗ്രഹിച്ചു. ബൈബിളിൽ നിന്നു ദൈവനാമം കാണിച്ചു തന്നപ്പോൾ തനിക്ക് എന്തു തോന്നി എന്നതിനെക്കുറിച്ച് അവർ പറയുന്നു: “സാക്ഷികൾ മാത്രമാണ് അതു പരസ്യപ്പെടുത്തുന്നത് എന്നതിൽ എനിക്കു വളരെ മതിപ്പുതോന്നി.”
യുവാവായ ആന്ദ്രേ (പിൻനിരയിൽ ഇടത്തു നിന്നു മൂന്നാമത്) സൈബീരിയയിൽ നിന്ന് ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗിലേക്കു താമസം മാറ്റിയത് കായികരംഗത്ത് ഉന്നതപരിശീലനം നേടുന്നതിനു വേണ്ടിയായിരുന്നു. അതിനുശേഷം താമസിയാതെ, സോവിയറ്റ് യൂണിയൻ പല റിപ്പബ്ലിക്കുകളായി പിരിഞ്ഞു. 1993-ൽ, 22-ാമത്തെ വയസ്സിൽ ആന്ദ്രേ ഐക്യനാടുകളിലേക്കു കുടിയേറി. അദ്ദേഹം പറയുന്നു: “അവിടെ വെച്ച് ഞാൻ ദൈവത്തെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. അങ്ങനെയാണ് റഷ്യൻ ഓർത്തഡോക്സ് പള്ളിയിൽ ഞാൻ പോകാൻ തുടങ്ങിയത്. ഒരിക്കൽ റഷ്യൻ ഈസ്റ്റർ ആഘോഷങ്ങളുടെ സമയത്ത്, ദൈവത്തോട് അടുക്കുന്നതിനു വേണ്ടി രാത്രി മുഴുവനും ഞാൻ പള്ളിയിൽ കഴിച്ചുകൂട്ടി.”
ഏതാണ്ട് ഈ സമയത്താണ് സ്വെറ്റ്ലാന ആന്ദ്രേയെ കണ്ടുമുട്ടിയത്. ബൈബിൾ പഠനത്തിലൂടെ താൻ മനസ്സിലാക്കിയ കാര്യങ്ങൾ അവർ അദ്ദേഹത്തോടു പറഞ്ഞു. അവരുടെയൊപ്പം യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിനു ചെല്ലാമെന്ന് അദ്ദേഹം സമ്മതിച്ചു. പിന്നീട് അദ്ദേഹം ഒരു ബൈബിൾ അധ്യയനവും സ്വീകരിച്ചു. 1999 ജനുവരിയിൽ ആന്ദ്രേയും സ്വെറ്റ്ലാനയും വിവാഹിതരായി. കൺവെൻഷനിൽ വെച്ച് സ്നാപനമേറ്റ ശേഷം, ഇരുവരുടെയും സന്തോഷം സ്ഫുരിക്കുന്ന മുഖം ഒന്നു കാണേണ്ടതായിരുന്നു.
പാവ്യിൽ (പിൻനിരയിൽ ഇടത്തുനിന്നു നാലാമത്) കസഖ്സ്ഥാനിലെ കാരാഗാൻഡിക്കു സമീപമാണ് ജനിച്ചത്. പിന്നീട്, കലാപഭൂമിയായ ചെച്നിയയ്ക്കും ഡാജിസ്ഥാനും സമീപമുള്ള വൻനഗരമായ നാൽച്ചിക്കിലേക്കു താമസം മാറ്റിയ പാവ്യിൽ, അവിടെവെച്ച് 1996 ആഗസ്റ്റിൽ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. എന്നാൽ പിറ്റേ മാസം അയാൾ സാൻഫ്രാൻസിസ്കോയിലേക്കു മാറിത്താമസിച്ചു. പാവ്യിൽ മയക്കുമരുന്നുകൾ ഉപയോഗിക്കുമായിരുന്നു. അവിഹിത ബന്ധത്തിലൂടെ അയാൾക്ക് അപ്പോഴേക്കും ഒരു പെൺകുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞ് അമ്മയോടൊപ്പം റഷ്യയിൽ ആയിരുന്നു.
ഐക്യനാടുകളിൽ എത്തിച്ചേർന്നതിനു തൊട്ടുപിന്നാലെ, പാവ്യിൽ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയും ഒരു ബൈബിൾ അധ്യയനം സ്വീകരിക്കുകയും ചെയ്തു. തന്റെ ജീവിതം ക്രമപ്പെടുത്തിയതിനു ശേഷം, പുതുതായി കണ്ടെത്തിയ വിശ്വാസങ്ങളെക്കുറിച്ച് അയാൾ തന്റെ കുഞ്ഞിന്റെ അമ്മയ്ക്ക് എഴുതി. അവർ ഇപ്പോൾ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഐക്യനാടുകളിലേക്കു വരാനും അവർക്കു പരിപാടിയുണ്ട്. പാവ്യിലിനെ വിവാഹം ചെയ്ത്, കുഞ്ഞിനോടൊപ്പം കാലിഫോർണിയയിൽ യഹോവയുടെ സേവനത്തിൽ തുടരാനാണ് അവർ ഉദ്ദേശിക്കുന്നത്.
ഗ്യോർഗൈ (പിൻനിരയിൽ ഇടത്തുനിന്നു രണ്ടാമത്) ജനിച്ചതും വളർന്നതും മോസ്കോയിലാണ്. 1996-ൽ അദ്ദേഹം ഐക്യനാടുകളിലേക്കു താമസം മാറ്റി. അതിന്റെ പിറ്റേ വർഷം അദ്ദേഹം അസ്ർബൈജാനിൽ നിന്നുള്ള ഫ്ളോറയെ വിവാഹം ചെയ്തു. റഷ്യൻ ഓർത്തഡോക്സ് സഭയിലായിരുന്നു ഗ്യോർഗൈ പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ വീക്ഷാഗോപുരം മാസികയുടെ ഒരു പ്രതി വായിച്ചതിനു ശേഷം, ത്രിത്വോപദേശം സംബന്ധിച്ച് അദ്ദേഹത്തിനു സംശയങ്ങൾ ഉണ്ടായി. വാച്ച് ടവർ സൊസൈറ്റിക്ക് കത്തയച്ച അദ്ദേഹത്തിന് മറുപടിയോടൊപ്പം നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രികയും ലഭിച്ചു. 1998-ൽ അദ്ദേഹവും ഫ്ളോറയും ബൈബിൾ പഠിക്കാൻ തുടങ്ങി. സ്നാപനമേൽക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഫ്ളോറ ഇപ്പോൾ.
ന്യൂയോർക്ക് കൺവെൻഷന്റെ മറ്റൊരു സവിശേഷതയായിരുന്നു മോസ്കോ കൺവെൻഷന്—ഒരേ വാരാന്ത്യത്തിൽ തന്നെയായിരുന്നു ഇവ രണ്ടും നടന്നത്—ഹാജരായിരുന്ന 15,108 പേരിൽ നിന്നു ലഭിച്ച ആശംസകൾ. മോസ്കോയിൽ നടന്ന കൺവെൻഷനിൽ 600 പേർ സ്നാപനമേറ്റ കാര്യം അറിഞ്ഞപ്പോൾ ന്യൂയോർക്ക് കൺവെൻഷൻ പ്രതിനിധികൾ എത്ര പുളകിതരായെന്നോ! കൺവെൻഷൻ തീയതികൾ അടുത്തുവരവെ, മോസ്കോയിൽ കൺവെൻഷൻ നടത്തുന്നതിന് എതിർപ്പുണ്ടായേക്കും എന്ന മട്ടിലുള്ള പത്രവാർത്തകളും ടെലിവിഷൻ റിപ്പോർട്ടുകളും ഐക്യനാടുകളിലും മറ്റിടങ്ങളിലുമെല്ലാം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നതിനാൽ അവരുടെ ഈ സന്തോഷത്തിന് ശരിക്കും അടിസ്ഥാനമുണ്ടായിരുന്നു.
മോസ്കോ വിശേഷങ്ങൾ
മോസ്കോ നഗരത്തിന്റെ ഏകദേശം കേന്ദ്രഭാഗത്തായി, ഒരു വലിയ റഷ്യൻ ഓർത്തഡോക്സ് പള്ളിക്കു സമീപം സ്ഥിതിചെയ്യുന്ന ഒളിമ്പിക് സ്റ്റേഡിയം വാടകയ്ക്കെടുക്കുന്നതിന് യഹോവയുടെ സാക്ഷികൾ 1999 ജൂലൈ 21-ാം തീയതി കരാർ ഒപ്പുവെച്ചു. എന്നാൽ കൺവെൻഷൻ തുടങ്ങുന്നതിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ, എതിർപ്പ് ഉണ്ടാകുമെന്ന കാര്യം വ്യക്തമായി. സ്റ്റേഡിയത്തിനുള്ള വാടക കൊടുത്തു കഴിഞ്ഞിരുന്നെങ്കിലും, ആഗസ്റ്റ് 18-ാം തീയതി ബുധനാഴ്ച ആയിട്ടും അത് ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. റഷ്യയിൽ നിയമാംഗീകാരമുള്ള ഒരു സംഘടനയാണ് തങ്ങളുടേതെന്ന കാര്യം യഹോവയുടെ സാക്ഷികൾ അധികൃതർക്ക് ആവർത്തിച്ചു വ്യക്തമാക്കിക്കൊടുക്കുകയുണ്ടായി. അതു സംബന്ധിച്ച വിശദാംശങ്ങൾ 28-ാം പേജിലെ ചതുരത്തിൽ കാണാവുന്നതാണ്.
വെള്ളിയാഴ്ച രാവിലെ ഏകദേശം 15,000 പേർ കൂടിവരുമെന്നു പ്രതീക്ഷിച്ചിരുന്നതിനാൽ, കൺവെൻഷൻ ഭാരവാഹികൾക്ക് അതേക്കുറിച്ച് ആശങ്ക തോന്നാതിരുന്നില്ല. മോസ്കോയിൽ നിന്ന് അനേകം കിലോമീറ്ററുകൾ അകലെയുള്ള നഗരങ്ങളിലും പട്ടണങ്ങളിലും നിന്നു വരുന്നവരായിരുന്നു ചിലർ. ഒടുവിൽ, ഏതാനും മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കു ശേഷം ആഗസ്റ്റ് 19-ാം തീയതി വ്യാഴാഴ്ച രാത്രി ഏതാണ്ട് 8 മണിയോടടുത്ത് കൺവെൻഷനു വേണ്ട ഏർപ്പാടുകളുമായി മുന്നോട്ടു പോകാമെന്ന് സ്റ്റേഡിയം അധികൃതർ സന്തോഷപൂർവം സാക്ഷികളുടെ പ്രതിനിധികളെ അറിയിച്ചു. കൺവെൻഷൻ നടത്തുന്നതിനോടു തങ്ങൾക്ക് എതിർപ്പില്ല എന്ന് നഗര ഭരണനിർവാഹകർ അറിയിച്ചതിനെ തുടർന്നായിരുന്നു അത്.
പിറ്റേന്ന് ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. അവർക്കായി സ്റ്റേഡിയം ഒരുക്കുന്നതിന് സാക്ഷികളായ സ്വമേധയാ പ്രവർത്തകർ ആ രാത്രി മുഴുവൻ പണിയെടുത്തിരുന്നു. കൺവെൻഷൻ നടത്തുന്നതിനോടുള്ള ബന്ധത്തിൽ ഉണ്ടായിരുന്ന എതിർപ്പിനെക്കുറിച്ച് നേരത്തേതന്നെ പത്രപ്രവർത്തകരെ അറിയിച്ചിരുന്നു. അതുകൊണ്ട് കൺവെൻഷന്റെ ആദ്യദിവസം രാവിലെ പത്രപ്രതിനിധികളും എത്തിയിരുന്നു. അവരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “അഭിനന്ദനങ്ങൾ! കൺവെൻഷൻ ഒരു തടസ്സവുമില്ലാതെ നടത്താൻ കഴിയും എന്നറിഞ്ഞതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.”
അച്ചടക്കത്തോടു കൂടിയ പെരുമാറ്റം
കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് സുരക്ഷാനടപടികൾ സ്വീകരിക്കുന്നതാവും നല്ലത് എന്ന് സ്റ്റേഡിയം അധികൃതർക്കു തോന്നി. അതുകൊണ്ട്, വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കാൻ ഉപയോഗിക്കുന്നതു പോലുള്ള മെറ്റൽ ഡിറ്റക്ടറുകളുമായി എല്ലാ പ്രവേശന കവാടങ്ങളിലും അവർ സെക്യൂരിറ്റിക്കാരെ നിറുത്തുകയുണ്ടായി. കൂടാതെ സ്റ്റേഡിയത്തിനുള്ളിൽ എല്ലായിടത്തും പോലീസ് കാവലും ഏർപ്പെടുത്തി. ഇടയ്ക്ക് വലിയ ഒരു ഭീഷണി ഉണ്ടായെങ്കിലും കൺവെൻഷൻ ഭംഗിയായിത്തന്നെ നടന്നു.
സ്റ്റേഡിയത്തിനകത്ത് ഒരു ബോംബ് വെച്ചിട്ടുണ്ടെന്ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് ആരോ ഫോൺ ചെയ്തു പറഞ്ഞു. അവസാനത്തേതിനു തൊട്ടുമുമ്പത്തെ പ്രസംഗം ഏതാണ്ടു തീരാറായപ്പോഴായിരുന്നു അത്. അതുകൊണ്ട്, സ്റ്റേഡിയം അധികൃതരുടെ അഭ്യർഥനപ്രകാരം എല്ലാവരും ഉടനെതന്നെ സ്റ്റേഡിയം വിട്ടുപോകണമെന്ന് ഒരു ചെറിയ അറിയിപ്പ് നടത്തി. വളരെ അച്ചടക്കത്തോടു കൂടി എല്ലാവരും അത് അനുസരിച്ചപ്പോൾ, സ്റ്റേഡിയം അധികൃതരും പോലീസുകാരും അമ്പരന്നു പോയി. ഇങ്ങനെയൊന്ന് ജീവിതത്തിൽ ഒരിക്കലും അവർ കണ്ടിട്ടുണ്ടായിരുന്നില്ല! അതു റിഹേഴ്സ് ചെയ്തിരുന്നോ എന്നുപോലും അവർ ചോദിക്കുകയുണ്ടായി.
സ്റ്റേഡിയത്തിൽ നിന്നു ബോംബൊന്നും കിട്ടിയില്ല. പിറ്റേ ദിവസത്തെ പരിപാടിയിൽ ശനിയാഴ്ച അവതരിപ്പിക്കാതിരുന്ന ഭാഗംകൂടി ഉൾപ്പെടുത്തി. കൺവെൻഷൻ മൊത്തത്തിൽ സ്റ്റേഡിയം അധികൃതരിൽ വലിയ മതിപ്പുളവാക്കി.
ഗ്രീസിലും മറ്റു സ്ഥലങ്ങളിലും
ആഗസ്റ്റ് അവസാനത്തെയും സെപ്റ്റംബർ ആദ്യത്തെയും വാരാന്ത്യങ്ങളിൽ റഷ്യൻ ഭാഷയിലുള്ള ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ഗ്രീസിലും നടത്തപ്പെട്ടു. ആദ്യം ഏഥൻസിലും പിന്നീട് തെസ്സലൊനീക്കയിലും. മൊത്തം 746 പേർ ഹാജരായി. 34 പേർ സ്നാപനമേൽക്കുകയും ചെയ്തു. റഷ്യൻ ഭാഷയിലുള്ള 8 സഭകൾക്കു പുറമേ മുൻ സോവിയറ്റ് യൂണിയന്റെ തെക്കൻ റിപ്പബ്ലിക്കുകളിൽ നിന്നുള്ള കുടിയേറ്റക്കാർ ഉൾപ്പെടുന്ന 17 ചെറിയ കൂട്ടങ്ങളും ഗ്രീസിലുണ്ട്. റഷ്യൻ ഭാഷയിൽ മാത്രമല്ല, ഈ കുടിയേറ്റക്കാർ സംസാരിക്കുന്ന മറ്റു ഭാഷകളിലും യോഗങ്ങൾ നടത്തപ്പെടുന്നുണ്ട്.
ഏഥൻസിൽ വെച്ച് സ്നാപനമേറ്റവരിൽ ഒരാൾ വിക്ടർ ആയിരുന്നു. മുമ്പ് ഒരു നിരീശ്വരവാദിയായിരുന്ന അദ്ദേഹം, 1998 ആഗസ്റ്റിൽ ഏഥൻസിൽ വെച്ചുനടത്തിയ യഹോവയുടെ സാക്ഷികളുടെ ഒരു അന്താരാഷ്ട്ര കൺവെൻഷനിൽ സംബന്ധിക്കുകയുണ്ടായി. അവിടെവെച്ചാണ് അദ്ദേഹത്തിന്റെ ഭാര്യ സ്നാപനമേറ്റത്. കൺവെൻഷൻ പ്രതിനിധികളുടെ പരസ്പര സ്നേഹം കണ്ട് അത്യന്തം മതിപ്പു തോന്നിയാണ് താൻ ബൈബിൾ പഠിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം വായിച്ചതിനു ശേഷം ഇഗർ എന്ന വ്യക്തി തന്റെ വിഗ്രഹങ്ങളെല്ലാം എറിഞ്ഞുകളഞ്ഞു. അദ്ദേഹം ഒരു യഹോവയുടെ സാക്ഷിയായി തന്നെത്തന്നെ പരിചയപ്പെടുത്താൻ പോലും തുടങ്ങി. യഹോവയുടെ സാക്ഷികളുടെ ഏഥൻസിലെ ബ്രാഞ്ച് ഓഫീസിലേക്ക് എഴുതിയതിന്റെ ഫലമായി 1998 നവംബറിൽ സാക്ഷികൾ അദ്ദേഹത്തെ സന്ദർശിച്ചു. അതിനുശേഷം പെട്ടെന്നുതന്നെ അദ്ദേഹം ഒരു സഭായോഗത്തിനു ഹാജരായി. അന്നുമുതൽ ഇന്നുവരെ ഒരൊറ്റ സഭായോഗം പോലും അദ്ദേഹം മുടക്കിയിട്ടില്ല. സ്നാപനമേറ്റ ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകൻ ആയിത്തീരുക എന്നതാണ്.
ഇതുകൂടാതെ മറ്റു പല രാജ്യങ്ങളിലേക്കും റഷ്യൻ ഭാഷ സംസാരിക്കുന്ന ആളുകൾ കുടിയേറിപ്പാർത്തിട്ടുണ്ട്. ബൈബിൾ പഠിക്കുന്നതിനും ദൈവാരാധനയ്ക്കായി പരസ്യമായി കൂടിവരുന്നതിനും ഉള്ള സ്വാതന്ത്ര്യം അവരിൽ അനേകരും അങ്ങേയറ്റം വിലമതിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം അത് അമൂല്യമായ ഒരു പദവിയാണ്!
[അടിക്കുറിപ്പ്]
a അർമേനിയ, അസ്ർബൈജാൻ, ഉസ്ബക്കിസ്ഥാൻ, എസ്തോണിയ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, ജോർജിയ, തജികിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ബ്യാലറൂസ്, മൊൾഡോവ, യൂക്രെയിൻ, ലാത്വിയ, ലിത്വാനിയ, റഷ്യ എന്നിവയാണ് ഈ 15 റിപ്പബ്ലിക്കുകൾ. ഇപ്പോൾ ഇവ സ്വതന്ത്ര രാജ്യങ്ങളാണ്.
[22-ാം പേജിലെ ചതുരം]
ബൈബിളിനെ സ്നേഹിക്കുന്ന റഷ്യക്കാർ
ആദരണീയ മതപണ്ഡിതനായ പ്രൊഫസർ സിർഗ്യേ ഇവാന്യെൻകാ യഹോവയുടെ സാക്ഷികളെ വിശേഷിപ്പിച്ചത്, ബൈബിൾ പഠനത്തിനായി യഥാർഥത്തിൽ അർപ്പിതരായ ജനം എന്നാണ്. അടുത്ത കാലത്തിറങ്ങിയ, റഷ്യൻ ഭാഷയിലുള്ള ഓ ല്യൂഡ്യാക്, നിക്കോഗ്ഡാ ന്യേ രാസ്സ്റ്റായൂഷ്ചിക്സ്യ എസ് ബിബ്ലിയെ (എപ്പോഴും സ്വന്തം ബൈബിൾ കൂടെ കൊണ്ടുനടക്കുന്നവർ) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ സോവിയറ്റ് യൂണിയനിലെ സാക്ഷികളുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ തള്ളിപ്പറയാൻ കൂട്ടാക്കാഞ്ഞതു നിമിത്തം ജയിലിൽ കഴിയേണ്ടി വന്ന സന്ദർഭങ്ങളിലും ബൈബിൾ ഉപയോഗപ്പെടുത്തുന്നതിന് യഹോവയുടെ സാക്ഷികൾ മാർഗങ്ങൾ കണ്ടെത്തി.” അതിന് ഒരു ഉദാഹരണവും അദ്ദേഹം നൽകുകയുണ്ടായി.
“തടവുകാർക്ക് ബൈബിൾ കൈവശം വെക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. തിരച്ചിലിനിടയിൽ കിട്ടുന്ന ബൈബിളുകൾ കണ്ടുകെട്ടുമായിരുന്നു. ഇലക്ട്രീഷ്യൻ ആയിരുന്ന ഒരു യഹോവയുടെ സാക്ഷിയെ വടക്കൻ തൊഴിൽപ്പാളയങ്ങളിൽ ഒന്നിൽ ആക്കിയിരുന്നു. ഉയർന്ന വോൾട്ടേജ് ഉള്ള ഒരു ട്രാൻസ്ഫോർമർ യൂണിറ്റിൽ ആയിരുന്നു അദ്ദേഹം ബൈബിൾ സൂക്ഷിച്ചിരുന്നത്. ബൈബിളിലെ ഓരോ പുസ്തകവും ഒരു ചരടിൽ കെട്ടിയ ശേഷം ഒരു പ്രത്യേക വയറുമായി അതു ബന്ധിപ്പിച്ചിരുന്നു. ഷോക്കേൽക്കാതെ അത്—ഉദാഹരണത്തിന്, മത്തായിയുടെ സുവിശേഷം—എടുക്കുന്നതിന് ഏതു ചരടിലാണു വലിക്കേണ്ടത് എന്ന് അദ്ദേഹത്തിനു മാത്രമേ അറിയാമായിരുന്നുള്ളൂ. ഗാർഡുകൾ അവിടെയെല്ലാം അരിച്ചുപെറുക്കി നോക്കിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. ഈ അപൂർവ ബൈബിൾ അങ്ങനെ ഒരിക്കലും കണ്ടുപിടിക്കപ്പെട്ടില്ല.”
[28-ാം പേജിലെ ചതുരം]
റഷ്യയിൽ യഹോവയുടെ സാക്ഷികൾ വീണ്ടും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു
റഷ്യയിൽ യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ചു സജീവമായി ഘോഷിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലധികമായി. എന്നിരുന്നാലും, ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങൾ നിമിത്തം, നിയമാംഗീകാരം കിട്ടാൻ അവർക്ക് 1991 മാർച്ച് 27 വരെ കാത്തിരിക്കേണ്ടി വന്നു. യുഎസ്എസ്ആറിലെ യഹോവയുടെ സാക്ഷികളുടെ മതസംഘടനാ ഭരണ നിർവഹണ കേന്ദ്രം എന്ന പേരിലായിരുന്നു ആ സമയത്ത് അവർ രജിസ്റ്റർ ചെയ്യപ്പെട്ടത്.
1997 സെപ്റ്റംബർ 26-ൽ “മനസ്സാക്ഷിക്കും മതപരമായ കൂട്ടായ്മയ്ക്കുള്ള സ്വാതന്ത്ര്യം” എന്ന പേരിൽ ഒരു നിയമം പ്രാബല്യത്തിൽ വന്നു. ഈ പുതിയ നിയമം ലോകമെമ്പാടും വളരെ വാർത്താപ്രാധാന്യം നേടുകയുണ്ടായി. എന്തുകൊണ്ട്? കാരണം, റഷ്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ മതപരമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമം ആയിട്ടാണ് പലരും അതിനെ വീക്ഷിച്ചത്.
അങ്ങനെ, വളരെ പാടുപെട്ട് 1991-ൽ നേടിയെടുത്ത രജിസ്
റ്റ്രേഷൻ ഉണ്ടായിരുന്നിട്ടും, യഹോവയുടെ സാക്ഷികളും അതുപോലെ മറ്റെല്ലാ മതസംഘടനകളും ഈ പുതിയ നിയമപ്രകാരം വീണ്ടും രജിസ്റ്റർ ചെയ്യണം എന്ന അവസ്ഥയായിത്തീർന്നു. അതു വളരെയധികം സംശയങ്ങൾക്ക് ഇടയാക്കി. യഹോവയുടെ സാക്ഷികളെ അടിച്ചമർത്തുക എന്ന പഴയ നയം വീണ്ടും റഷ്യൻ അധികൃതർ സ്വീകരിക്കുകയാണോ? അതോ, റഷ്യൻ ഫെഡറേഷന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതസഹിഷ്ണുതയും ആരാധനാസ്വാതന്ത്ര്യവും അവർ ഉയർത്തിപ്പിടിക്കുമോ?
ഒടുവിൽ ആ കാത്തിരിപ്പിനു ഫലമുണ്ടായി. 1999 ഏപ്രിൽ 29-ാം തീയതി റഷ്യൻ നീതിന്യായ മന്ത്രാലയം “റഷ്യയിലെ യഹോവയുടെ സാക്ഷികൾക്കുള്ള ഭരണ നിർവഹണ കേന്ദ്ര”ത്തിന് രജിസ്
റ്റ്രേഷൻ അനുവദിച്ചുകൊണ്ട് വീണ്ടും നിയമാംഗീകാരം നൽകിയപ്പോൾ അവിടത്തെ സാക്ഷികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു!
[23-ാം പേജിലെ ചിത്രം]
ഐക്യനാടുകളിൽ നടന്ന റഷ്യൻ ഭാഷയിലുള്ള ആദ്യത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ
[24-ാം പേജിലെ ചിത്രം]
ലോസാഞ്ചലസിലെ റഷ്യൻ സഭ ന്യൂയോർക്കിൽ അവതരിപ്പിച്ച ബൈബിൾ നാടകം
[25-ാം പേജിലെ ചിത്രം]
ന്യൂയോർക്കിൽ സ്നാപനമേറ്റ ഈ 14 പേർ ആറു മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നിന്നുള്ളവരാണ്
[26, 27 പേജുകളിലെ ചിത്രം]
15,000-ത്തിലധികം പേർ മോസ്കോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ കൂടിവന്നു