നോഹ—അവൻ ദൈവത്തോടൊത്തു നടന്നു—വീഡിയോ നിർമിച്ച വിധം
“അവൻ ഉറക്കമുണരുന്നതുതന്നെ അതേക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. പകൽസമയത്ത് മൂന്നോ നാലോ തവണ അവൻ അത് കാണും. പിന്നെ, കിടക്കാൻ പോകുന്നതിനു മുമ്പും.” കാലിഫോർണിയക്കാരിയായ ഈ അമ്മ എന്തിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്? അവരുടെ രണ്ടു വയസ്സുള്ള മകന് നോഹ—അവൻ ദൈവത്തോടൊത്തു നടന്നുa എന്ന വീഡിയോ കാസെറ്റിനോട് ഉള്ള ഇഷ്ടത്തെക്കുറിച്ച്. അവർ തുടരുന്നു: “വെളിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ കൈയിൽ അവന്റെ കുഞ്ഞുചുറ്റികയും കാണും. ജീവരക്ഷാകരമായ ഒരു പെട്ടകം പണിയാൻ പോകുകയാണെന്നാണ് അവൻ പറയുന്നത്.”
മറ്റൊരു അമ്മ ഇങ്ങനെ എഴുതി: “നോഹ വീഡിയോ നിർമാണത്തിനു പിന്നിലെ ശ്രമത്തിനും സമയത്തിനും സ്നേഹത്തിനും നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്ക് മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. ആ വീഡിയോ മുഴുവൻ അവനു മനഃപാഠമാണ്, അതിലെ സൗണ്ട് ഇഫക്ടുകൾ ഉൾപ്പെടെ! അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണത്. ദിവസം രണ്ടോ മൂന്നോ പ്രാവശ്യം എങ്കിലും അവന് അതു കാണണം.”
ഡാൻയെൽ എന്ന ഒരു കൊച്ചു പെൺകുട്ടി ഇങ്ങനെ എഴുതി: “എനിക്ക് അത് വളരെ ഇഷ്ടമായി. നോഹ ചെയ്തതു പോലെ ഞാനും ചെയ്യും. കുട്ടികൾക്കു വേണ്ടി നിങ്ങൾ ഇനിയും വീഡിയോകൾ ഉണ്ടാക്കണേ!”
ബൈബിൾ വീഡിയോ കാസെറ്റുകൾ ഉണ്ടാക്കുന്നതിനു ധാരാളം സമയം വേണം. അത് എന്തുകൊണ്ടാണ്?
നോഹ വീഡിയോയുടെ പണിപ്പുരയിലേക്ക് ഒരു എത്തിനോട്ടം
കഥയുടെ ഏതെങ്കിലും ഭാഗങ്ങൾ ഫിലിമിൽ പകർത്തുന്നതിനോ കഥയ്ക്കു വേണ്ടി ചിത്രങ്ങൾ വരയ്ക്കുന്നതിനോ മുമ്പ്, ഒരു തിരക്കഥാകൃത്ത് ബൈബിൾ വിവരണത്തെ ആസ്പദമാക്കി ഒരു ഇതിവൃത്തം മെനഞ്ഞെടുത്തു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പിന്നീട് സ്റ്റോറിബോർഡും അതിനുശേഷം തിരക്കഥയും ഉണ്ടാക്കിയത്. ഒരു കഥ ഏതു ക്രമത്തിൽ ചിട്ടപ്പെടുത്തണം എന്നു തീരുമാനിക്കാൻ കലാകാരന്മാരെ സഹായിക്കുന്നതിന് വരച്ചുകൂട്ടുന്ന കുറെ ചിത്രങ്ങളെയാണ് സ്റ്റോറിബോർഡ് എന്നു പറയുന്നത്. നോഹയുടെ ചരിത്രം എങ്ങനെയാണു ചിത്രീകരിക്കാൻ കഴിയുന്നതെന്നു കലാകാരന്മാർ ഉൾപ്പെടെ നിരവധി പേർ ഇരുന്നാലോചിച്ചു. ചിത്രീകരണത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ ചിത്രങ്ങൾ ഉപയോഗിച്ചാൽ നന്നായിരിക്കും, ഏതെല്ലാം ഭാഗങ്ങളിൽ അഭിനേതാക്കളെ ഉപയോഗിക്കണം എന്നെല്ലാം അവർ തീരുമാനിച്ചു. കുറെ ഭാഗങ്ങൾക്ക് അഭിനയത്തിലൂടെ ജീവൻ പകരുന്നത്, വിവരണം ഒരു സംഭവകഥയാണെന്ന കാര്യം ഇളംമനസ്സുകളിൽ പതിയാൻ സഹായിക്കും. ഒപ്പം, ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് യഹോവയെ സേവിച്ച യഥാർഥ മനുഷ്യരെ കുറിച്ചാണു ബൈബിൾ സംസാരിക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും. നിർമാണത്തിലെ അടുത്ത ഘട്ടം ഏതായിരുന്നു?
നോഹയും കുടുംബാംഗങ്ങളുമായി വേഷമിടാൻ കുറേ പേരെ തിരഞ്ഞെടുത്തു. അതിനുശേഷം അവരുടെ വേഷവിധാനം നിശ്ചയിക്കപ്പെട്ടു. ഓരോ രംഗത്തിനും അനുയോജ്യമായ വർണസംവിധാനം നിർണയിച്ചു. അഭിനേതാക്കൾ നോഹയുടെയും കുടുംബാംഗങ്ങളുടെയും വേഷവിധാനങ്ങൾ ഇട്ടു കണ്ടാൽ മാത്രമേ കലാകാരന്മാർക്ക് തനിമയോടെ അവരുടെ ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കുകയുള്ളൂ എന്നതുകൊണ്ട് മേൽപ്പറഞ്ഞ നടപടികളെല്ലാം ആവശ്യമായിരുന്നു. എന്നു മാത്രമല്ല, ഈ ചിത്രങ്ങൾ അഭിനേതാക്കൾ ജീവൻ പകരുന്ന രംഗങ്ങളുമായി യോജിച്ചുപോകുകയും വേണം. എന്നാൽ എവിടെവെച്ചാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്?
അതിനു തിരഞ്ഞെടുക്കപ്പെട്ടത് ഡെന്മാർക്ക് ആയിരുന്നു. കാരണം, വാച്ച് ടവർ സൊസൈറ്റിയുടെ ഡെന്മാർക്ക് ബ്രാഞ്ചിൽ, പ്രോപ്പുകൾ (ചിത്രീകരണത്തിനു വേണ്ടുന്ന, വേഷഭൂഷാദികൾ ഒഴിച്ചുള്ള സജ്ജീകരണങ്ങൾ) നിർമിക്കുന്നതിൽ വിദഗ്ധരായവർ ഉണ്ട്. കൂടാതെ, അകത്തെ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് അവിടത്തെ ഫാക്ടറിയിൽ വേണ്ടത്ര സ്ഥലസൗകര്യവും ഉണ്ട്. ന്യൂയോർക്കിലെ പാറ്റേഴ്സണിൽ ഉള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഡിയോ/വീഡിയോ സർവീസസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു സംഘം ചിത്രീകരണത്തിനു വേണ്ടി ഡെന്മാർക്കിലേക്കു തിരിച്ചു. സംഘത്തിൽ ഡാനിഷ് സഹോദരങ്ങളും ഉണ്ടായിരുന്നു. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾക്കു പകരം പുറമേ നിന്നൊരാൾ കഥ വിവരിക്കുന്ന രൂപത്തിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ, ഡബ്ബിങ്—തർജമ ചെയ്ത സംഭാഷണം ഓരോ രംഗങ്ങൾക്കും അനുസൃതമായി യോജിപ്പിക്കുക—എന്ന ബുദ്ധിമുട്ടു പിടിച്ച പണിയുടെ ആവശ്യം വരുന്നില്ലാത്തതുകൊണ്ട് മറ്റു ഭാഷകളിലും ഈ കാസെറ്റ് പുറത്തിറക്കുന്നത് വളരെ എളുപ്പമായിത്തീർന്നിരിക്കുന്നു. എന്നാൽ, ഈ വീഡിയോ കാസെറ്റിലെ രംഗങ്ങളിൽ ഉദ്ദിഷ്ട ഇഫക്ടുകൾ ജനിപ്പിക്കാൻ സാധിച്ചത് എങ്ങനെയാണ്?
പ്രത്യേക ക്യാമറയും രംഗസംവിധാനങ്ങളും
ആദ്യം തയ്യാറാക്കിയ സ്റ്റോറിബോർഡിനെ അടിസ്ഥാനമാക്കി, കലാകാരന്മാർ നൂറുകണക്കിന് ജലച്ചായാ ചിത്രങ്ങൾ വരച്ചുണ്ടാക്കിയിരുന്നു. എല്ലാ ചിത്രങ്ങളും സമചതുരാകൃതിയിലോ സമകോണാകൃതിയിലോ ഉള്ളവ ആയിരുന്നില്ല. ക്യാമറയുടെ ആംഗിളിന് അനുസരിച്ച് ചിലപ്പോഴെല്ലാം വളഞ്ഞതോ അണ്ഡാകൃതിയിൽ ഉള്ളതോ ആയ ചിത്രങ്ങളും ഉപയോഗിക്കുകയുണ്ടായി. ചിത്രങ്ങളുടെ ഏറ്റവും കൂടിയ വലിപ്പം 56/76 സെന്റിമീറ്ററും ഏറ്റവും കുറഞ്ഞ വലിപ്പം 28/38 സെന്റിമീറ്ററും ആയിരുന്നു. മിക്കവയും രണ്ടാമത്തെ ഗണത്തിൽ ഉള്ളവ ആയിരുന്നു.
ജലച്ചായാ ചിത്രങ്ങൾ ഫിലിമിലേക്കു പകർത്തുന്നതിന് ഒരു പ്രത്യേക ചലന നിയന്ത്രണ ക്യാമറയാണ് ഉപയോഗിച്ചത്. ത്രിമാന ഫലം ലഭിക്കുന്നതിന്, ചിത്രങ്ങൾ ഒന്നിനു പുറകിൽ ഒന്നായി മൂന്നു തലത്തിൽ—പൂർവതലം, മധ്യതലം, പശ്ചാത്തലം—ആയിട്ടാണു ക്രമീകരിച്ചത്. ഇതുവഴി, വേണമെങ്കിൽ വൃക്ഷങ്ങൾക്കിടയിലൂടെയും ആനയുടെ കാലുകൾക്കിടയിലൂടെയും ഒക്കെയുള്ള ദൃശ്യങ്ങളോ വലിയ ആഴത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതരം ദൃശ്യങ്ങളോ ഒക്കെ ഫിലിമിൽ പകർത്താൻ കഴിയുമായിരുന്നു. ഒരു കമ്പ്യൂട്ടറായിരുന്നു ഈ ക്യാമറ നിയന്ത്രിച്ചിരുന്നത്. ഈ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ ചലിക്കുന്ന പ്രതീതിയുളവാക്കാൻ കഴിയും. ചലിക്കേണ്ട വസ്തുവിൽ ഫോക്കസ് ചെയ്ത ശേഷം ക്യാമറ ആ വസ്തുവിനു ചുറ്റും തിരിക്കുന്നു. ക്യാമറ സൂം ചെയ്യുക വഴി പ്രത്യേക ഇഫക്ടുകൾ സൃഷ്ടിച്ചെടുക്കാനും കഴിയും.
യഥാർഥത്തിലുള്ള ആനിമേഷൻ ചിത്രങ്ങൾ നിർമിക്കുന്നതിനു വേണ്ട കഴിവുകളോ വിഭവങ്ങളോ വാച്ച് ടവർ സൊസൈറ്റിക്ക് ഇല്ലാത്തതിനാൽ, ചിത്രങ്ങളും അഭിനയ രംഗങ്ങളും തമ്മിൽ ഇടകലർത്തുന്ന രീതി അവലംബിക്കാനേ കഴിയുമായിരുന്നുള്ളൂ. 3 മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്കാണെങ്കിൽ—അവരെ മനസ്സിൽ കണ്ടുകൊണ്ടാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്—ഈ രീതി വളരെ ഇഷ്ടമാവുകയും ചെയ്തു. നോഹയിൽ നിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന അനേകം പാഠങ്ങൾ വീഡിയോ വ്യക്തമാക്കുന്നു. വീഡിയോയുടെ കവറിൽ കൊടുത്തിരിക്കുന്ന ചോദ്യാവലി കഥയുടെ മുഖ്യ ആശയങ്ങൾ കുട്ടികളുമായി പുനരവലോകനം ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്നു.
മറ്റു പ്രത്യേക ഇഫക്ടുകൾ—ഉദാഹരണത്തിന്, ജലപ്രളയത്തിന്റെ സമയത്ത് മഴ കൂടുതൽ കൂടുതൽ ശക്തമാകുന്ന ദൃശ്യം—സൃഷ്ടിച്ചെടുക്കാൻ തുണയായത് കമ്പ്യൂട്ടർ സാങ്കേതിക വിദ്യയാണ്. നോഹ വീഡിയോ നിർമിക്കുന്നതിന് വളരെയേറെ സമയവും സർഗാത്മക ശ്രമവും ആവശ്യമായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ?
ബൈബിൾ വിവരണങ്ങൾക്കു മാറ്റം സംഭവിക്കയില്ലാത്തതിനാൽ, നോഹ—അവൻ ദൈവത്തോടൊത്തു നടന്നു എന്ന വീഡിയോയുടെ പുതുമ ഒരിക്കലും നഷ്ടമാകുകയില്ല. അതുകൊണ്ടുതന്നെ, തലമുറകൾ എത്ര കഴിഞ്ഞാലും കുട്ടികളെ പഠിപ്പിക്കുന്നതിന് അത് ഉപയോഗിക്കാൻ കഴിയും. അഭിനന്ദനങ്ങൾ ചൊരിഞ്ഞും കൂടുതൽ കാസെറ്റുകൾ ആവശ്യപ്പെട്ടും കൊണ്ടുള്ള നൂറുകണക്കിനു കത്തുകളാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും കിട്ടിയത്. ഒരാൾ ഇങ്ങനെ എഴുതി: “എനിക്ക് 50 വയസ്സുണ്ട്. മക്കളൊക്കെ വളർന്നുവലുതായി. എന്നാലും, ബൈബിൾ കഥകളെ അടിസ്ഥാനപ്പെടുത്തിയുള്ള വീഡിയോകൾ കൊച്ചുകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് ഇന്ന് വലിയൊരു സഹായമായിരിക്കും എന്നു ഞാൻ കരുതുന്നു.”
[അടിക്കുറിപ്പ്]
a 1997-ലാണ് ഈ വീഡിയോ പ്രകാശനം ചെയ്തത്. അൽബേനിയൻ, ഇറ്റാലിയൻ, കൊറിയൻ, ക്രൊയേഷ്യൻ, ഗ്രീക്ക്, ചെക്ക്, ചൈനീസ്, ജാപ്പനീസ്, ഡച്ച്, ഡാനിഷ്, തായ്, നോർവീജിയൻ, പോർച്ചുഗീസ്, ഫിന്നിഷ്, ഫ്രഞ്ച്, ലാത്വിയൻ, സെർബിയൻ, സ്പാനിഷ്, സ്ലൊവാക്, സ്വീഡിഷ്, ഹംഗേറിയൻ എന്നീ ഭാഷകളിലേക്ക് അതു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഭാഷകളിലേക്ക് ഇതു പരിഭാഷപ്പെടുത്താൻ പദ്ധതിയുണ്ട്.
[22, 23 പേജുകളിലെ ചിത്രങ്ങൾ]
നിർമാണത്തിന്റെ ആദ്യപടിയായി സ്റ്റോറിബോർഡ് രൂപപ്പെടുത്തിയെടുത്തു
[23-ാം പേജിലെ ചിത്രങ്ങൾ]
മിക്ക അഭിനയ രംഗങ്ങളും ചിത്രീകരിച്ചത് ഡെന്മാർക്കിലായിരുന്നു
[24-ാം പേജിലെ ചിത്രങ്ങൾ]
കലാകാരന്മാർ 230 വ്യത്യസ്ത രംഗങ്ങൾ വരച്ചു ചായം കൊടുത്തു
[25-ാം പേജിലെ ചിത്രങ്ങൾ]
ചിത്രങ്ങൾക്കു ജീവൻ പകർന്നുകൊണ്ട് ചലന നിയന്ത്രണ ക്യാമറ റെക്കോർഡിങ് നടത്തുന്നു
[25-ാം പേജിലെ ചിത്രങ്ങൾ]
കമ്പ്യൂട്ടർ എഡിറ്റിങ്, പ്രത്യേക ഇഫക്ടുകൾ, കഥാ വിവരണം, സംഗീതം, ശബ്ദം എന്നിവ കൂടി ചേർന്നപ്പോഴാണ് വീഡിയോ പൂർത്തിയായത്