ബൈബിളിന്റെ വീക്ഷണം
യഥാർഥ വിശ്വാസം—അതെന്താണ്?
“വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”—എബ്രായർ 11:6.
വിശ്വാസം എന്നാൽ എന്താണ്? ചിലരുടെ അഭിപ്രായത്തിൽ ഈടുറ്റ തെളിവുകളൊന്നും ഇല്ലാതെതന്നെ ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച് ആളുകൾക്കുള്ള മതപരമായ നിശ്ചയമാണ് വിശ്വാസം. അമേരിക്കൻ പത്രപ്രവർത്തകനായ എച്ച്. എൽ. മെങ്കെൻ അതിനെ “അസംഭവ്യമായ ഒന്നിന്റെ സംഭവ്യതയിലുള്ള യുക്തിഹീനമായ നിശ്ചയം” എന്നു നിർവചിച്ചു. എന്നാൽ ഇതാണോ ബൈബിളിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള യഥാർഥ വിശ്വാസം? വിശ്വാസം എന്താണ് എന്നതു സംബന്ധിച്ചു വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം, മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വാക്യത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ‘വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയില്ല.’
ബൈബിൾ പറയുന്നു: ‘പ്രത്യാശിക്കുന്നവയെക്കുറിച്ചുള്ള ഉറപ്പാണു വിശ്വാസം.’ (എബ്രായർ 11:1, ഓശാന ബൈബിൾ) അതുകൊണ്ട് വിശ്വാസം സൂക്ഷ്മ പരിജ്ഞാനത്തിൽ, അതായത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന വസ്തുതകളിൽ അധിഷ്ഠിതമായിരിക്കണം. അങ്ങനെയാകുമ്പോൾ നിശ്ചയം മാത്രം പോരാ, അതിനെ പിന്താങ്ങുന്ന ഒരു കാരണവും ഉണ്ടായിരിക്കണം.
ഒരു ഉദാഹരണം പരിചിന്തിക്കുക: നിങ്ങൾക്ക് ഒരു വ്യക്തിയെ കുറിച്ച് “ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു; അദ്ദേഹം വാക്കു പാലിക്കുമെന്ന് ഉറപ്പാണ്; എനിക്കൊരു പ്രശ്നം നേരിട്ടാൽ അദ്ദേഹം എന്റെ സഹായത്തിനെത്തും എന്നതിൽ സംശയമില്ല” എന്നൊക്കെ പറയാൻ കഴിയുമെന്നു വിചാരിക്കുക. വെറും ഒന്നുരണ്ടു ദിവസത്തെ പരിചയം ഉള്ള ഒരു വ്യക്തിയെ കുറിച്ചു നിങ്ങൾ ഇങ്ങനെ പറയുമോ? ഇല്ല, താൻ ആശ്രയയോഗ്യനാണെന്നു പലവട്ടം തെളിയിച്ചിട്ടുള്ള ഒരു വ്യക്തി ആയിരിക്കണം അയാൾ. മതപരമായ വിശ്വാസത്തിന്റെ കാര്യത്തിലും ഇതുതന്നെ സത്യമാണ്. അത് ഈടുറ്റ, ആശ്രയയോഗ്യമായ തെളിവിൽ അധിഷ്ഠിതമായ പ്രത്യാശയും ബോധ്യവും ഉളവാക്കേണ്ടതുണ്ട്.
യഥാർഥ വിശ്വാസമോ ക്ഷണ വിശ്വാസമോ?
യഥാർഥ വിശ്വാസവും ക്ഷണ വിശ്വാസവും—സാധുവായ കാരണമോ അടിസ്ഥാനമോ ഇല്ലാതെ വിശ്വസിക്കാനുള്ള മനസ്സൊരുക്കം—തമ്മിലുള്ള വ്യത്യാസം ഇന്നു പലരും തിരിച്ചറിയുന്നില്ല. ക്ഷണ വിശ്വാസം മിക്കപ്പോഴും വികാരങ്ങളോ അന്ധവിശ്വാസങ്ങളോ പോലുള്ള ഇളകുന്ന അടിസ്ഥാനത്തിന്മേലാണ് പണിയപ്പെടുന്നത്. ആശ്രയയോഗ്യമായ കാരണങ്ങളിൽ അധിഷ്ഠിതമല്ലാത്ത അത് അടിയുറച്ച വിശ്വാസം അല്ല.
ക്ഷണ വിശ്വാസം, ഒരു വ്യക്തി ബൈബിൾ സത്യങ്ങളോടു ചേർച്ചയിലല്ലാത്ത നിഗമനങ്ങളിലേക്ക് എടുത്തു ചാടാൻ ഇടയാക്കിയേക്കാം. അതുകൊണ്ട്, അടിസ്ഥാനരഹിതമായ വിശ്വാസത്തിനെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) അപ്പൊസ്തലനായ പൗലൊസ് എഴുതി: “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.” (1 തെസ്സലൊനീക്യർ 5:21) ബൈബിൾ ക്ഷണ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേസമയം, തെളിവുകളിൽ അധിഷ്ഠിതമായ വിശ്വാസത്തെ അത് പ്രോത്സാഹിപ്പിക്കുകതന്നെ ചെയ്യുന്നു.
യഥാർഥ വിശ്വാസത്തെ ക്ഷണ വിശ്വാസത്തിൽനിന്നും വേർതിരിച്ചറിയാൻ കഴിയുക എന്നത് മർമപ്രധാനമായ ഒരു സംഗതിയാണ്. മതഭക്തനായ ഒരാൾക്കു പോലും യഥാർഥ വിശ്വാസം ഉണ്ടായിരിക്കണമെന്നില്ല. പൗലൊസ് ഇങ്ങനെ പറഞ്ഞു: “വിശ്വാസം എല്ലാവർക്കും ഇല്ല.” (2 തെസ്സലൊനീക്യർ 3:2) എന്നാൽ ചിലർക്ക് ബൈബിളധിഷ്ഠിത വിശ്വാസം ഉണ്ട്, അത് അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.
യഥാർഥ വിശ്വാസം മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്നു
വിശ്വാസത്തെ നമുക്ക് ഒരു ചങ്ങലയോട് ഉപമിക്കാൻ കഴിയും, ദൃഢമായ ഉറപ്പും ശക്തമായ ആശ്രയബോധവും കണ്ണികളായുള്ള ഒരു ചങ്ങല. അവ മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള വിശ്വാസം നട്ടുവളർത്തേണ്ട ഒന്നാണ്; അത് ജന്മനാ ഒരു വ്യക്തിക്കു ലഭിക്കുന്നതല്ല. നിങ്ങൾക്കെങ്ങനെ യഥാർഥ വിശ്വാസം വളർത്തിയെടുക്കാൻ കഴിയും? ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.”—റോമർ 10:17.
ആകയാൽ, ദൈവത്തെ കുറിച്ചും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളെ കുറിച്ചും മനസ്സിലാക്കാൻ നിങ്ങൾ സമയം എടുക്കേണ്ടതുണ്ട്. ശ്രമം കൂടാതെ ഈ അറിവു നേടാൻ കഴിയില്ല. (സദൃശവാക്യങ്ങൾ 2:1-9) ഈ പരിജ്ഞാനത്തിന്റെ ആശ്രയയോഗ്യത സംബന്ധിച്ചു ബോധ്യം ഉണ്ടായിരിക്കണമെങ്കിൽ ബൈബിൾ പറയുന്നതു മനസ്സിലാക്കാൻ നിങ്ങൾ കഠിനശ്രമം ചെയ്യണം.
എന്നാൽ യഥാർഥ വിശ്വാസത്തിൽ, എന്തെങ്കിലും സത്യമാണെന്ന കേവലമായ അറിവോ നിശ്ചയമോ ഉണ്ടായിരിക്കുന്നതിലും അധികം ഉൾപ്പെട്ടിട്ടുണ്ട്. പ്രേരണയുടെ ഇരിപ്പിടമായ ഹൃദയവും അതിൽ ഉൾപ്പെട്ടിരിക്കുന്നു. റോമർ 10:10 പറയുന്നു: ഒരുവൻ ‘ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കുന്നു.’ ഇതിന്റെ അർഥമെന്താണ്? ദൈവിക കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുകയും അവയോടുള്ള വിലമതിപ്പു വളർത്തിയെടുക്കുകയും ചെയ്യുമ്പോൾ ബൈബിൾ സത്യങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. അപ്പോൾ ദൈവത്തിന്റെ വാഗ്ദാനങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള പ്രേരണ നിങ്ങൾക്കുണ്ടാകും. അങ്ങനെ ചെയ്യവെ നിങ്ങളുടെ മേലുള്ള അവന്റെ അനുഗ്രഹത്തിന്റെ തെളിവു കാണുന്നത് നിങ്ങളുടെ വിശ്വാസം വളർന്നു കൂടുതൽ ശക്തമായിത്തീരാൻ ഇടയാക്കും.—2 തെസ്സലൊനീക്യർ 1:3.
യഥാർഥ വിശ്വാസം അമൂല്യമായ ഒരു നിധിയാണ്! അതു വളരെ പ്രയോജനപ്രദമായ ഒന്നാണ്. നമ്മുടെ ചുവടുകളെ വഴിനയിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയും നമ്മുടെ ആവശ്യങ്ങൾക്കായി കരുതാനുള്ള അവന്റെ മനസ്സൊരുക്കവും സംബന്ധിച്ച് ഉറപ്പുള്ളവരായി, അവനിൽ ശക്തമായി ആശ്രയിച്ചുകൊണ്ട് പ്രയാസ സമയങ്ങളെ തരണം ചെയ്യാൻ അതു നമ്മെ സഹായിക്കും. കൂടാതെ, ദൈവപുത്രനായ യേശുക്രിസ്തു ഒരു ദീർഘകാല പ്രയോജനത്തെ കുറിച്ചു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (യോഹന്നാൻ 3:16) നിത്യജീവൻ—യഥാർഥ വിശ്വാസമുള്ളവർക്കു ലഭിക്കുന്ന എത്ര മഹത്തായ സമ്മാനം!
തന്റെ ദാസന്മാർക്കു പ്രതിഫലം നൽകുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിലുള്ള വിശ്വാസം ഒരുവന് ജീവിതത്തെ സംബന്ധിച്ച് പുതിയ ഒരു കാഴ്ചപ്പാടു നൽകുന്നു. എബ്രായർ 11:6 പറയുന്നതനുസരിച്ച് ‘തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കാനുള്ള’ ദൈവത്തിന്റെ പ്രാപ്തി സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കുന്നതും യഥാർഥ വിശ്വാസത്തിന്റെ ഭാഗമാണ്. അപ്പോൾ വ്യക്തമായും, യഥാർഥ വിശ്വാസവും ക്ഷണ വിശ്വാസവും ഒന്നല്ല. യഥാർഥ വിശ്വാസത്തിൽ, വെറുതെ ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നതിനെക്കാൾ വളരെയേറെ ഉൾപ്പെട്ടിട്ടുണ്ട്. ഉത്സാഹപൂർവം തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം നൽകാനുള്ള ദൈവത്തിന്റെ പ്രാപ്തി അംഗീകരിക്കുന്നത് അതിൽ ഉൾപ്പെട്ടിരിക്കുന്നു. ദൈവത്തെ കുറിച്ച് അറിയാനുള്ള യഥാർഥവും ആത്മാർഥവുമായ ആഗ്രഹം നിങ്ങൾക്കുണ്ടോ? എങ്കിൽ, അവന്റെ വചനമായ ബൈബിളിൽ നിന്നുള്ള സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കുക. നിങ്ങളുടെ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും.—കൊലൊസ്സ്യർ 1:9, 10.
[26-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Drawings of Albrecht Dürer/Dover Publications, Inc.