“ഞങ്ങൾക്ക് വിശ്വാസം വർധിപ്പിച്ചുതരേണമേ”
“എന്റെ വിശ്വാസം ഇനിയും ബലപ്പെടുത്താൻ എന്നെ സഹായിക്കേണമേ.”—മർക്കോ. 9:24.
1. വിശ്വാസം എത്ര പ്രധാനമാണ്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളോടുതന്നെ ഇങ്ങനെ ചോദിച്ചിട്ടുണ്ടോ, ‘മഹാകഷ്ടത്തിന്റെ സമയത്ത് എന്നെ രക്ഷിക്കാൻ യഹോവ ആഗ്രഹിക്കുമോ?’ അതിജീവനത്തിന് ആവശ്യമായ ഒരു അതിപ്രധാനഗുണമാണ് വിശ്വാസം എന്ന് പൗലോസ് അപ്പൊസ്തലൻ പറഞ്ഞു. “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല” എന്ന് അവൻ കൂട്ടിച്ചേർത്തു. (എബ്രാ. 11:6) ഇതൊക്കെ എളുപ്പമാണെന്ന് തോന്നാമെങ്കിലും, “വിശ്വാസം എല്ലാവർക്കും ഇല്ല” എന്നതാണ് സത്യം. (2 തെസ്സ. 3:2) വിശ്വാസം ശക്തമാക്കേണ്ടത് എത്ര പ്രധാനമാണെന്ന് മനസ്സിലാക്കാൻ ഈ രണ്ടു തിരുവെഴുത്തുകൾ നമ്മളെ സഹായിക്കുന്നു.
2, 3. (എ) വിശ്വാസമുണ്ടായിരിക്കുക എന്നത് എത്ര പ്രധാനമാണ്? (ബി) നമ്മൾ ഇപ്പോൾ എന്ത് പരിചിന്തിക്കും?
2 “ശോധനചെയ്യപ്പെട്ട” വിശ്വാസത്തെക്കുറിച്ച് പത്രോസ് അപ്പൊസ്തലൻ പറഞ്ഞു. (1 പത്രോസ് 1:7 വായിക്കുക.) മഹാകഷ്ടം വളരെ അടുത്താണ്. “വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്ന കൂട്ടത്തി”ലായിരിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. (എബ്രാ. 10:39) അതുകൊണ്ട് വിശ്വാസം ശക്തമാക്കാൻ നമ്മൾ കഠിനമായി യത്നിക്കണം. രാജാവായ യേശുക്രിസ്തു വെളിപ്പെടുമ്പോൾ, പ്രതിഫലം വാങ്ങുന്നവരുടെ കൂട്ടത്തിലായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് വിശ്വാസം വർധിപ്പിച്ചുതരാൻ യേശുവിനോട് യാചിച്ച മനുഷ്യനെപ്പോലെ, “വിശ്വാസം ഇനിയും ബലപ്പെടുത്താൻ എന്നെ സഹായിക്കേണമേ” എന്ന് നമ്മളും യാചിച്ചേക്കാം. (മർക്കോ. 9:24) അല്ലെങ്കിൽ അപ്പൊസ്തലന്മാരെപ്പോലെ, “ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ” എന്ന് നമ്മൾ പറഞ്ഞേക്കാം.—ലൂക്കോ. 17:5.
3 ഈ ലേഖനത്തിൽ നമ്മൾ പിൻവരുന്ന കാര്യങ്ങൾ ചിന്തിക്കും: വിശ്വാസം എങ്ങനെ പണിതുയർത്താം? അത് ശക്തമാണെന്ന് എങ്ങനെ തെളിയിക്കാം? വിശ്വാസം വർധിപ്പിച്ചുതരേണമേ എന്ന് അപേക്ഷിക്കുമ്പോൾ ദൈവം ഉത്തരം നൽകുമെന്ന് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
വിശ്വാസം വളർത്തിയെടുക്കുമ്പോൾ ദൈവം സംപ്രീതനാകും
4. വിശ്വാസം ശക്തമാക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നതിന് ആരുടെയെല്ലാം മാതൃകകൾക്ക് കഴിയും?
4 വിശ്വാസം എന്നത് വളരെ പ്രധാനമായ ഒന്നാണ്. അതുകൊണ്ടാണ് വിശ്വാസത്തിന്റെ അനേകം മാതൃകകൾ യഹോവ ബൈബിളിൽ നൽകിയിരിക്കുന്നത്. അബ്രാഹാം, സാറാ, യിസ്ഹാക്ക്, യാക്കോബ്, മോശ, രാഹാബ്, ഗിദെയോൻ, ബാരാക്ക് അങ്ങനെ എത്ര പേർ! ഇവരുടെയും ഇവരെപ്പോലുള്ളവരുടെയും മാതൃകകൾക്ക് വിശ്വാസം ശക്തമാക്കുന്നതിന് നമ്മളെ പ്രചോദിപ്പിക്കാൻ കഴിയും. (എബ്രാ. 11:32-35) ഇവയെല്ലാം ‘എഴുതപ്പെട്ടത് നമ്മുടെ പ്രബോധനത്തിനുവേണ്ടിയാണ്.’ (റോമ. 15:4) ഈ മുൻകാല മാതൃകകൾക്ക് പുറമേ, ഇക്കാലത്തെ നമ്മുടെ സഹോദരീസഹോദരന്മാരുടെ ഇടയിലും വിശ്വാസത്തിന്റെ ഉജ്ജ്വലമാതൃകകളുണ്ട്.a
5. യഹോവയിൽ ശക്തമായ വിശ്വാസമുണ്ടെന്ന് ഏലിയാവ് കാണിച്ചത് എങ്ങനെ, നമ്മൾ സ്വയം ഏത് ചോദ്യം ചോദിക്കണം?
5 ബൈബിളിൽനിന്നുള്ള ഒരു ഉദാഹരണം ഏലിയാപ്രവാചകനാണ്. അവന്റെ മാതൃകയെക്കുറിച്ച് ധ്യാനിക്കുമ്പോൾ, യഹോവയിൽ അവൻ ശക്തമായ വിശ്വാസം പ്രകടമാക്കിയ അഞ്ചു സാഹചര്യങ്ങൾ ശ്രദ്ധിക്കുക. (1) അവൻ ആഹാബ് രാജാവിനോട്, യഹോവ ഒരു വരൾച്ച വരുത്തുമെന്ന് അറിയിച്ചുകൊണ്ട് തികഞ്ഞ ബോധ്യത്തോടെ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ സേവിച്ചുനിൽക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, . . . ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല.” (1 രാജാ. 17:1) (2) വരൾച്ചക്കാലത്തുടനീളം യഹോവ തനിക്കും മറ്റുള്ളവർക്കും ആവശ്യമായതെല്ലാം നൽകുമെന്ന് ഏലിയാവ് വിശ്വസിച്ചു. (1 രാജാ. 17:4, 5, 13, 14) (3) വിധവയുടെ മകനെ യഹോവയ്ക്ക് ഉയിർപ്പിക്കാൻ കഴിയുമെന്ന ഉറപ്പ് അവനുണ്ടായിരുന്നു. (1 രാജാ. 17:21) (4) കർമേൽ പർവ്വതത്തിൽ അവൻ ഒരുക്കിയ യാഗവസ്തുക്കൾ യഹോവ തീ അയച്ച് ദഹിപ്പിക്കുമെന്ന കാര്യത്തിൽ അവന് യാതൊരു സംശയവുമില്ലായിരുന്നു. (1 രാജാ. 18:24, 37) (5) മഴ പെയ്യാൻപോകുന്നതിന്റെ യാതൊരു ലക്ഷണവുമില്ലാതിരിക്കെത്തന്നെ ഏലിയാവ് തികഞ്ഞ ആത്മവിശ്വാസത്തോടെ ആഹാബിനോട് ഇങ്ങനെ പറഞ്ഞു: “നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ട്.” (1 രാജാ. 18:41) ഈ അനുഭവങ്ങളെല്ലാം പരിചിന്തിച്ചശേഷം നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ഏലിയാവിന്റേതുപോലെ അത്ര ശക്തമായ വിശ്വാസമാണോ എന്റേത്?’
വിശ്വാസം വളർത്തിയെടുക്കാൻ നമുക്ക് എന്ത് ചെയ്യാം?
6. നമുക്ക് വിശ്വാസം വളർത്തിയെടുക്കുന്നതിന് യഹോവയിൽനിന്ന് എന്ത് ആവശ്യമാണ്?
6 നമുക്ക് നമ്മുടെ സ്വന്തം കഴിവുകൊണ്ട് വിശ്വാസം വളർത്തിയെടുക്കാൻ സാധ്യമല്ല. അതുകൊണ്ട് പരിശുദ്ധാത്മാവിനെ നൽകേണമേ എന്ന് നമ്മൾ ദൈവത്തോട് അപേക്ഷിക്കണം. എന്തുകൊണ്ട്? കാരണം, പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഒരു പ്രത്യേകതയാണ് വിശ്വാസം. (ഗലാ. 5:22) നമ്മൾ യേശുവിന്റെ ഉപദേശം അനുസരിച്ച് പരിശുദ്ധാത്മാവിനെ കൂടുതലായി നൽകാൻ അപേക്ഷിക്കുമ്പോൾ നമ്മൾ ജ്ഞാനികളാണെന്ന് കാണിക്കുകയാണ്. ‘തന്നോടു ചോദിക്കുന്നവർക്ക് യഹോവ പരിശുദ്ധാത്മാവിനെ നൽകും’ എന്ന് യേശു ഉറപ്പുതന്നിട്ടുണ്ട്.—ലൂക്കോ. 11:13.
7. വിശ്വാസം നമുക്ക് എങ്ങനെ ശക്തമാക്കി നിലനിറുത്താം?
7 ദൈവത്തിലുള്ള വിശ്വാസം വളർന്ന് ശക്തമായിത്തീർന്നാൽ നമ്മൾ അത് ജ്വലിപ്പിച്ചുനിറുത്തണം. വിശ്വാസത്തെ നമുക്ക് ഒരു തീക്കുണ്ഡത്തോട് താരതമ്യം ചെയ്യാം. തുടക്കത്തിൽ തീജ്വാലകൾ വളരെ ശക്തമായിരിക്കും. എങ്കിലും, വീണ്ടും വിറക് ഇട്ടുകൊടുക്കുന്നില്ലെങ്കിൽ തീ ക്രമേണ അണഞ്ഞുപോകുകയും തീക്കുണ്ഡം തണുത്ത് ചാരക്കൂമ്പാരമായി മാറുകയും ചെയ്യും. എന്നാൽ നമ്മൾ വിറക് ഇട്ടുകൊടുത്തുകൊണ്ടിരിക്കുകയാണെങ്കിൽ, നമുക്ക് തീക്കുണ്ഡത്തെ ജ്വലിപ്പിച്ച് നിറുത്താനാകും. നമ്മുടെ വിശ്വാസത്തിന്റെ കാര്യവും ഇങ്ങനെതന്നെയാണ്. ദൈവവചനം ക്രമമായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ ബൈബിളിനോടും യഹോവയോടും ഉള്ള നമ്മുടെ സ്നേഹം വളർന്നുകൊണ്ടേയിരിക്കും. അതിന്റെ ഫലമായി നമ്മുടെ വിശ്വാസം നിലനിൽക്കുകയും ശക്തമാകുകയും ചെയ്യും.
8. വിശ്വാസം വളർത്തിയെടുക്കാനും നിലനിറുത്താനും നമ്മളെ എന്ത് സഹായിക്കും?
8 സ്നാനമേൽക്കുന്നതിനു മുമ്പ് പഠിച്ച കാര്യങ്ങൾകൊണ്ട് മാത്രം തൃപ്തരാകരുത്. (എബ്രാ. 6:1, 2) ഉദാഹരണത്തിന്, ഇതിനോടകം നിവൃത്തിയേറിയ ബൈബിൾപ്രവചനങ്ങളെക്കുറിച്ച് പഠിക്കുക. കാരണം, വിശ്വാസം വളർത്തിയെടുക്കാനും നിലനിറുത്താനും അതിന് നിങ്ങളെ സഹായിക്കാനാകും. നിങ്ങളുടെ വിശ്വാസം യഥാർഥത്തിൽ ശക്തമാണോ എന്ന് അറിയാനും ദൈവവചനം ഉപയോഗിക്കാൻ കഴിയും.—യാക്കോബ് 1:25; 2:24, 26 വായിക്കുക.
9, 10. (എ) വിശ്വാസം ശക്തമാക്കാൻ ‘നല്ല സുഹൃത്തുക്കൾ’ സഹായിക്കുന്നത് എങ്ങനെ? (ബി) വിശ്വാസം ശക്തമാക്കാൻ ‘സഭായോഗങ്ങൾ’ സഹായിക്കുന്നത് എങ്ങനെ? (സി) വിശ്വാസം ശക്തമാക്കാൻ പ്രസംഗപ്രവർത്തനം സഹായിക്കുന്നത് എങ്ങനെ?
9 “വിശ്വാസത്താൽ . . . പരസ്പരം പ്രോത്സാഹനം” നൽകാൻ ക്രിസ്ത്യാനികൾക്കാകുമെന്ന് പൗലോസ് അപ്പൊസ്തലൻ പറഞ്ഞു. (റോമ. 1:12) എന്താണ് അതിന്റെ അർഥം? നമ്മുടെ സഹോദരീസഹോദരന്മാരോടൊപ്പം, വിശേഷിച്ച് “ശോധനചെയ്യപ്പെട്ട വിശ്വാസം” ഉള്ളവരോടൊപ്പം, സമയം ചെലവഴിക്കുമ്പോൾ നമുക്ക് അന്യോന്യം വിശ്വാസം ശക്തമാക്കാൻ കഴിയും. (യാക്കോ. 1:3) ചീത്ത സുഹൃത്തുക്കൾ നമ്മുടെ വിശ്വാസം തകർക്കുന്നു. നല്ല സുഹൃത്തുക്കളാകട്ടെ വിശ്വാസം വളർത്തുന്നു. (1 കൊരി. 15:33) അതുകൊണ്ടാണ് ക്രമമായി സഭായോഗങ്ങൾക്ക് ഹാജരാകണമെന്ന് നമ്മളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവിടെ നമുക്ക് ‘അന്യോന്യം പ്രോത്സാഹിപ്പിക്കാം.’ (എബ്രായർ 10:24, 25 വായിക്കുക.) കൂടാതെ, സഭായോഗങ്ങളിൽനിന്നു ലഭിക്കുന്ന നിർദേശങ്ങൾ നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കും. ‘വിശ്വാസം കേൾവിയാൽ വരുന്നു’ എന്ന് ബൈബിൾ പറയുന്നു. (റോമ. 10:17) അതുകൊണ്ട് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ക്രിസ്തീയയോഗങ്ങൾ എന്റെ ജീവിതത്തിലെ ഒരു അവിഭാജ്യഘടകമാണോ?’
10 ബൈബിളിൽനിന്നുള്ള സുവാർത്ത ആളുകളെ അറിയിക്കുമ്പോഴും അത് അവരെ പഠിപ്പിക്കുമ്പോഴും നമ്മൾ നമ്മുടെ വിശ്വാസം ശക്തമാക്കുകയാണ്. യഹോവയിൽ പൂർണമായ ആശ്രയം അർപ്പിക്കാനും ഏതൊരു സാഹചര്യത്തിലും അവനെക്കുറിച്ച് ധൈര്യത്തോടെ പ്രസംഗിക്കാനും ആദ്യകാല ക്രിസ്ത്യാനികളെപ്പോലെ നമ്മളും പഠിക്കുന്നു.—പ്രവൃ. 4:17-20; 13:46.
11. യോശുവയ്ക്കും കാലേബിനും ശക്തമായ വിശ്വാസമുണ്ടായിരുന്നത് എന്തുകൊണ്ട്, നമുക്ക് എങ്ങനെ അവരെപ്പോലെയാകാം?
11 യഹോവ നമ്മളെ സഹായിക്കുന്ന വിധം കാണുന്നതും നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതും അവനിലുള്ള നമ്മുടെ വിശ്വാസം വളരാൻ ഇടയാക്കും. അതാണ് യോശുവയുടെയും കാലേബിന്റെയും കാര്യത്തിൽ സംഭവിച്ചത്. വാഗ്ദത്തദേശം ഒറ്റുനോക്കാൻ പോയപ്പോൾ അവർ യഹോവയിൽ വിശ്വാസം പ്രകടമാക്കി. കാലം കടന്നുപോയപ്പോൾ, യഹോവ അവരെ സഹായിച്ചത് എങ്ങനെയെന്നു കണ്ട ഓരോ അവസരത്തിലും അവരുടെ വിശ്വാസം കൂടുതൽക്കൂടുതൽ ശക്തമായിത്തീർന്നു. യോശുവയ്ക്ക് ഇസ്രായേല്യരോട് ഉറച്ച ബോധ്യത്തോടെ ഇങ്ങനെ പറയാനായി: ‘യഹോവ നിങ്ങളോട് അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.’ അവൻ തുടർന്നു: “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ.” അവൻ ഇങ്ങനെയും പറഞ്ഞു: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” (യോശു. 23:14; 24:14, 15) യഹോവയിൽ ആശ്രയിക്കുകയും അവൻ നമ്മളെ വ്യക്തിപരമായി സഹായിക്കുന്നത് എങ്ങനെയെന്നു കാണുകയും ചെയ്യുമ്പോൾ അവനിലുള്ള നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാകും.—സങ്കീ. 34:8.
നമ്മുടെ വിശ്വാസം പ്രകടമാക്കാനാകുന്ന വിധം
12. ശക്തമായ വിശ്വാസമുണ്ടെന്ന് നമ്മൾ തെളിയിക്കുന്നത് എങ്ങനെയാണ്?
12 നമുക്ക് ശക്തമായ വിശ്വാസമുണ്ടെന്ന് നമ്മൾ പ്രകടമാക്കുന്നത് എങ്ങനെയാണ്? “എന്റെ വിശ്വാസം പ്രവൃത്തികളാൽ ഞാനും കാണിക്കാം” എന്ന് ശിഷ്യനായ യക്കോബ് പറഞ്ഞു. (യാക്കോ. 2:18) നമ്മുടെ പ്രവൃത്തികൾ നമുക്ക് ശക്തമായ വിശ്വാസമുണ്ടെന്ന് തെളിയിക്കുന്നു. അത് എങ്ങനെയെന്നു നമുക്ക് നോക്കാം.
ശുശ്രൂഷയിൽ തങ്ങളാലാകുന്നതെല്ലാം ചെയ്യുന്നവർ അവരുടെ ശക്തമായ വിശ്വാസം കാണിക്കുകയാണ് (13-ാം ഖണ്ഡിക കാണുക)
13. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ നമ്മൾ എങ്ങനെയാണ് നമ്മുടെ വിശ്വാസം തെളിയിക്കുന്നത്?
13 നമ്മുടെ വിശ്വാസം പ്രകടമാക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് പ്രസംഗപ്രവർത്തനം. എന്തുകൊണ്ട്? കാരണം, സുവാർത്ത പ്രസംഗിക്കുമ്പോൾ അന്ത്യം അടുത്തെത്തിയിരിക്കുകയാണെന്നും ‘അത് താമസിക്കുകയില്ലെന്നും’ ഉള്ള നമ്മുടെ വിശ്വാസമാണ് നമ്മൾ കാണിക്കുന്നത്. (ഹബ. 2:3) നമ്മുടെ വിശ്വാസം ശക്തമാണോ എന്ന് അറിയാൻ സ്വയം ഇങ്ങനെ ചോദിക്കാം: ‘പ്രസംഗപ്രവർത്തനം എനിക്ക് എത്ര പ്രധാനമാണ്? ദൈവത്തെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ ഞാൻ എന്നാലാകുന്നതെല്ലാം ചെയ്യുന്നുണ്ടോ? യഹോവയെ കൂടുതലായി സേവിക്കാൻ കഴിയുന്ന വിധങ്ങൾ ഞാൻ അന്വേഷിക്കുന്നുണ്ടോ?’ (2 കൊരി. 13:5) “രക്ഷയ്ക്കായി പരസ്യപ്രഖ്യാപനം”നടത്തിക്കൊണ്ട്, അതായത് സുവാർത്ത പ്രസംഗിച്ചുകൊണ്ട്, നമ്മുടെ വിശ്വാസത്തിന്റെ കരുത്ത് നമുക്ക് തെളിയിക്കാം.—റോമർ 10:10 വായിക്കുക.
14, 15. (എ) അനുദിനജീവിതത്തിൽ നമുക്ക് എങ്ങനെ വിശ്വാസം പ്രകടമാക്കാം? (ബി) ശക്തമായ വിശ്വാസം പ്രവൃത്തിയിലൂടെ പ്രകടമാക്കിയ ഒരു അനുഭവം പറയുക.
14 ഈ ലോകത്തിലെ കഷ്ടപ്പാടുകൾക്കു മധ്യേ സഹിച്ചുനിന്നുകൊണ്ടും നമ്മൾ യഹോവയിലുള്ള വിശ്വാസം പ്രകടമാക്കുന്നു. രോഗം, നിരുത്സാഹം, വിഷാദം, ദാരിദ്ര്യം, അല്ലെങ്കിൽ ഇത്തരത്തിലുള്ള മറ്റു പ്രശ്നങ്ങൾ നേരിടുമ്പോൾ യഹോവയും യേശുവും “അവശ്യഘട്ടങ്ങളിൽ” നമ്മളെ സഹായിക്കുമെന്നുള്ള വിശ്വാസം നമുക്കുണ്ടായിരിക്കണം. (എബ്രാ. 4:16) യഹോവയോട് സഹായം അഭ്യർഥിക്കുമ്പോൾ നമ്മൾ അവനിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. “ഞങ്ങൾക്ക് ആവശ്യമായ അപ്പം അന്നന്നു ഞങ്ങൾക്കു നൽകേണമേ” എന്ന് നമുക്ക് യഹോവയോട് അപേക്ഷിക്കാനാകുമെന്ന് യേശു പറഞ്ഞു. (ലൂക്കോ. 11:3) നമുക്ക് ആവശ്യമായതെന്തും നൽകാൻ യഹോവയ്ക്കു കഴിയുമെന്ന് ബൈബിളിലെ ചില വിവരണങ്ങൾ കാണിച്ചുതരുന്നു. ഉദാഹരണത്തിന്, ഇസ്രായേലിലുണ്ടായ ഒരു കൊടുംവരൾച്ചയുടെ സമയത്ത് യഹോവ ഏലിയാവിന് ഭക്ഷണവും വെള്ളവും നൽകി. “കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും” എന്ന് ബൈബിൾ പറയുന്നു. (1 രാജാ. 17:3-6) സമാനമായി, നമുക്കും ആവശ്യമായതെല്ലാം തരാൻ യഹോവയ്ക്കാകുമെന്ന് നമുക്ക് വിശ്വാസമുണ്ട്.
കഷ്ടപ്പാടുകൾക്കു മധ്യേ സഹിച്ചുനിന്നുകൊണ്ട് നമ്മൾ യഹോവയിലുള്ള വിശ്വാസം പ്രകടമാക്കുന്നു (14-ാം ഖണ്ഡിക കാണുക)
15 ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കുമ്പോൾ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കരുതാൻ കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ട്. ഏഷ്യയിൽനിന്നുള്ള റിബേക്ക എന്ന സഹോദരി, താനും കുടുംബവും മത്തായി 6:33-ലെയും സദൃശവാക്യങ്ങൾ 10:4-ലെയും തത്ത്വങ്ങൾ ബാധകമാക്കിയത് എങ്ങനെയെന്ന് പറയുന്നു. യഹോവയുമായുള്ള നല്ല ബന്ധത്തിന് ജോലി ഒരു തടസ്സമാണെന്ന് അവളുടെ ഭർത്താവിന് തോന്നിയെന്ന് അവൾ പറയുന്നു. അങ്ങനെ അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. നാലു മക്കളുള്ള ഒരു കുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് കുടുംബം പുലർത്തുന്നതിനായി അവർ ആഹാരസാധനങ്ങൾ ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി കുടുംബത്തിന്റെ ആവശ്യങ്ങൾ നടത്താൻ മതിയായ പണം എപ്പോഴും അവർക്കുണ്ടായിരുന്നു. അവൾ പറയുന്നു: “യഹോവ ഞങ്ങളെ കൈവിട്ടതായി ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഞങ്ങൾക്ക് ഒരു നേരംപോലും പട്ടിണി കിടക്കേണ്ടിവന്നിട്ടുമില്ല.” വിശ്വാസം ബലപ്പെടുത്തിയ ഇത്തരത്തിലുള്ള അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ?
16. നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്നെങ്കിൽ അതിന്റെ ഫലം എന്തായിരിക്കും?
16 യഹോവയുടെ മാർഗനിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ, അവൻ നമ്മളെ സഹായിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഹബക്കൂക്കിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “നീതിമാൻ വിശ്വാസത്താൽ ജീവിക്കും.” (ഗലാ. 3:11; ഹബ. 2:4) അതുകൊണ്ടാണ്, നമ്മളെ യഥാർഥത്തിൽ സഹായിക്കാൻ കഴിയുന്ന ദൈവത്തിൽ നമുക്ക് ശക്തമായ വിശ്വാസമുണ്ടായിരിക്കേണ്ടത്. “നമ്മിൽ വ്യാപരിക്കുന്ന തന്റെ ശക്തിയാൽ, നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും എല്ലാം ഉപരിയായി ചെയ്തുതരാൻ” കഴിയുന്നവനാണ് ദൈവം എന്ന് പൗലോസ് നമ്മളെ ഓർമിപ്പിക്കുന്നു. (എഫെ. 3:20) യഹോവയുടെ ഇഷ്ടം ചെയ്യാൻ തങ്ങളെക്കൊണ്ടാകുന്നതെല്ലാം അവന്റെ ദാസർ ചെയ്യുന്നു. എങ്കിലും അവർക്ക് പരിമിതികളുണ്ടെന്ന കാര്യം അവർ മറക്കുന്നില്ല. ദൈവം നമ്മോടൊപ്പമുള്ളതിലും നമ്മുടെ പ്രയത്നങ്ങളെ അനുഗ്രഹിക്കുന്നതിലും നമ്മൾ എത്ര നന്ദിയുള്ളവരാണ്!
വിശ്വാസത്തിനുവേണ്ടിയുള്ള പ്രാർഥനകൾക്ക് ഉത്തരം
17. (എ) യേശു അപ്പൊസ്തലന്മാർക്ക് എങ്ങനെയാണ് ഉത്തരം കൊടുത്തത്? (ബി) വിശ്വാസം വർധിപ്പിച്ചുതരാനുള്ള അപേക്ഷകൾക്ക് ഉത്തരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകുന്നത് എന്തുകൊണ്ട്?
17 ഇതുവരെ ചർച്ച ചെയ്ത കാര്യങ്ങളിൽനിന്ന്, “ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ” എന്ന് യേശുവിനോട് യാചിച്ച അപ്പൊസ്തലന്മാരെപ്പോലെ നമുക്കും തോന്നുന്നുണ്ടാകാം. (ലൂക്കോ. 17:5) എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ അപ്പൊസ്തലന്മാർക്ക് പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് യേശു അവരുടെ യാചനയ്ക്ക് ഒരു പ്രത്യേക വിധത്തിൽ ഉത്തരം കൊടുത്തു. അപ്പോൾ അവർക്ക് ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ആഴത്തിൽ ഗ്രഹിക്കാൻ കഴിഞ്ഞു. ഇത് അവരുടെ വിശ്വാസം ശക്തമാക്കി. ഫലമോ? അന്നുവരെ നടന്നിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും ബൃഹത്തായ പ്രസംഗവേലയ്ക്ക് അവർ തുടക്കം കുറിച്ചു. (കൊലോ. 1:23) വിശ്വാസം വർധിപ്പിച്ചുതരണമേ എന്നുള്ള നമ്മുടെ അപേക്ഷകൾക്ക് ഉത്തരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുമോ? കഴിയും. “തിരുഹിതപ്രകാരം നാം എന്ത് അപേക്ഷിച്ചാലും” തരുമെന്ന് യഹോവ വാക്കുതന്നിട്ടുണ്ട്.—1 യോഹ. 5:14
18. വിശ്വാസം വളർത്തിയെടുക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നത് എങ്ങനെ?
18 നമ്മൾ യഹോവയിൽ പൂർണമായി ആശ്രയിക്കുകയാണെങ്കിൽ, അവൻ നമ്മളിൽ പ്രസാദിക്കും, വിശ്വാസം വർധിപ്പിച്ചുതരാനുള്ള നമ്മുടെ അപേക്ഷകൾക്ക് ഉത്തരം നൽകും. നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാകും. അങ്ങനെ നമ്മൾ “ദൈവരാജ്യത്തിനു യോഗ്യരായി എണ്ണപ്പെടാൻ” ഇടയാകുകയും ചെയ്യും.—2 തെസ്സ. 1:3, 5.
a ഉദാഹരണങ്ങൾക്കായി ഫോറസ്റ്റ് ലീ (2001 മാർച്ച് 1, വീക്ഷാഗോപുരം), അരിസ്റ്റോട്ടെലിസ് അപ്പോസ്റ്റെലിഡിസ് (2002 ഫെബ്രുവരി 1, വീക്ഷാഗോപുരം), എനെലെസ് മ്സാങ് (2003 സെപ്റ്റംബർ 1, വീക്ഷാഗോപുരം), ജാക്ക് യോഹാൻസൻ (1998 ഒക്ടോബർ 22, ഉണരുക!) എന്നിവരുടെ ജീവിതകഥകൾ വായിക്കുക.