യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ വിദേശത്തു താമസമാക്കണമോ?
“മറ്റെവിടെയെങ്കിലും പോയി ജീവിക്കണമെന്ന് എനിക്കു തോന്നി.”—സാം.
“പുതിയ പുതിയ കാര്യങ്ങൾ കാണാൻ എനിക്കു കൊതിയായിരുന്നു, അത്രമാത്രം.”—മറിൻ.
“കുറച്ചുകാലം വീട്ടിൽനിന്നു മാറിത്താമസിക്കുന്നത് നല്ലതായിരിക്കുമെന്ന് ഒരു അടുത്ത സുഹൃത്ത് എന്നോടു പറഞ്ഞു.”—ആൻഡേഴ്സ്.
“സാഹസികത എന്നും എനിക്ക് ഒരു ഭ്രമമായിരുന്നു.”—ഹേഗൻ.
താത്കാലികമായിട്ടെങ്കിലും ഒരു വിദേശ രാജ്യത്ത് പാർക്കുന്നതിനെ കുറിച്ച് നിങ്ങൾ എന്നെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? വർഷന്തോറും ആയിരക്കണക്കിനു യുവജനങ്ങൾക്ക് ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുന്നു. ഒരിക്കൽ വിദേശത്തു പോകാൻ കഴിഞ്ഞ ആൻഡേഴ്സ് ഇങ്ങനെ പറയുന്നു: “ഇനിയും പോകണമെന്നാണ് എന്റെ ആഗ്രഹം.”
പണം സമ്പാദിക്കാനോ വിദേശ ഭാഷ പഠിക്കാനോ ഒക്കെയാണ് ചില യുവജനങ്ങൾ താത്കാലികമായിട്ടാണെങ്കിലും വിദേശത്തു താമസമാക്കുന്നത്. ദൃഷ്ടാന്തത്തിന്, പല രാജ്യങ്ങളിലും ഓപെയർ പരിപാടി വളരെ സാധാരണമാണ്. ഈ പരിപാടിയനുസരിച്ച്, വിദേശത്ത് എത്തുന്ന യുവജനങ്ങൾ ഒരു കുടുംബത്തിലെ വീട്ടു ജോലികൾ ചെയ്യുന്നു, പ്രതിഫലമായി അവർക്ക് അവിടെ താമസവും ഭക്ഷണവും ലഭിക്കുന്നു, കൂടാതെ മിച്ചമുള്ള സമയത്ത് അവർക്ക് പ്രാദേശിക ഭാഷ പഠിക്കാനും സാധിക്കുന്നു. വിദ്യാഭ്യാസത്തിനായി വിദേശത്തു പോകുന്ന യുവജനങ്ങളുമുണ്ട്. മറ്റു ചിലർ തങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് ജോലി കണ്ടെത്താനാണ് വിദേശത്തേക്കു യാത്രയാകുന്നത്. ഇനിയും ചിലർ വിദേശത്തു പോകുന്നത്, പഠനം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്തതുകൊണ്ടും വിദേശത്ത് അൽപ്പകാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടുമാണ്.
ചില ക്രിസ്തീയ യുവജനങ്ങളാണെങ്കിൽ, തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാനായി സുവിശേഷ പ്രസംഗകർ വളരെ കുറവുള്ള രാജ്യങ്ങളിലേക്കു മാറിപ്പാർത്തിട്ടുണ്ട്. ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും ശരി, ഒരു വിദേശ രാജ്യത്തു ജീവിക്കുന്നത് സ്വന്തം കാലിൽ നിൽക്കാൻ ഒരുവനെ പ്രാപ്തനാക്കിയേക്കാം. അത് വ്യത്യസ്ത സംസ്കാരങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അറിവു വർധിപ്പിക്കും. ഒരു വിദേശ ഭാഷയിൽ നൈപുണ്യം നേടാൻപോലും നിങ്ങൾക്കു കഴിഞ്ഞേക്കും. അത് ഒരു തൊഴിൽ കണ്ടെത്തുന്നത് എളുപ്പമാക്കുകയും ചെയ്യും.
എന്നിരുന്നാലും, വിദേശത്തു ജീവിക്കുന്നത് എല്ലായ്പോഴും ആസ്വാദ്യമായ ഒരു അനുഭവമല്ല. ദൃഷ്ടാന്തത്തിന്, എക്സ്ചേഞ്ച് സ്റ്റുഡന്റായി (തന്റെ രാജ്യത്തെ ഒരു സ്ഥാപനത്തിലേക്കു മറ്റൊരു രാജ്യത്തുനിന്ന് ഒരു വിദ്യാർഥി വരുമ്പോൾ പകരമായി ആ രാജ്യത്തെ ഒരു സ്ഥാപനത്തിലേക്കു പഠിക്കാൻ പോകുന്ന വിദ്യാർഥി) ഒരു വർഷം ചെലവഴിച്ച സൂസന്ന പറയുന്നതു ശ്രദ്ധിക്കുക: “അത് ആദിയോടന്തം നല്ലൊരു അനുഭവമായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ എന്റെ പ്രതീക്ഷകളൊക്കെ തെറ്റി.” ചില ചെറുപ്പക്കാർ ചൂഷണം ചെയ്യപ്പെടുകയോ ഗുരുതരമായ പ്രശ്നങ്ങളിൽ ചെന്നു ചാടുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് അതിന്റെ വരുംവരായ്കകളെ കുറിച്ചു ചിന്തിക്കുന്നത് ബുദ്ധിയായിരിക്കും.
നിങ്ങളുടെ ലക്ഷ്യം വിശകലനം ചെയ്യുക
വരുംവരായ്കകളെ കുറിച്ചു ചിന്തിക്കുമ്പോൾ, വിദേശത്തു പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നതിന്റെ കാരണം പരിചിന്തിക്കുന്നത് പ്രധാനമാണ്. ചിലർക്ക് ആത്മീയ താത്പര്യങ്ങൾ പിന്തുടരുന്നതോ കുടുംബത്തിനായി കരുതുന്നതോ പോലുള്ള ഉത്തമമായ ലക്ഷ്യങ്ങളാണ് ഉള്ളത്. എന്നാൽ, ആരംഭത്തിൽ പരാമർശിച്ച യുവജനങ്ങളെപ്പോലെ, സാഹസികതയോ കൂടുതലായ സ്വാതന്ത്ര്യമോ ഉല്ലാസമോ മാത്രമാണ് ഭൂരിപക്ഷത്തിന്റെയും ലക്ഷ്യം. അത് അതിൽത്തന്നെ തെറ്റല്ല. “യൌവനത്തിൽ സന്തോഷിക്ക” എന്നാണല്ലോ സഭാപ്രസംഗി 11:9 യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ അതോടൊപ്പം 10-ാം വാക്യം ഈ മുന്നറിയിപ്പു നൽകുന്നു: “നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകററി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക.”
മാതാപിതാക്കളുടെ നിയന്ത്രണത്തിൽനിന്നു സ്വതന്ത്രരാകാനാണു നിങ്ങൾ വിദേശത്തു പോകുന്നതെങ്കിൽ നിങ്ങൾ “വ്യസനം” ക്ഷണിച്ചുവരുത്തുകയായിരിക്കും. ധൂർത്തപുത്രനെ കുറിച്ചുള്ള യേശുവിന്റെ ഉപമ നിങ്ങൾക്ക് ഓർമയുണ്ടോ? ആ ചെറുപ്പക്കാരൻ വിദേശത്തേക്കു യാത്ര ചെയ്തത് തെളിവനുസരിച്ചു കൂടുതൽ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. എന്നാൽ അധികം താമസിയാതെ അയാൾ ആപത്തിൽ അകപ്പെട്ടു. അവൻ ഭക്ഷണമില്ലാതെ വിശന്നു വലയുകയും ആത്മീയമായി ഒരു രോഗിയായിത്തീരുകയും ചെയ്തു.—ലൂക്കൊസ് 15:11-16.
വീട്ടിലെ പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാനായി മാറിപ്പാർക്കുന്നവരുണ്ട്. എന്താണ് സംഭവിക്കുന്നത് (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഹൈക്ക ബെർഗ് ഇങ്ങനെ എഴുതുന്നു: “സന്തുഷ്ടനല്ലെന്ന ഒറ്റ കാരണത്താലാണു നിങ്ങൾ മാറിപ്പാർക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, . . . മറ്റെവിടെയെങ്കിലും പോയാൽ കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് കരുതുന്നതെങ്കിൽ—അതങ്ങു മറന്നേക്ക്!” നമുക്ക് ഇഷ്ടമില്ലാത്ത സാഹചര്യങ്ങളിൽനിന്ന് ഒളിച്ചോടുന്നതുകൊണ്ട് ഒരു നേട്ടവുമില്ല. മറിച്ച്, പ്രശ്നങ്ങളെ നേരിടുന്നതാണ് മെച്ചം.
അത്യാഗ്രഹവും ഭൗതികാസക്തിയുമാണ് അപകടകരമായ മറ്റു ലക്ഷ്യങ്ങൾ. പണസ്നേഹം നിമിത്തം അനേകം യുവജനങ്ങൾ വ്യവസായവത്കൃത രാജ്യങ്ങളിലെ ജീവിതത്തെ കുറിച്ചു വലിയ വലിയ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നു. എല്ലാ പാശ്ചാത്യരും ധനികരാണെന്നാണു ചിലർ വിചാരിക്കുന്നത്. എന്നാൽ അതു തികച്ചും തെറ്റാണ്. മാറിത്താമസിച്ചു കഴിയുമ്പോൾ അനേകം യുവജനങ്ങൾക്കും ദാരിദ്ര്യവുമായി മല്ലിടേണ്ടി വരുന്നു, അതും തികച്ചും അപരിചിതമായ ഒരു ദേശത്ത്.a ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:10.
നിങ്ങൾ തയ്യാറാണോ?
പരിചിന്തിക്കേണ്ട മറ്റൊരു ഘടകമുണ്ട്: വിദേശത്ത് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെയും പ്രശ്നങ്ങളെയും എതിർപ്പുകളെയും നേരിടാൻ തക്ക പക്വത നിങ്ങൾക്ക് ഉണ്ടെന്നുള്ളതു തീർച്ചയാണോ? സാധ്യതയനുസരിച്ച്, നിങ്ങൾക്ക് മറ്റൊരാളോടോ മറ്റൊരു കുടുംബത്തോടോ ഒപ്പം താമസിക്കുകയും അവരുടെ രീതികളുമായി പൊരുത്തപ്പെടുകയും ചെയ്യേണ്ടിവരും. അതുകൊണ്ട്, ഇപ്പോൾ നിങ്ങൾ വീട്ടിൽ എങ്ങനെയാണു പെറുമാറുന്നത്? നിങ്ങൾ പരിഗണനയില്ലാത്തവനും സ്വന്തം കാര്യം മാത്രം നോക്കുന്നവനും ആണെന്ന് മാതാപിതാക്കൾ പരാതി പറയാറുണ്ടോ? ഭക്ഷണകാര്യങ്ങളിൽ പിടിവാശി കാണിക്കുന്ന ആളാണോ നിങ്ങൾ? നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന വീട്ടുജോലികൾ ചെയ്യാൻ നിങ്ങൾ എത്രമാത്രം മനസ്സൊരുക്കം ഉള്ളവനാണ്? ഇവയൊക്കെ നിങ്ങൾക്കിപ്പോൾ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ, ഒരു വിദേശ രാജ്യത്ത് അവ നിങ്ങൾക്ക് എത്രമാത്രം പ്രശ്നം സൃഷ്ടിച്ചേക്കാമെന്ന് ഒന്നു ചിന്തിച്ചു നോക്കൂ!
നിങ്ങൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ, ആത്മീയത നിലനിർത്താൻ നിങ്ങൾക്കു സ്വയം കഴിയുമോ? അതോ, ബൈബിൾ പഠനവും ക്രിസ്തീയ യോഗങ്ങളും പ്രസംഗവേലയും അവഗണിക്കരുതെന്നു മാതാപിതാക്കൾ നിങ്ങളെ സദാ ഓർമിപ്പിക്കേണ്ടി വരുമോ? മാതൃരാജ്യത്തു നിങ്ങൾ അഭിമുഖീകരിച്ചിട്ടില്ലാത്ത തരം സമ്മർദങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തുനിൽക്കാൻ തക്ക ആത്മീയ കരുത്തു നിങ്ങൾക്കുണ്ടോ? എക്സ്ചേഞ്ച് സ്റ്റുഡന്റ് എന്ന നിലയിൽ വിദേശ രാജ്യത്തു പോയ ഒരു യുവക്രിസ്ത്യാനിയോട് സ്കൂളിൽ ചെന്ന ആദ്യദിവസംതന്നെ സഹപാഠികൾ പറഞ്ഞത് മയക്കുമരുന്ന് എവിടെ കിട്ടുമെന്നാണ്. പിന്നീട്, പുറത്തുപോയി ഒരുമിച്ചു സമയം ചെലവഴിക്കാൻ സഹപാഠിയായ ഒരു പെൺകുട്ടി അവനെ ക്ഷണിച്ചു. അവന്റെ മാതൃരാജ്യത്ത് ഒരു പെൺകുട്ടി ഒരിക്കലും അങ്ങനെയൊരു താത്പര്യം, അതും ഇതുപോലെ നേരിട്ട് പ്രകടിപ്പിക്കുമായിരുന്നില്ല. യൂറോപ്പിലേക്കു മാറിത്താമസിച്ച ഒരു യുവ ആഫ്രിക്കക്കാരൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു. “എന്റെ രാജ്യത്ത് അധാർമിക ചിത്രങ്ങൾ ഒരിടത്തുപോലും പരസ്യമായി പ്രദർശിപ്പിക്കില്ല. എന്നാൽ ഇവിടെയാണെങ്കിൽ എങ്ങോട്ടു തിരിഞ്ഞാലും അതേ കാണാനുള്ളൂ.” ഒരുവൻ ‘വിശ്വാസത്തിൽ ഉറച്ചവൻ’ അല്ലെങ്കിൽ വിദേശത്തേക്കു താമസം മാറ്റുന്നത് ആത്മീയ നാശത്തിലേക്കു നയിച്ചേക്കാം.—1 പത്രൊസ് 5:9, NW.
വസ്തുതകൾ ശേഖരിക്കുക
വിദേശത്തേക്കു താമസം മാറുന്നതിനു മുമ്പ് നിങ്ങൾ എല്ലാ വസ്തുതകളും ശേഖരിക്കേണ്ടതുണ്ട്. ഒരിക്കലും കേട്ടുകേഴ്വികളെ ആശ്രയിക്കരുത്. ദൃഷ്ടാന്തത്തിന്, ഒരു എക്സ്ചേഞ്ച് സ്റ്റുഡന്റ് പരിപാടിയെ കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അതിന് എന്തുമാത്രം ചെലവു വരും? മിക്കപ്പോഴും ലക്ഷക്കണക്കിനു രൂപ ചെലവുവരുന്ന പരിപാടിയാണത്. വിദേശത്തു നിങ്ങൾക്കു ലഭിക്കുന്ന വിദ്യാഭ്യാസം മാതൃരാജ്യത്ത് അംഗീകരിക്കപ്പെടുമോയെന്നും നിങ്ങൾ കണ്ടെത്തണം. കൂടാതെ, ആ രാജ്യത്തെ നിയമങ്ങൾ, സംസ്കാരം, ആചാരങ്ങൾ എന്നിവയെക്കുറിച്ചു സാധിക്കുന്നത്ര വിവരങ്ങൾ ശേഖരിക്കുക. അവിടെ ജീവിക്കുന്നത് എത്രമാത്രം ചെലവുള്ള സംഗതിയാണ്? എന്തെല്ലാം നികുതികൾ അടയ്ക്കേണ്ടതുണ്ട്? പരിഗണിക്കേണ്ടതായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ? അവിടെ ജീവിച്ചിട്ടുള്ള ആളുകളോടു സംസാരിക്കുന്നതു ഫലപ്രദമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.
അടുത്തതായി, താമസസൗകര്യത്തിന്റെ കാര്യം. എക്സ്ചേഞ്ച് സ്റ്റുഡന്റിന്റെ ആതിഥേയ മാതാപിതാക്കൾ സാധാരണഗതിയിൽ ഭൗതികമായി ഒന്നും പ്രതീക്ഷിക്കാറില്ല. എന്നുവരികിലും, ബൈബിൾ തത്ത്വങ്ങളെ ആദരിക്കാത്ത ആളുകളോടൊത്തു താമസിക്കുന്നത് വലിയ സമ്മർദങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാക്കിയേക്കാം. ചിലർക്ക് ഒരു പക്ഷേ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഒത്ത് താമസിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, നിർബന്ധിച്ച് ഒപ്പം താമസിപ്പിച്ചതാണെങ്കിൽ പോലും അവർക്ക് ഒരു ഭാരമാകാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അവരുമായുള്ള നിങ്ങളുടെ ബന്ധം വഷളാകുകയോ നഷ്ടപ്പെടുക പോലുമോ ചെയ്തേക്കാം.—സദൃശവാക്യങ്ങൾ 25:17.
വിദേശത്ത് ആയിരിക്കെ പണം സമ്പാദിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ, ലൗകിക അധികാരികളെ അനുസരിക്കാനുള്ള ക്രിസ്തീയ കടപ്പാട് ഒരിക്കലും വിസ്മരിക്കരുത്. (റോമർ 13:1-7) ആ രാജ്യത്തു ജോലിചെയ്യാൻ നിയമം നിങ്ങളെ അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, ഏതു വ്യവസ്ഥകളിൻ കീഴിൽ? നിയമവിരുദ്ധമായി ജോലിചെയ്യുന്ന പക്ഷം, സത്യസന്ധനായ ഒരു ക്രിസ്ത്യാനി എന്ന നിങ്ങളുടെ നിലയെ നിങ്ങൾ അപകടപ്പെടുത്തുകയാണ്. തന്നെയുമല്ല, അപകട ഇൻഷ്വറൻസ് പോലുള്ള അടിസ്ഥാന സംരക്ഷണങ്ങളും നിങ്ങൾക്കു ലഭിക്കില്ല. അവിടെ ജോലി ചെയ്യുന്നത് നിയമപരമായിട്ട് ആണെങ്കിൽ പോലും നിങ്ങൾ ജാഗ്രതയും വിവേകവും ഉള്ളവരായിരിക്കണം. (സദൃശവാക്യങ്ങൾ 14:15) കാരണം, തത്ത്വദീക്ഷയില്ലാത്ത തൊഴിലുടമകൾ മിക്കപ്പോഴും വിദേശികളെ ചൂഷണം ചെയ്യാറുണ്ട്.
ഒരു തീരുമാനം എടുക്കൽ
അപ്പോൾ, ഒരു വിദേശ രാജ്യത്തേക്കു താമസം മാറാൻ തീരുമാനിക്കുന്നത് ഗൗരവാവഹമായ ഒരു സംഗതിയാണെന്നു വ്യക്തമാണ്. അതേ, അതു നിസ്സാരമായി എടുക്കാവുന്ന ഒന്നല്ല. നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ഇരുന്ന്, ഉണ്ടായേക്കാവുന്ന പ്രയോജനങ്ങളെയും അപകടങ്ങളെയും കുറിച്ചു ശ്രദ്ധാപൂർവം വിചിന്തനം ചെയ്യുക. നിങ്ങളുടെ ആവേശം വിവേകത്തെ അടിമപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങൾ സത്യസന്ധമായി വിശകലനം ചെയ്യുക. മാതാപിതാക്കൾ പറയുന്നതു ശ്രദ്ധാപൂർവം കേൾക്കുക. നിങ്ങൾ നൂറുകണക്കിനു കിലോമീറ്റർ അകലെ താമസമാക്കിയാലും, നിങ്ങളുടെ കാര്യത്തിൽ അപ്പോഴും അവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾക്ക് അവരിൽനിന്നു സാമ്പത്തിക സഹായവും ആവശ്യമായി വന്നേക്കാം.
എല്ലാ വസ്തുതകളും പരിശോധിച്ചു കഴിയുമ്പോൾ താമസം മാറുന്നത്, ഒരുപക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ, ബുദ്ധിശൂന്യമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. അതു നിങ്ങളെ നിരാശപ്പെടുത്തിയേക്കാമെങ്കിലും, നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ആവേശകരമായ മറ്റ് അനേകം സംഗതികളുണ്ട്. ദൃഷ്ടാന്തത്തിന്, സ്വന്തം രാജ്യത്തുതന്നെയുള്ള രസകരമായ സ്ഥലങ്ങൾ സന്ദർശിക്കാനാകുമോയെന്നു നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? അല്ലെങ്കിൽ, ഒരു വിദേശ ഭാഷ ഇപ്പോൾത്തന്നെ പഠിച്ചു തുടങ്ങരുതോ? ഭാവിയിൽ ഒരുപക്ഷേ ഒരു വിദേശയാത്ര നടത്താനുള്ള അവസരം ലഭിച്ചേക്കാം.
എന്നാൽ, മാറിത്താമസിക്കാൻതന്നെ നിങ്ങൾ തീരുമാനിക്കുന്നെങ്കിലോ? വിദേശരാജ്യത്തെ നിങ്ങളുടെ താമസം എങ്ങനെ ഒരു വിജയമാക്കാൻ സാധിക്കുമെന്ന് അടുത്തൊരു ലക്കത്തിൽ ചർച്ച ചെയ്യും.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1991 ഏപ്രിൽ 1 ലക്കത്തിലെ “ഒരു സമ്പന്നരാജ്യത്തേക്കു മാറിപ്പാർക്കുന്നതിന്റെ വില നിശ്ചയിക്കൽ” എന്ന ലേഖനം കാണുക.
[13-ാം പേജിലെ ചിത്രം]
ചില യുവജനങ്ങൾ രാജ്യപ്രസംഗവേലയെ ഉന്നമിപ്പിക്കാനായി താമസം മാറുന്നു
[14-ാം പേജിലെ ചിത്രം]
താമസം മാറുന്നതിന്റെ വരുംവരായ്കകളെ കുറിച്ച് മാതാപിതാക്കളുമായി സംസാരിക്കുക