നിങ്ങൾക്ക് ‘മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?’
1. പൗലോസും സഹകാരികളും മാസിഡോണിയയിലേക്കു പോകാനിടയായ സാഹചര്യം എന്താണ്?
1 എ.ഡി. 49-നോടടുത്ത്, അപ്പൊസ്തലനായ പൗലോസ് തന്റെ രണ്ടാമത്തെ മിഷനറി പര്യടനത്തിനായി സിറിയയിലെ അന്ത്യൊക്യയിൽനിന്ന് യാത്രതിരിച്ചു. ഏഷ്യാമൈനറിലെ എഫെസൊസ് ഉൾപ്പെടെയുള്ള പട്ടണങ്ങൾ സന്ദർശിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. എന്നാൽ യാത്രയ്ക്കിടയിൽ, പരിശുദ്ധാത്മാവിനാൽ അവന് ഒരു ദർശനമുണ്ടായി; ആ ദർശനത്തിലൂടെ, ‘മാസിഡോണിയയിലേക്കു കടന്നുവരിക’ എന്ന ഒരു ക്ഷണം അവനു ലഭിച്ചു. (പ്രവൃ. 16:9, 10; 17:1, 2, 4) അവനും കൂടെയുള്ളവരും ആ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. അങ്ങനെ മാസിഡോണിയയിൽ ആദ്യത്തെ ക്രിസ്തീയ സഭ സ്ഥാപിതമായി! (പ്രവൃ. 16:9, 10; 17:1, 2, 4) ഇന്നും ലോകത്തിന്റെ ചില ഭാഗങ്ങളിൽ കൊയ്ത്തുവേലയ്ക്കായി കൂടുതൽ വേലക്കാരെ ആവശ്യമുണ്ട്. (മത്താ. 9:37, 38) നിങ്ങൾക്ക് മുന്നോട്ടുവരാനാകുമോ?
2. മറ്റൊരു പ്രദേശത്തേക്ക് മാറിത്താമസിക്കുന്ന കാര്യം പലരും ചിന്തിക്കാത്തത് എന്തുകൊണ്ട്?
2 സുവാർത്താഘോഷണത്തിന്റെ കാര്യത്തിൽ, ഒരു മിഷനറി ആയിരുന്ന പൗലോസിന്റെ അതേ ഉത്സാഹവും വാഞ്ഛയും നിങ്ങൾക്കും ഉണ്ടായിരിക്കാം; എന്നാൽ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പാർക്കുന്നതിനെക്കുറിച്ച് നിങ്ങൾ ഇതുവരെ ഗൗരവപൂർവം ചിന്തിച്ചിട്ടില്ലതാനും. ഗിലെയാദ് പരിശീലനം നേടാനോ മറ്റേതെങ്കിലും പ്രത്യേക പരിശീലനകോഴ്സുകളിൽ പങ്കെടുക്കാനോ ഉള്ള സാഹചര്യം നിങ്ങൾക്കില്ലായിരിക്കാം. അതിനുള്ള പ്രായം കടന്നുപോയി എന്നതായിരിക്കാം ഒരു കാരണം. അല്ലെങ്കിൽ നിങ്ങൾ ഏകാകിയായ ഒരു സഹോദരി ആയിരിക്കാം. അതുമല്ലെങ്കിൽ നിങ്ങൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉണ്ടായിരിക്കാം. പുതിയൊരു ഭാഷ പഠിക്കാൻ പറ്റുമോ എന്നൊരു ആശങ്കയായിരിക്കാം മറ്റൊരു പ്രദേശത്തേക്ക് മാറുന്നതിനുള്ള ഒരു പ്രതിബന്ധമായി നിങ്ങൾക്ക് തോന്നുന്നത്. ഇനി, മെച്ചപ്പെട്ട തൊഴിൽ തേടി മറ്റൊരു രാജ്യത്ത് ചേക്കേറിയ ഒരാളാണ് നിങ്ങളെന്നിരിക്കട്ടെ; സ്വദേശത്തേക്കു മടങ്ങിയാൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ എന്നൊരു ഭയം നിങ്ങൾക്കുണ്ടാകാം. എന്നാൽ ഇതേക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കുന്നെങ്കിൽ, രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള പ്രദേശത്തേക്ക് മാറിത്താമസിക്കുന്നതിന് മേൽപ്പറഞ്ഞവയൊന്നും ഒരു പ്രതിബന്ധമല്ലെന്ന് നിങ്ങൾക്കു മനസ്സിലാകും.
3. മറ്റൊരു പ്രദേശത്തു പോയി സേവിക്കാൻ പ്രത്യേക പരിശീലനം അനിവാര്യമല്ലാത്തത് എന്തുകൊണ്ട്?
3 പ്രത്യേക പരിശീലനം അനിവാര്യമോ? ശുശ്രൂഷ ഫലകരമായി നിർവഹിക്കാൻ പൗലോസിനെയും കൂട്ടാളികളെയും പ്രാപ്തരാക്കിയത് എന്താണ്? അവർ യഹോവയിലും അവന്റെ പരിശുദ്ധാത്മാവിലും ആശ്രയിച്ചു. (2 കൊരി. 3:1-5) അതുകൊണ്ട്, പ്രത്യേക പരിശീലനം നേടാനുള്ള സാഹചര്യം നിങ്ങൾക്കില്ലെങ്കിൽത്തന്നെയും മറ്റൊരു പ്രദേശത്തു പോയി ഫലകരമായി സുവാർത്ത ഘോഷിക്കാൻ നിങ്ങൾക്കു കഴിയും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? വാസ്തവത്തിൽ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെയും സേവനയോഗത്തിലൂടെയും നമുക്ക് നിരന്തരം പരിശീലനം ലഭിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി, ഏതെങ്കിലും പരിശീലന കോഴ്സിൽ പങ്കെടുക്കാൻ നിങ്ങൾ ലക്ഷ്യംവെച്ചിട്ടുണ്ടെങ്കിലോ? ശുശ്രൂഷയോടു ബന്ധപ്പെട്ട് മറ്റൊരിടത്തേക്കു മാറിത്താമസിക്കുന്നത് ഒരർഥത്തിൽ നിങ്ങളെ സഹായിക്കും. അതിലൂടെ കൈവരുന്ന അനുഭവസമ്പത്ത് ഭാവിയിൽ ഏതെങ്കിലും പ്രത്യേക പരിശീലനത്തിനായി നിങ്ങളെ ക്ഷണിക്കുമ്പോൾ ഉപകരിക്കും.
4. മറ്റൊരു പ്രദേശത്തേക്ക് മാറുന്നതിൽ പ്രായംചെന്നവർ ആശങ്കപ്പെടേണ്ടാത്തത് എന്തുകൊണ്ട്?
4 പ്രായമായവർ: വലിയ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ, ആത്മീയ പക്വതയുള്ള പ്രായംചെന്ന ക്രിസ്ത്യാനികൾക്ക് ആവശ്യം അധികമുള്ള മറ്റൊരു പ്രദേശത്തേക്ക് മാറിത്താമസിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്; അത് വലിയൊരു സഹായമായിരിക്കും. നിങ്ങൾ ജോലിയിൽനിന്ന് വിരമിച്ച ഒരാളാണോ? റിട്ടയർമെന്റിനുശേഷം ചിലർ സുവിശേഷഘോഷണാർഥം, കുറഞ്ഞ ചെലവിൽ നല്ല ചികിത്സ ലഭ്യമായ, ജീവിതച്ചെലവുതന്നെ കുറവായ പ്രദേശങ്ങളിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്. അങ്ങനെ, ലഭിക്കുന്ന പെൻഷൻ അൽപ്പം കുറവാണെങ്കിലും മാന്യമായി ജീവിക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു.
5. സുവിശേഷഘോഷകരുടെ ആവശ്യം ഏറെയുള്ള ഒരു പ്രദേശത്തേക്ക് മാറിത്താമസിച്ച ഒരു സഹോദരന്റെ അനുഭവം വിവരിക്കുക.
5 ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്തെ ഒരു സഹോദരൻ—ഒരു പയനിയറും മൂപ്പനുമാണ് ഇദ്ദേഹം—ജോലിയിൽനിന്ന് വിരമിച്ചശേഷം, ദക്ഷിണപൂർവേഷ്യയിലെ ഒരു പ്രമുഖ വിനോദസഞ്ചാര മേഖലയിലേക്ക് മാറിത്താമസിച്ചു. അവിടെയുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന ഒൻപതു പ്രസാധകരെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ചെറിയ കൂട്ടം 30,000 വരുന്ന അവിടത്തെ വിദേശികളായ താമസക്കാരോട് സുവാർത്ത പ്രസംഗിച്ചു. രണ്ടുവർഷംകൊണ്ട് അവരുടെ യോഗഹാജർ 50 ആയി. സഹോദരൻ പറയുന്നു: “ഇവിടേക്ക് മാറിത്താമസിച്ചതുവഴി പറഞ്ഞറിയിക്കാനാവാത്തത്ര അനുഗ്രഹങ്ങളാണ് എനിക്കു ലഭിച്ചത്!”
6. ആവശ്യമേറെയുള്ള ഒരു രാജ്യത്തേക്ക് മാറിത്താമസിച്ച ഏകാകിയായ ഒരു സഹോദരിയുടെ അനുഭവം പറയുക.
6 ഏകാകികളായ സഹോദരിമാർ: രാജ്യഘോഷകരുടെ ആവശ്യമേറെയുള്ള പ്രദേശങ്ങളിൽ സുവാർത്ത ഘോഷിക്കുന്നതിന് യഹോവ ആധുനികകാലത്ത് സഹോദരിമാരെ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. (സങ്കീ. 68:11) ഒരു യുവസഹോദരിയുടെ അനുഭവം നോക്കാം. മറ്റൊരു ദേശത്തുപോയി സേവിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു ഏകാകിയായ ഈ സഹോദരിക്ക്. പക്ഷേ, മാറിത്താമസിക്കുന്നത് സുരക്ഷിതമായിരിക്കുമോ എന്നൊരു ആശങ്ക സഹോദരിയുടെ മാതാപിതാക്കൾക്കുണ്ടായിരുന്നു. സഹോദരി എന്താണ് ചെയ്തത്? ആഭ്യന്തര പ്രശ്നങ്ങളോ സാമ്പത്തിക അസ്ഥിരതയോ ഇല്ലാത്ത ഒരു രാജ്യം തിരഞ്ഞെടുത്തിട്ട് ബ്രാഞ്ച് ഓഫീസിന് എഴുതി. സഹായകമായ വളരെയേറെ വിവരങ്ങൾ ബ്രാഞ്ചിൽനിന്ന് സഹോദരിക്കു ലഭിച്ചു. ആറുവർഷം സഹോദരി ആ പുതിയ രാജ്യത്ത് താമസിച്ചു; ഒട്ടേറെ അനുഗ്രഹങ്ങൾ അവർക്കു ലഭിച്ചു. അവർ പറയുന്നു: “നാട്ടിലായിരുന്നെങ്കിൽ ഇത്രയധികം ബൈബിളധ്യയനങ്ങൾ എനിക്ക് ലഭിക്കുകയില്ലായിരുന്നു. പല അധ്യയനങ്ങൾ നടത്താനായതുമൂലം എന്റെ പഠിപ്പിക്കൽ പ്രാപ്തിയും മെച്ചപ്പെട്ടു.”
7. മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിച്ച ഒരു കുടുംബത്തിന്റെ അനുഭവം വിവരിക്കുക.
7 കുടുംബങ്ങൾ: കുട്ടികൾ ഉള്ളവർക്ക് സുവിശേഷഘോഷണാർഥം മറ്റൊരു പ്രദേശത്തേക്ക് മാറിത്താമസിക്കാനാവില്ലെന്നുണ്ടോ? എട്ടും പത്തും വയസ്സുകാരായ രണ്ടുകുട്ടികളുള്ള ഒരു ദമ്പതികൾ ഇതൊന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. പിന്നീട് ആ അമ്മ ഇങ്ങനെ എഴുതി: “മക്കളെ ഈ രാജ്യത്ത് വളർത്തിക്കൊണ്ടുവരാനായതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. ഇവിടെ അവർക്ക് പയനിയർമാരുമായും മിഷനറിമാരുമായും ഇടപഴകാൻ ധാരാളം അവസരം ലഭിച്ചു. ആവശ്യം കൂടുതലുള്ളിടത്തേക്ക് മാറിത്താമസിച്ചത് ഞങ്ങളുടെ ജീവിതം ധന്യവും സന്തുഷ്ടവുമാക്കി.”
8. പുതിയൊരു ഭാഷ പഠിക്കാതെതന്നെ മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ സാധിക്കുമോ? വിശദീകരിക്കുക.
8 ഭാഷാപ്രശ്നം: പുതിയൊരു ഭാഷ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നു കരുതിയാണോ ഒരു അന്യനാട്ടിലേക്ക് മാറിത്താമസിക്കാൻ നിങ്ങൾ മടിക്കുന്നത്? വാസ്തവത്തിൽ, ആ സ്ഥലത്ത് നിങ്ങളുടെ ഭാഷ സംസാരിക്കുന്ന ധാരാളം ആളുകൾ ഉണ്ടായിരിക്കാം; അപ്പോൾ, മാതൃഭാഷയിൽത്തന്നെ സുവാർത്ത ഘോഷിക്കാനുള്ള അവസരം നിങ്ങൾക്കുണ്ടാകും. ഇംഗ്ലീഷുകാരായ ഒരു ദമ്പതികളുടെ അനുഭവം കാണുക. സ്പാനീഷ് ഭാഷ സംസാരിക്കുന്ന ഒരു രാജ്യത്തേക്ക് മാറിത്താമസിക്കാൻ അവർ തീരുമാനിച്ചു. കാരണം ഇംഗ്ലീഷ് സംസാരിക്കുന്ന ധാരാളം പേർ അന്യരാജ്യങ്ങളിൽനിന്നു വന്ന് ആ രാജ്യത്ത് പാർക്കുന്നുണ്ടായിരുന്നു. അവിടെ ഇംഗ്ലീഷ് സഭകളും ഉണ്ടായിരുന്നു. ബ്രാഞ്ച് ഓഫീസ് അവർക്ക് സഹായം ആവശ്യമുള്ള സഭകളെക്കുറിച്ചുള്ള വിവരങ്ങൾ അയച്ചുകൊടുത്തു. അതിൽനിന്ന് അവർ ഒരെണ്ണം തിരഞ്ഞെടുത്തു; രണ്ടുപ്രാവശ്യം ആ സഭ സന്ദർശിക്കുകയും ചെയ്തു. രണ്ടാമത്തെ സന്ദർശനത്തിനുശേഷം അവർ മടങ്ങിവന്ന് ഓരോ മാസത്തെയും ചെലവ് വെട്ടിച്ചുരുക്കി കുറച്ചു പണം സ്വരൂപിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ നല്ലൊരു തുക അവരുടെ കൈയിൽ വന്നു. ഒടുവിൽ പുതിയ സ്ഥലത്തേക്ക് താമസം മാറാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പുതിയ സ്ഥലത്ത് അവിടത്തെ സഹോദരന്മാരുടെ സഹായത്തോടെ തങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ചുള്ള ഒരു വീട് കണ്ടുപിടിക്കാനും അവർക്കു കഴിഞ്ഞു.
9, 10. ജോലിക്കായോ മറ്റോ അന്യരാജ്യത്ത് പോയി താമസമാക്കിയവർക്ക് എന്തു ചെയ്യാൻ കഴിയും, അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 പ്രവാസികൾ: നിങ്ങൾ ഇപ്പോൾ താമസിക്കുന്നത് മറ്റൊരു രാജ്യത്താണോ? ഒരുപക്ഷേ സത്യം പഠിക്കുന്നതിനുമുമ്പേ തൊഴിൽ തേടിയോ മറ്റോ നിങ്ങൾ അവിടെ താമസമാക്കിയതാകാം. സ്വന്തം രാജ്യത്ത് രാജ്യഘോഷകരുടെ ആവശ്യം ഏറെയുള്ള സ്ഥിതിക്ക് മടങ്ങിവരുന്നതിനെപ്പറ്റി നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? ഒരു അന്യനാട്ടുകാരനെ അപേക്ഷിച്ചുനോക്കിയാൽ നിങ്ങൾക്ക് സ്വന്തം നാട്ടിൽ ഒരു തൊഴിലും താമസസ്ഥലവും കണ്ടെത്താൻ കൂടുതൽ എളുപ്പമായിരിക്കും. ഭാഷയും നിങ്ങൾക്കൊരു പ്രശ്നമാകില്ല. മാത്രമല്ല അന്യദേശക്കാരനായ ഒരാളെക്കാൾ സ്വന്തം നാട്ടുകാരനായ ഒരാൾ സംസാരിക്കുമ്പോൾ ആളുകൾ സുവാർത്തയ്ക്ക് ചെവിതരാനുള്ള സാധ്യതയും ഏറെയാണ്.
10 അൽബേനിയക്കാരനായ ഒരു സഹോദരന്റെ ദൃഷ്ടാന്തം നോക്കാം. അഭയാർഥിയായി ഇറ്റലിയിലെത്തിയ അദ്ദേഹം അവിടെ നല്ലൊരു ജോലി കരസ്ഥമാക്കി. അൽബേനിയയിലുള്ള തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചുകൊണ്ട് അദ്ദേഹം ഇറ്റലിയിൽ താമസിച്ചുവരുകയായിരുന്നു. അവിടെവെച്ച് അദ്ദേഹം സത്യം പഠിക്കാൻ ഇടയായി. അങ്ങനെയിരിക്കെ, ഇറ്റലിക്കാരായ കുറെ പ്രത്യേക പയനിയർമാർ ആവശ്യം അധികമുള്ള അൽബേനിയയിലേക്ക് പോകാൻ തീരുമാനിച്ചു. അവരെ അൽബേനിയൻ ഭാഷ പഠിപ്പിക്കാനുള്ള ചുമതല സഹോദരനായിരുന്നു. സഹോദരൻ എഴുതുന്നു: “ഞാൻ ഉപേക്ഷിച്ചുപോന്ന പ്രദേശത്തേക്കാണ് അവർ ഇപ്പോൾ പോകുന്നത്. ഭാഷ അറിയില്ലെങ്കിലും എത്ര ഉത്സാഹമാണ് അവർക്ക് അവിടേക്കു പോകാൻ! ഞാൻ ഒരു അൽബേനിയക്കാരനാണ്, എനിക്ക് അൽബേനിയൻ ഭാഷ നന്നായി അറിയുകയും ചെയ്യാം. അങ്ങനെയാണെന്നിരിക്കെ എനിക്കെന്തുകൊണ്ട് അവിടേക്കു മടങ്ങിപ്പൊയ്ക്കൂടാ?” സ്വദേശത്തേക്ക് മടങ്ങിപ്പോയി അവിടെ സുവാർത്ത പ്രചരിപ്പിക്കാൻ സഹോദരൻ തീരുമാനിച്ചു. അദ്ദേഹം പറയുന്നു: “ഇറ്റലിയിലെ നല്ല ജോലിയും സമ്പത്തുമൊക്കെ ഉപേക്ഷിച്ചുപോന്നതിൽ എനിക്കു ദുഃഖമുണ്ടോ? ഒരിക്കലുമില്ല! അൽബേനിയയിൽ ഞാൻ അർഥവത്തായ ഒരു വേലയാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്കുള്ള സകലതുംകൊണ്ട് യഹോവയെ സേവിക്കുന്നതാണ് ശാശ്വത സന്തോഷം കൈവരുത്തുന്ന ശരിക്കുള്ള വേല!”
11, 12. മറ്റൊരിടത്തേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർ എന്തു ചെയ്യേണ്ടതുണ്ട്?
11 എന്താണു ചെയ്യേണ്ടത്? മാസിഡോണിയയിലേക്കു പോകുന്നതിനുമുമ്പ് പൗലോസും സഹകാരികളും പശ്ചിമഭാഗത്തേക്ക് യാത്രതിരിക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ “പരിശുദ്ധാത്മാവ് വിലക്കിയതിനാൽ” അവർ വടക്കുഭാഗത്തേക്ക് യാത്രയായി. (പ്രവൃ. 16:6) എന്നാൽ ബിഥുന്യക്ക് അടുത്തെത്തിയപ്പോൾ യേശു അവരെ വിലക്കി. (പ്രവൃ. 16:7) ഇന്നും യഹോവ യേശുവിലൂടെ പ്രസംഗവേലയ്ക്കു മേൽനോട്ടം വഹിച്ചുകൊണ്ടാണിരിക്കുന്നത്. (മത്താ. 28:20) അതുകൊണ്ട് സുവാർത്താഘോഷകരുടെ ആവശ്യം ഏറെയുള്ള ഒരു പ്രദേശത്തേക്കു താമസം മാറാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് യഹോവയുടെ നിർദേശത്തിനായി പ്രാർഥിക്കുകയാണ്.—ലൂക്കോ. 14:28-30; യാക്കോ. 1:5; “നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൂടുതൽ രാജ്യഘോഷകരെ ആവശ്യമുണ്ടെന്ന് എങ്ങനെ അറിയാം?” എന്ന ചതുരം കാണുക.
12 മറ്റൊരു സ്ഥലത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ നിങ്ങൾക്കു കഴിയുമോയെന്ന് അറിയാൻ സഭയിലെ മൂപ്പന്മാരോടും പക്വതയുള്ള മറ്റു ക്രിസ്ത്യാനികളോടും അഭിപ്രായം ആരായുക; സത്യസന്ധമായി നിങ്ങളെ വിലയിരുത്താൻ അവർക്കു കഴിഞ്ഞേക്കും. (സദൃ. 11:14; 15:22) ആവശ്യം അധികമുള്ളിടത്ത് പ്രവർത്തിക്കുന്നതിനെപ്പറ്റി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ലേഖനങ്ങൾ വായിക്കുക. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുക. ആ പ്രദേശമൊന്നു സന്ദർശിച്ച് കുറെ ദിവസം അവിടെ താമസിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നത് നല്ലതാണ്. മാറാൻ തീരുമാനിച്ചു കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾക്കായി ബ്രാഞ്ച് ഓഫീസിലേക്ക് എഴുതാവുന്നതാണ്. എന്നാൽ, ബ്രാഞ്ചിലേക്ക് നേരിട്ട് കത്തയയ്ക്കുന്നതിനുപകരം നിങ്ങളുടെ കത്ത് പ്രാദേശിക മൂപ്പന്മാർക്ക് കൈമാറുക. അവർ അവരുടെ അഭിപ്രായങ്ങളുംകൂടെ ചേർത്ത് ബ്രാഞ്ചിലേക്ക് അയയ്ക്കുന്നതായിരിക്കും.—യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 111-112 കാണുക.
13. ബ്രാഞ്ച് ഓഫീസ് നിങ്ങളെ ഏതുവിധത്തിൽ സഹായിക്കും, എന്നാൽ നിങ്ങൾ ചെയ്യാൻ പ്രതീക്ഷിക്കപ്പെടുന്ന കാര്യങ്ങളേവ?
13 തീരുമാനമെടുക്കാൻവേണ്ട സഹായകമായ വിവരങ്ങൾ ബ്രാഞ്ച് ഓഫീസ് നിങ്ങൾക്ക് അയച്ചുതരും. എന്നാൽ നിയമപരമായ രേഖകളോ ഫാറങ്ങളോ ഒന്നും ബ്രാഞ്ച് ഓഫീസ് നൽകുകയില്ല; താമസസ്ഥലം കണ്ടെത്താൻ സഹായിക്കുകയുമില്ല. അതെല്ലാം താമസം മാറുന്നതിന് മുമ്പ് നിങ്ങൾതന്നെ വേണ്ട അന്വേഷണങ്ങൾ നടത്തി ചെയ്യേണ്ടതാണ്. മാറിത്താമസിക്കാൻ തീരുമാനിക്കുന്നവർ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കും നിയമപരമായ കാര്യങ്ങൾക്കുമുള്ള പണം സ്വയം കണ്ടെത്താൻ പ്രതീക്ഷിക്കപ്പെടുന്നു.—ഗലാ. 6:5.
14. വേലയ്ക്ക് നിയന്ത്രണങ്ങളുള്ള രാജ്യങ്ങൾ സന്ദർശിക്കുകയോ അവിടേക്കു മാറിത്താമസിക്കുകയോ ചെയ്യുമ്പോൾ എന്തു ശ്രദ്ധിക്കണം?
14 വേലയ്ക്ക് നിയന്ത്രണങ്ങളുള്ള രാജ്യങ്ങൾ: ചിലയിടങ്ങളിൽ നമ്മുടെ സഹോദരങ്ങൾ വളരെ ശ്രദ്ധിച്ചാണ് യോഗങ്ങൾക്കു കൂടിവരികയും ശുശ്രൂഷയിൽ ഏർപ്പെടുകയുമൊക്കെ ചെയ്യുന്നത്. (മത്താ. 10:16) അങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടേക്കു താമസം മാറുകയും ചെയ്യുന്ന പ്രസാധകരുടെ അശ്രദ്ധമൂലം അവിടെയുള്ള സഹോദരങ്ങളുടെ ആരാധനാസ്വാതന്ത്ര്യം അപകടത്തിലായേക്കാം. മറ്റു കുഴപ്പങ്ങൾക്കും അതു വഴിവെച്ചേക്കാം. അങ്ങനെയുള്ള ഇടങ്ങളിലേക്കു മാറാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ദയവായി ആദ്യംതന്നെ നിങ്ങളുടെ മൂപ്പന്മാരുടെ സംഘംവഴി ബ്രാഞ്ച് ഓഫീസിനെ വിവരം അറിയിക്കുക.
15. മറ്റൊരിടത്തേക്കു മാറിത്താമസിക്കാൻ പറ്റാത്തവർക്ക് മറ്റ് ഏതെല്ലാം വിധങ്ങളിൽ ശുശ്രൂഷ വിപുലപ്പെടുത്താം?
15 ദൂരേയ്ക്ക് മാറിത്താമസിക്കാനാകില്ലെങ്കിൽ: ദൂരെയൊരിടത്തേക്ക് മാറാൻ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ നിരാശപ്പെടേണ്ടാ. “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ” അപ്പോഴും നിങ്ങളുടെ മുന്നിൽ തുറന്നുകിടപ്പുണ്ട്. (1 കൊരി. 16:8, 9) വീട്ടിൽനിന്ന് അധികം അകലെയല്ലാത്ത ഒരു പ്രദേശത്തുതന്നെ നിങ്ങൾക്ക് സേവിക്കാനായേക്കാം. നിങ്ങളുടെ സഞ്ചാര മേൽവിചാരകന് അങ്ങനെയുള്ള പ്രദേശങ്ങൾ അറിയാമായിരിക്കാം. അടുത്തുള്ള ഒരു സഭയോടൊത്തോ കൂട്ടത്തോടൊപ്പമോ നിങ്ങൾക്കു പ്രവർത്തിക്കാനായേക്കും. അല്ലെങ്കിൽ സ്വന്തം സഭയിൽത്തന്നെ നിങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്താവുന്നതാണ്. നിങ്ങളുടെ സാഹചര്യം ഏതുമായിക്കൊള്ളട്ടെ, മുഴുഹൃദയത്തോടെ ദൈവത്തെ ആരാധിക്കുന്നതാണു പ്രധാനം.—കൊലോ. 3:23.
16. സുവാർത്തയുടെ പ്രചരണാർഥം ആരെങ്കിലും മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ചാൽ നമ്മുടെ പ്രതികരണം എന്തായിരിക്കണം?
16 കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള ഇടങ്ങളിൽ സേവിക്കാൻ ലക്ഷ്യം വെച്ചിട്ടുള്ള, ആത്മീയ മനസ്കരായ സഹോദരീസഹോദരന്മാരെ നിങ്ങൾക്ക് അറിയാമോ? അങ്ങനെയുള്ളവർക്ക് വേണ്ടുന്ന പിന്തുണയും പ്രോത്സാഹനവും നൽകുക! പൗലോസ് രണ്ടാം മിഷനറി യാത്ര ആരംഭിക്കുന്ന സമയത്ത് അന്ത്യൊക്യ റോമൻ സാമ്രാജ്യത്തിലെ മൂന്നാമത്തെ (റോമും അലക്സാൻഡ്രിയയുമായിരുന്നു മറ്റു രണ്ടു നഗരങ്ങൾ) വലിയ നഗരമായിരുന്നു. അത്രയും വലിയൊരു പ്രദേശം പ്രവർത്തിച്ചുതീർക്കാനുണ്ടെന്നിരിക്കെ, അന്ത്യൊക്യ സഭയ്ക്ക് പൗലോസിന്റെ സഹായം വളരെ ആവശ്യമായിരുന്നു. പൗലോസ് അവിടെനിന്നു പോകുന്നത് അവർക്ക് വലിയൊരു നഷ്ടമാകുമായിരുന്നു. എങ്കിലും പൗലോസിനെ അവർ ഒരുതരത്തിലും നിരുത്സാഹപ്പെടുത്തിയില്ല. വിവരണം വ്യക്തമാക്കുന്നതുപോലെ, തങ്ങളുടെ പ്രദേശത്തു മാത്രമല്ല, ലോകമാകുന്ന വയലിൽ മുഴുവൻ സുവാർത്തയുടെ വിത്ത് വിതയ്ക്കപ്പെടണമെന്ന് ആ ക്രിസ്ത്യാനികൾക്ക് അറിയാമായിരുന്നു.—മത്താ. 13:38.
17. മറ്റു ദേശങ്ങളിലേക്കു നിങ്ങൾ ‘കടന്നുചെല്ലേണ്ടത്’ എന്തുകൊണ്ട്?
17 മാസിഡോണിയയിലേക്കു കടന്നുവരാനുള്ള ക്ഷണം സ്വീകരിച്ച പൗലോസിനും കൂട്ടാളികൾക്കും സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിച്ചു. മാസിഡോണിയയിലെ ഒരു പട്ടണമായ ഫിലിപ്പിയിൽവെച്ച് അവർ ലുദിയ എന്നു പേരുള്ള ഒരു സ്ത്രീയെ കണ്ടുമുട്ടി. “പൗലോസിന്റെ വാക്കുകൾക്കു ചെവികൊടുക്കേണ്ടതിന് യഹോവ അവളുടെ ഹൃദയം തുറന്നു” എന്ന് ബൈബിൾ പറയുന്നു. (പ്രവൃ. 16:14) ലുദിയയും അവളുടെ കുടുംബത്തിലുള്ള സകലരും സത്യം സ്വീകരിച്ച് സ്നാനമേറ്റു. പൗലോസിനും അവന്റെ കൂടെയുണ്ടായിരുന്നവർക്കും അത് എത്ര സന്തോഷം നൽകിയിരിക്കണം! ലുദിയയെപ്പോലെ സത്യാന്വേഷികളായ ഒട്ടനവധി ആളുകൾ പല പ്രദേശങ്ങളിലുമുണ്ട്. രാജ്യസുവാർത്ത അറിയാൻ അവർക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. നിങ്ങൾക്ക് അവിടേക്കു ‘കടന്നുചെല്ലാനായാൽ’ യഹോവയുടെ സത്യമാർഗം അവരെ പഠിപ്പിക്കാനാകുന്നതിന്റെ സന്തോഷം നിങ്ങൾക്ക് അനുഭവിക്കാനാകും!
[5-ാം പേജിലെ ചിത്രം]
നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൂടുതൽ രാജ്യഘോഷകരെ ആവശ്യമുണ്ടെന്ന് എങ്ങനെ അറിയാം?
• നിങ്ങളുടെ സഭയിലെ മൂപ്പന്മാരുമായും സർക്കിട്ട് മേൽവിചാരകനുമായും സംസാരിക്കുക.
• നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം സന്ദർശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്തിട്ടുള്ള പ്രസാധകരുമായി സംസാരിക്കുക.
• മലയാളികളുള്ള സ്ഥലമാണ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇന്റർനെറ്റിലൂടെയോ മറ്റോ അവിടെ ഏകദേശം എത്ര മലയാളികളുണ്ടെന്നു മനസ്സിലാക്കാൻ ശ്രമിക്കാം.