‘ദൈവേഷ്ടം നിറവേറട്ടെ’
1. സേവനവർഷം 2012-ലെ പ്രത്യേക സമ്മേളനദിന പരിപാടിയുടെ പ്രതിപാദ്യവിഷയം എന്താണ്, ഈ വിഷയം പരിചിന്തിക്കപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
1 യഹോവയുടെ ഹിതപ്രകാരമാണ് നാം സൃഷ്ടിക്കപ്പെട്ടത്. (വെളി. 4:11) അതെ, യഹോവ നമ്മെ സൃഷ്ടിച്ചിരിക്കുന്നത് ഒരു ഉദ്ദേശ്യത്തോടെയാണ്. ദൈവഹിതം തിരിച്ചറിയുകയും അതിൻപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽമാത്രമേ നമ്മുടേത് സ്രഷ്ടാവ് ഉദ്ദേശിച്ച വിധത്തിലുള്ള ഒരു ജീവിതമായിരിക്കൂ. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, “ശരീരത്തിന്റെയും മനസ്സിന്റെയും ആഗ്രഹങ്ങൾ തൃപ്തിപ്പെടു”ത്തിക്കൊണ്ട് ‘വിജാതീയരുടെ’ അഥവാ ദൈവത്തെ അറിയാത്ത ജനതകളുടെ ജീവിതരീതി പകർത്താനുള്ള ശക്തമായ ഒരു പ്രവണത നമ്മളിലുണ്ട്. (എഫെ. 2:3; 1 പത്രോ. 4:3; 2 പത്രോ. 2:10) ദൈവത്തിന്റെ സഹായമില്ലെങ്കിൽ നാം പിശാചിന്റെ പിടിയിലായേക്കാം. (2 തിമൊ. 2:26) 2012 സേവനവർഷത്തിലെ പ്രത്യേക സമ്മേളനദിന പരിപാടി, മാതൃകാപ്രാർഥനയിലെ മൂന്നാമത്തെ അപേക്ഷയ്ക്കു ചേർച്ചയിൽ ജീവിക്കേണ്ടത് എങ്ങനെയെന്ന് നമുക്കു കാണിച്ചുതരും. (മത്താ. 6:9, 10) “ദൈവേഷ്ടം നിറവേറട്ടെ” എന്നതാണ് അതിന്റെ പ്രതിപാദ്യവിഷയം.
2. സമ്മേളനത്തിൽ ഏതു ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും?
2 പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും: പരിപാടികൾ ശ്രദ്ധിക്കവെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക: ദൈവവചനം കേൾക്കുന്നതിനുപുറമേ മറ്റെന്തുകൂടെ പ്രധാനമാണ്? നമ്മെ സംബന്ധിച്ചുള്ള ദൈവഹിതം എന്താണെന്ന് ഗ്രഹിക്കാൻ നമുക്കെങ്ങനെ കഴിയും? സകലതരം ആളുകളോടും സുവാർത്ത പ്രസംഗിക്കാൻ നാം മനസ്സുകാണിക്കേണ്ടത് എന്തുകൊണ്ട്? നമുക്കെങ്ങനെ അർഥപൂർണവും സംതൃപ്തവുമായ ഒരു ജീവിതം നയിക്കാം? യുവ പ്രായക്കാരേ, യഹോവയ്ക്ക് നിങ്ങൾ എന്താണ് തെളിയിച്ചുകൊടുക്കേണ്ടത്? ദൈവേഷ്ടം ചെയ്യുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാമാണ്? നാം മറ്റുള്ളവരെ ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
3. ഈ ആത്മീയ വിരുന്നിൽനിന്ന് നമുക്കെങ്ങനെ പൂർണപ്രയോജനം നേടാം?
3 സമ്മേളനത്തിന് സന്നിഹിതരാകാനും പരിപാടികൾക്ക് അടുത്ത ശ്രദ്ധ നൽകാനും പ്രത്യേകം ശ്രമിക്കുക. ഒരു ബെഥേൽ പ്രതിനിധിയോ ഒരു സഞ്ചാരമേൽവിചാരകനോ സന്ദർശക പ്രസംഗകനായി സമ്മേളനത്തിന് ഉണ്ടായിരുന്നേക്കാം. പരിപാടിക്കുമുമ്പും ശേഷവും അദ്ദേഹത്തോട് (വിവാഹിതനെങ്കിൽ ഭാര്യയോടും) സംസാരിക്കാൻ അവസരം കണ്ടെത്തുക. സമ്മേളനം കഴിഞ്ഞ് വീട്ടിലെത്തുന്നതോടെ കേട്ടകാര്യങ്ങൾ മറക്കാനിടയാകരുത്; പരിപാടിയിൽ ശ്രദ്ധിച്ച വിവരങ്ങൾ കുടുംബം ഒന്നിച്ച് ചർച്ചചെയ്യാനും ദൈവഹിതത്തിനു ചേർച്ചയിൽ ജീവിക്കുന്നതിന് കൂടുതലായി എന്തെല്ലാം ചെയ്യണമെന്ന് വിലയിരുത്താനും സമയം കണ്ടെത്തുക.—യാക്കോ. 1:25.
4. ദൈവേഷ്ടം ചെയ്യുന്നതിന് ജീവിതത്തിൽ പ്രഥമസ്ഥാനം നൽകേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 യഹോവയുടെ ഹിതത്തിനു കീഴ്പെടാതെ സ്വന്തം മോഹങ്ങൾക്കൊത്തു ജീവിക്കുന്നവർ പെട്ടെന്നുതന്നെ ഉന്മൂലനം ചെയ്യപ്പെടും. (1 യോഹ. 2:17) ദൈവേഷ്ടം ചെയ്യുന്നതിന് ജീവിതത്തിൽ പ്രഥമസ്ഥാനം നൽകാൻ സഹായിക്കുന്ന കാലികമായ വിവരങ്ങൾക്കായി യഹോവയോട് നാം എത്ര നന്ദിയുള്ളവരായിരിക്കണം!