ശ്രദ്ധിച്ചിരുന്ന് പഠിക്കുക
1. ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യാൻ നല്ല ശ്രമം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
1 അധികം വൈകാതെതന്നെ 2013-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ആരംഭിക്കും. ലോകവ്യാപകവയലിന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഓരോ പരിപാടിയും തയ്യാറാക്കിയിരിക്കുന്നത്. മൂന്നു ദിവസത്തെയും കൺവെൻഷൻ പരിപാടികളിൽ സംബന്ധിക്കാനായി നിങ്ങൾ കാര്യങ്ങൾ ക്രമീകരിച്ചോ? ഇത്തരം വലിയ കൂടിവരവുകളിൽ ശ്രദ്ധാശൈഥില്യത്തിനുള്ള സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചിരിക്കാൻ നല്ല ശ്രമം ആവശ്യമാണ്. ഓരോ സെഷനും സഭായോഗങ്ങളെക്കാൾ ദൈർഘ്യമുള്ളതിനാൽ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കണം. കൂടാതെ യാത്രയും മറ്റു കാര്യങ്ങളും നമ്മെ ക്ഷീണിപ്പിച്ചേക്കാം. ഉണർന്നിരുന്ന് ശ്രദ്ധിക്കാനും പഠിക്കാനും എങ്ങനെ കഴിയും?—ആവ. 31:12.
2. കൺവെൻഷൻ പരിപാടികൾക്കായി ഹൃദയത്തെ ഒരുക്കാൻ എങ്ങനെ കഴിയും?
2 കൺവെൻഷൻ ആരംഭിക്കുന്നതിനു മുമ്പ്: കൺവെൻഷൻ കാര്യപരിപാടി www.jw.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ പ്രസംഗങ്ങളുടെയും ശീർഷകങ്ങളും അതിലെ ഒന്നോ രണ്ടോ മുഖ്യതിരുവെഴുത്തുകളും അതിലുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണെങ്കിൽ ഈ വിവരങ്ങൾ അവലോകനം ചെയ്തുകൊണ്ട് പരിപാടികൾക്കായി ഹൃദയത്തെ ഒരുക്കാം. (എസ്രാ 7:10) കുടുംബാരാധനയിൽ പരിപാടികളെക്കുറിച്ചു ചർച്ച ചെയ്തുകൊണ്ടു കൺവെൻഷനുവേണ്ടി ആകാംക്ഷയുണർത്താൻ നിങ്ങൾ സമയം കണ്ടെത്താറുണ്ടോ?
3. നന്നായി ശ്രദ്ധിക്കാൻ നിങ്ങളെ എന്തു സഹായിക്കും?
3 കൺവെൻഷൻ സമയത്ത്: സാധ്യമെങ്കിൽ സെഷൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ അത്യാവശ്യകാര്യങ്ങളെല്ലാം നിർവഹിക്കുന്നെങ്കിൽ പരിപാടിയുടെ സമയത്തു കൂടെക്കൂടെ പുറത്തേക്കു പോകേണ്ടിവരില്ല. മൊബൈൽ ഓഫ് ചെയ്യുന്നെങ്കിൽ ഫോൺകോളുകളോ സന്ദേശങ്ങളോ നമ്മുടെ ശ്രദ്ധ കവരാതിരിക്കും. സന്ദേശങ്ങൾ അയയ്ക്കാൻ നമുക്കും പ്രലോഭനം തോന്നില്ല. ഫോൺ ഓൺ ചെയ്തുവെക്കേണ്ടതുണ്ടെങ്കിൽ മറ്റുള്ളവർക്കു ശല്യമാകാത്തവിധത്തിൽ അതു ക്രമീകരിക്കണം. കുറിപ്പുകൾ എടുക്കാനോ മറ്റോ ഇലക്ട്രോണിക് ടാബ്ലറ്റ് കമ്പ്യൂട്ടർ ഉപയോഗിക്കുന്നെങ്കിൽ മറ്റുള്ളവർക്കു തടസ്സം വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. പരിപാടികൾക്കിടയിൽ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ഉചിതമല്ല. (സഭാ. 3:1) പ്രസംഗകനിൽ നിങ്ങളുടെ ദൃഷ്ടി കേന്ദ്രീകരിച്ചുനിറുത്തുക. തിരുവെഴുത്തുകൾ വായിക്കുമ്പോൾ ബൈബിൾ എടുത്തു നോക്കുക, ഹ്രസ്വമായ കുറിപ്പുകൾ എടുക്കുക.
4. ശ്രദ്ധിച്ചിരുന്ന് പഠിക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?
4 കുട്ടികളും ശ്രദ്ധിച്ചിരുന്ന് പഠിക്കാൻ നാം ആഗ്രഹിക്കുന്നു. സദൃശവാക്യങ്ങൾ 29:15 പറയുന്നു: “തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.” അതുകൊണ്ട്, പരിപാടികളുടെ സമയത്ത് കുട്ടികൾ സംസാരിക്കുകയോ സന്ദേശങ്ങൾ അയയ്ക്കുകയോ കറങ്ങിനടക്കുകയോ ചെയ്യാതെ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതിനുവേണ്ടി കുടുംബം ഒരുമിച്ച് ഇരിക്കാൻ പരമാവധി ശ്രമിക്കുക. കൊച്ചുകുട്ടികൾക്കു ചർച്ച ചെയ്യുന്ന എല്ലാ വിവരങ്ങളും മനസ്സിലായെന്നു വരില്ല. എങ്കിലും പരിപാടികളുടെ സമയത്ത് ഉണർന്നിരിക്കാനും നിശ്ശബ്ദരായിരിക്കാനും അവരെ പരിശീലിപ്പിക്കണം.
5. പരിപാടികളെക്കുറിച്ചു പുനരവലോകനം ചെയ്യുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്, അതു നമുക്ക് എങ്ങനെ ചെയ്യാം?
5 ഓരോ ദിവസത്തെയും കൺവെൻഷനു ശേഷം: പരിപാടികൾ കഴിഞ്ഞ് തിരിച്ചുപോകാൻ ഏറെ വൈകരുത്. ആവശ്യത്തിനു വിശ്രമം ലഭിക്കാനായി നേരത്തെ ഉറങ്ങുക. കേട്ട കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നെങ്കിൽ കുറെ കാലത്തേക്ക് അവ ഓർത്തിരിക്കാൻ നമ്മെ സഹായിക്കും. അതുകൊണ്ട്, ഓരോ ദിവസത്തെയും പരിപാടികൾക്കു ശേഷം കുടുംബം ഒത്തൊരുമിച്ചു ചർച്ച ചെയ്യുന്നതു വളരെ പ്രയോജനം ചെയ്യും. സ്നേഹിതരോടൊപ്പം ഭക്ഷണം കഴിക്കാനോ മറ്റോ പോകുമ്പോൾ കുറിപ്പുകൾ കൂടെ എടുത്തുകൊണ്ടു നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ ആശയങ്ങൾ പങ്കുവെക്കരുതോ? കൺവെൻഷൻ അവസാനിച്ച് വീട്ടിൽ തിരികെയെത്തിയശേഷം കുടുംബാരാധനയ്ക്കായുള്ള സായാഹ്നത്തിൽ, കേട്ട വിവരങ്ങൾ എങ്ങനെ ബാധകമാക്കാമെന്നു ചർച്ച ചെയ്യുക. പ്രകാശനം ചെയ്ത പുതിയ പ്രസിദ്ധീകരണങ്ങൾ അവലോകനം ചെയ്യാൻ ഓരോ ആഴ്ചയും സമയം മാറ്റിവെക്കാനാകും.
6. കൺവെൻഷനിൽ ഹാജരായാൽ മാത്രം മതിയോ? വിശദീകരിക്കുക.
6 ഭക്ഷണം കഴിക്കുകയും അതു ദഹിക്കുകയും ചെയ്തില്ലെങ്കിൽ സദ്യകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഡിസ്ട്രിക്റ്റ് കൺവെൻഷനിലൂടെ വിളമ്പിത്തരുന്ന ആത്മീയസദ്യയുടെ കാര്യത്തിലും ഇതു സത്യമാണ്. ഓരോ സെഷനിലും ഹാജരായിക്കൊണ്ടും നന്നായി ശ്രദ്ധിച്ചിരുന്നുകൊണ്ടും പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കിക്കൊണ്ടും നമുക്ക് പൂർണപ്രയോജനം നേടാം.