“ജനത്തെ വിളിച്ചുകൂട്ടുക”
1. ഈജിപ്റ്റിൽനിന്നു പുറപ്പെട്ട ഉടനെ ഇസ്രായേല്യരുടെ ചരിത്രപ്രധാനമായ കൂടിവരവിന് ഇന്നത്തെ മേഖലാ കൺവെൻഷനും അന്താരാഷ്ട്ര കൺവെൻഷനും ആയി എന്തെല്ലാം സമാനതകളുണ്ട്?
1 ഈജിപ്റ്റിൽനിന്നു പുറപ്പെട്ട ഉടനെ സീനായ് പർവതത്തിൽ “ജനത്തെ വിളിച്ചുകൂട്ടാൻ” യഹോവ മോശയോട് നിർദേശിച്ചത്, അവർ തന്റെ വാക്കുകേൾക്കാനും, തന്നെ ഭയപ്പെടാനും തന്റെ വഴികളിൽ നടക്കാൻ മക്കളെ പ്രബോധിപ്പിക്കാനും വേണ്ടിയായിരുന്നു. (ആവ. 4:10-13) ആ സംഭവം എത്ര അവിസ്മരണീയവും വിശ്വാസം ബലപ്പെടുത്തുന്നതും ആയിരുന്നു! അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ദൈവജനം യഹോവയാൽ പഠിപ്പിക്കപ്പെടാനായി മേഖലാ കൺവെൻഷനുകളിലും അന്താരാഷ്ട്ര കൺവെൻഷനുകളിലും കൂടിവരും. പൂർണപ്രയോജനം നേടാനായി നാം എന്തു ചെയ്യണം?
2. കൺവെൻഷനുവേണ്ടി “ഒരുങ്ങിയിരിക്കാ”ൻ നാം എന്തു ചെയ്യണം?
2 “ഒരുങ്ങിയിരിക്കുക:” സീനായ് പർവതത്തിലെ ചരിത്രപ്രധാനമായ കൂടിവരവിന് “ഒരുങ്ങിയിരിക്കാ”ൻ യഹോവ ഇസ്രായേല്യരോട് കൽപിച്ചു. (പുറ. 19:10, 11) അതുപോലെ, കൺവെൻഷനിൽ പ്രസംഗം നടത്തുന്നവർക്കുമാത്രമല്ല ഹാജരാകാനിരിക്കുന്ന എല്ലാവർക്കും ശ്രദ്ധാപൂർവമായ തയ്യാറാകൽ ആവശ്യമാണ്. ഉദാഹരണത്തിന് പലർക്കും ജോലിയിൽനിന്ന് അവധി എടുക്കേണ്ടതായിവരും. ഒരുപക്ഷേ, നിങ്ങളുടെ സാഹചര്യം നെഹെമ്യാവിന്റെതുപോലെ ആയിരിക്കാം. അവൻ അർത്ഥഹ്ശഷ്ടാരാജാവിന്റെ പാനപാത്രവാഹകൻ എന്ന ജോലിയിൽനിന്ന് അവധിയെടുത്ത് യെരുശലേം നഗരമതിലുകൾ പുതുക്കിപ്പണിയുന്നതിൽ സഹായിക്കാനായി പോകാൻ ആഗ്രഹിച്ചു, എന്നാൽ രാജാവ് സമ്മതിച്ചേക്കില്ലെന്ന് അവൻ വിചാരിച്ചു. നെഹെമ്യാവ് പ്രാർഥിച്ച ശേഷം ധൈര്യത്തോടെയും ആദരവോടെയും തന്റെ ആവശ്യം അവതരിപ്പിച്ചു. രാജാവ് അവനെ പോകാൻ അനുവദിക്കുകമാത്രമല്ല നിർമാണത്തിൽ സഹായിക്കുകകൂടി ചെയ്തു! (നെഹെ. 2:1-9) തൊഴിലുടമയിൽനിന്ന് അവധി ആവശ്യപ്പെടുന്നതു കൂടാതെ താമസത്തിനും യാത്രയ്ക്കുമുള്ള ക്രമീകരണങ്ങൾ നിങ്ങൾ ഉറപ്പാക്കിയോ? ആവശ്യമായ സഹായം നൽകാൻ മൂപ്പന്മാർ സന്തോഷമുള്ളവരാണ്. ഓരോ സെഷനിലും നേരത്തെവരാൻ ആസൂത്രണം ചെയ്യുക. അങ്ങനെ, കേൾക്കാനിരിക്കുന്ന കാര്യങ്ങൾക്ക് “അധികം ശ്രദ്ധനൽകേണ്ട”തിന് തയ്യാറായിരിക്കാനാകും.—എബ്രാ. 2:1.
3. പരിപാടിക്കായി നമ്മുടെ ഹൃദയം ഒരുക്കാൻ എന്തു സഹായമാണുള്ളത്?
3 ശ്രദ്ധിക്കാനും പഠിക്കാനുമായി ഹൃദയത്തെ ഒരുക്കുന്നതാണ് നമ്മുടെ തയ്യാറാകലിന്റെ മറ്റൊരു പ്രധാനവശം. (എസ്രാ 7:10) കൺവെൻഷൻ കാര്യപരിപാടി മുന്നമേതന്നെ നമ്മുടെ വെബ്സൈറ്റിൽ ലഭ്യമാകും. ഇതിൽ പ്രസംഗങ്ങളുടെ തലക്കെട്ടും ഒന്നോ രണ്ടോ പ്രധാന തിരുവെഴുത്തുകളും ഉണ്ടായിരിക്കും. ഇത് കൺവെൻഷനുമുമ്പുള്ള ഏതാനും ആഴ്ചകളിലെ സായാഹ്ന കുടുംബാരാധനയ്ക്കുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നു. ചില പ്രസാധകർ സൈറ്റിൽനിന്നു പരിപാടിയുടെ പകർപ്പെടുത്ത് കൺവെൻഷൻ സമയത്ത് ചെറിയ കുറിപ്പെടുക്കാൻ ഉപയോഗിക്കുന്നു.
4. മാതാപിതാക്കൾക്ക് മക്കളെ പഠിപ്പിക്കാൻ കൺവെൻഷൻ എങ്ങനെ പ്രയോജനപ്പെടുത്താം?
4 ‘മക്കളെ പഠിപ്പിക്കുക:’ സീനായ് പർവതത്തിലെ കൺവെൻഷന്റെ ഒരു പ്രധാന ഉദ്ദേശം ഇസ്രായേല്യ മാതാപിതാക്കൾ “മക്കളെ പഠിപ്പിക്ക”ണം എന്നതായിരുന്നു. (ആവ. 4:10) നമ്മുടെ കൺവെൻഷൻ മാതാപിതാക്കൾക്ക് ഇതിനായി നല്ല അവസരം പ്രദാനം ചെയ്യുന്നു. മാതാപിതാക്കൾ മക്കളെ കൂടെയിരുത്തി പരിപാടികൾ ശ്രദ്ധിക്കാൻ സഹായിക്കണം. ഓരോ ദിവസത്തിന്റെ അവസാനത്തിലും പിന്നീടു കുടുംബാരാധനയിലും അവർക്കു പരിപാടികളെപ്പറ്റി ചർച്ച ചെയ്യാവുന്നതാണ്.
5. വരാനിരിക്കുന്ന കൺവെൻഷനിൽ സംബന്ധിക്കുന്നത് നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
5 സീനായ് പർവതത്തിലെ ഐതിഹാസിക കൺവെൻഷൻ, ദൈവജനം എന്ന തങ്ങളുടെ അതുല്യപദവി വിലമതിക്കാൻ ഇസ്രായേല്യരെ സഹായിച്ചു. (ആവ. 4:7, 8) വരാനിരിക്കുന്ന കൺവെൻഷൻ ഇതേ വിധത്തിൽ നമുക്കു പ്രയോജനപ്പെടാൻ രൂപകൽപന ചെയ്തതാണ്. മൂന്നു ദിവസം സാത്താന്റെ ലോകമാകുന്ന പരുക്കൻ മരുഭൂമിയിൽനിന്നു പുറത്തുകടന്ന്, നാം ആത്മീയ പറുദീസയിൽ നവോന്മേഷവും കെട്ടുപണി ചെയ്യുന്ന സഹവാസവും ആസ്വദിക്കും. (യെശ. 35:7-9) യഹോവയുടെ ദിവസം അടുത്തുവരവേ, ഈ കൂടിവരവ് ഉപേക്ഷിക്കാതെ നമുക്ക് അന്യോന്യം പ്രോത്സാഹിപ്പിക്കാം!—എബ്രാ. 10:24, 25.