ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ സത്യത്തിന് ശക്തമായ സാക്ഷ്യം നൽകുന്നു
1. വർഷന്തോറുമുള്ള ഉത്സവങ്ങൾ ഏതെല്ലാം ആത്മീയസത്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും ധ്യാനിക്കാനും ഇസ്രായേല്യർക്ക് അവസരം നൽകി?
1 പുരാതനകാലത്തെ ഇസ്രായേല്യർ ഉത്സവങ്ങൾക്കായി വർഷത്തിൽ മൂന്നുതവണ കൂടിവരണമായിരുന്നു. ന്യായപ്രമാണപ്രകാരം ഈ ഉത്സവങ്ങളിൽ പുരുഷന്മാർ സംബന്ധിച്ചാൽ മതിയായിരുന്നെങ്കിലും മിക്കപ്പോഴും കുടുംബങ്ങളിലെ എല്ലാവരും യെരുശലേമിലേക്കു യാത്രചെയ്യുമായിരുന്നു. (ആവ. 16:15, 16) സന്തോഷകരമായ അത്തരം കൂടിവരവുകൾ, സുപ്രധാന ആത്മീയസത്യങ്ങളെക്കുറിച്ചു ചർച്ചചെയ്യാനും ധ്യാനിക്കാനും ഉള്ള അവസരം അവർക്കു നൽകി. ആ സത്യങ്ങളിൽ ചിലത് ഏതൊക്കെയാണ്? ഒന്ന്, യഹോവ ഉദാരമതിയും സ്നേഹവാനും ആയ ഒരു പിതാവാണ്. (ആവ. 15:4, 5) രണ്ട്, മാർഗദർശനത്തിനും സംരക്ഷണത്തിനും ആയി അവനെ ആശ്രയിക്കാനാകും. (ആവ. 32:9, 10) കൂടാതെ, യഹോവയുടെ നാമം വഹിക്കുന്ന ജനം എന്ന നിലയിൽ, ദൈവത്തിന്റെ നീതി തങ്ങളുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കേണ്ടതാണെന്ന വസ്തുതയെക്കുറിച്ച് ചിന്തിക്കാനും ആ വേളകൾ ഇസ്രായേല്യർക്ക് അവസരമേകി. (ആവ. 7:6, 11) വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ സമാനമായ വിധത്തിൽ നമുക്ക് പ്രയോജനം ചെയ്യുന്നു.
2. ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരിപാടികൾ സത്യത്തിനുമേൽ വെളിച്ചം വീശുന്നത് എങ്ങനെയാണ്?
2 പരിപാടികൾ സത്യത്തിനുമേൽ വെളിച്ചം വീശുന്നു: ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലെ പ്രസംഗങ്ങളും നാടകങ്ങളും അവതരണങ്ങളും അഭിമുഖങ്ങളും, സുപ്രധാന ബൈബിൾസത്യങ്ങൾ നന്നായി മനസ്സിലാക്കാനും ബാധകമാക്കാനും നമ്മെ സഹായിക്കുന്നു. (യോഹ. 17:17) ഈ വരുന്ന കൺവെൻഷനുവേണ്ട പല ക്രമീകരണങ്ങളും ഇതിനോടകം ചെയ്തുകഴിഞ്ഞിട്ടുണ്ട്. സന്നിഹിതരാകുന്നവരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഉതകുന്ന, വിശേഷതയാർന്ന ഒരു പരിപാടിയാണ് യഹോവയുടെ സംഘടന തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. (മത്താ. 24:45-47) അവിടെ അവതരിപ്പിക്കുന്ന കാര്യങ്ങൾ കാണാനും കേൾക്കാനും ആയി നിങ്ങൾ നോക്കിപ്പാർത്തിരിക്കുകയല്ലേ?
3. പരിപാടികളിൽനിന്ന് പ്രയോജനം നേടണമെങ്കിൽ നാം എന്തു ചെയ്യണം?
3 പൂർണപ്രയോജനം ലഭിക്കണമെങ്കിൽ നാം മൂന്നുദിവസവും ഹാജരാകുകയും പരിപാടികൾ നന്നായി ശ്രദ്ധിക്കുകയും വേണം. കൺവെൻഷനിൽ മൂന്നുദിവസവും സംബന്ധിക്കാൻ സാധിക്കേണ്ടതിന്, തൊഴിലുടമയോട് സംസാരിച്ച് മുൻകൂട്ടി അവധി വാങ്ങുക. പരിപാടികളുടെ സമയത്ത് ഉണർന്നിരിക്കാൻ കഴിയണമെങ്കിൽ രാത്രി നന്നായി ഉറങ്ങണം. പ്രസംഗകനിൽ ദൃഷ്ടിപതിപ്പിക്കുന്നതും ഹ്രസ്വമായ കുറിപ്പുകളെടുക്കുന്നതും ശ്രദ്ധിച്ചിരിക്കാൻ സഹായിക്കുന്നതായി പലരും കണ്ടെത്തിയിരിക്കുന്നു. നിങ്ങൾക്കും മറ്റുള്ളവർക്കും ശല്യമുണ്ടാക്കാത്തവിധം മൊബൈൽഫോണും പേജറും സെറ്റുചെയ്യുക. പരിപാടികൾക്കിടെ ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതും മൊബൈൽഫോണിൽ മെസേജ് അയയ്ക്കുന്നതും ഒഴിവാക്കുക.
4. കുട്ടികൾ കൺവെൻഷനിൽനിന്ന് പ്രയോജനം നേടണമെങ്കിൽ മാതാപിതാക്കൾ എന്തു ചെയ്യണം?
4 ശബത്തുവർഷങ്ങളിൽ, കൂടാരപ്പെരുന്നാളിന്റെ സമയത്ത് ന്യായപ്രമാണം വായിച്ചുകേൾക്കാനായി ഇസ്രായേല്യ കുടുംബങ്ങൾ കൂടിവരുമായിരുന്നു; ദൈവകൽപ്പനകൾ ‘കേട്ടു പഠിക്കാനായി’ “കുട്ടികളും” അവരോടൊപ്പം ഉണ്ടായിരിക്കുമായിരുന്നു. (ആവ. 31:12) നമ്മുടെ കൺവെൻഷനുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുന്നതും കുട്ടികൾ അവരോടൊപ്പം ഉണർന്നിരുന്ന് പരിപാടികൾ ശ്രദ്ധിച്ചുകേൾക്കുന്നതും എല്ലാം എത്ര പ്രോത്സാഹജനകമാണ്! പരിപാടികളുടെ സമയത്ത് കുറിച്ചെടുത്ത പോയിന്റുകൾ ഓരോ ദിവസവും സായാഹ്നത്തിൽ കുടുംബാംഗങ്ങളുമൊത്ത് ചർച്ച ചെയ്യാവുന്നതാണ്. “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു; അതുകൊണ്ട് മക്കളെ “തന്നിഷ്ടത്തിന്നു” വിടുന്നതിനു പകരം, ഉച്ചയ്ക്കത്തെ ഇടവേളയുടെ സമയത്തും ഹോട്ടലിലായിരിക്കുമ്പോഴും എല്ലാം മാതാപിതാക്കൾ അവരെ, കൗമാരപ്രായത്തിലുള്ള കുട്ടികളെപ്പോലും, പ്രത്യേകം ശ്രദ്ധിക്കണം.—സദൃ. 22:15; 29:15.
5. ഹോട്ടലുകളിലെ നമ്മുടെ പെരുമാറ്റം സത്യത്തെ അലങ്കരിക്കുന്നത് എങ്ങനെ?
5 നമ്മുടെ നല്ല പെരുമാറ്റം സത്യത്തെ അലങ്കരിക്കുന്നു: കൺവെൻഷൻ നഗരിയിലെ നമ്മുടെ പെരുമാറ്റം സത്യത്തെ അലങ്കരിക്കും. (തീത്തൊ. 2:10) സഹോദരങ്ങൾ ഹോട്ടൽ നിയമങ്ങൾ അനുസരിക്കുകയും ജീവനക്കാരോട് ക്ഷമയോടെ ഹൃദ്യമായി ഇടപെടുകയും ചെയ്യുമ്പോൾ അതു ശ്രദ്ധിക്കപ്പെടുമെന്നതു തീർച്ചയാണ്. (കൊലോ. 4:6) ഉദാഹരണത്തിന്, വാടകയെക്കുറിച്ച് ചർച്ച ചെയ്യവെ ബ്രാഞ്ച് ഓഫീസിന്റെ പ്രതിനിധികളോട് ഹോട്ടൽ അധികൃതരിൽ ഒരാൾ ഇപ്രകാരം അഭിപ്രായപ്പെട്ടു: “നിങ്ങളുടെ ആളുകൾ വളരെ നല്ലവരാണ്. അവർ ഇവിടെ താമസിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളൂ. വളരെ മാന്യരാണ് അവർ. ദയയോടും ആദരവോടും കൂടെയാണ് അവർ ഞങ്ങളുടെ ജോലിക്കാരോട് ഇടപെടുന്നത്.”
6. കൺവെൻഷൻ നഗരിയിലായിരിക്കുമ്പോൾ നാം ധരിക്കുന്ന വസ്ത്രം സത്യത്തെ അലങ്കരിക്കുന്നത് എങ്ങനെ?
6 കൺവെൻഷൻ ബാഡ്ജ് ധരിക്കുന്നത് കൺവെൻഷൻ പരസ്യപ്പെടുത്താൻ സഹായിക്കും; കൺവെൻഷനിൽ സംബന്ധിക്കാൻ എത്തിയിരിക്കുന്ന മറ്റുള്ളവർക്ക് നമ്മളെ തിരിച്ചറിയാനും അത് ഉപകരിക്കും. അതിലും പ്രധാനമായി, അത് നല്ലൊരു സാക്ഷ്യമായി ഉതകും. എങ്ങനെ? അലസമോ കാഴ്ചക്കാരിൽ അനുചിത വികാരങ്ങൾ ഉണർത്തുന്നതോ ആയ വസ്ത്രങ്ങൾക്കു പകരം വൃത്തിയുള്ളതും മാന്യവും ആയ വസ്ത്രങ്ങളാണ് നമ്മൾ ധരിക്കുന്നതെന്ന് കൺവെൻഷൻ നഗരിയിലുള്ളവർ ശ്രദ്ധിക്കും. (1 തിമൊ. 2:9, 10) അതുകൊണ്ട് കൺവെൻഷൻ നഗരിയിലായിരിക്കുമ്പോൾ നാം നമ്മുടെ വസ്ത്രധാരണത്തിലും ചമയത്തിലും ശ്രദ്ധിക്കണം; ഷോർട്സും ടി-ഷർട്ടും ഒക്കെ ധരിച്ചുകൊണ്ട് ഹോട്ടലുകളിൽ എത്തുന്നത് ഒട്ടും മാന്യമല്ല. ഇനി, കൺവെൻഷൻ നടക്കുന്നത് തുറന്ന സ്റ്റേഡിയത്തിലാണെങ്കിൽപ്പോലും നമ്മുടെ വസ്ത്രധാരണം ഉചിതവും മാന്യവുമായിരിക്കണം. പരിപാടികൾക്കു ശേഷം ഭക്ഷണം കഴിക്കാനും മറ്റുമായി പുറത്തുപോകുന്ന അവസരങ്ങളിലും, നമ്മൾ എത്തിയിരിക്കുന്നത് കൺവെൻഷനിൽ സംബന്ധിക്കാനാണെന്ന കാര്യം വിസ്മരിക്കരുത്; അതുകൊണ്ട് അലസമായ വസ്ത്രധാരണം ഒഴിവാക്കണം.
7. കൺവെൻഷന്റെ സമയത്ത് ക്രിസ്തീയസാഹോദര്യം ആസ്വദിക്കാനുള്ള ഒരു മാർഗമേത്?
7 വാർഷികോത്സവങ്ങളിൽ പങ്കെടുക്കവെ, സ്വദേശത്തുനിന്നും വിദേശത്തുനിന്നും വന്നുചേർന്ന സഹാരാധകരെ കാണാനും അവരുമൊത്ത് ആരോഗ്യകരമായ സഹവാസം ആസ്വദിക്കാനും ഇസ്രായേല്യർക്കു കഴിഞ്ഞു; ഇത് അവർക്കിടയിൽ ഐക്യം ഊട്ടിവളർത്തി. (പ്രവൃ. 2:1, 5) ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ, നമുക്കിടയിലുള്ള അനുപമമായ ക്രിസ്തീയസാഹോദര്യത്തിന്റെ മനോഹാരിത പൂർണമായ അളവിൽ ദൃശ്യമായിരിക്കും. ആത്മീയപറുദീസയുടെ ഈ സവിശേഷത കാഴ്ചക്കാരിൽ തീർച്ചയായും മതിപ്പുളവാക്കും. (സങ്കീ. 133:1) ഇടവേളയുടെ സമയത്ത് പുറത്തുപോയി ഭക്ഷണം വാങ്ങിക്കഴിക്കുന്നതിനെക്കാൾ നല്ലത് ലഘുവായി എന്തെങ്കിലും കൂടെക്കരുതുന്നതാണ്. അടുത്തിരിക്കുന്ന സഹോദരീസഹോദരന്മാരെ പരിചയപ്പെടാനും അവരുമായി സംസാരിക്കാനും അങ്ങനെ നമുക്കു കഴിയും.
8. സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ, കൺവെൻഷൻ സമയത്ത് സ്വമേധാസേവനത്തിൽ ഉൾപ്പെടുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
8 നമ്മുടെ കൺവെൻഷനുകൾ ഇത്ര ചിട്ടയോടെ സംഘടിപ്പിച്ചിരിക്കുന്നതു കാണുമ്പോൾ പലരും ആശ്ചര്യപ്പെടാറുണ്ട്, പ്രത്യേകിച്ച് എല്ലാ ജോലികളും സ്വമേധാസേവകരാണ് നിർവഹിക്കുന്നതെന്ന് അറിയുമ്പോൾ. കൺവെൻഷനുവേണ്ടി പ്രവർത്തിച്ചുകൊണ്ട് നിങ്ങളെത്തന്നെ “സ്വമേധാദാനമായി” അർപ്പിക്കാൻ കഴിയുമോ? (സങ്കീ. 110:3) മറ്റുള്ളവർക്കുവേണ്ടി സ്വയം വിട്ടുകൊടുക്കാൻ മക്കളെ പരിശീലിപ്പിക്കുന്നതിനായി ചില കുടുംബങ്ങൾ ഈ സേവനങ്ങളിൽ സ്വമേധയാ പങ്കുചേരാറുണ്ട്. നിങ്ങൾ ലജ്ജാശീലമുള്ള ഒരാളാണെങ്കിൽപ്പോലും, കൺവെൻഷന്റെ സമയത്ത് സ്വമേധാസേവനത്തിൽ ഏർപ്പെടുമ്പോൾ മറ്റു സഹോദരീസഹോദരന്മാരെ പരിചയപ്പെടാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഒരു സഹോദരി ഇപ്രകാരം അഭിപ്രായപ്പെട്ടു: “എന്റെ വീട്ടുകാരെയും ചില സുഹൃത്തുക്കളെയും അല്ലാതെ അവിടെ കൂടിവന്ന മറ്റാരെയും എനിക്കു പരിചയമില്ലായിരുന്നു. പക്ഷേ, ശുചീകരണത്തിന്റെ സമയത്ത് ഒരുപാട് സഹോദരീസഹോദരന്മാരെ പരിചയപ്പെടാൻ എനിക്കു കഴിഞ്ഞു. എന്തു രസമായിരുന്നു അത്!” കൺവെൻഷനോടു ബന്ധപ്പെട്ട ശുചീകരണപ്രവർത്തനങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ സുഹൃദ്വലയം വിശാലമാക്കാനും അതിന്റെ സന്തോഷം അനുഭവിക്കാനും നമുക്കു കഴിയും. (2 കൊരി. 6:12, 13) നിങ്ങൾ ഇതുവരെ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടില്ലെങ്കിൽ, അതിനുള്ള യോഗ്യത എങ്ങനെ നേടാനാകുമെന്ന് മൂപ്പന്മാരോടു ചോദിക്കുക.
9. കൺവെൻഷനുവേണ്ടി മറ്റുള്ളവരെ ക്ഷണിക്കാൻ നമുക്ക് എങ്ങനെ കഴിയും?
9 സത്യം കേൾക്കാൻ മറ്റുള്ളവരെ ക്ഷണിക്കുക: മുൻവർഷങ്ങളിലെപ്പോലെത്തന്നെ, കൺവെൻഷന് മൂന്നാഴ്ച മുമ്പ് നാം ക്ഷണക്കത്തുവിതരണം ആരംഭിക്കും. നിയമിത പ്രദേശത്തെല്ലാം ക്ഷണക്കത്ത് വിതരണം ചെയ്യാൻ ഓരോ സഭയും ശ്രമിക്കേണ്ടതാണ്. (“ക്ഷണക്കത്ത് വിതരണം ചെയ്യേണ്ടത് എങ്ങനെ?” എന്ന ചതുരം കാണുക.) ബാക്കി വരുന്ന ക്ഷണക്കത്തുകൾ കൺവെൻഷൻ സ്ഥലത്ത് കൊണ്ടുവരുക. കൺവെൻഷൻ നഗരത്തിൽ അനൗപചാരികമായി സാക്ഷീകരണം നടത്താൻ നമ്മൾ അവ ഉപയോഗിക്കും.
10. ക്ഷണക്കത്തുവിതരണം നല്ല ഫലം കൈവരുത്തിയതിന്റെ അനുഭവങ്ങൾ പറയുക.
10 ഈ വിതരണപരിപാടിയോട് ആളുകൾ നന്നായി പ്രതികരിക്കാറുണ്ടോ? ഒരിക്കൽ ഒരു കൺവെൻഷന്, സേവകന്മാരിൽ ഒരാൾ ഇരിപ്പിടം കണ്ടെത്താൻ ഒരു ദമ്പതികളെ സഹായിച്ചു. തങ്ങൾക്ക് ഒരു ക്ഷണക്കത്ത് ലഭിച്ചെന്നും അത് വളരെ ആകർഷകമായി തോന്നിയതിനാലാണ് വന്നതെന്നും അവർ അദ്ദേഹത്തോടു പറഞ്ഞു. 320 കിലോമീറ്ററിലധികം ദൂരം കാറോടിച്ചാണ് അവർ കൺവെൻഷന് എത്തിയത്! മറ്റൊരു അനുഭവം ഇതാണ്: വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഒരു സഹോദരി ഒരു വ്യക്തിക്കു ക്ഷണക്കത്ത് നൽകി. കൺവെൻഷനെക്കുറിച്ച് അറിയാൻ അദ്ദേഹം താത്പര്യം കാണിച്ചതിനാൽ, സഹോദരി സമയമെടുത്ത് ക്ഷണക്കത്തിലെ വിവരങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം കൺവെൻഷനിൽവെച്ച് സഹോദരി അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടി. ഒരു സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം വന്നത്. രണ്ടുപേരുടെയും കൈയിൽ, അന്നേദിവസം പ്രകാശനം ചെയ്ത ഒരു പ്രസിദ്ധീകരണവുമുണ്ടായിരുന്നു!
11. ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ഹാജരാകുന്നതിന്റെ പ്രാധാന്യം എന്താണ്?
11 ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം, വാർഷികോത്സവങ്ങൾ യഹോവയിൽനിന്നുള്ള സ്നേഹപുരസ്സരമായ ഒരു കരുതലായിരുന്നു; “പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ” യഹോവയെ സേവിക്കാൻ അത് അവരെ സഹായിച്ചു. (യോശു. 24:14) സമാനമായി, നമ്മുടെ ആരാധനയുടെ പ്രമുഖ ഭാഗമായ വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ‘സത്യത്തിൽ നടക്കാൻ’ നമ്മെ സഹായിക്കുന്നു. (3 യോഹ. 3) കൺവെൻഷനു ഹാജരായി പരിപാടികളിൽനിന്ന് പൂർണപ്രയോജനം നേടാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ!
[5-ാം പേജിലെ ആകർഷക വാക്യം]
കൺവെൻഷൻ നഗരിയിലെ നമ്മുടെ പെരുമാറ്റം സത്യത്തെ അലങ്കരിക്കും
[5-ാം പേജിലെ ആകർഷക വാക്യം]
കൺവെൻഷന് മൂന്നാഴ്ച മുമ്പ് നാം ക്ഷണക്കത്തുവിതരണം ആരംഭിക്കും
[6, 7 -ാം പേജിലെ ചതുരം]
ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
◼ പരിപാടിയുടെ സമയം: മൂന്നുദിവസവും രാവിലെ 9:20-നായിരിക്കും പരിപാടി തുടങ്ങുന്നത്. രാവിലെ 8 മണിമുതൽ ഹാളിൽ പ്രവേശിക്കാനാകും. സംഗീതം ആരംഭിക്കാൻ പോകുന്നുവെന്ന അറിയിപ്പു കേൾക്കുമ്പോൾ എല്ലാവരും ഇരിപ്പിടങ്ങളിൽ വന്നിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ മാന്യമായ വിധത്തിൽ പരിപാടി ആരംഭിക്കാനാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും 4:55-നും ഞായറാഴ്ച 3:40-നും പരിപാടി സമാപിക്കും.
◼ പാർക്കിങ്: നമുക്ക് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണം ലഭിക്കുന്ന എല്ലാ കൺവെൻഷൻ സ്ഥലങ്ങളിലും, പാർക്ക് ചെയ്യാനുള്ള ഇടം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സൗജന്യമായി ലഭിക്കും. പാർക്കിങ്ങിനുള്ള സ്ഥലം സാധാരണഗതിയിൽ പരിമിതമായിരിക്കും എന്നതിനാൽ, കാറുകളിലും മറ്റും ഒന്നോ രണ്ടോ പേർമാത്രം യാത്ര ചെയ്യുന്നതിനുപകരം അവയിലെ സ്ഥലസൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.
◼ ഇരിപ്പിടം പിടിച്ചുവെക്കൽ: നിങ്ങളോടൊപ്പം ഒരേ വീട്ടിൽ താമസിക്കുന്നവർക്കോ ഒരേ വാഹനത്തിൽ യാത്രചെയ്യുന്നവർക്കോ നിങ്ങൾ ഇപ്പോൾ അധ്യയനമെടുക്കുന്നവർക്കോ വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ.—1 കൊരി. 13:5.
◼ ഉച്ചഭക്ഷണം: ഉച്ചയ്ക്കത്തെ ഇടവേളയിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതിനുപകരം ലഘുവായ എന്തെങ്കിലും കൂടെക്കരുതുക. ഇരിപ്പിടത്തിനടിയിൽ വെക്കാവുന്നതരം സഞ്ചിയും മറ്റും ഭക്ഷണം കൊണ്ടുവരാൻ ഉപയോഗിക്കാമെങ്കിലും വലിയ പാത്രങ്ങളും ചില്ലുപാത്രങ്ങളും കൺവെൻഷൻ സ്ഥലത്ത് കൊണ്ടുവരരുത്.
◼ സംഭാവനകൾ: ലോകവ്യാപക വേലയ്ക്കുവേണ്ടി കൺവെൻഷൻ സ്ഥലത്ത് സംഭാവനകൾ ഇട്ടുകൊണ്ട് നമുക്ക് കൺവെൻഷൻ ക്രമീകരണങ്ങളോടു വിലമതിപ്പു കാണിക്കാം. കൺവെൻഷൻ സ്ഥലത്ത് സംഭാവനയായി നൽകുന്ന ചെക്കുകൾ “The Watch Tower Bible and Tract Society of India” എന്ന പേരിലാണ് എഴുതേണ്ടത്.
◼ അപകടങ്ങളും അടിയന്തിര സാഹചര്യങ്ങളും: കൺവെൻഷൻ സ്ഥലത്ത് വൈദ്യസഹായം ആവശ്യമുള്ള ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുന്നപക്ഷം ദയവായി അടുത്തുള്ള ഒരു സേവകനെ സമീപിക്കുക. അദ്ദേഹം ഉടൻതന്നെ പ്രഥമശുശ്രൂഷാ വിഭാഗത്തെ വിവരമറിയിക്കും. ആ വിഭാഗത്തിലുള്ള യോഗ്യരായ സഹോദരങ്ങൾ സാഹചര്യത്തിന്റെ ഗൗരവം വിലയിരുത്തി ആവശ്യമായ സഹായം നൽകും. ആംബുലൻസ് വിളിക്കേണ്ടതുണ്ടെങ്കിൽ പ്രഥമശുശ്രൂഷാവിഭാഗം അതു ചെയ്യുന്നതായിരിക്കും. അങ്ങനെയാകുമ്പോൾ ഒരേ കാര്യത്തെപ്രതി പലരുടെ കോളുകൾ അടിയന്തിരസഹായവിഭാഗത്തിനു ലഭിക്കില്ല.
◼ മരുന്നുകൾ: ഡോക്ടറുടെ നിർദേശപ്രകാരം നിങ്ങൾ ഏതെങ്കിലും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ആവശ്യമായത്രയും മരുന്നുകൾ കൂടെക്കരുതുക. കൺവെൻഷൻ സ്ഥലത്ത് അവ ലഭ്യമായിരിക്കില്ല. പ്രമേഹരോഗികൾ ഉപയോഗിക്കുന്ന സിറിഞ്ചുകളും സൂചികളും ശരിയായ വിധത്തിൽ നിർമാർജനം ചെയ്യേണ്ടതാണ്. അവ അപകടകരമായിരുന്നേക്കാവുന്നതുകൊണ്ട് കൺവെൻഷൻ സ്ഥലത്തോ ഹോട്ടലിലോ ഉള്ള ചവറ്റുകുട്ടയിൽ നിക്ഷേപിക്കരുത്.
◼ പാദരക്ഷകൾ: പടികൾ കയറുമ്പോഴും മറ്റും തെന്നിവീഴാൻ ഇടയാക്കാത്തതരം പാദരക്ഷകൾ ധരിക്കുക; അവ മാന്യവും പാദങ്ങൾക്കു ചേരുന്നവയും ആയിരിക്കണം. എല്ലാ വർഷവും ആരെങ്കിലുമൊക്കെ വീണു പരിക്കേൽക്കാറുണ്ട്.
◼ ശ്രവണവൈകല്യമുള്ളവർ: ചില കൺവെൻഷനുകളിൽ ആംഗ്യഭാഷയിലും പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
◼ സ്നാനം: ശനിയാഴ്ച രാവിലെ സ്നാനപ്രസംഗം ആരംഭിക്കുന്നതിനു മുമ്പുതന്നെ സ്നാനാർഥികൾ അവർക്കുവേണ്ടി വേർതിരിച്ചിരിക്കുന്ന കസേരകളിൽ വന്നിരിക്കേണ്ടതാണ്. ഓരോരുത്തരും, തോർത്തും മാന്യമായ സ്നാനവസ്ത്രവും കൊണ്ടുവരണം. പ്രധാനഹാളിൽ സ്റ്റേജിനു തൊട്ടുമുമ്പിലായിട്ടാണ് സ്നാനാർഥികൾക്കുള്ള ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അതു മുന്നമേ അറിയിക്കുന്നതാണ്. കൂടാതെ, ഇതു സംബന്ധിച്ച വിവരങ്ങൾ സേവകന്മാരിൽനിന്നും “വിവരങ്ങൾ” ഡിപ്പാർട്ടുമെന്റിൽനിന്നും ലഭിക്കും.
◼ പെർഫ്യൂം: വായുസഞ്ചാരത്തിനായി കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന അടഞ്ഞ ഹാളുകളിലാണ് മിക്ക കൺവെൻഷനുകളും നടക്കുന്നത്. അതുകൊണ്ടുതന്നെ ആസ്ത്മയോ അലർജിയോ ഉള്ളവർക്ക് അസ്വസ്ഥത ഉളവാക്കിയേക്കാവുന്ന രൂക്ഷഗന്ധമുള്ള പെർഫ്യൂമുകളും മറ്റും അധികം ഉപയോഗിക്കാതിരുന്നുകൊണ്ട് മറ്റുള്ളവരോടു പരിഗണന കാണിക്കാനാകും.—1 കൊരി. 10:24.
◼ ദയവായി ബന്ധപ്പെടുക (S-43) ഫാറങ്ങൾ: കൺവെൻഷൻ സ്ഥലത്ത് അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ ആരെങ്കിലും താത്പര്യം കാണിക്കുന്നെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ദയവായി ബന്ധപ്പെടുക (S-43) ഫാറങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൺവെൻഷനു വരുമ്പോൾ പ്രസാധകർ ഒന്നോ രണ്ടോ S-43 ഫാറങ്ങൾ കൂടെക്കരുതണം. പൂരിപ്പിച്ചശേഷം അവ പുസ്തകശാലയിൽ ഏൽപ്പിക്കാനാകും; അല്ലെങ്കിൽ തിരികെച്ചെന്നശേഷം നിങ്ങളുടെ സഭാസെക്രട്ടറിയെ ഏൽപ്പിക്കാവുന്നതാണ്.—2011 മെയ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.
◼ റെസ്റ്ററന്റുകളിൽ: റെസ്റ്ററന്റുകളിലും ഹോട്ടലുകളിലും ആയിരിക്കുമ്പോൾ നല്ല പെരുമാറ്റത്താൽ യഹോവയുടെ നാമം മഹത്ത്വപ്പെടുത്തുക. പല സ്ഥലങ്ങളിലും സേവനത്തിനനുസരിച്ച് ടിപ്പ് കൊടുക്കുന്ന രീതിയുണ്ട്.
◼ ഹോട്ടലുകളിൽ:
(1) വേണ്ടതിലധികം മുറികൾ ബുക്കുചെയ്യരുത്; അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ആളുകൾ മുറിയിൽ താമസിക്കരുത്.
(2) തക്കതായ കാരണമില്ലാതെ ബുക്കുചെയ്ത മുറി ക്യാൻസൽ ചെയ്യരുത്. ഇനി ക്യാൻസൽ ചെയ്യാൻ തീരുമാനിച്ചാൽ എത്രയും വേഗം അക്കാര്യം ഹോട്ടൽ അധികൃതരെ അറിയിക്കുക.—മത്താ. 5:37.
(3) ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചാണ് ഹോട്ടൽ ബുക്കുചെയ്യുന്നതെങ്കിൽ, മുറിവാടകയും താമസസമയത്ത് ഹോട്ടലിന് എന്തെങ്കിലും നഷ്ടം വരുത്തിയാൽ അതും നികത്താൻ ആവശ്യമായ ഒരു തുക നിങ്ങളുടെ അക്കൗണ്ടിൽ ബ്ലോക്കുചെയ്യും എന്ന കാര്യം പ്രത്യേകം ഓർമിക്കുക. അക്കൗണ്ട് സെറ്റിൽ ചെയ്യുന്നതുവരെ നിങ്ങൾക്ക് ആ പണം ഉപയോഗിക്കാൻ കഴിയില്ല.
(4) ലഗേജ് കൊണ്ടുപോകാനുള്ള ട്രോളികൾ ലഭ്യമാണെങ്കിൽ, പുറത്തിറങ്ങാൻ തയ്യാറായിക്കഴിഞ്ഞേ അതെടുക്കാവൂ; മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയേണ്ടതിന് ഉടനെ തിരിച്ചുവെക്കുകയും വേണം.
(5) നിങ്ങളുടെ ലഗേജ് എടുക്കുന്ന ഹോട്ടൽ ജോലിക്കാർക്ക് ടിപ്പ് കൊടുക്കാൻ മറക്കരുത്. മുറിയിൽ നിങ്ങൾക്കുവേണ്ട സേവനം ചെയ്തുതരുന്ന ആൾക്ക് ദിവസവും ടിപ്പ് കൊടുക്കുക.
(6) ഹോട്ടൽ മുറിയിൽ പാചകം അനുവദനീയമല്ലെങ്കിൽ അതു ചെയ്യരുത്.
(7) ഹോട്ടലിൽ ആയിരിക്കുമ്പോൾ ഉപചാരാർഥം ലഭിക്കുന്ന പ്രഭാതഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ ദുരുപയോഗം ചെയ്യരുത്.
(8) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോഴെല്ലാം ദൈവാത്മാവിന്റെ ഫലം പ്രകടിപ്പിക്കുക. ഹോട്ടലിൽ വരുന്ന എല്ലാവരെയും അവർക്കു തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ക്ഷമയും പരിഗണനയും ന്യായബോധവും കാണിക്കുക.
(9) ഹോട്ടലിലെ നീന്തൽക്കുളം, ജിം, ഇടനാഴികൾ തുടങ്ങി ഹോട്ടലിലായിരിക്കുമ്പോഴെല്ലാം മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം.
(10) ശുപാർശ ചെയ്യപ്പെടുന്ന ലോഡ്ജുകളുടെ പട്ടികയിൽ കാണിച്ചിരിക്കുന്ന നിരക്ക്, നികുതി ഒഴികെയുള്ള ഒരു ദിവസത്തെ ചാർജാണ്. അതിലധികം ചാർജുചെയ്തിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കിയേ പണം കൊടുക്കാവൂ; കൺവെൻഷൻ സ്ഥലത്തുള്ള താമസസൗകര്യ ഡിപ്പാർട്ടുമെന്റിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കുക.
(11) ഹോട്ടൽമുറിയോടുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നപക്ഷം അക്കാര്യം കൺവെൻഷൻ സ്ഥലത്തുവെച്ചുതന്നെ റൂമിങ് ഡിപ്പാർട്ടുമെന്റിനെ അറിയിക്കുക. അവർക്കു നിങ്ങളെ സഹായിക്കാനായേക്കും.
◼ സ്വമേധാസേവനം: സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വമേധാസേവന ഡിപ്പാർട്ടുമെന്റിൽ പേരു നൽകേണ്ടതാണ്. മാതാപിതാക്കളോടോ രക്ഷാകർത്താവിനോടോ അവർ നിയമിക്കുന്ന ഏതെങ്കിലുമൊരു മുതിർന്ന വ്യക്തിയോടോ ഒപ്പം 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും സ്വമേധാസേവനത്തിൽ പങ്കെടുക്കാനാകും.
[6-ാം പേജിലെ ചതുരം]
ക്ഷണക്കത്ത് വിതരണം ചെയ്യേണ്ടത് എങ്ങനെ?
നിയമിത പ്രദേശത്തെല്ലാം ക്ഷണക്കത്ത് വിതരണം ചെയ്യാൻ കഴിയണമെങ്കിൽ അവതരണം ഹ്രസ്വമായിരിക്കണം. ഇങ്ങനെ പറയാവുന്നതാണ്: “നമസ്കാരം. ഈ ക്ഷണക്കത്ത് ലോകവ്യാപകമായി ഞങ്ങൾ വിതരണം ചെയ്യുന്നുണ്ട്. താങ്കൾക്കും ഇതു തരാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾ ക്ഷണക്കത്തിലുണ്ട്.” ഉത്സാഹത്തോടെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ. വാരാന്തങ്ങളിൽ, ഉചിതമെന്നു തോന്നുന്നപക്ഷം ക്ഷണക്കത്തിനോടൊപ്പം മാസികകളും നൽകാവുന്നതാണ്.