കൺവെൻഷനുകൾ—ആനന്ദത്തോടെ യഹോവയെ ആരാധിക്കാനുള്ള വേളകൾ
1. ഇസ്രായേലിലെ ഉത്സവങ്ങളെപ്പോലെ ഇന്നത്തെ കൺവെൻഷനുകൾ എന്തിനുള്ള അവസരം നൽകുന്നു?
1 വാർഷിക ഉത്സവങ്ങളിൽ പങ്കെടുക്കാനായി യോസേഫും മറിയയും മക്കളോടൊപ്പം പതിവായി യെരുശലേമിൽ പോയിരുന്നു. ഈ അവസരങ്ങളിൽ അവരും സഹാരാധകരും അവരുടെ ജീവിതോത്കണ്ഠകൾ മാറ്റിവെച്ച് പ്രാധാന്യമേറിയ ആത്മീയ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. യഹോവയുടെ നന്മയെയും അവന്റെ ന്യായപ്രമാണത്തെയും കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും ഈ ഉത്സവങ്ങൾ അവസരമൊരുക്കി. വരാനിരിക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷൻ യഹോവയ്ക്ക് സന്തോഷത്തോടെ ആരാധന അർപ്പിക്കാൻ നമുക്കും അവസരമേകും.
2. വരാനിരിക്കുന്ന കൺവെൻഷനിൽ സംബന്ധിക്കാൻ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടായിരിക്കാം?
2 തയ്യാറെടുപ്പ് അനിവാര്യം: നസറെത്തിൽനിന്ന് യെരുശലേമിലേക്കും തിരിച്ചുമായി ഏകദേശം 200 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്താണ് യേശുവിന്റെ കുടുംബം വാർഷിക ഉത്സവങ്ങളിൽ പങ്കെടുത്തിരുന്നത്. മറിയയ്ക്കും യോസേഫിനും എത്ര മക്കൾ ഉണ്ടായിരുന്നെന്ന് നമുക്ക് അറിയില്ലെങ്കിലും മുഴുകുടുംബവുമൊത്ത് ഉത്സവങ്ങൾക്കു പോകാൻ അവർക്ക് നല്ല തയ്യാറെടുപ്പു വേണമായിരുന്നു എന്നതിനു സംശയമില്ല. വരാനിരിക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ മൂന്നു ദിവസത്തെ പരിപാടികളിലും സംബന്ധിക്കാൻ നിങ്ങൾ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടോ? അവധിയെടുക്കുന്നതിനെപ്പറ്റി ഒരുപക്ഷേ നിങ്ങളുടെ തൊഴിലുടമയോടോ കുട്ടിയുടെ അധ്യാപകരോടോ മുൻകൂട്ടി സംസാരിക്കേണ്ടതുണ്ടായിരിക്കാം. ഹോട്ടലിലോ മറ്റോ മുറിയെടുക്കേണ്ടതുണ്ടെങ്കിൽ അതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടോ? കൺവെൻഷനിൽ സംബന്ധിക്കാൻ പ്രത്യേക സഹായം ആവശ്യമുള്ള ആരെങ്കിലും സഭയിൽ ഉണ്ടെങ്കിൽ മുൻകൈ എടുത്തു പ്രവർത്തിക്കാൻ നിങ്ങൾക്കാകുമോ?—1 യോഹ. 3:17, 18.
3. ഇസ്രായേലിലെ ഉത്സവങ്ങൾ ആത്മീയ സഹവാസത്തിനുള്ള അവസരങ്ങൾ പ്രദാനം ചെയ്തത് ഏതുവിധത്തിൽ?
3 ആത്മീയാഭിവൃദ്ധി വരുത്തുന്ന സഹവാസം: ആത്മീയാഭിവൃദ്ധിക്കുള്ള എത്ര നല്ല അവസരമാണ് സഹാരാധകരുമായുള്ള അത്തരം കൂടിവരവുകൾ യഹൂദ ജനതയ്ക്ക് നൽകിയത്! ദീർഘകാല സുഹൃത്തുക്കളുമായി വീണ്ടും ഒത്തുകൂടാനുള്ള ആ വേളകൾക്കായി യേശുവിന്റെ കുടുംബം നോക്കിപ്പാർത്തിരുന്നുകാണണം. ആ കൂടിവരവുകളും യാത്രകളും, യഹൂദരും യഹൂദമതപരിവർത്തിതരുമായ യഹോവയുടെ ആരാധകർക്കിടയിൽനിന്ന് പുതിയ സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള അവസരവും അവർക്കു നൽകിയിരുന്നു.
4. നമ്മുടെ ക്രിസ്തീയ സഹോദരവർഗത്തെ നാം വിലമതിക്കുന്നുവെന്ന് നമുക്ക് എങ്ങനെ കാണിക്കാം?
4 കൺവെൻഷൻ പരിപാടികളിലൂടെ ലഭിക്കുന്ന വിവരങ്ങൾ അച്ചടിച്ചരൂപത്തിൽ നമുക്ക് നൽകുന്നതിനുപകരം അടിമവർഗം എന്തുകൊണ്ടാണ് ഇത്തരം കൂടിവരവുകൾ ക്രമീകരിക്കുന്നത്? അന്യോന്യം പ്രോത്സാഹിപ്പിക്കാൻ അത് അവസരമേകുന്നു എന്നതാണ് ഒരു കാരണം. (എബ്രാ. 10:24, 25) അതുകൊണ്ട്, സംഗീതം ആരംഭിക്കുന്നതിനുമുമ്പുതന്നെ കൺവെൻഷൻ സ്ഥലത്ത് എത്തിച്ചേരാനും അങ്ങനെ വിലയേറിയ സഹവാസം ആസ്വദിക്കാനും പ്രത്യേകം ശ്രമം ചെയ്യുക. ആഹാരം കഴിക്കാൻവേണ്ടി പുറത്തുപോകുന്നത് ഒഴിവാക്കാൻ എന്തെങ്കിലും ലഘുഭക്ഷണം കൂടെക്കരുതുക. അങ്ങനെയാകുമ്പോൾ സഹോദരങ്ങളെ കാണാനും സംസാരിക്കാനും നമുക്ക് അവസരം ലഭിക്കും. യഹോവയിൽനിന്നുള്ള ഒരു വിശിഷ്ട സമ്മാനമാണ് നമ്മുടെ സഹോദരവർഗം; നമുക്ക് ഒരിക്കലും അതിനെ നിസ്സാരമായി കാണാതിരിക്കാം.—മീഖാ 2:12.
5. പരിപാടിയിൽനിന്ന് പൂർണപ്രയോജനം നേടാൻ നമുക്ക് എന്തു ചെയ്യാനാകും?
5 പഠിക്കാനുള്ള ഒരു അവസരം: യേശുവിനെ സംബന്ധിച്ചിടത്തോളം, നന്നേ ചെറുപ്പംമുതൽതന്നെ തന്റെ സ്വർഗീയ പിതാവിനെക്കുറിച്ചു പഠിക്കാനുള്ള വിലയേറിയ അവസരങ്ങളായിരുന്നു വാർഷിക ഉത്സവങ്ങൾ. (ലൂക്കോ. 2:41-49) കൺവെൻഷൻ പരിപാടിയിൽനിന്ന് പൂർണമായി പ്രയോജനം നേടാൻ നമുക്കും കുടുംബത്തിനും എന്തു ചെയ്യാനാകും? പരിപാടികൾ നടക്കുന്ന സമയത്ത് ഇരിപ്പിടങ്ങളിൽത്തന്നെ ആയിരിക്കാനും അനാവശ്യമായി സംസാരിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. മൊബൈലോ പേജറോ പോലുള്ള ഉപകരണങ്ങൾ നിങ്ങളുടെയും മറ്റുള്ളവരുടെയും ശ്രദ്ധപതറാൻ ഇടയാക്കരുത്. പ്രസംഗകനിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുക; കുറിപ്പുകളെടുക്കുക. കുട്ടികളും പരിപാടികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബം ഒരുമിച്ചുതന്നെയിരിക്കുക. കൺവെൻഷൻ പരിപാടിയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആശയങ്ങൾ ചർച്ച ചെയ്യാൻ വൈകിട്ട് സമയം കണ്ടെത്തുക.
6. വസ്ത്രധാരണവും ചമയവും സംബന്ധിച്ച് നാം എന്തു ശ്രദ്ധിക്കണം?
6 വസ്ത്രധാരണവും ചമയവും: റോഡിലൂടെ യാത്ര ചെയ്യുന്ന വിദേശ വ്യാപാരികൾക്ക് യെരുശലേമിലെ ഉത്സവത്തിന് പോയിവരുന്ന യഹോവയുടെ ആരാധകരെ അവരുടെ വസ്ത്രത്താൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു; അവരുടെ വസ്ത്രത്തിന്റെ വിളുമ്പുകളിൽ തൊങ്ങലുകൾ പിടിപ്പിച്ചിരുന്നു, തൊങ്ങലുകളിൽ നീലച്ചരടും കെട്ടിയിരുന്നു. (സംഖ്യാ. 15:37-41) ഇന്ന് സത്യാരാധകർക്ക് അവരെ തിരിച്ചറിയിക്കുന്ന പ്രത്യേക വസ്ത്രങ്ങളില്ലെങ്കിലും വൃത്തിയുള്ളതും മാന്യവുമായ വസ്ത്രങ്ങൾ ധരിക്കാൻ അവർ ശ്രദ്ധിക്കുന്നു. കൺവെൻഷനു പോകുമ്പോഴും വരുമ്പോഴുമെല്ലാം വസ്ത്രധാരണത്തിനു നാം പ്രത്യേക ശ്രദ്ധ നൽകണം. പരിപാടികൾക്കുശേഷം ഭക്ഷണം കഴിക്കാനും മറ്റുമായി പുറത്തുപോകുമ്പോഴും നമ്മുടെ വസ്ത്രധാരണം മാന്യമായിരിക്കണം; അതുപോലെ കൺവെൻഷൻ ബാഡ്ജ് ധരിക്കാനും നാം മറക്കരുത്. അങ്ങനെ അവിശ്വാസികളിൽനിന്നു വ്യത്യസ്തരാണ് നാം എന്ന് കാഴ്ചക്കാർക്കു മനസ്സിലാകും; അത് അവരിൽ മതിപ്പുളവാക്കുകയും ചെയ്യും.
7. കൺവെൻഷനോടു ബന്ധപ്പെട്ട സ്വമേധാസേവനത്തിനായി നാം മുന്നോട്ടുവരേണ്ടത് എന്തുകൊണ്ട്?
7 സ്വമേധാസേവകരെ ആവശ്യമുണ്ട്: കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് നിരവധി സേവകരുടെ ആവശ്യമുണ്ട്. സ്വമേധാസേവനത്തിനു നിങ്ങൾ മുന്നോട്ടുവരുമോ? (സങ്കീ. 110:3) കൺവെൻഷനോടു ബന്ധപ്പെട്ട് നാം ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ വിശുദ്ധ സേവനത്തിന്റെ ഭാഗമാണ്; നല്ല സാക്ഷ്യം നൽകാനും അത് ഉതകും. കൺവെൻഷൻ ഹാൾ വൃത്തിയാക്കാൻ സ്വമേധാസേവകർ ചെയ്ത ശ്രമത്തെ വിലമതിച്ചുകൊണ്ട് ഹാളിന്റെ മാനേജർ ഇപ്രകാരം എഴുതി: “ഇതിനുമുമ്പ് ഇങ്ങനെയൊരു പരിപാടി ഈ ഹാളിൽ നടന്നിട്ടില്ല. അതിന് ഞാൻ നിങ്ങളോടു നന്ദി പറയുന്നു. യഹോവയുടെ സാക്ഷികൾക്ക് ഞങ്ങളുടെ ഇടയിൽ വളരെ നല്ല പേരാണുള്ളത്; കൊടുക്കുന്നതിനെക്കാൾ ഭംഗിയായിട്ടാണ് അവർ ഹാൾ ഞങ്ങൾക്ക് തിരിച്ചുതരുന്നത്. നിങ്ങളും നിങ്ങളുടെ സംഘടനയും ഈ ഹാളിന്റെ മാറ്റുകൂട്ടിയിരിക്കുന്നു. ഇത്ര നല്ല ആളുകളെ ഞങ്ങൾ ഇതിനുമുമ്പ് ഒരിക്കലും പരിചയപ്പെട്ടിട്ടില്ല.”
8. കൺവെൻഷനോടു ബന്ധപ്പെട്ട് സാക്ഷീകരണത്തിനുള്ള എന്ത് അവസരം നമുക്കുണ്ട്?
8 സാക്ഷീകരിക്കാനുള്ള അവസരങ്ങൾ: മാന്യമായ വസ്ത്രധാരണം നടത്തി, കൺവെൻഷൻ ബാഡ്ജും ധരിച്ച് നടക്കുന്ന ആളുകളെ കാണുമ്പോൾ സ്വാഭാവികമായും കാഴ്ചക്കാർക്ക് അവർ ആരാണ് എന്ന് അറിയാൻ ജിജ്ഞാസയുണ്ടാകും. ഇത് കൺവെൻഷനെക്കുറിച്ച് അവരോടു പറയാൻ നമുക്ക് അവസരം നൽകും. ഒരിക്കൽ ഒരു നാലുവയസ്സുകാരൻ, പുതുതായി പ്രകാശനം ചെയ്ത ഒരു പ്രസിദ്ധീകരണം റസ്റ്ററന്റിലെ വെയ്ട്രസ്സിനെ കാണിച്ചു. ഇത് ആ സ്ത്രീയെ കൺവെൻഷനു ക്ഷണിക്കാൻ കുട്ടിയുടെ മാതാപിതാക്കൾക്ക് അവസരമൊരുക്കി.
9. നമ്മുടെ സഹോദരങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് ചില ഹോട്ടൽ ജീവനക്കാർ എന്ത് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്?
9 സത്പ്രവൃത്തികൾ: ഡിസ്ട്രിക്റ്റ് കൺവെൻഷനുകളോടു ബന്ധപ്പെട്ട് നാം ചെയ്യാറുള്ള “സത്പ്രവൃത്തികൾ” പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. (1 തിമൊ. 5:25) വർഷങ്ങളായി യഹോവയുടെ സാക്ഷികൾ കൺവെൻഷൻ നടത്താറുള്ള ഒരു ഉത്തരേന്ത്യൻ നഗരത്തിലെ ഒരു ഹോട്ടൽ മാനേജർ ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ പെരുമാറ്റം ഞങ്ങളെ വല്ലാതെ ആകർഷിച്ചു. കണ്ടിടത്തെല്ലാം തുപ്പുകയും ചപ്പുചവറുകൾ ഇടുകയും ചെയ്തുകൊണ്ട് ആളുകൾ പലപ്പോഴും ഞങ്ങൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. പക്ഷേ നിങ്ങൾ എത്ര മാന്യമായാണ് പെരുമാറുന്നത്!” പൊതുവെ താമസക്കാർ ഉണ്ടാക്കിവെക്കാറുള്ള പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞശേഷം മറ്റൊരു നഗരത്തിലെ ഹോട്ടൽ മാനേജർ നമ്മുടെ സഹോദരങ്ങളുടെ ക്ഷമയെയും സഹകരണമനോഭാവത്തെയും അഭിനന്ദിച്ചുസംസാരിക്കുകയുണ്ടായി. “ഞങ്ങളുടെ ഹോട്ടലിലെ താമസക്കാരെല്ലാം യഹോവയുടെ സാക്ഷികളെപ്പോലെ ആയിരുന്നെങ്കിൽ!” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ സഹോദരങ്ങളുടെ ഇത്തരത്തിലുള്ള നല്ല പെരുമാറ്റം തീർച്ചയായും നമ്മുടെ ദൈവമായ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നുണ്ട് എന്നതിൽ സംശയമില്ല!
10. യഹോവയുടെ ആത്മീയ കരുതലിനോട് യേശുവിന്റെ കുടുംബം കാണിച്ച വിലമതിപ്പ് നമുക്ക് എങ്ങനെ പകർത്താം?
10 കഴിഞ്ഞകാലത്ത്, ആത്മീയ മനസ്കരായ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം സന്തോഷം നിറഞ്ഞ വേളകളായിരുന്നു അവരുടെ ഉത്സവങ്ങൾ; അതിനായി അവർ കാത്തുകാത്തിരിക്കുമായിരുന്നു. (ആവ. 16:15) ആ ഉത്സവങ്ങളിൽ പങ്കെടുക്കാനും അവയിൽനിന്ന് പൂർണപ്രയോജനം അനുഭവിക്കാനുമായി എന്തു ത്യാഗങ്ങൾ ചെയ്യാനും യേശുവിന്റെ കുടുംബത്തിനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കൺവെൻഷനുകളോട് നമുക്കും അതേ വിലമതിപ്പാണുള്ളത്. സ്നേഹനിധിയായ നമ്മുടെ സ്വർഗീയ പിതാവിൽനിന്നുള്ള വിശിഷ്ട ദാനമാണ് ഈ ക്രമീകരണം. (യാക്കോ. 1:17) യഹോവയെ ആരാധിക്കാനുള്ള ഈ മഹത്തായ അവസരത്തിനായി നമുക്ക് ഇപ്പോൾത്തന്നെ തയ്യാറെടുപ്പുകൾ തുടങ്ങാം!
[5, 6 പേജുകളിൽ ചതുരം]
ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
◼ പരിപാടിയുടെ സമയം: മൂന്നുദിവസവും രാവിലെ 9:20-നു പരിപാടി തുടങ്ങുന്നതായിരിക്കും. രാവിലെ 8:00 മണിമുതൽ ഹാളിൽ പ്രവേശിക്കാനാകും. സംഗീതം ആരംഭിക്കാൻ പോകുന്നുവെന്ന അറിയിപ്പുണ്ടാകുമ്പോൾ എല്ലാവരും ഇരിപ്പിടങ്ങളിൽ വന്നിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ മാന്യമായ വിധത്തിൽ പരിപാടി ആരംഭിക്കാനാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും 4:55-നും ഞായറാഴ്ച 3:40-നും പരിപാടി സമാപിക്കും.
◼ പാർക്കിങ്: നമുക്ക് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണമുള്ള എല്ലാ കൺവെൻഷൻസ്ഥലങ്ങളിലും, പാർക്ക് ചെയ്യാനുള്ള ഇടം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സൗജന്യമായി ലഭിക്കുന്നതായിരിക്കും. പാർക്കിങ്ങിനുള്ള സ്ഥലം സാധാരണഗതിയിൽ പരിമിതമായിരിക്കുമെന്നതിനാൽ, കാറുകളിലും മറ്റും ഒന്നോ രണ്ടോ പേർമാത്രം യാത്ര ചെയ്യുന്നതിനുപകരം അവയിലെ സ്ഥലസൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.
◼ ഇരിപ്പിടം പിടിച്ചുവെക്കൽ: നിങ്ങളോടൊപ്പം താമസിക്കുകയോ യാത്രചെയ്യുകയോ ചെയ്യുന്നവർക്കുവേണ്ടിയും നിങ്ങൾ ഇപ്പോൾ അധ്യയനം എടുക്കുന്നവർക്കുവേണ്ടിയും മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ.—1 കൊരി. 13:5.
◼ ഉച്ചഭക്ഷണം: ഉച്ചയ്ക്കത്തെ ഇടവേളയിൽ ഹോട്ടലിലും മറ്റും പോയി ഭക്ഷണം കഴിക്കുന്നതിനു പകരം ദയവായി ലഘുവായ ഉച്ചഭക്ഷണം കൂടെ കരുതുക. ഇരിപ്പിടത്തിനടിയിൽ വെക്കാവുന്നതരം സഞ്ചിയും മറ്റും ഭക്ഷണം കൊണ്ടുവരാൻ ഉപയോഗിക്കാമെങ്കിലും വലിയ പാത്രങ്ങളും ചില്ലുപാത്രങ്ങളും കൺവെൻഷൻസ്ഥലത്ത് കൊണ്ടുവരരുത്. കൺവെൻഷൻ സംഘാടകർ ഭക്ഷണപാനീയങ്ങൾ ലഭ്യമാക്കുന്നതല്ല.
◼ സംഭാവനകൾ: ലോകവ്യാപക വേലയ്ക്കുവേണ്ടി രാജ്യഹാളിലോ കൺവെൻഷൻസ്ഥലത്തോ സംഭാവനകൾ ഇട്ടുകൊണ്ട് നമുക്കു കൺവെൻഷൻ ക്രമീകരണങ്ങളോടു വിലമതിപ്പു കാണിക്കാം. കൺവെൻഷൻസ്ഥലത്ത് സംഭാവനയായി നൽകുന്ന ചെക്കുകൾ “The Watch Tower Bible and Tract Society of India” എന്ന പേരിലാണ് എഴുതേണ്ടത്.
◼ അപകടങ്ങളും അടിയന്തിര സാഹചര്യങ്ങളും: കൺവെൻഷൻസ്ഥലത്ത് വൈദ്യസഹായം ആവശ്യമുള്ള ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുന്നപക്ഷം ദയവായി അടുത്തുള്ള ഒരു സേവകനെ സമീപിക്കുക. അദ്ദേഹം ഉടൻതന്നെ പ്രഥമശുശ്രൂഷാ വിഭാഗത്തെ വിവരമറിയിക്കും. ആ വിഭാഗത്തിലുള്ള യോഗ്യരായ സഹോദരങ്ങൾ സാഹചര്യത്തിന്റെ ഗൗരവം വിലയിരുത്തി ആവശ്യമായ സഹായം നൽകും.
◼ പാദരക്ഷകൾ: പടികൾ കയറുമ്പോഴും മറ്റും തെന്നിവീഴാൻ ഇടയാക്കാത്തതരം പാദരക്ഷകൾ ധരിക്കുക. എല്ലാ വർഷവും ആരെങ്കിലുമൊക്കെ വീണു പരിക്കേൽക്കാറുണ്ട്.
◼ ആംഗ്യഭാഷാ സെഷനുകൾ: ബാംഗ്ലൂർ (ഇംഗ്ലീഷ്), കോയമ്പത്തൂർ (തമിഴ്), കൊച്ചി-2 (മലയാളം), പൂന-ചിഞ്ച്വഡ് (ഇംഗ്ലീഷ്) കൺവെൻഷനുകളിൽ ആംഗ്യഭാഷാ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
◼ റെക്കോർഡിങ്: മറ്റുള്ളവർക്കു ശല്യമുണ്ടാകാത്ത വിധത്തിൽ മാത്രമേ റെക്കോർഡിങ് ചെയ്യാവൂ. റെക്കോർഡിങ് ഉപകരണങ്ങൾ കൺവെൻഷൻസ്ഥലത്തെ വൈദ്യുത, ശബ്ദ സംവിധാനങ്ങളുമായി ഘടിപ്പിക്കരുത്.
◼ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടുപോകുന്ന വണ്ടികളും ചാരുകസേരകളും: കൺവെൻഷൻസ്ഥലത്ത് ഇവ കൊണ്ടുവരരുത്. മാതാപിതാക്കളുടെ അടുത്തുതന്നെയുള്ള ഇരിപ്പിടത്തിൽ സ്ഥാപിക്കാൻ കഴിയുന്ന, കുട്ടികൾക്കായുള്ള പ്രത്യേക സുരക്ഷാസീറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
◼ പെർഫ്യൂം: വായുസഞ്ചാരത്തിനായി കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന അടഞ്ഞ ഹാളുകളിലാണു മിക്ക കൺവെൻഷനുകളും നടക്കുന്നത്. അതുകൊണ്ടുതന്നെ ആസ്ത്മയോ അലർജിയോ ഉള്ളവർക്ക് അസ്വസ്ഥത ഉളവാക്കിയേക്കാവുന്ന രൂക്ഷഗന്ധമുള്ള പെർഫ്യൂമുകളും മറ്റും അധികം ഉപയോഗിക്കാതിരുന്നുകൊണ്ട് മറ്റുള്ളവരോടു പരിഗണന കാണിക്കാനാകും.—1 കൊരി. 10:24.
◼ S-43 ഫാറങ്ങൾ: കൺവെൻഷൻസമയത്ത് അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ ആരെങ്കിലും താത്പര്യം കാണിക്കുന്നെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ദയവായി ബന്ധപ്പെടുക (S-43) ഫാറങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൺവെൻഷനു വരുമ്പോൾ പ്രസാധകർ ഒന്നോ രണ്ടോ S-43 ഫാറങ്ങൾ കൂടെക്കരുതുക. പൂരിപ്പിച്ചശേഷം അവ പുസ്തകശാലയിൽ ഏൽപ്പിക്കാനാകും; അല്ലെങ്കിൽ തിരികെച്ചെന്നശേഷം നിങ്ങളുടെ സഭാസെക്രട്ടറിയെ ഏൽപ്പിക്കാവുന്നതാണ്.—2009 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.
◼ റെസ്റ്ററന്റുകളിൽ: റെസ്റ്ററന്റുകളിലും ഹോട്ടലുകളിലും ആയിരിക്കുമ്പോൾ നല്ല പെരുമാറ്റത്താൽ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുക. പല സ്ഥലങ്ങളിലും സേവനത്തിനനുസരിച്ച് ടിപ്പ് കൊടുക്കുന്ന രീതിയുണ്ട്.
◼ ഹോട്ടലുകളിൽ: (1) വേണ്ടതിലധികം മുറികൾ ബുക്കു ചെയ്യരുത്; അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ആളുകൾ മുറിയിൽ താമസിക്കാതിരിക്കാൻ ശ്രദ്ധിക്കുക. (2) ബുക്കുചെയ്ത മുറി വേണ്ടെന്ന് ഉറപ്പാണെങ്കിൽ എത്രയുംവേഗം ഹോട്ടലധികൃതരെ അറിയിക്കുക. (3) ലഗ്ഗേജ് കൊണ്ടുപോകാനുള്ള ട്രോളികൾ ലഭ്യമാണെങ്കിൽ പുറത്തിറങ്ങാൻ തയ്യാറായിക്കഴിഞ്ഞേ അതെടുക്കാവൂ, മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയേണ്ടതിന് ഉടനെ തിരിച്ചുവെക്കുകയും ചെയ്യുക. (4) ഹോട്ടൽമുറിയിൽ പാചകം അനുവദനീയമല്ലെങ്കിൽ അതു ചെയ്യരുത്. (5) മുറിയിൽ നമുക്കുവേണ്ട സേവനം ചെയ്തുതരുന്ന ആൾക്ക് ദിവസവും ടിപ്പ് കൊടുക്കുക. (6) ഹോട്ടലിൽ ആയിരിക്കുമ്പോൾ ഉപചാരാർഥം ലഭിക്കുന്ന പ്രഭാതഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ ദുരുപയോഗം ചെയ്യരുത്. (7) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോഴെല്ലാം ദൈവാത്മാവിന്റെ ഫലം പ്രകടിപ്പിക്കുക. ഹോട്ടലിൽ വരുന്ന എല്ലാവരെയും അവർക്കു തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ക്ഷമയും പരിഗണനയും ന്യായബോധവും കാണിക്കുക. (8) ശുപാർശ ചെയ്യപ്പെടുന്ന ലോഡ്ജുകളുടെ പട്ടികയിൽ കാണിച്ചിരിക്കുന്ന നിരക്ക്, നികുതി ഒഴികെയുള്ള ഒരു ദിവസത്തെ ചാർജാണ്. അതിലധികം ചാർജുചെയ്യുകയോ നിങ്ങൾ ആവശ്യപ്പെടാത്തതോ ഉപയോഗിക്കാത്തതോ ആയ എന്തെങ്കിലും ബില്ലിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കിയേ പണം കൊടുക്കാവൂ, തുടർന്ന് കൺവെൻഷൻസ്ഥലത്തുള്ള താമസസൗകര്യ ഡിപ്പാർട്ടുമെന്റിനെ എത്രയും പെട്ടെന്ന് വിവരമറിയിക്കുക. (9) ഹോട്ടൽമുറിയോടുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നപക്ഷം അക്കാര്യം കൺവെൻഷൻസ്ഥലത്തുവെച്ചുതന്നെ റൂമിങ് ഡിപ്പാർട്ടുമെന്റിനെ അറിയിക്കുക. അവർക്കു നിങ്ങളെ സഹായിക്കാനായേക്കും.
◼ സ്വമേധാസേവനം: ആവശ്യമായ സേവനങ്ങൾ ചെയ്യുന്നതിനായി നാം സ്വമേധയാ മുന്നോട്ടുവരുന്നെങ്കിൽ കൺവെൻഷനിൽ സംബന്ധിക്കുന്നതിൽനിന്നു കൂടുതൽ സന്തോഷം നമുക്ക് ആസ്വദിക്കാനാകും. (പ്രവൃ. 20:35) അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വമേധാസേവന ഡിപ്പാർട്ടുമെന്റിൽ പേരു നൽകുക. മാതാപിതാക്കളോടോ രക്ഷാകർത്താവിനോടോ അവർ നിയമിക്കുന്ന ഏതെങ്കിലുമൊരു മുതിർന്ന വ്യക്തിയോടോ ഒപ്പം 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും സ്വമേധാസേവനത്തിൽ പങ്കെടുക്കാനാകും.