ആത്മീയവിരുന്നിനും സന്തോഷത്തിനുമുള്ള ഒരു അവസരം
1. യഹോവ തന്റെ ദാസന്മാരുടെ ആത്മീയ ആവശ്യങ്ങൾ നിവർത്തിക്കുന്നത് എങ്ങനെ?
1 യഹോവ സ്നേഹപുരസ്സരം തന്റെ ദാസന്മാരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നു. ലോകം ആത്മീയ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ നാം വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നു. (യെശ. 65:13) ഡിസ്ട്രിക്റ്റ് കൺവെൻഷനുകളാണ് നമ്മെ ആത്മീയമായി പോഷിപ്പിക്കാനുള്ള യഹോവയുടെ ഒരു മാർഗം. അടുത്തുവരുന്ന “ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു” കൺവെൻഷന്റെ എല്ലാ സെഷനുകളിലും സംബന്ധിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടോ നിങ്ങൾ? രുചികരവും സമ്പുഷ്ടവുമായ വിഭവങ്ങളാണ് നമുക്കായി തയ്യാർ ചെയ്തിരിക്കുന്നത്.
2. കൺവെൻഷനായുള്ള ആസൂത്രണത്തിൽ എന്തെല്ലാം ഉൾപ്പെടുന്നു?
2 മുന്നമേ ആസൂത്രണം ചെയ്യുക: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു.” (സദൃ. 21:5) അതുകൊണ്ട്, അവധിയെടുക്കേണ്ടതുണ്ടെങ്കിൽ തൊഴിലുടമയുമായി എത്രയും പെട്ടെന്നു സംസാരിച്ചുകൊണ്ട് കൺവെൻഷന്റെ മൂന്നു ദിവസവും ഹാജരാകാൻ ആസൂത്രണം ചെയ്യുക. താമസസൗകര്യം ആവശ്യമുള്ളവർ അതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ടോ? സഹോദരങ്ങളോടൊപ്പം കൺവെൻഷൻ സ്ഥലത്തുവെച്ചുതന്നെ ഭക്ഷിക്കാൻ കഴിയേണ്ടതിന് ലളിതമായ ഉച്ചഭക്ഷണം കൊണ്ടുവരാനും ശ്രദ്ധിക്കുമല്ലോ. ഓരോ ദിവസവും നേരത്തേതന്നെ സ്ഥലത്തെത്താനും ശ്രദ്ധിക്കുക. അങ്ങനെയാകുമ്പോൾ ഇരിപ്പിടം കണ്ടെത്താനും പ്രാരംഭ ഗീതത്തിലും പ്രാർഥനയിലും പങ്കെടുക്കാനും നിങ്ങൾക്കാകും.
3. എങ്ങനെയുള്ള വസ്ത്രമാണ് നാം ധരിക്കേണ്ടത്?
3 വസ്ത്രധാരണം മാന്യമായിരിക്കാനും നാം ശ്രദ്ധിക്കണം. (1 തിമൊ. 2:9, 10) പ്രദേശത്തുള്ളവർക്ക് സാക്ഷ്യംനൽകാനുള്ള നല്ലൊരു അവസരമാണ് നമ്മുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ. അവിടെയായിരിക്കെ യോഗ്യമായ വസ്ത്രം ധരിച്ചുകൊണ്ടും കൺവെൻഷൻ ബാഡ്ജ് ഉപയോഗിച്ചുകൊണ്ടും അവിശ്വാസികളിൽനിന്നു വിഭിന്നരായി നിലകൊള്ളാനും നിരീക്ഷകരിൽ മതിപ്പുളവാക്കാനും നമുക്കു കഴിയും.
4. പരിപാടികളിൽനിന്നു പരമാവധി പ്രയോജനം നേടാൻ നമ്മെയും കുടുംബാംഗങ്ങളെയും എന്തു സഹായിക്കും?
4 നന്നായി ശ്രദ്ധിക്കുക: ഈ ആത്മീയ സദ്യയിൽ വിളമ്പുന്ന വിഭവങ്ങളിൽ ഒന്നുപോലും നാം നഷ്ടപ്പെടുത്തരുത്. (സദൃ. 22:17, 18) ഹ്രസ്വമായ കുറിപ്പുകളെടുക്കുന്നതും തിരുവെഴുത്തുകൾ വായിക്കുമ്പോൾ ബൈബിളെടുത്തു നോക്കുന്നതും ശ്രദ്ധാശൈഥില്യം കൂടാതെ പരിപാടിയിൽ മനസ്സുപതിപ്പിക്കാൻ നമ്മെ സഹായിക്കും. വൈകുന്നേരങ്ങളിൽ മറ്റുള്ളവരുമൊത്ത് പരിപാടിയിലെ മുഖ്യാശയങ്ങൾ ചർച്ചചെയ്യാൻ ഈ കുറിപ്പുകൾ ഉപയോഗിക്കാനാകും. പരിപാടി നടന്നുകൊണ്ടിരിക്കെ ചില ചെറുപ്പക്കാർ ഹാളിലിരുന്നോ പുറത്തിറങ്ങിനിന്നോ സംസാരിക്കുന്നതും മൊബൈൽ ഫോണിലൂടെ മെസേജ് അയയ്ക്കുന്നതും കഴിഞ്ഞ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. നിങ്ങൾക്ക് കൗമാരത്തിലുള്ള മക്കളുണ്ടെങ്കിൽ അവരെ മറ്റു ചെറുപ്പക്കാരോടൊപ്പം മറ്റെവിടെയെങ്കിലും ഇരിക്കാൻ അനുവദിക്കാതെ കുടുംബം ഒന്നിച്ചിരുന്നു പരിപാടികൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
5. നമുക്കെങ്ങനെ കൺവെൻഷൻ ഏറെ ആസ്വാദ്യകരമാക്കാം?
5 സഹവാസം ആസ്വദിക്കുക: സ്വാദിഷ്ടമായ ഒരു വിഭവം സുഹൃത്തുക്കളോടൊപ്പം ആസ്വദിക്കുമ്പോൾ അത് ഏറെ ഹൃദ്യമാണ്. (സദൃ. 15:17) അതുപോലെ, സഹോദരീസഹോദരന്മാരുമായുള്ള സഹവാസം നമ്മുടെ കൺവെൻഷൻ കൂടുതൽ ആസ്വാദ്യമാക്കിത്തീർക്കുന്നു. അതുകൊണ്ട് ഇടവേളകളിൽ സഹോദരങ്ങളുമായി ഇടപഴകാൻ മുൻകയ്യെടുക്കുക. (സങ്കീ. 133:1) സംഭാഷണം നിറുത്തി ഇരിപ്പിടങ്ങളിൽ വന്നിരിക്കാൻ സംഗീതം ആരംഭിക്കുന്നതിനുമുമ്പ് ചെയർമാൻ അഭ്യർഥിക്കുമ്പോൾ ദയവായി അതു പിൻപറ്റുക.
6. കൺവെൻഷൻപ്രദേശത്തുള്ളവരോട് എങ്ങനെ സാക്ഷീകരിക്കാമെന്നു കാണിക്കുന്ന വ്യക്തിപരമായ ഒരു അനുഭവം പറയുക.
6 സാക്ഷ്യം നൽകാൻ സദാ ഒരുങ്ങിയിരിക്കുക: സാക്ഷ്യം നൽകാനുള്ള മികച്ച അവസരമാണ് നമ്മുടെ കൺവെൻഷനുകൾ. പരിപാടികൾക്കുശേഷം ഹോട്ടലുകളിലെത്തുന്ന സഹോദരങ്ങളോട് വെയിറ്റർമാരും മറ്റുള്ളവരും കൺവെൻഷൻ ബാഡ്ജിലെ വിഷയത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അത് സംഭാഷണങ്ങൾക്കും സാക്ഷീകരണത്തിനും വഴിതുറന്നിരിക്കുന്നു. അങ്ങനെയുള്ള ചിലർ നമ്മുടെ ക്ഷണം സ്വീകരിച്ചു കൺവെൻഷനു വന്നിട്ടുണ്ട്.
7. ഏതു തിരുവെഴുത്തു തത്ത്വത്തിനു ചേർച്ചയിലായിരിക്കണം കൺവെൻഷൻസ്ഥലത്തെ നമ്മുടെ പെരുമാറ്റം?
7 ക്രിസ്തീയ പെരുമാറ്റം—ദൈവാത്മാവിന്റെ വഴിനടത്തിപ്പിന് തെളിവ്: ചില സഹോദരങ്ങൾ സേവകന്മാരോടു സഹകരിക്കാൻ വിസമ്മതിക്കുന്നതായും ക്രിസ്ത്യാനികൾക്കു നിരക്കാത്ത വിധത്തിൽപ്പോലും അവരോടു സംസാരിക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ‘ഞാൻ മുമ്പൻ’ മനോഭാവം യഹോവയാം ദൈവത്തിനു മഹത്വം കരേറ്റുകയില്ല, നന്മ ചെയ്യുന്നവരെന്ന നമ്മുടെ സത്പേരിനു അതു മങ്ങലേൽപ്പിക്കുകയും ചെയ്യും. സ്നേഹവും ക്ഷമയും സഹകരണവും പ്രകടമാക്കിക്കൊണ്ട്, നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നു തെളിയിക്കുകയാണ് നാം ചെയ്യേണ്ടത്. (ഗലാ. 5:22, 23, 25) ഇരിപ്പിടങ്ങൾ പിടിച്ചുവെക്കുന്നതിനോടുള്ള ബന്ധത്തിൽ ആവർത്തിച്ച് ഓർമിപ്പിക്കൽ നൽകിയിട്ടും അതു ചെവിക്കൊള്ളാൻ പലരും കൂട്ടാക്കുന്നില്ല. രാവിലെ 8 മണിക്ക് ഹാൾ തുറക്കുന്നതോടെ “ഏറ്റവുംനല്ല” ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ സഹോദരീസഹോദരന്മാർ ഓടുന്നതും ഉന്തുംതള്ളും ഉണ്ടാക്കുന്നതും നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുമൂലം ചിലർക്കൊക്കെ പരിക്കേറ്റിട്ടുമുണ്ട്. കുടുംബത്തോടൊപ്പം നേരത്തേതന്നെ കൺവെൻഷന് എത്തിയിട്ടും മിക്ക ഇരിപ്പിടങ്ങളും ബുക്കുചെയ്തിരിക്കുന്നതായാണ് കണ്ടതെന്നു ചില സഹോദരന്മാർ റിപ്പോർട്ടു ചെയ്തിരിക്കുന്നു. മിക്കപ്പോഴും, ഹാൾ തുറക്കുന്നയുടനെ ഒരാൾ കയറി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഒരു ഭാഗത്തുള്ള ഇരിപ്പിടങ്ങൾ മൊത്തം ബുക്കു ചെയ്യുകയാണ് പതിവ്. നിസ്സ്വാർഥതയുടെ തികഞ്ഞ പ്രകടനം എന്നാണല്ലോ സ്നേഹത്തെ വിശേഷിപ്പിക്കുന്നത്. തന്റെ ശിഷ്യന്മാരെ തിരിച്ചറിയിക്കുന്ന പ്രധാന അടയാളം ആ നിസ്സ്വാർഥ സ്നേഹമായിരിക്കുമെന്നു യേശുക്രിസ്തുവും പറയുകയുണ്ടായി. (യോഹ. 13:35) ഇരിപ്പിടങ്ങൾ കൂട്ടത്തോടെ പിടിച്ചുവെക്കുന്നത് ഈ ദൈവിക സ്നേഹത്തിന്റെ തെളിവാണോ? “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ” എന്ന ക്രിസ്തുവിന്റെ വാക്കുകൾ അനുസരിക്കാൻ ക്രിസ്തീയ സ്നേഹം നമ്മെ പ്രചോദിപ്പിക്കണം.—മത്താ. 7:12.
8. അടുത്തുവരുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ നാം സംബന്ധിക്കേണ്ടത് എന്തുകൊണ്ട്?
8 പരിപാടികൾ തയ്യാറാക്കുന്നതിനും കൺവെൻഷൻസ്ഥലങ്ങൾ കണ്ടെത്തുന്നതിനും വ്യത്യസ്ത ഡിപ്പാർട്ടുമെന്റുകൾ സംഘടിപ്പിക്കുന്നതിനും പ്രസംഗങ്ങളും മറ്റും തയ്യാറാകുന്നതിനുമായി ആയിരക്കണക്കിന് മണിക്കൂറുകളാണ് ചെലവഴിച്ചിരിക്കുന്നത്. ഈ ആത്മീയ സദ്യ ഒരുക്കുന്നതിന്റെ പിന്നിലെ സ്നേഹപുരസ്സരമായ ശ്രമങ്ങളെല്ലാം നമ്മോടുള്ള യഹോവയുടെ ആർദ്രകരുതലിന്റെ പ്രതിഫലനമാണ്. അതിൽനിന്നു വേണ്ടുവോളം ഭക്ഷിക്കാനായി കൂടിവരുമ്പോൾ ലോകത്തിലുള്ളവരിൽനിന്നു വ്യത്യസ്തമായി ‘ഹൃദയാനന്ദംകൊണ്ട് ആർത്തുഘോഷിക്കാൻ’ നമുക്കു കഴിയും.—യെശ. 65: 14.
[5-ാം പേജിലെ ചതുരം]
ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
◼ പരിപാടിയുടെ സമയം: മൂന്നു ദിവസവും രാവിലെ 9:20-നു പരിപാടി തുടങ്ങുന്നതായിരിക്കും. രാവിലെ 8:00 മണിമുതൽ ഹാളിൽ പ്രവേശിക്കാനാകും. സംഗീതം ആരംഭിക്കുമ്പോൾ എല്ലാവരും ഇരിപ്പിടങ്ങളിൽ വന്നിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ വളരെ മാന്യമായ ഒരു വിധത്തിൽ പരിപാടി ആരംഭിക്കാനാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും 4:55-നും ഞായറാഴ്ച 4 മണിക്കും പരിപാടി സമാപിക്കും.
◼ പാർക്കിങ്: നമുക്ക് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണമുള്ള എല്ലാ കൺവെൻഷൻ സ്ഥലങ്ങളിലും പാർക്ക് ചെയ്യാനുള്ള ഇടം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ലഭിക്കുന്നതായിരിക്കും. കൺവെൻഷൻ ബാഡ്ജ് കാർഡുകൾ ഈ സമയത്ത് തിരിച്ചറിയിക്കൽ അടയാളമായി ഉതകും.
◼ ഇരിപ്പിടം പിടിച്ചുവെക്കൽ: നിങ്ങളോടൊപ്പം താമസിക്കുകയോ യാത്രചെയ്യുകയോ ചെയ്യുന്നവർക്കുവേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ.
◼ ഉച്ചഭക്ഷണം: ഉച്ചയ്ക്കത്തെ ഇടവേളയിൽ പുറത്ത് ഹോട്ടലിലും മറ്റും പോയി ഭക്ഷണം കഴിക്കുന്നതിനു പകരം ദയവായി ലഘുവായ ഉച്ചഭക്ഷണം കൂടെ കരുതുക. ഇരിപ്പിടത്തിനടിയിൽ ഒതുങ്ങുന്ന ബാഗും പാത്രങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചില്ലുപാത്രങ്ങളും ലഹരിപാനീയങ്ങളും കൺവെൻഷൻസ്ഥലത്ത് കൊണ്ടുവരരുത്.
◼ സംഭാവനകൾ: ലോകവ്യാപക വേലയ്ക്കുവേണ്ടി രാജ്യഹാളിലോ കൺവെൻഷൻസ്ഥലത്തോ സംഭാവനകൾ ഇട്ടുകൊണ്ട് നമുക്കു കൺവെൻഷൻക്രമീകരണങ്ങളോടു വിലമതിപ്പു കാണിക്കാം. കൺവെൻഷൻസ്ഥലത്ത് സംഭാവനയായി നൽകുന്ന ചെക്കുകൾ “Watch Tower” എന്ന പേരിലാണ് എഴുതേണ്ടത്.
◼ അപകടങ്ങളും അടിയന്തിര സാഹചര്യങ്ങളും: കൺവെൻഷൻസ്ഥലത്ത് വൈദ്യസഹായം ആവശ്യമുള്ള ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുന്നപക്ഷം ദയവായി അടുത്തുള്ള ഒരു സേവകനെ സമീപിക്കുക. അദ്ദേഹം ഉടൻതന്നെ പ്രഥമശുശ്രൂഷാ വിഭാഗത്തെ വിവരമറിയിക്കും. അപ്പോൾ ആ വിഭാഗത്തിലുള്ള യോഗ്യരായ സഹോദരങ്ങൾ സാഹചര്യത്തിന്റെ ഗൗരവം വിലയിരുത്തി ആവശ്യമായ സഹായം നൽകും. ആവശ്യമെങ്കിൽ, പ്രഥമശുശ്രൂഷാ വിഭാഗത്തിൽപ്പെട്ടവർ 102 എന്ന നമ്പറിൽ വിളിച്ച് സഹായം അഭ്യർഥിക്കും.
◼ ആംഗ്യഭാഷാ സെഷനുകൾ: ബാംഗ്ലൂരിൽ നടക്കുന്ന ഇംഗ്ലീഷ് കൺവെൻഷനിലും കോയമ്പത്തൂരിലെയും കൊച്ചിയിലെയും കൺവെൻഷനുകളിലും ആംഗ്യഭാഷാ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
◼ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടുപോകുന്ന വണ്ടികൾ: കൺവെൻഷൻസ്ഥലത്ത് ഇവ കൊണ്ടുവരരുത്. മാതാപിതാക്കളുടെ അടുത്തുതന്നെയുള്ള ഇരിപ്പിടത്തിൽ സ്ഥാപിക്കാൻ കഴിയുന്ന, കുട്ടികൾക്കായുള്ള പ്രത്യേക സുരക്ഷാസീറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
◼ പെർഫ്യൂം: വായുസഞ്ചാരത്തിനായി കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന അടഞ്ഞ ഹാളുകളിലാണു ചില കൺവെൻഷനുകൾ നടക്കുന്നത്. അതുകൊണ്ടുതന്നെ ആസ്ത്മയോ അലർജിയോ ഉള്ളവർക്ക് അസ്വസ്ഥത ഉളവാക്കിയേക്കാവുന്ന രൂക്ഷമായ ഗന്ധമുള്ള പെർഫ്യൂമുകളും മറ്റും അധികം ഉപയോഗിക്കാതിരുന്നുകൊണ്ട് മറ്റുള്ളവരോടു പരിഗണന കാണിക്കാനാകും.—1 കൊരി. 10:24.
◼ S-43 ഫാറങ്ങൾ: കൺവെൻഷൻ സമയത്ത് അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ ആരെങ്കിലും താത്പര്യം കാണിക്കുന്നെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ദയവായി ബന്ധപ്പെടുക (Please Follow Up) (S-43) ഫാറങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൺവെൻഷനു വരുമ്പോൾ പ്രസാധകർ ഒന്നോ രണ്ടോ S-43 ഫാറങ്ങൾ കൊണ്ടുവരുക. പൂരിപ്പിച്ചശേഷം അവ പുസ്തകശാലയിൽ ഏൽപ്പിക്കാനാകും; അല്ലെങ്കിൽ തിരികെച്ചെന്നശേഷം നിങ്ങളുടെ സഭാസെക്രട്ടറിയെ ഏൽപ്പിക്കാവുന്നതാണ്.—2005 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 6 കാണുക.
◼ റെസ്റ്റൊറന്റുകളിൽ: നല്ല പെരുമാറ്റത്താൽ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുക. പല സ്ഥലങ്ങളിലും സേവനത്തിനനുസരിച്ച് 10 ശതമാനം ടിപ്പ് കൊടുക്കുന്ന രീതിയുണ്ട്.
◼ ഹോട്ടലുകളിൽ: (1) വേണ്ടതിലധികം മുറികൾ ബുക്കുചെയ്യരുത്; അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ആളുകൾ മുറിയിൽ താമസിക്കാതിരിക്കാൻ ശ്രദ്ധിക്കുക. (2) ബുക്കുചെയ്ത മുറി വേണ്ടെന്ന് ഉറപ്പാണെങ്കിൽ എത്രയും വേഗം ഹോട്ടലധികൃതരെ അറിയിക്കുക. (3) ലഗ്ഗേജ് കൊണ്ടുപോകാനുള്ള ട്രോളികൾ ആവശ്യമുള്ളപ്പോൾമാത്രം എടുക്കുക, മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയേണ്ടതിന് ഉടനെ തിരിച്ചുവെക്കുകയും ചെയ്യുക. (4) ഹോട്ടൽമുറിയിൽ പാചകം അനുവദനീയമല്ലെങ്കിൽ അതു ചെയ്യരുത്. (5) ദിവസവും റൂംബോയിക്ക് ടിപ്പ് കൊടുക്കുക. (6) ഹോട്ടലിൽ ആയിരിക്കുമ്പോൾ, ഉപചാരാർഥം ലഭിക്കുന്ന പ്രഭാതഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ ദുരുപയോഗം ചെയ്യരുത്. (7) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോഴെല്ലാം ആത്മാവിന്റെ ഫലം പ്രകടിപ്പിക്കുക. (8) ശുപാർശ ചെയ്യപ്പെടുന്ന ലോഡ്ജുകളുടെ പട്ടികയിൽ കാണിച്ചിരിക്കുന്ന നിരക്ക് നികുതി ഒഴികെയുള്ള ഒരു ദിവസത്തെ ചാർജാണ്. നിങ്ങൾ ആവശ്യപ്പെടുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത കാര്യങ്ങൾക്ക് ബില്ല് ലഭിക്കുന്നപക്ഷം പണം കൊടുക്കുന്നതിനുപകരം, കൺവെൻഷൻസ്ഥലത്തുള്ള താമസസൗകര്യ ഡിപ്പാർട്ട്മെന്റിനെ എത്രയും പെട്ടെന്ന് വിവരമറിയിക്കുക. (9) ഹോട്ടൽമുറിയോടുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നപക്ഷം അക്കാര്യവും അറിയിക്കുക.