മാന്യമായ പെരുമാറ്റം—ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് അനിവാര്യം
1. ഈ വർഷത്തെ കൺവെൻഷന്റെ വിഷയം മാന്യമായ പെരുമാറ്റവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
1 അഖിലാണ്ഡ പരമാധികാരിയായ യഹോവ മഹത്ത്വം ധരിച്ചിരിക്കുന്നതായി ബൈബിൾ പറയുന്നു. (സങ്കീ. 104:1) യേശു എല്ലായ്പോഴും തന്റെ പിതാവിനോടും അവന്റെ കരുതലുകളോടും ആദരവു പ്രകടമാക്കി; അവന്റെ സംസാരത്തിലും പ്രവൃത്തിയിലും അതു വ്യക്തമായിരുന്നു. (യോഹ. 17:4) അടുത്തുവരുന്ന “ക്രിസ്തുവിനെ അനുഗമിക്കുക!” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കവേ യേശുവിനെ അനുകരിച്ചുകൊണ്ട് യഹോവയ്ക്കു മഹത്ത്വം കരേറ്റാൻ നമുക്കെല്ലാം അവസരം ലഭിക്കും.
2. കൺവെൻഷന്റെ ഓരോ സെഷനിലും സന്നിഹിതരാകുന്നതിന് നാം ചെയ്യുന്ന ഒരുക്കങ്ങൾ യഹോവയെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെ?
2 മാന്യമായ ആരാധന: യഹോവ നമുക്കായി തയ്യാർ ചെയ്തിരിക്കുന്ന ആത്മീയവിരുന്നിൽ സംബന്ധിക്കുന്നതിലൂടെ നമുക്കവനെ മഹത്ത്വപ്പെടുത്താനാകും. വെള്ളിയാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും കൺവെൻഷനു പോകുന്നതിനുവേണ്ടി തൊഴിലുടമയുമായി സംസാരിക്കുകയും നിങ്ങളുടെ കാര്യാദികൾ ക്രമപ്പെടുത്തുകയും ചെയ്തിരിക്കുന്നുവോ? ഇരിപ്പിടങ്ങൾ കണ്ടെത്തുന്നതിനും പ്രാരംഭ ഗീതത്തിലും പ്രാർഥനയിലും പങ്കുപറ്റുന്നതിനുമായി നേരത്തേതന്നെ എത്താനുള്ള ഏർപ്പാടുകൾ ചെയ്തോ? സഹോദരങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയേണ്ടതിന് ഉച്ചഭക്ഷണം കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്തോ? ഓരോ സെഷന്റെയും ആരംഭത്തിൽ ചെയർമാൻ സ്റ്റേജിൽവന്ന് സംഗീതം ആസ്വദിക്കാൻ നമ്മെ ഓർമിപ്പിച്ചാലുടൻ നാം സംഭാഷണം നിറുത്തി ഇരിപ്പിടങ്ങളിൽ ചെന്നിരിക്കണം.
3. പരിപാടിയിൽ ശ്രദ്ധിച്ചിരിക്കുന്നത് ആരാധനയുടെ മാന്യത കാക്കാൻ ഇടയാക്കുന്നത് എങ്ങനെ?
3 പരിപാടികൾക്ക് അടുത്ത ശ്രദ്ധ നൽകുന്നതും നമ്മുടെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്തും. ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനെക്കുറിച്ച് ഒരു റിപ്പോർട്ടർ ഇപ്രകാരമാണ് എഴുതിയത്: “ആധ്യാത്മിക കാര്യങ്ങളോടുള്ള പ്രതിപത്തിയോടെയും ആദരസൂചകമായ നിശ്ശബ്ദതയോടെയും ഹാജരായിരുന്നവർ പരിപാടി ശ്രദ്ധിക്കുന്നതിനാൽ അവരുടെ മാതൃകായോഗ്യമായ പെരുമാറ്റം” കാഴ്ചക്കാരിൽ മതിപ്പുളവാക്കും. “ഇത്ര നന്നായി പെരുമാറുന്ന, വിശുദ്ധ തിരുവെഴുത്തുകൾ തിരക്കിട്ടു മറിച്ചുനോക്കുന്ന . . . കുട്ടികളുടെ ഒരു നല്ലസംഖ്യ”യെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വർത്തമാനം പറയുക, മൊബൈൽ ഫോണിൽ സന്ദേശങ്ങൾ അയയ്ക്കുക, എന്തെങ്കിലുമൊക്കെ തിന്നുകൊണ്ടിരിക്കുക, ഇടനാഴിയിലൂടെ ചുറ്റിനടക്കുക തുടങ്ങിയവ പരിപാടി നടക്കുന്നതിനിടയിൽ ചെയ്യേണ്ട കാര്യങ്ങളല്ല. യുവജനങ്ങൾ മാതാപിതാക്കളോടൊപ്പം ഇരിക്കേണ്ടതാണ്; അങ്ങനെയാകുമ്പോൾ പരിപാടിയിൽനിന്നു പ്രയോജനം നേടാൻ മാതാപിതാക്കൾക്ക് അവരെ സഹായിക്കാനാകും. (ആവ. 31:12; സദൃ. 29:15) ഇങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതിലൂടെ നാം മറ്റുള്ളവരോട് ആദരവും അവിടെ ലഭിക്കുന്ന വിലപ്പെട്ട ആത്മീയ ആഹാരത്തോടു വിലമതിപ്പും കാണിക്കുകയായിരിക്കും.
4. കൺവെൻഷനു സംബന്ധിക്കുമ്പോൾ നമ്മുടെ വേഷവിധാനം മാന്യവും അന്തസ്സുറ്റതും ആയിരിക്കേണ്ടത് എന്തുകൊണ്ട്?
4 മാന്യമായ വേഷവിധാനങ്ങൾ: കഴിഞ്ഞ ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ “എല്ലായ്പോഴും ക്രിസ്തീയ അന്തസ്സ് പ്രകടമാക്കുക” എന്ന പ്രസംഗത്തിലൂടെ ലഭിച്ച ഓർമിപ്പിക്കലുകൾ മൂല്യവത്തായിരുന്നെന്നു പലരും അഭിപ്രായപ്പെട്ടു. ദൈവദാസന്മാരുടെ വസ്ത്രധാരണവും ചമയവും ക്രിസ്തീയ അന്തസ്സിനു നിരക്കുംവിധം മാന്യമായിരിക്കണമെന്ന് ആ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞിരുന്നു. ഈ വർഷവും നാം ഇക്കാര്യം ഗൗരവമായെടുക്കണം. യഹോവയോടും അവന്റെ സാക്ഷികളെന്ന പദവിയോടുമുള്ള നമ്മുടെ മനോവികാരം വേഷവിധാനങ്ങളിൽ പ്രതിഫലിക്കുന്നു. നമ്മുടെ വസ്ത്രധാരണം എല്ലായ്പോഴും ‘ദൈവഭക്തിയെ സ്വീകരിക്കുന്നവർക്കു ഉചിതമാകുംവണ്ണം’ ആയിരിക്കണം.—1 തിമൊ. 2:9, 10.
5. പരിപാടി കഴിഞ്ഞുള്ള സമയത്തും വേഷവിധാനം മാന്യതയുള്ളതാണെന്ന് നമുക്കെങ്ങനെ ഉറപ്പുവരുത്താനാകും?
5 പരിപാടിയുടെ സമയത്തു മാത്രമേ നമ്മുടെ വേഷവിധാനം മാന്യമായിരിക്കേണ്ടതുള്ളോ? കൺവെൻഷൻ നടക്കുന്ന നഗരത്തിൽ ബാഡ്ജ് ധരിച്ചുപോകുന്ന നമ്മെ പലരും ശ്രദ്ധിക്കും എന്ന് മനസ്സിൽപ്പിടിക്കുക. നാം പൊതുജനങ്ങളിൽനിന്നു വ്യത്യസ്തരാണെന്ന് നമ്മുടെ വേഷവിധാനത്തിൽ പ്രകടമായിരിക്കണം. അതുകൊണ്ട്, പരിപാടികൾക്കുശേഷം ഭക്ഷണം കഴിക്കാൻ പുറത്തു പോകുമ്പോഴും മറ്റും ഒരു ക്രിസ്തീയ കൺവെൻഷനിൽ സംബന്ധിക്കാൻ നഗരത്തിൽ വന്നിരിക്കുന്നവർക്കു യോജിക്കുംവിധം ആയിരിക്കണം നമ്മുടെ വസ്ത്രധാരണം; ജീൻസ്, ഷോർട്സ്, ടീ-ഷർട്ട് മുതലായവ ധരിക്കരുത്. എത്ര നല്ലൊരു സാക്ഷ്യമായിരിക്കും അത്! ശുശ്രൂഷകർക്കു യോജിച്ച നമ്മുടെ വേഷവിധാനം യഹോവയെ പ്രസാദിപ്പിക്കും.
6. ക്രിസ്തീയ അന്തസ്സും മാന്യതയും കാത്തുസൂക്ഷിക്കുന്നതിന്റെ സത്ഫലങ്ങൾ ഏവ?
6 തൃപ്തികരമായ ഫലങ്ങൾ: കൺവെൻഷനിൽ സംബന്ധിക്കുമ്പോൾ ക്രിസ്തീയ അന്തസ്സും മാന്യതയും കാക്കുന്നത് അനൗപചാരിക സാക്ഷീകരണത്തിനു അവസരമൊരുക്കുമെന്നു മാത്രമല്ല ആ പ്രദേശത്തു നമുക്ക് നല്ലൊരു പേര് ഉണ്ടായിരിക്കാനും ഇടയാക്കും. ഒരു കൺവെൻഷൻ കഴിഞ്ഞപ്പോൾ ഒരു അധികാരി പറഞ്ഞു: “ഇത്രയും നന്നായി ഇടപെടുന്നവരെ ഞങ്ങൾ കണ്ടിട്ടേയില്ല. നിങ്ങൾ ദൈവം ആഗ്രഹിക്കുന്നപ്രകാരം ജീവിക്കുന്നവർ ആണ്.” മാന്യമായ പെരുമാറ്റത്തിലൂടെ നാം അന്യോന്യം സ്നേഹവും ആദരവും കാണിക്കുന്നു, മാത്രമല്ല യഹോവയെ മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. (1 പത്രൊ. 2:12) അങ്ങനെ നാം നമ്മുടെ പിതാവിനാൽ പഠിപ്പിക്കപ്പെടുക എന്ന പദവിയോടുള്ള വിലമതിപ്പും ദൈവികഭയവും പ്രകടമാക്കുന്നു. (എബ്രാ. 12:28) ഈ വർഷത്തെ, “ക്രിസ്തുവിനെ അനുഗമിക്കുക!” ഡിസ്ട്രിക്റ്റ് കൺവെൻഷനായി നോക്കിപ്പാർത്തിരിക്കുന്ന നമുക്ക് അന്തസ്സും മാന്യതയും ഉള്ളവരായിരിക്കാൻ ശ്രമിക്കാം.
[5-ാം പേജിലെ ചതുരം]
ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
◼ പരിപാടിയുടെ സമയം: മൂന്നു ദിവസവും രാവിലെ 9:20-നു പരിപാടി തുടങ്ങുന്നതായിരിക്കും. രാവിലെ 8:00 മണിമുതൽ ഹാളിൽ പ്രവേശിക്കാനാകും. പ്രാരംഭ സംഗീതം ആരംഭിക്കുമ്പോൾ നാമെല്ലാം ഇരിപ്പിടങ്ങളിൽ വന്നിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ മാന്യമായ വിധത്തിൽ പരിപാടി ആരംഭിക്കാനാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും 5:05-നും ഞായറാഴ്ച 4:10-നും ആയിരിക്കും പരിപാടി സമാപിക്കുക.
◼ പാർക്കിങ്: നമുക്ക് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണമുള്ള എല്ലാ കൺവെൻഷൻസ്ഥലങ്ങളിലും പാർക്ക് ചെയ്യാനുള്ള ഇടം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സൗജന്യമായി ലഭിക്കുന്നതായിരിക്കും. കൺവെൻഷൻ ബാഡ്ജ് കാർഡുകൾ ഈ സമയത്ത് തിരിച്ചറിയിക്കൽ അടയാളമായി ഉതകും. അംഗവൈകല്യമുള്ളവർക്കായി വേർതിരിച്ചിരിക്കുന്ന പാർക്കിങ് സ്ഥലത്ത് അവരുടെ വാഹനങ്ങൾ മാത്രമേ പാർക്കുചെയ്യാൻ അനുവദിക്കുകയുള്ളൂ. പാർക്കിങ്ങിനുള്ള സ്ഥലം സാധാരണഗതിയിൽ പരിമിതമായതിനാൽ, കാറുകളിലും മറ്റും ഒന്നോ രണ്ടോ പേർ മാത്രം യാത്രചെയ്യുന്നതിനു പകരം അവയിലെ സ്ഥലസൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.
◼ ഇരിപ്പിടം പിടിച്ചുവെക്കൽ: നിങ്ങളോടൊപ്പം കാറിൽ സഞ്ചരിക്കുന്നവർക്കോ നിങ്ങളുടെകൂടെ താമസിക്കുന്നവർക്കോ വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ.
◼ ഉച്ചഭക്ഷണം: ഉച്ചയ്ക്കത്തെ ഇടവേളയിൽ ഭക്ഷണത്തിനായി ഹോട്ടലിലും മറ്റും പോകുന്നതിനു പകരം ദയവായി ലഘുവായ ഉച്ചഭക്ഷണം കൂടെ കരുതുക. നിങ്ങളുടെ ഇരിപ്പിടത്തിനടിയിൽ ഒതുങ്ങുന്ന പാത്രങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വലിയ പാത്രങ്ങളും (അതുപോലെതന്നെ കുപ്പിപ്പാത്രങ്ങളും) മദ്യവും കൺവെൻഷൻസ്ഥലത്ത് അനുവദനീയമല്ല.
◼ സംഭാവനകൾ:ഡിസ്ട്രിക്റ്റ് കൺവെൻഷൻ സംഘടിപ്പിക്കുന്നതിൽ ഗണ്യമായ ചെലവ് ഉൾപ്പെട്ടിരിക്കുന്നു. ലോകവ്യാപക വേലയ്ക്കുവേണ്ടി രാജ്യഹാളിലോ കൺവെൻഷൻസ്ഥലത്തോ സ്വമേധയാ സംഭാവനകൾ ഇട്ടുകൊണ്ട് നമുക്കു വിലമതിപ്പു പ്രകടിപ്പിക്കാൻ കഴിയും. കൺവെൻഷൻസ്ഥലത്ത് സംഭാവനയായി നൽകുന്ന ചെക്കുകൾ “Watch Tower” എന്ന പേരിലാണ് എഴുതേണ്ടത്.
◼ അപകടങ്ങളും അടിയന്തിര സാഹചര്യങ്ങളും: കൺവെൻഷൻസ്ഥലത്ത് വൈദ്യസഹായം ആവശ്യമുള്ള ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുന്നപക്ഷം ദയവായി അടുത്തുള്ള ഒരു സേവകനെ സമീപിക്കുക. അദ്ദേഹം ഉടൻതന്നെ പ്രഥമശുശ്രൂഷാ വിഭാഗത്തെ വിവരമറിയിക്കും. അപ്പോൾ ആ വിഭാഗത്തിലുള്ള യോഗ്യരായ സഹോദരങ്ങൾ സാഹചര്യത്തിന്റെ ഗൗരവം വിലയിരുത്തി ആവശ്യമായ സഹായം നൽകും.
◼ ആംഗ്യഭാഷാ സെഷനുകൾ: ബാംഗ്ലൂരിൽവെച്ച് നടക്കുന്ന ഇംഗ്ലീഷ് കൺവെൻഷനിൽ ആംഗ്യഭാഷാ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
◼ റെക്കോർഡിങ്: ഒരു തരത്തിലുള്ള റെക്കോർഡിങ് ഉപകരണവും കൺവെൻഷൻസ്ഥലത്തെ വൈദ്യുത, ശബ്ദ സംവിധാനങ്ങളുമായി ഘടിപ്പിക്കരുത്. മറ്റുള്ളവർക്കു ശല്യമുണ്ടാകാത്ത വിധത്തിൽ മാത്രമേ റെക്കോർഡിങ് ചെയ്യാവൂ.
◼ പെർഫ്യൂം: വായുസഞ്ചാരത്തിനായി കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന അടഞ്ഞ ഹാളുകളിലാണു ചില കൺവെൻഷനുകൾ നടക്കുന്നത്. അതുകൊണ്ടുതന്നെ ആസ്ത്മയോ അലർജിയോ ഉള്ളവർക്ക് അസ്വസ്ഥത ഉളവാക്കിയേക്കാവുന്ന രൂക്ഷഗന്ധമുള്ള പെർഫ്യൂമുകളും മറ്റും അധികം ഉപയോഗിക്കാതിരുന്നുകൊണ്ട് മറ്റുള്ളവരോടു പരിഗണന കാണിക്കാനാകും.—1 കൊരി. 10:24.
◼ S-43 ഫാറങ്ങൾ: കൺവെൻഷൻസമയത്ത് അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ ആരെങ്കിലും താത്പര്യം കാണിക്കുന്നെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ദയവായി ബന്ധപ്പെടുക (Please Follow Up) (S-43) ഫാറങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൺവെൻഷനു വരുമ്പോൾ പ്രസാധകർ ഒന്നോ രണ്ടോ S-43 ഫാറങ്ങൾ കൊണ്ടുവരേണ്ടതാണ്. കൺവെൻഷൻസ്ഥലത്തെ പുസ്തകശാലയിലും ഇവ ലഭിക്കുന്നതാണ്. പൂരിപ്പിച്ചശേഷം അവ പുസ്തകശാലയിൽ ഏൽപ്പിക്കാനാകും; അല്ലെങ്കിൽ തിരികെച്ചെന്നശേഷം നിങ്ങളുടെ സഭാസെക്രട്ടറിയെ ഏൽപ്പിക്കാവുന്നതാണ്.—2005 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 6 കാണുക.
◼ റെസ്റ്ററന്റുകളിൽ: പല സ്ഥലങ്ങളിലും സേവനത്തിനനുസരിച്ച് ടിപ്പ് കൊടുക്കുന്ന രീതിയുണ്ട്.
◼ ഹോട്ടലുകളിൽ: (1) ആവശ്യമുള്ളതിൽ അധികം മുറികൾ ബുക്കുചെയ്യരുത്; അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ആളുകൾ മുറിയിൽ താമസിക്കാതിരിക്കാൻ ശ്രദ്ധിക്കുക. (2) ബുക്കുചെയ്ത മുറി വേണ്ടെങ്കിൽ എത്രയും വേഗം ഹോട്ടൽ അധികൃതരെ അറിയിക്കുക. (3) ലഗേജ് പുറത്തേക്കു കൊണ്ടുപോകുന്നതിനും മറ്റും ട്രോളി ലഭ്യമാണെങ്കിൽ, പുറത്തിറങ്ങാൻ തയ്യാറായിക്കഴിഞ്ഞേ അതെടുക്കാവൂ, മറ്റുള്ളവരുടെ ഉപയോഗത്തിനായി ഉടൻ തിരികെ ഏൽപ്പിക്കുക. (4) പാചകം അനുവദനീയമല്ലെങ്കിൽ അതു ചെയ്യരുത്. (5) റൂംബോയിക്ക് ഓരോ ദിവസവും ടിപ്പ് കൊടുക്കുക. (6) ക്രിസ്ത്യാനികളായ നാം, ഹോട്ടലിൽ ആയിരിക്കുമ്പോൾ ഉപചാരാർഥം ലഭിക്കുന്ന പ്രഭാത ഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ ദുരുപയോഗം ചെയ്യില്ല. (7) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോഴെല്ലാം ദൈവാത്മാവിന്റെ ഫലം പ്രകടിപ്പിക്കുക. (8) ലിസ്റ്റിൽ കാണിച്ചിരിക്കുന്ന ദിവസവാടകയിൽ ടാക്സ് ഉൾപ്പെടുത്തിയിട്ടില്ല. നിങ്ങൾ ആവശ്യപ്പെടാത്തതോ ഉപയോഗിക്കാത്തതോ ആയ എന്തെങ്കിലും ബില്ലിൽ ഉൾപ്പെടുത്തിയാൽ, അവ ഒഴിവാക്കിയേ പണം കൊടുക്കാവൂ, തുടർന്ന് കൺവെൻഷൻസ്ഥലത്തെ റൂമിങ് ഡിപ്പാർട്ടുമെന്റിനെ ഉടൻതന്നെ വിവരം അറിയിക്കുക. (9) ഹോട്ടൽ മുറിയോടുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, കൺവെൻഷൻ സ്ഥലത്തുവെച്ചുതന്നെ റൂമിങ് ഡിപ്പാർട്ടുമെന്റിൽ വിവരം അറിയിക്കുക.