ഒരു ആത്മീയ വിരുന്നിനായി നിങ്ങൾ തയ്യാറെടുത്തിട്ടുണ്ടോ?
1. ഒരു വിരുന്നുമായി ബന്ധപ്പെട്ട് എന്തെല്ലാം ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്?
1 ഒരു വിരുന്നു നടത്താൻ വളരെയധികം ഒരുക്കങ്ങൾ ആവശ്യമാണ്. ഭക്ഷണസാധനങ്ങൾ വാങ്ങണം, അവ രുചിയോടെ പാകംചെയ്യണം, പിന്നെ വിളമ്പണം. ആഹാരം വിളമ്പുന്നത് വളരെ ചിട്ടയോടെ ആയിരിക്കണം. കൂടാതെ, വിരുന്നു നടക്കുന്ന സ്ഥലവും ഒരുക്കണം. ഇനി, വിരുന്നുകാരും തയ്യാറാകേണ്ടതുണ്ട്; പ്രത്യേകിച്ച്, വിരുന്ന് നടക്കുന്ന സ്ഥലം കുറച്ചകലെയാണെങ്കിൽ. ഇത്രയൊക്കെ ശ്രമം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സുഹൃത്തുകളോടും വീട്ടുകാരോടും ഒപ്പമിരുന്ന് വിരുന്നുണ്ണുന്നത് സന്തോഷകരമായ ഒരനുഭവമാണ്. അധികം വൈകാതെ യഹോവയുടെ സാക്ഷികൾ അങ്ങനെയൊരു വിരുന്ന് ആസ്വദിക്കുന്നതിന് വലുതും ചെറുതുമായ കൂട്ടങ്ങളായി ലോകമെമ്പാടും കൂടിവരും. അവർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ആത്മീയ വിരുന്ന്, “സദാ ജാഗരൂകരായിരിക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷനാണ്. പരിപാടികൾ തയ്യാറാക്കാനും മറ്റുമായി സഹോദരന്മാർ വളരെ അധ്വാനം നടത്തിയിട്ടുണ്ട്. നമുക്കെല്ലാം ക്ഷണം ലഭിച്ചിരിക്കുന്നു. അവിടെ ഹാജരാകാനും പൂർണ പ്രയോജനം നേടാനും നമ്മുടെ ഭാഗത്തുനിന്നും വ്യക്തിപരമായ ശ്രമം ആവശ്യമാണ്.—സദൃ. 21:5.
2. ആത്മീയ വിരുന്നിൽ ആദിയോടന്തം പങ്കെടുക്കണമെങ്കിൽ എന്തു ചെയ്യണം?
2 പൂർണ പ്രയോജനം നേടുക: ഈ ആത്മീയ വിരുന്നിൽ ആദിയോടന്തം പങ്കെടുക്കാൻവേണ്ട ക്രമീകരണങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ? കൺവെൻഷന്റെ ആദ്യദിവസംതുടങ്ങി അതിലെ എല്ലാ സെഷനുകളിലും നിങ്ങൾ സംബന്ധിക്കുമെന്ന കാര്യം ആവശ്യമെങ്കിൽ മുൻകൂട്ടി നിങ്ങളുടെ തൊഴിലുടമയെ അറിയിക്കുക. യാത്രയ്ക്കും താമസത്തിനും വേണ്ട ക്രമീകരണങ്ങളെല്ലാം നിങ്ങൾ ചെയ്തിട്ടുണ്ടോ? പ്രായമായവരും രോഗികളും ഉൾപ്പെടെ സഹായം ആവശ്യമായ എല്ലാവർക്കും അതു ലഭിക്കുന്നുവെന്ന് മൂപ്പന്മാർ ഉറപ്പുവരുത്തണം.—യിരെ. 23:4; ഗലാ. 6:10.
3. ക്ഷണിച്ചിട്ടില്ലാത്ത ഒരു അന്താരാഷ്ട്ര കൺവെൻഷന് നാം പോകരുതാത്തത് എന്തുകൊണ്ട്?
3 ചില രാജ്യങ്ങളിൽ അന്താരാഷ്ട്ര കൺവെൻഷനുകൾ ഉണ്ടായിരിക്കും. ചില പ്രത്യേക സഭകൾക്കും വിദേശ പ്രതിനിധികൾക്കും മാത്രമായിരിക്കും ഈ കൺവെൻഷനുകളിൽ സംബന്ധിക്കാൻ ക്ഷണം ലഭിക്കുക. എത്ര പേർക്ക് ഇരിപ്പിടം ഉണ്ടാകും, എത്ര ഹോട്ടൽ മുറികൾ ലഭ്യമാണ് എന്നീ കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് എത്ര പേരെ ക്ഷണിക്കണം എന്ന് ബ്രാഞ്ച് ഓഫീസ് തീരുമാനിക്കുക. അതുകൊണ്ട് ക്ഷണിക്കപ്പെടാത്ത ഒരു കൺവെൻഷനു പ്രസാധകർ ഹാജരായാൽ അത് അസൗകര്യമുണ്ടാക്കും.
4. ഓരോ ദിവസവും പരിപാടികൾ ആരംഭിക്കുന്നതിനുമുമ്പായി നാം എന്തുചെയ്യണം?
4 പരിപാടികൾ ആരംഭിക്കുന്നതിനുമുമ്പ് ഇരിപ്പിടം കണ്ടെത്താനാകേണ്ടതിന് എല്ലാ ദിവസവും നേരത്തേതന്നെ എത്തുക. പരിപാടി ആരംഭിക്കുന്നതിനുമുമ്പായി ഏതാനും മിനിറ്റെടുത്ത് പ്രോഗ്രാം അവലോകനംചെയ്യുക. പരിപാടികൾ ശ്രദ്ധിക്കുന്നതിനായി മനസ്സിനെ ഒരുക്കാൻ അതു സഹായിക്കും. (എസ്രാ 7:10) തുടർന്ന്, സെഷൻ ചെയർമാൻ സംഗീതം ആരംഭിക്കാൻ പോകുന്നതായി അറിയിക്കുമ്പോൾ ഇരിപ്പിടങ്ങളിൽ ഇരുന്ന് അത് ആസ്വദിക്കുക. പിന്നീടുള്ള ഗീതാലാപനത്തിലും പ്രാർഥനയിലും പങ്കുചേരുക.
5. പരിപാടികളിൽനിന്ന് പൂർണ പ്രയോജനം അനുഭവിക്കാൻ കുടുംബങ്ങൾക്ക് എന്തു ചെയ്യാനാകും?
5 കൺവെൻഷൻ സമയത്ത് കുടുംബം ഒന്നിച്ചിരിക്കുന്നെങ്കിൽ കുട്ടികൾ പരിപാടി ശ്രദ്ധിക്കുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പുവരുത്താനാകും. (ആവ. 31:12, 13) വാക്യങ്ങൾ വായിക്കുമ്പോൾ എല്ലാവരും അത് എടുത്തുനോക്കേണ്ടതുണ്ട്. ചെറിയ ചെറിയ കുറിപ്പുകളെടുക്കുന്നത് പരിപാടികൾക്ക് അടുത്ത ശ്രദ്ധകൊടുക്കാൻ സഹായിക്കും. മാത്രമല്ല, പിന്നീട് പ്രസംഗങ്ങളിലെ മുഖ്യപോയിന്റുകൾ അവലോകനം ചെയ്യാനും കഴിയും. ആവശ്യമില്ലാതെ പരിപാടിക്കിടയിൽ സംസാരിക്കുന്നതും സീറ്റിൽനിന്ന് എഴുന്നേറ്റുപോകുന്നതും ഒഴിവാക്കുക. മൊബൈലുണ്ടെങ്കിൽ അത് നിങ്ങളുടെയും മറ്റുള്ളവരുടെയും ശ്രദ്ധപതറിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഓരോ ദിവസത്തെ പരിപാടിക്കുശേഷവും നിങ്ങൾക്ക് ഇഷ്ടപ്പെട്ട പോയിന്റുകൾ മറ്റുള്ളവരുമായി ചർച്ചചെയ്യുന്നത് നന്നായിരിക്കും.
6. സമ്മേളനങ്ങൾ എന്തിനുള്ള അവസരമാണ്? ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം?
6 ഇന്ന് ലോകത്തിൽ കാണാൻ കഴിയാത്ത അതുല്യമായ സ്നേഹബന്ധം ആസ്വദിക്കാൻ കൺവെൻഷനുകൾ അവസരമൊരുക്കുന്നു. (സങ്കീ. 133:1-3; മർക്കോ. 10:29, 30) നിങ്ങളുടെ അടുത്തിരിക്കുന്നവരെ പരിചയപ്പെടാനും ഉച്ചസമയത്ത് അവരുമായി സംസാരിക്കാനും മുൻകൈയെടുക്കുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്തു പോകുന്നതിനുപകരം ലഘുവായ എന്തെങ്കിലും കൈയിൽ കരുതുന്നതിന്റെ ഒരു പ്രയോജനം അതാണ്. പരസ്പരം പ്രോത്സാഹനം കൈമാറാനുള്ള അത്തരം അവസരങ്ങൾ പാഴാക്കരുത്.—റോമ. 1:11, 12.
7. വസ്ത്രധാരണത്തോടുള്ള ബന്ധത്തിൽ നാം എന്തു മനസ്സിൽപ്പിടിക്കണം?
7 വസ്തധാരണം: വസ്ത്രത്തിന്റെ വിളുമ്പുകളിൽ തൊങ്ങലുകൾ പിടിപ്പിക്കാനും തൊങ്ങലുകളിൽ നീലച്ചരടു കെട്ടാനും യഹോവ യിസ്രായേല്യരോട് കൽപ്പിച്ചിരുന്നു. (സംഖ്യാ. 15:37-41) യഹോവയെ ആരാധിക്കാൻ വേർതിരിക്കപ്പെട്ടവരാണ് തങ്ങൾ എന്ന് അത് അവരെ ഓർമിപ്പിച്ചിരുന്നു. ഇന്ന്, കൺവെൻഷൻ സ്ഥലത്തെ നമ്മുടെ മാന്യമായ വസ്ത്രധാരണം ലോകത്തിൽനിന്ന് നമ്മെ വേർതിരിച്ചു നിറുത്തുന്നു. പരിപാടികൾക്കുശേഷം നാം പുറത്ത് ഭക്ഷണംകഴിക്കാൻ പോകുമ്പോഴും അത് മറ്റുള്ളവർക്ക് ഒരു നല്ല സാക്ഷ്യമായിരിക്കും. അതുകൊണ്ട് നിങ്ങൾ എന്തു ധരിക്കും എന്ന് മുൻകൂട്ടി ചിന്തിക്കുക.
8. ഇരിപ്പിടം പിടിച്ചുവെക്കുന്ന കാര്യത്തിൽ നമ്മെ നിയന്ത്രിക്കേണ്ട തിരുവെഴുത്തു തത്ത്വങ്ങൾ ഏവ?
8 സ്നേഹം പ്രവൃത്തിപഥത്തിൽ: കൺവെൻഷനുകളിൽ പങ്കെടുക്കാനെത്തുന്ന ചിലർ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി നിരവധി സീറ്റുകൾ പിടിച്ചുവെക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സേവകന്മാരോട് സഹകരിക്കാൻ ഇവരിൽ പലരും മടികാണിക്കുന്നു; ചിലരാകട്ടെ ക്രിസ്ത്യാനികൾക്കു നിരക്കാത്ത വിധത്തിൽ അവരോടു കയർക്കുകപോലും ചെയ്യുന്നു. ഇത്തരത്തിൽ ഞാൻ-മുമ്പൻ മനോഭാവം പ്രകടമാക്കുന്ന ഒരു വ്യക്തിയെ നന്മ പ്രവർത്തിക്കുന്നവരുടെ ഗണത്തിൽ പെടുത്താനാകുമോ? ഇങ്ങനെയുള്ള പ്രവൃത്തികൾ യഹോവയാം ദൈവത്തിന് മഹത്ത്വം കരേറ്റുമോ? അതുകൊണ്ട് നമുക്ക് സ്നേഹവും ക്ഷമയും സഹകരണമനോഭാവവും ഉള്ളവരായിരിക്കാം. (ഗലാ. 5:22, 23, 25) ഇരിപ്പിടം പിടിച്ചുവെക്കുന്നതു സംബന്ധിച്ച് ലഭിച്ചിരിക്കുന്ന നിർദേശങ്ങൾ നാം ഹൃദയത്തിൽ ഉൾക്കൊണ്ടിട്ടുണ്ടോ? സ്നേഹം “തൻകാര്യം അന്വേഷിക്കുന്നില്ല” എന്ന് ബൈബിൾ പറയുന്നു. (1 കൊരി. 13:5) തന്റെ ശിഷ്യന്മാരെ തിരിച്ചറിയിക്കുന്ന സുപ്രധാന അടയാളം ഇത്തരത്തിലുള്ള നിസ്സ്വാർഥ സ്നേഹം ആയിരിക്കുമെന്ന് യേശുതന്നെയും വെളിപ്പെടുത്തി. (യോഹ. 13:35) മേൽപ്പറഞ്ഞതുപോലെ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കുന്നത് ക്രിസ്തീയ സ്നേഹത്തിന്റെ തെളിവായിരിക്കുമോ? “ആകയാൽ മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ” എന്ന് ക്രിസ്തു പറഞ്ഞു. (മത്താ. 7:12) ക്രിസ്തീയ സ്നേഹം ഉള്ളവരാണെങ്കിൽ യേശു പറഞ്ഞ ഈ തത്ത്വത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കും.
9. കൺവെൻഷൻ നടക്കുന്ന സ്ഥലത്തെ ആളുകളോട് എങ്ങനെ സാക്ഷീകരിക്കാം?
9 സാക്ഷ്യം നൽകുക: അൽപ്പം ശ്രദ്ധിച്ചാൽ കൺവെൻഷൻ നഗരത്തിൽവെച്ച് ആളുകളോട് സാക്ഷീകരിക്കാൻ നമുക്കു കഴിയും. പരിപാടികൾക്കുശേഷം ഭാര്യയോടൊത്ത് ഒരു ഹോട്ടലിൽ പോയ സഹോദരൻ തന്റെ ബാഡ്ജ് കാണിച്ചിട്ട് വെയ്റ്ററോട് ചോദിച്ചു: “പലരും ഇങ്ങനെയൊരു ബാഡ്ജ് ധരിച്ചിരിക്കുന്നത് താങ്കൾ ശ്രദ്ധിച്ചോ?” താൻ അത് ശ്രദ്ധിച്ചുവെന്നും എന്തിനാണ് എല്ലാവരും ഇത് ധരിച്ചിരിക്കുന്നതെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അയാൾ പറഞ്ഞു. അത് ഒരു സംഭാഷണത്തിലേക്കു നയിച്ചു; സഹോദരൻ അദ്ദേഹത്തെ കൺവെൻഷനു ക്ഷണിക്കുകയും ചെയ്തു.
10. നമ്മുടെ ആതിഥേയനായ യഹോവയോട് നമുക്ക് എങ്ങനെ കൃതജ്ഞത പ്രകടിപ്പിക്കാം?
10 പ്രസംഗങ്ങളും അഭിമുഖങ്ങളും പ്രകടനങ്ങളും ഒക്കെ നടത്തുന്നത് സഹോദരങ്ങളാണെങ്കിലും വാസ്തവത്തിൽ ഈ ആത്മീയ വിരുന്ന് നൽകുന്നത് നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവാണ്. (യെശ. 65:13, 14) ഓരോ ദിവസവും അതിൽ സംബന്ധിച്ചുകൊണ്ടും അവിടെ വിളംബുന്ന എല്ലാ ആത്മീയ ആഹാരവും ആസ്വദിച്ചുകൊണ്ടും നമ്മുടെ ആതിഥേയനായ യഹോവയോട് നമുക്ക് കൃതജ്ഞത പ്രകടിപ്പിക്കാം. നിങ്ങൾ അതിന് തയ്യാറായിക്കഴിഞ്ഞോ?
[4-ാം പേജിലെ ചതുരം]
ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
◼ പരിപാടിയുടെ സമയം: മൂന്നു ദിവസവും രാവിലെ 9:20-നു പരിപാടി തുടങ്ങുന്നതായിരിക്കും. രാവിലെ 8:00 മണിമുതൽ ഹാളിൽ പ്രവേശിക്കാനാകും. സംഗീതം ആരംഭിക്കാൻ പോകുന്നുവെന്ന അറിയിപ്പുണ്ടാകുമ്പോൾ എല്ലാവരും ഇരിപ്പിടങ്ങളിൽ വന്നിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ മാന്യമായ വിധത്തിൽ പരിപാടി ആരംഭിക്കാനാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും 4:55-നും ഞായറാഴ്ച 4 മണിക്കും പരിപാടി സമാപിക്കും.
◼ പാർക്കിങ്: നമുക്ക് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണമുള്ള എല്ലാ കൺവെൻഷൻസ്ഥലങ്ങളിലും, പാർക്ക് ചെയ്യാനുള്ള ഇടം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സൗജന്യമായി ലഭിക്കുന്നതായിരിക്കും. പാർക്കിങ്ങിനുള്ള സ്ഥലം സാധാരണഗതിയിൽ പരിമിതമായിരിക്കുമെന്നതിനാൽ, കാറുകളിലും മറ്റും ഒന്നോ രണ്ടോ പേർ മാത്രം യാത്രചെയ്യുന്നതിനു പകരം അവയിലെ സ്ഥലസൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.
◼ ഇരിപ്പിടം പിടിച്ചുവെക്കൽ: നിങ്ങളോടൊപ്പം താമസിക്കുകയോ യാത്രചെയ്യുകയോ ചെയ്യുന്നവർക്കുവേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ.
◼ ഉച്ചഭക്ഷണം: ഉച്ചയ്ക്കത്തെ ഇടവേളയിൽ ഹോട്ടലിലും മറ്റും പോയി ഭക്ഷണം കഴിക്കുന്നതിനു പകരം ദയവായി ലഘുവായ ഉച്ചഭക്ഷണം കൂടെ കരുതുക. വലിയ പാത്രങ്ങളും ചില്ലുപാത്രങ്ങളും കൺവെൻഷൻസ്ഥലത്ത് കൊണ്ടുവരരുത്. കൺവെൻഷൻ സംഘാടകർ ഭക്ഷണപാനീയങ്ങൾ ലഭ്യമാക്കുന്നതല്ല.
◼ സംഭാവനകൾ: ലോകവ്യാപക വേലയ്ക്കുവേണ്ടി രാജ്യഹാളിലോ കൺവെൻഷൻസ്ഥലത്തോ സംഭാവനകൾ ഇട്ടുകൊണ്ട് നമുക്കു കൺവെൻഷൻ ക്രമീകരണങ്ങളോടു വിലമതിപ്പു കാണിക്കാം. കൺവെൻഷൻസ്ഥലത്ത് സംഭാവനയായി നൽകുന്ന ചെക്കുകൾ “The Watch Tower Bible and Tract Society of India”എന്ന പേരിലാണ് എഴുതേണ്ടത്.
◼ അപകടങ്ങളും അടിയന്തിര സാഹചര്യങ്ങളും: കൺവെൻഷൻസ്ഥലത്ത് വൈദ്യസഹായം ആവശ്യമുള്ള ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുന്നപക്ഷം ദയവായി അടുത്തുള്ള ഒരു സേവകനെ സമീപിക്കുക. അദ്ദേഹം ഉടൻതന്നെ പ്രഥമശുശ്രൂഷാ വിഭാഗത്തെ വിവരമറിയിക്കും. ആ വിഭാഗത്തിലുള്ള യോഗ്യരായ സഹോദരങ്ങൾ സാഹചര്യത്തിന്റെ ഗൗരവം വിലയിരുത്തി ആവശ്യമായ സഹായം നൽകും.
◼ പാദരക്ഷകൾ: പടികൾ കയറുമ്പോഴും മറ്റും തെന്നിവീഴാൻ ഇടയാക്കാത്തതരം പാദരക്ഷകൾ ധരിക്കുക.
◼ ആംഗ്യഭാഷാ സെഷനുകൾ: ബാംഗ്ലൂർ-3 (ഇംഗ്ലീഷ്), കോയമ്പത്തൂർ (തമിഴ്), കൊച്ചി (മലയാളം), പൂന-ചിഞ്ച്വഡ് (ഇംഗ്ലീഷ്) കൺവെൻഷനുകളിൽ ആംഗ്യഭാഷാ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
◼ റെക്കോർഡിങ്: മറ്റുള്ളവർക്കു ശല്യമുണ്ടാകാത്ത വിധത്തിൽ മാത്രമേ റെക്കോർഡിങ് ചെയ്യാവൂ. റെക്കോർഡിങ് ഉപകരണങ്ങൾ കൺവെൻഷൻസ്ഥലത്തെ വൈദ്യുത, ശബ്ദ സംവിധാനങ്ങളുമായി ഘടിപ്പിക്കരുത്.
◼ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടുപോകുന്ന വണ്ടികൾ: കൺവെൻഷൻസ്ഥലത്ത് ഇവ കൊണ്ടുവരരുത്. മാതാപിതാക്കളുടെ അടുത്തുതന്നെയുള്ള ഇരിപ്പിടത്തിൽ സ്ഥാപിക്കാൻ കഴിയുന്ന, കുട്ടികൾക്കായുള്ള പ്രത്യേക സുരക്ഷാസീറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
◼ പെർഫ്യൂം: വായുസഞ്ചാരത്തിനായി കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന അടഞ്ഞ ഹാളുകളിലാണു മിക്ക കൺവെൻഷനുകളും നടക്കുന്നത്. അതുകൊണ്ടുതന്നെ ആസ്ത്മയോ അലർജിയോ ഉള്ളവർക്ക് അസ്വസ്ഥത ഉളവാക്കിയേക്കാവുന്ന രൂക്ഷഗന്ധമുള്ള പെർഫ്യൂമുകളും മറ്റും അധികം ഉപയോഗിക്കാതിരുന്നുകൊണ്ട് മറ്റുള്ളവരോടു പരിഗണന കാണിക്കാനാകും.—1 കൊരി. 10:24.
◼ S-43 ഫാറങ്ങൾ: കൺവെൻഷൻസമയത്ത് അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ ആരെങ്കിലും താത്പര്യം കാണിക്കുന്നെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ദയവായി ബന്ധപ്പെടുക (S-43) ഫാറങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൺവെൻഷനു വരുമ്പോൾ പ്രസാധകർ ഒന്നോ രണ്ടോ S-43 ഫാറങ്ങൾ കൂടെക്കരുതുക. പൂരിപ്പിച്ചശേഷം അവ പുസ്തകശാലയിൽ ഏൽപ്പിക്കാനാകും; അല്ലെങ്കിൽ തിരികെച്ചെന്നശേഷം നിങ്ങളുടെ സഭാസെക്രട്ടറിയെ ഏൽപ്പിക്കാവുന്നതാണ്—2005 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 6 കാണുക.
◼ റെസ്റ്റൊറന്റുകളിൽ: റെസ്റ്റൊറന്റുകളിലായിരിക്കുമ്പോൾ നല്ല പെരുമാറ്റത്താൽ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുക. പല സ്ഥലങ്ങളിലും സേവനത്തിനനുസരിച്ച് ടിപ്പ് കൊടുക്കുന്ന രീതിയുണ്ട്.
◼ ഹോട്ടലുകളിൽ: (1) വേണ്ടതിലധികം മുറികൾ ബുക്കുചെയ്യരുത്; അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ആളുകൾ മുറിയിൽ താമസിക്കാതിരിക്കാൻ ശ്രദ്ധിക്കുക. (2) ബുക്കുചെയ്ത മുറി വേണ്ടെന്ന് ഉറപ്പാണെങ്കിൽ എത്രയും വേഗം ഹോട്ടലധികൃതരെ അറിയിക്കുക. (3) ലഗ്ഗേജ് കൊണ്ടുപോകാനുള്ള ട്രോളികൾ ലഭ്യമാണെങ്കിൽ പുറത്തിറങ്ങാൻ തയ്യാറായിക്കഴിഞ്ഞേ അതെടുക്കാവൂ, മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയേണ്ടതിന് ഉടനെ തിരിച്ചുവെക്കുകയും ചെയ്യുക.(4) ഹോട്ടൽമുറിയിൽ പാചകം അനുവദനീയമല്ലെങ്കിൽ അതു ചെയ്യരുത്. (5) ദിവസവും റൂംബോയിക്ക് ടിപ്പ് കൊടുക്കുക. (6) ഹോട്ടലിൽ ആയിരിക്കുമ്പോൾ ഉപചാരാർഥം ലഭിക്കുന്ന പ്രഭാതഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ ദുരുപയോഗം ചെയ്യരുത്. (7) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോഴെല്ലാം ദൈവാത്മാവിന്റെ ഫലം പ്രകടിപ്പിക്കുക. ഹോട്ടലിൽ വരുന്ന എല്ലാവരെയും അവർക്ക് തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന കാര്യം മനസ്സിൽപിടിച്ചുകൊണ്ട് ക്ഷമയും പരിഗണനയും കാണിക്കുക. (8) ശുപാർശ ചെയ്യപ്പെടുന്ന ലോഡ്ജുകളുടെ പട്ടികയിൽ കാണിച്ചിരിക്കുന്ന നിരക്ക്, നികുതി ഒഴികെയുള്ള ഒരു ദിവസത്തെ ചാർജാണ്. നിങ്ങൾ ആവശ്യപ്പെടാത്തതോ ഉപയോഗിക്കാത്തതോ ആയ എന്തെങ്കിലും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കിയേ പണം കൊടുക്കാവൂ, തുടർന്ന് കൺവെൻഷൻസ്ഥലത്തുള്ള താമസസൗകര്യ ഡിപ്പാർട്ടുമെന്റിനെ എത്രയും പെട്ടെന്ന് വിവരമറിയിക്കുക. (9) ഹോട്ടൽമുറിയോടുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നപക്ഷം അക്കാര്യം കൺവെൻഷൻസ്ഥലത്തുവെച്ചുതന്നെ റൂമിങ് ഡിപ്പാർട്ടുമെന്റിനെ അറിയിക്കുക.