‘വിജാതീയരുടെ ഇടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കട്ടെ’
1. വരാനിരിക്കുന്ന കൺവെൻഷനുകളിൽ നല്ല നടത്ത ഉള്ളവരായിരിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
1 ഓരോ വർഷവും നമ്മുടെ കൺവെൻഷനുകൾ പൊതുജനശ്രദ്ധ പിടിച്ചുപറ്റുന്നു. അതിനാൽ, യഹോവയെ ആരാധിക്കുന്നവരെന്നനിലയിൽ നല്ല നടത്ത ഉള്ളവരായിരിക്കുന്നത് പ്രധാനമാണ്. (ലേവ്യ. 20:26) നമ്മുടെ നല്ല പെരുമാറ്റ രീതികളും അതോടൊപ്പം വേഷഭൂഷാദികളും നാം ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളാണെന്ന് വ്യക്തമായി തിരിച്ചറിയിക്കണം. വരാനിരിക്കുന്ന മേഖലാ അല്ലെങ്കിൽ അന്താരാഷ്ട്ര കൺവെൻഷനുകളിൽ പങ്കെടുക്കവേ ‘വിജാതീയരുടെ ഇടയിൽ നമ്മുടെ നടപ്പ് നന്നായിരി’ക്കാനും അതുവഴി സ്വർഗീയ പിതാവിനെ മഹത്വപ്പെടുത്താനും എങ്ങനെ കഴിയും?—1 പത്രോ. 2:12.
2. കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ ക്രിസ്തീയ വ്യക്തിത്വം പ്രതിഫലിപ്പിക്കാനുള്ള ഏതൊക്കെ അവസരങ്ങൾ ഉണ്ട്?
2 ക്രിസ്തീയ വ്യക്തിത്വം പ്രതിഫലിപ്പിക്കുക: നാം അന്യോന്യം കാണിക്കുന്ന സ്നേഹവും “പുറത്തുള്ളവരോടു” പെരുമാറുന്ന വിധവും ലോകത്തിൽ പ്രബലമായ ആത്മാവിന് നേർ വിപരീതമാണ്. (കൊലോ. 3:10; 4:5; 2 തിമൊ. 3:1-5) പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾപോലും നാം ഹോട്ടൽ, റസ്റ്റോറന്റ് ജീവനക്കാരോടു ദയയോടും ക്ഷമയോടും കൂടി ഇടപെടണം. വ്യക്തിപരമായ സേവനങ്ങൾക്കു ടിപ്പ് കൊടുക്കുന്നതും നല്ല പെരുമാറ്റത്തിൽ ഉൾപ്പെടുന്നു. സീറ്റുകൾ പിടിച്ചുവെക്കുമ്പോഴോ കൺവെൻഷനിൽ പ്രകാശനം ചെയ്ത പുതിയ പ്രസിദ്ധീകരണങ്ങൾ വാങ്ങാനായി നിൽക്കുമ്പോഴോ നാം സ്വന്തനന്മയല്ല മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്. (1 കൊരി. 10:23, 24) താൻ പങ്കെടുത്ത ആദ്യ കൺവെൻഷനുശേഷം ഒരു താത്പര്യക്കാരൻ ഇങ്ങനെ പറഞ്ഞു, “അന്നു നടന്ന പ്രസംഗങ്ങളൊന്നും ഞാൻ ഓർക്കുന്നില്ല, എന്നാൽ സാക്ഷികളുടെ പെരുമാറ്റം എന്നിൽ ഏറെ മതിപ്പുളവാക്കി.”
3. മാതാപിതാക്കൾക്കുള്ള ഓർമിപ്പിക്കൽ എന്താണ്, എന്തുകൊണ്ട്?
3 കൺവെൻഷൻ സ്ഥലത്തും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ആയിരിക്കുമ്പോൾ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ നന്നായി ശ്രദ്ധിക്കണം. (സദൃ. 29:15) ഒരു ഹോട്ടലിലെ റസ്റ്റോറന്റ് മാനേജർ ഒരു ദമ്പതികളോട് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾക്കു നിങ്ങളെ ശരിക്കും ഇഷ്ടമാണ്. നിങ്ങളുടെ കുടുംബങ്ങളും കുട്ടികളും നല്ല പെരുമാറ്റവും മാന്യതയും ഉള്ളവരാണ്. ഞങ്ങളുടെ ജീവനക്കാരെല്ലാം നിങ്ങളെക്കുറിച്ച് നല്ലതു പറയുന്നു. എല്ലാ വാരാന്തങ്ങളിലും നിങ്ങളിവിടെ താമസിച്ചിരുന്നെങ്കിൽ എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.”
4. കൺവെൻഷൻ നഗരിയിൽ ആയിരിക്കുമ്പോൾ നമ്മുടെ ചമയം സംബന്ധിച്ച് എന്തൊക്കെ ശ്രദ്ധിക്കണം?
4 മാന്യമായ വസ്ത്രധാരണം: കൺവെൻഷനു വരുമ്പോൾ നമ്മുടെ വസ്ത്രധാരണം മാന്യവും ഉചിതവും ആയിരിക്കണം, അല്ലാതെ ലോകത്തിന്റെ രീതികൾ പ്രതിഫലിപ്പിക്കുന്നത് ആയിരിക്കരുത്. (1 തിമൊ. 2:9) ഹോട്ടലിൽ താമസിക്കുന്നവർ അവിടെ ചെല്ലുമ്പോഴും തിരികെ പോരുമ്പോഴും കൺവെൻഷൻ സെഷനുകളുടെ ഇടവേളകളിലും സെഷനുകൾക്കുശേഷവും അങ്ങേയറ്റം അലസമോ അശ്രദ്ധമോ ആയ വസ്ത്രധാരണം ഒഴിവാക്കേണ്ടതാണ്. അതിലൂടെ കൺവെൻഷൻ ബാഡ്ജ് അഭിമാനത്തോടെ ധരിക്കാനും അവസരം വരുമ്പോൾ സാക്ഷ്യം കൊടുക്കുന്നതിൽ ലജ്ജിക്കാതിരിക്കാനും നമുക്കാകും. വരാനിരിക്കുന്ന കൺവെൻഷനുകളിൽ സംബന്ധിക്കുമ്പോൾ നല്ല നടത്തയും ചമയവും പരമാർഥഹൃദയരെ ജീവരക്ഷാകരമായ ബൈബിൾ സന്ദേശത്തിലേക്ക് ആകർഷിക്കുക മാത്രമല്ല യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കുകയും ചെയ്യും.—സെഫ. 3:17.
[5,6 പേജുകളിലെ ചതുരം]
2014-ലെ കൺവെൻഷൻ ഓർമിപ്പിക്കലുകൾ
◼ പരിപാടിയുടെ സമയം: രാവിലെ 8 മുതൽ ഹാളിൽ പ്രവേശിക്കാനാകും. മൂന്നു ദിവസവും രാവിലെ 9:20-ന് പ്രാരംഭ സംഗീതം ആരംഭിക്കും. സംഗീതം ആരംഭിക്കാൻ പോകുന്നുവെന്ന അറിയിപ്പു കേൾക്കുമ്പോൾ എല്ലാവരും ഇരിപ്പിടങ്ങളിൽ വന്നിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ മാന്യവും ക്രമീകൃതവുമായ വിധത്തിൽ പരിപാടി ആരംഭിക്കാനാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉള്ള സമാപന ഗീതവും പ്രാർഥനയും വൈകുന്നേരം 4:55-നും, ഞായറാഴ്ച 3:50-നും ആയിരിക്കും.
◼ അന്താരാഷ്ട്ര കൺവെൻഷൻ: ചില സ്ഥലങ്ങൾ അന്താരാഷ്ട്ര കൺവെൻഷനുകൾക്കു വേദിയാകും. ലഭ്യമായ ഇരിപ്പിടങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ, ഹോട്ടൽ മുറികൾ എന്നിവ ശ്രദ്ധാപൂർവം വിലയിരുത്തിയാണു ബ്രാഞ്ചോഫീസ് ചില സഭകളെയും വിദേശ പ്രതിനിധികളെയും ക്ഷണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കൺവെൻഷനിൽ പ്രസാധകർ ക്ഷണിക്കപ്പെടാതെ ഹാജരായാൽ അത് പല അസൗകര്യങ്ങളിലേക്കും നയിച്ചേക്കാം. നിങ്ങൾക്കു നിയമനം ലഭിച്ചിട്ടുള്ള കൺവെൻഷനു പകരം മറ്റൊന്നിനു പോകേണ്ട സാഹചര്യം വരുന്നെങ്കിൽ ഒരു കാരണവശാലും അന്താരാഷ്ട്ര കൺവെൻഷൻ തിരഞ്ഞെടുക്കരുത്.
◼ പാർക്കിങ്: പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണം നമുക്കു ലഭിക്കുന്ന എല്ലാ കൺവെൻഷനുകളിലും, പാർക്ക് ചെയ്യാനുള്ള ഇടം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സൗജന്യമായി ലഭിക്കും. പാർക്കിങ്ങിനുള്ള സ്ഥലം സാധാരണഗതിയിൽ പരിമിതമായതിനാൽ, കാറുകളിലും മറ്റും ഒന്നോ രണ്ടോ പേർമാത്രം യാത്ര ചെയ്യുന്നതിനുപകരം സ്ഥലസൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്. അംഗവൈകല്യമുള്ളവർക്കു മാറ്റിവെച്ചിരിക്കുന്ന പാർക്കിങ് സ്ഥലങ്ങൾ അവർ മാത്രം ഉപയോഗിക്കേണ്ടതാണ്.
◼ ഇരിപ്പിടം പിടിച്ചുവെക്കൽ: ഓരോ പ്രഭാതത്തിലും ഹാളിലേക്കുള്ള വാതിൽ തുറക്കുമ്പോൾ സീറ്റു പിടിക്കാൻ ദയവായി മത്സരിച്ച് ഓടരുത്. മറ്റുള്ളവരുടെ നന്മ അന്വേഷിക്കുന്നതിൽ കാണിക്കുന്ന ആത്മത്യാഗ മനോഭാവം യഥാർഥ ക്രിസ്ത്യാനികളായി നമ്മെ തിരിച്ചറിയിക്കുകയും ദൈവത്തെ മഹത്വപ്പെടുത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും. (യോഹ. 13:34, 35; 1 കൊരി. 13:4, 5; 1 പത്രോ. 2:12) നിങ്ങളോടൊപ്പം ഒരേ വീട്ടിൽ താമസിക്കുന്നവർക്കോ ഒരേ വാഹനത്തിൽ യാത്രചെയ്യുന്നവർക്കോ നിങ്ങൾ ഇപ്പോൾ അധ്യയനമെടുക്കുന്നവർക്കോ വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ. വയോധികർക്കും വൈകല്യമുള്ളവർക്കും വേണ്ടി പ്രത്യേകം ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇവ പരിമിതമായതിനാൽ അവരോടൊപ്പം ഒന്നോ രണ്ടോ സഹായികൾ മാത്രമേ ഇരിക്കാവൂ.
◼ ഉച്ചഭക്ഷണം: ഉച്ചയ്ക്കുള്ള ഇടവേളയിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതിനുപകരം എന്തെങ്കിലും കരുതുക. ഇരിപ്പിടത്തിന് അടിയിൽ വെക്കാവുന്നതരം സഞ്ചിയും മറ്റും ഭക്ഷണം കൊണ്ടുവരാൻ ഉപയോഗിക്കാമെങ്കിലും വലിയ പാത്രങ്ങളും ചില്ലുപാത്രങ്ങളും കൺവെൻഷൻ സ്ഥലത്തു കൊണ്ടുവരരുത്.
◼ സംഭാവനകൾ: ലോകവ്യാപക വേലയ്ക്കുവേണ്ടി കൺവെൻഷൻ സ്ഥലത്ത് സംഭാവനകൾ നൽകിക്കൊണ്ട് കൺവെൻഷൻ ക്രമീകരണങ്ങളോടു നമുക്കു വിലമതിപ്പു കാണിക്കാം. കൺവെൻഷൻ സ്ഥലത്ത് സംഭാവനയായി നൽകുന്ന ചെക്കുകൾ “The Watch Tower Bible and Tract Society of India” എന്ന പേരിലാണ് എഴുതേണ്ടത്.
◼ മരുന്നുകൾ: ഡോക്ടറുടെ നിർദേശപ്രകാരം നിങ്ങൾ ഏതെങ്കിലും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അവ കൂടെക്കരുതുക. കൺവെൻഷൻ സ്ഥലത്ത് അവ ലഭിക്കില്ല. പ്രമേഹരോഗികൾ ഉപയോഗിക്കുന്ന സിറിഞ്ചുകളും സൂചികളും ശരിയായ വിധത്തിൽ നിർമാർജനം ചെയ്യേണ്ടതാണ്. അവ അപകടകരമായതിനാൽ കൺവെൻഷൻ സ്ഥലത്തോ ഹോട്ടലിലോ ഉള്ള ചവറ്റുകുട്ടയിൽ ഇടരുത്.
◼ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള മുൻകരുതലുകൾ: തെന്നിയും തട്ടിയും വീഴുന്നത് ഒഴിവാക്കാൻ ദയവായി ശ്രദ്ധിക്കുക. ഓരോ വർഷവും പാദരക്ഷകളുടെ, പ്രത്യേകിച്ച് ഉയർന്ന ഹീലുള്ളവയുടെ ഉപയോഗം മൂലം പരിക്കു പറ്റാറുണ്ട്. നടപ്പാതകളിലൂടെയും ഗോവണിപ്പടികളിലൂടെയും മറ്റും സുരക്ഷിതമായി നടക്കാൻ സഹായിക്കുന്ന ഒതുക്കമുള്ള ഷൂസുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം.
◼ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടുപോകുന്ന വണ്ടികളും ചാരുകസേരകളും: കൺവെൻഷൻ സ്ഥലത്ത് ഇവ കൊണ്ടുവരരുത്. മാതാപിതാക്കളുടെ അടുത്തുതന്നെയുള്ള ഇരിപ്പിടത്തിൽ സ്ഥാപിക്കാൻ കഴിയുന്ന, കുട്ടികൾക്കായുള്ള പ്രത്യേക സുരക്ഷാസീറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
◼ പെർഫ്യൂം: വായു സഞ്ചാരത്തിനായി കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന അടഞ്ഞ ഹാളുകളിലാണ് മിക്ക കൺവെൻഷനുകളും നടക്കുന്നത്. അതുകൊണ്ടുതന്നെ ശ്വാസതടസ്സമോ അലർജിയോ ഉള്ളവർക്ക് അസ്വസ്ഥത ഉളവാക്കാവുന്ന രൂക്ഷഗന്ധമുള്ള പെർഫ്യൂമുകളുടെയും മറ്റും ഉപയോഗം കുറച്ചുകൊണ്ട് മറ്റുള്ളവരോടു പരിഗണന കാണിക്കാം.—1 കൊരി. 10:24.
◼ ദയവായി ബന്ധപ്പെടുക (S-43) ഫാറങ്ങൾ: കൺവെൻഷൻ സ്ഥലത്ത് അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ ആരെങ്കിലും താത്പര്യം കാണിക്കുന്നെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ദയവായി ബന്ധപ്പെടുക എന്ന ഫാറം ഉപയോഗിക്കേണ്ടതാണ്. പൂരിപ്പിച്ചശേഷം അവ പുസ്തകശാലയിൽ ഏൽപ്പിക്കാനാകും; അല്ലെങ്കിൽ മടങ്ങിച്ചെല്ലുമ്പോൾ നിങ്ങളുടെ സഭാസെക്രട്ടറിയെ ഏൽപ്പിക്കാവുന്നതാണ്.
◼ റസ്റ്റോറന്റുകളിൽ: നല്ല പെരുമാറ്റത്താൽ യഹോവയുടെ നാമം മഹത്വപ്പെടുത്തുക. ഒരു ക്രിസ്തീയ ശുശ്രൂഷകനു ചേർന്ന രീതിയിൽ വസ്ത്രം ധരിക്കുക. പല സ്ഥലങ്ങളിലും സേവനത്തിനനുസരിച്ച് ടിപ്പ് കൊടുക്കുന്ന രീതിയുണ്ട്.
◼ ഹോട്ടലുകളിൽ:
(1) വേണ്ടതിലധികം മുറികൾ ബുക്കുചെയ്യരുത്; അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ആളുകളെ മുറിയിൽ താമസിപ്പിക്കരുത്.
(2) അടിയന്തിരസാഹചര്യമില്ലെങ്കിൽ ബുക്കുചെയ്ത മുറി റദ്ദാക്കരുത്. ഇനി, അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ എത്രയും വേഗം അക്കാര്യം ഹോട്ടൽ അധികൃതരെ അറിയിക്കുക. (മത്താ. 5:37) ബുക്കിങ് റദ്ദാക്കിയതിന്റെ രേഖ കൈപ്പറ്റാൻ മറക്കരുത്. 48 മണിക്കൂറിനു മുമ്പ് റദ്ദാക്കിയില്ലെങ്കിൽ മുൻകൂർ അടച്ച പണം തിരികെ ലഭിക്കില്ല.
(3) ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചാണ് ഹോട്ടലിൽ മുറി ബുക്കുചെയ്യുന്നതെങ്കിൽ, മുറിവാടകയും താമസസമയത്ത് ഹോട്ടലിന് എന്തെങ്കിലും നഷ്ടം വരുത്തിയാൽ അതും നികത്താനാവശ്യമായ ഒരു തുക നിങ്ങളുടെ അക്കൗണ്ടിൽനിന്നു പിടിച്ചുവെക്കുമെന്ന കാര്യം പ്രത്യേകം ഓർമിക്കുക. മുറി ഒഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരുമായുള്ള പണമിടപാടു തീർക്കുന്നതുവരെ നിങ്ങൾക്ക് ആ പണം ഉപയോഗിക്കാൻ കഴിയില്ല.
(4) സാധനങ്ങൾ കൊണ്ടുപോകാനുള്ള ട്രോളികൾ ലഭ്യമാണെങ്കിൽ, പുറത്തിറങ്ങാൻ തയ്യാറായിക്കഴിഞ്ഞേ അതെടുക്കാവൂ; മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയേണ്ടതിന് ഉടനെ തിരിച്ചുവെക്കുകയും വേണം.
(5) നിങ്ങളുടെ സാധനങ്ങൾ എടുക്കുന്ന ഹോട്ടൽ ജോലിക്കാർക്ക് ടിപ്പ് കൊടുക്കാൻ മറക്കരുത്. മുറിയിൽ നിങ്ങൾക്കുവേണ്ട സേവനം ചെയ്തുതരുന്ന ആൾക്കും നാട്ടുനടപ്പനുസരിച്ചു ടിപ്പ് കൊടുക്കുക.
(6) അനുവാദം ഉണ്ടെങ്കിലേ ഹോട്ടൽ മുറിയിൽ പാചകം ചെയ്യാവൂ.
(7) ഹോട്ടലിൽ ആയിരിക്കുമ്പോൾ ഉപചാരാർഥം ലഭിക്കുന്ന പ്രഭാതഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ അമിതമായി ആഹരിച്ചുകൊണ്ടോ കൺവെൻഷൻ സ്ഥലത്തേക്കു കൊണ്ടുപോയോ ദുരുപയോഗം ചെയ്യരുത്.
(8) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോഴെല്ലാം ദൈവാത്മാവിന്റെ ഫലം പ്രകടിപ്പിക്കുക. ഹോട്ടലിൽ വരുന്ന എല്ലാവരെയും അവർക്കു തൃപ്തിപ്പെടുത്തേണ്ടത് ഉണ്ടെന്ന കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ക്ഷമയും പരിഗണനയും ന്യായബോധവും കാണിക്കുക.
(9) നീന്തൽക്കുളം, ജിം, ഇടനാഴികൾ എന്നിവ ഉൾപ്പെടെ ഹോട്ടലിൽ എവിടെയായിരുന്നാലും മാതാപിതാക്കൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
(10) ശുപാർശ ചെയ്യപ്പെടുന്ന ലോഡ്ജുകളുടെ പട്ടികയിൽ കാണിച്ചിരിക്കുന്ന നിരക്ക്, നികുതി ഒഴികെയുള്ള ഒരു ദിവസത്തെ നിരക്കാണ്. നിശ്ചിത നിരക്കിലധികം ഈടാക്കുന്നെങ്കിൽ പണം കൊടുക്കുന്നതിനുമുമ്പ്, കൺവെൻഷൻ സ്ഥലത്തുള്ള താമസസൗകര്യ ഡിപ്പാർട്ടുമെന്റിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കുക.
(11) ഹോട്ടൽമുറിയോടുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നപക്ഷം അക്കാര്യം കൺവെൻഷൻ സ്ഥലത്തുവെച്ചുതന്നെ താമസസൗകര്യ ഡിപ്പാർട്ടുമെന്റിനെ അറിയിക്കുക. അവർക്കു നിങ്ങളെ സഹായിക്കാനായേക്കും.
◼ സ്വമേധാസേവനം: സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വമേധാസേവന ഡിപ്പാർട്ടുമെന്റിൽ പേര് നൽകേണ്ടതാണ്. മാതാപിതാക്കൾ, രക്ഷിതാക്കൾ, അവർ അനുവദിക്കുന്ന ഏതെങ്കിലുമൊരു മുതിർന്ന വ്യക്തി എന്നിവരോടൊപ്പം 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും സ്വമേധാസേവനത്തിൽ പങ്കെടുക്കാം.