‘ശ്രദ്ധിച്ചുകേട്ട് കൂടുതൽ പ്രബോധനം ഉൾക്കൊള്ളുക’
1 ജ്ഞാനം പിൻവരുന്ന പ്രകാരം വിളിച്ചുപറയുന്നതായി സദൃശവാക്യങ്ങളുടെ പുസ്തകം വർണിക്കുന്നു: “കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും. ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; . . . എന്റെ വാക്കു കേട്ടു കൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.” (സദൃ. 8:6, 14, 32, 35) ആ വാക്കുകൾ, “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ നമുക്കായി കരുതിയിരിക്കുന്ന പ്രബോധനങ്ങളെ നന്നായി വർണിക്കുന്നു.
2 ലോകവ്യാപക സഹോദര വർഗത്തിന്റെ ആവശ്യങ്ങൾ അവലോകനം ചെയ്ത് അതിനു ചേർച്ചയിലാണ് കൺവെൻഷൻ പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്. ലഭിക്കുന്ന ആത്മീയ പ്രബോധനവും പ്രായോഗിക നിർദേശങ്ങളും ബാധകമാക്കുന്നത്, സന്തുഷ്ടരായിരിക്കാനും യഹോവയുമായി നല്ല ബന്ധം നിലനിറുത്താനും നിത്യജീവനിലേക്കുള്ള വഴിയിൽ തുടരാനും നമ്മെ സഹായിക്കും. തീർച്ചയായും ‘ശ്രദ്ധിച്ചുകേട്ട് കൂടുതൽ പ്രബോധനം ഉൾക്കൊള്ളുന്നതിന്’ നമുക്കു നല്ല കാരണമുണ്ട്.—സദൃ. 1:5, NW.
3 പരിപാടിക്കു മുമ്പ്: അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളിൽനിന്നു പൂർണ പ്രയോജനം നേടുന്നതിന് പരിപാടി തുടങ്ങുമ്പോൾ, ഉചിതമായ മനോനിലയോടെ നാം ഇരിപ്പിടങ്ങളിൽ ഉണ്ടായിരിക്കണം. അതിന് വ്യക്തിപരമായ നല്ല സംഘാടനം ആവശ്യമാണ്. മുന്നമേതന്നെ പ്രവർത്തിച്ചു തുടങ്ങുന്നതു സുപ്രധാനമാണ്. തലേ രാത്രിയിൽ നേരത്തേതന്നെ ഉറങ്ങുക. കൂടെ ഉള്ള എല്ലാവർക്കും തയ്യാറാകുന്നതിനും എന്തെങ്കിലും കഴിക്കുന്നതിനും സാധിക്കത്തക്കവിധം വേണ്ടത്ര നേരത്തേ എഴുന്നേൽക്കുക. ഇരിപ്പിടം കണ്ടുപിടിക്കുന്നതിനും പരിപാടി തുടങ്ങുന്നതിനു മുമ്പുതന്നെ മറ്റ് അത്യാവശ്യ കാര്യങ്ങൾ ചെയ്യുന്നതിനും കഴിയത്തക്കവണ്ണം കൺവെൻഷൻ സ്ഥലത്ത് നേരത്തേ എത്തിച്ചേരുക. ദിവസവും രാവിലെ 8 മണിക്ക് കൺവെൻഷൻ ഹാൾ തുറന്നിരിക്കും, പരിപാടി തുടങ്ങുന്നത് രാവിലെ 9:30-ന് ആണ്.
4 കൂടിവരവിന്റെ മുഖ്യ ഉദ്ദേശ്യം “സമ്മിളിത കൂട്ടങ്ങളിൽ” യഹോവയെ വാഴ്ത്തുക എന്നത് ആയതിനാൽ ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന വിധത്തിൽ വേണം ഓരോ പരിപാടിയും ആരംഭിക്കാൻ. (സങ്കീ. 26:12, NW) അതിനായി പ്രാരംഭ ഗീതത്തിനു മുമ്പുതന്നെ എല്ലാവരും ഇരിപ്പിടത്തിൽ ഉണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അത് പിൻവരുന്ന തിരുവെഴുത്ത് ഉദ്ബോധനത്തിനു ചേർച്ചയിലാണ്: “സകലവും മാന്യമായും ക്രമീകരണപ്രകാരവും നടക്കട്ടെ.” (1 കൊരി. 14:40, NW) നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ അത് എന്തർഥമാക്കുന്നു? പ്രാരംഭ സംഗീതത്തിന്റെ സമയത്ത് അധ്യക്ഷനെ സ്റ്റേജിൽ കാണുമ്പോൾത്തന്നെ നിങ്ങളുടെ ഇരിപ്പിടങ്ങളിൽ പോയി ഇരിക്കുക. അങ്ങനെയാകുമ്പോൾ യഹോവയെ സ്തുതിച്ചുകൊണ്ട് പരിപാടിക്കു മുമ്പ് ഉള്ള ഗീതത്തിൽ മുഴുഹൃദയത്തോടെ പങ്കുചേരാൻ നിങ്ങൾക്കു സാധിക്കും.—സങ്കീ. 149:1.
5 പരിപാടിയുടെ സമയത്ത്: “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും [എസ്രാ] . . . മനസ്സുവെച്ചിരുന്നു [“തന്റെ ഹൃദയത്തെ ഒരുക്കി,” NW]. (എസ്രാ 7:10) യഹോവ പ്രദാനം ചെയ്യുന്ന പ്രബോധനങ്ങൾ സ്വീകരിക്കാൻ നമുക്ക് എങ്ങനെ നമ്മുടെ ഹൃദയത്തെ ഒരുക്കാൻ കഴിയും? കാര്യപരിപാടിയിൽ കൊടുത്തിരിക്കുന്ന വിവിധ പ്രസംഗ വിഷയങ്ങൾ പരിചിന്തിക്കവേ നിങ്ങളോടുതന്നെ ചോദിക്കുക, ‘ഈ പരിപാടിയിലൂടെ യഹോവ എന്നോട് എന്താണു പറയുന്നത്? എന്റെയും കുടുംബത്തിന്റെയും പ്രയോജനത്തിനായി എനിക്കെങ്ങനെ ഈ വിവരങ്ങൾ ഉപയോഗിക്കാൻ കഴിയും?’ (യെശ. 30:21; എഫെ. 5:17) കൺവെൻഷൻ സമയത്ത് ഉടനീളം ആ ചോദ്യങ്ങൾ ചോദിക്കുക. നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ കുറിച്ചുവെക്കുക. ഓരോ ദിവസത്തെയും പരിപാടികൾക്കു ശേഷം അവ ചർച്ചചെയ്യാൻ സമയമെടുക്കുക. അപ്രകാരം ചെയ്യുന്നത് വിവരങ്ങൾ ഓർത്തിരിക്കാനും ബാധകമാക്കാനും നിങ്ങളെ സഹായിക്കും.
6 ഒരുമിച്ച് കുറെ മണിക്കൂറുകൾ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. മാനസികമായി അലഞ്ഞുതിരിയാനുള്ള പ്രവണതയെ ചെറുത്തു നിൽക്കാൻ നമ്മെ എന്തു സഹായിക്കും? കണ്ണിന്റെ പ്രാപ്തി പ്രയോജനപ്പെടുത്തുക. വലിയ ഒരളവുവരെ നാം ദൃഷ്ടികൾ എവിടെ പതിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ശ്രദ്ധയും. (മത്താ. 6:22) അതുകൊണ്ട് എന്തെങ്കിലും ഒച്ചയോ അനക്കമോ ഉണ്ടാകുമ്പോൾ തിരിഞ്ഞു നോക്കാനുള്ള പ്രവണതയെ ചെറുത്തുനിൽക്കുക. നിങ്ങളുടെ ദൃഷ്ടികൾ പ്രസംഗകനിൽത്തന്നെ കേന്ദ്രീകരിക്കുക. തിരുവെഴുത്തു വായിക്കുമ്പോൾ നിങ്ങളുടെ ബൈബിൾ തുറന്ന് അതു നോക്കുക, അതു ചർച്ച ചെയ്യുമ്പോൾ ബൈബിൾ തുറന്നുതന്നെ പിടിക്കുക.
7 പരിപാടി നടക്കുന്നതിനിടയിൽ മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കാൻ ക്രിസ്തീയ സ്നേഹം നമ്മെ പ്രേരിപ്പിക്കും. (1 കൊരി. 13:5) ‘മിണ്ടാതിരുന്ന്’ ശ്രദ്ധിക്കുന്നതിനുള്ള സമയമാണ് അത്. (സഭാ. 3:7) അതുകൊണ്ട് അനാവശ്യമായ വർത്തമാനം പറച്ചിലും കറങ്ങിനടപ്പും ഒഴിവാക്കുക. കൂടെക്കൂടെ ടോയ്ലെറ്റിൽ പോകുന്നരീതി ഒഴിവാക്കുക, നേരത്തേതന്നെ അൽപ്പം ശ്രദ്ധിച്ചാൽ സാധിക്കുന്ന കാര്യമാണിത്. ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ പരിപാടിയുടെ സമയത്ത് തിന്നുകയും കുടിക്കുകയും ചെയ്യാതെ അതിനായി അനുവദിച്ചിരിക്കുന്ന സമയം വരെ കാത്തിരിക്കുക. മൊബൈൽ ഫോണുകളും പേജറുകളും വീഡിയോക്യാമറകളും ക്യാമറകളും മറ്റുള്ളവർക്ക് ശ്രദ്ധാശൈഥല്യം ഉണ്ടാക്കുന്ന രീതിയിൽ ഉപയോഗിക്കരുത്. കുട്ടികളുടെമേൽ ഉചിതമായ മേൽനോട്ടം ഉണ്ടായിരിക്കാൻ തക്കവണ്ണം കൗമാരപ്രായക്കാർ ഉൾപ്പെടെ മുഴു കുടുംബവും ഒരുമിച്ച് ഇരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.—സദൃ. 29:15.
8 അനേകം ദശാബ്ദങ്ങളായി കൺവെൻഷനു ഹാജരായിട്ടുള്ള ഒരു മൂപ്പൻ കഴിഞ്ഞ വർഷം ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി: “കഴിഞ്ഞ കൺവെൻഷനുകളെ അപേക്ഷിച്ച് ഈ കൺവെൻഷന് ഒരു പ്രത്യേകത എനിക്കു കാണാൻ കഴിഞ്ഞു. കൊച്ചു കുട്ടികൾ ഉൾപ്പെടെ സദസ്യരിൽ എല്ലാവരുംതന്നെ കുറിപ്പുകൾ എഴുതുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി. തിരുവെഴുത്തുകൾ പരിശോധിക്കുന്നതിന് പ്രസംഗകൻ ക്ഷണിച്ചപ്പോഴൊക്കെ സദസ്സ് ബൈബിൾ നന്നായി ഉപയോഗിക്കുകയുണ്ടായി.” ഈ വിധത്തിൽ നന്നായി ശ്രദ്ധിക്കുന്നത് അഭിനന്ദനാർഹംതന്നെയാണ്. അത് നമുക്കും നമ്മോടൊപ്പം കൺവെൻഷനു ഹാജരായിരിക്കുന്നവർക്കും പ്രയോജനം ചെയ്യുന്നു. സർവോപരി, നമ്മുടെ “മഹാ പ്രബോധക”നായ യഹോവയാം ദൈവത്തിന് അതു മഹത്ത്വം കൈവരുത്തുന്നു.—യെശ. 30:20, NW.