യഹോവയെ സ്തുതിക്കാൻ ഒരുമിച്ചുകൂടുന്നു
1. കൺവെൻഷന്റെ പ്രതിപാദ്യവിഷയം എന്താണ്, യഹോവ നമ്മുടെ സ്തുതിക്ക് അർഹനായിരിക്കുന്നത് എന്തുകൊണ്ട്?
1 യഹോവ സർവശക്തനാണ്, അപരിമേയമായ ജ്ഞാനമുള്ളവനാണ്, നീതിയിൽ സമ്പൂർണനാണ്, സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമാണ്. സ്രഷ്ടാവും ജീവദാതാവും അഖിലാണ്ഡ പരമാധികാരിയും ആയതിനാൽ അവൻ മാത്രമാണ് നമ്മുടെ ആരാധനയ്ക്ക് അർഹൻ. (സങ്കീ. 36:9; വെളി. 4:11; 15:3, 4) ഈ വർഷം നടക്കാനിരിക്കുന്ന “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ, ഏക സത്യദൈവം എന്ന നിലയിൽ അവനെ സ്തുതിക്കാനുള്ള നമ്മുടെ തീരുമാനത്തെ ബലിഷ്ഠമാക്കും.—സങ്കീ. 86:8-10.
2, 3. നല്ല ആസൂത്രണം പൂർണ പ്രയോജനം അനുഭവിക്കാൻ നമ്മെ എങ്ങനെ പ്രാപ്തരാക്കും?
2 നല്ല ആസൂത്രണം ആവശ്യം: യഹോവ നമുക്കായി ഒരുക്കിയിരിക്കുന്ന ആത്മീയ വിരുന്നിൽനിന്നു പൂർണ പ്രയോജനം നേടാൻ കഴിയണമെങ്കിൽ നല്ല ആസൂത്രണം അനിവാര്യമാണ്. (എഫെ. 5:15, 16) താമസസൗകര്യം, യാത്ര എന്നിവയ്ക്കുള്ള ഏർപ്പാടുകൾ നിങ്ങൾ ചെയ്തുകഴിഞ്ഞോ? ജോലിയിൽനിന്ന് അല്ലെങ്കിൽ സ്കൂളിൽനിന്ന് അവധി ലഭിക്കാനുള്ള ക്രമീകരണം നിങ്ങൾ ചെയ്തിട്ടുണ്ടോ? ഈ സുപ്രധാന കാര്യങ്ങൾ അവസാന നിമിഷത്തേക്കു മാറ്റിവെക്കരുത്. അവധിക്ക് അപേക്ഷിക്കാൻ വൈകിയാൽ സന്തോഷകരമായ ഈ വേളയുടെ ഒരു ഭാഗം നിങ്ങൾക്കു നഷ്ടമായേക്കും. നാം ഓരോരുത്തരും എല്ലാ സെഷനുകൾക്കും സന്നിഹിതരായിരിക്കേണ്ടതുണ്ട്.
3 ഓരോ ദിവസവും കൺവെൻഷൻ സ്ഥലത്തു നേരത്തേ എത്തിച്ചേരാൻ ലക്ഷ്യം വെക്കുക. അത്, പ്രാരംഭ ഗീതത്തിനു മുമ്പുതന്നെ ഇരിപ്പിടങ്ങളിൽ ഉണ്ടായിരിക്കുന്നതിനും, അങ്ങനെ അവതരിപ്പിക്കപ്പെടാൻ പോകുന്ന പ്രബോധനങ്ങൾ സ്വീകരിക്കാൻ തക്കവിധമുള്ള ഉചിതമായ മനോനില കൈവരിക്കുന്നതിനും നിങ്ങളെ സഹായിക്കും. എല്ലാ ദിവസവും കൺവെൻഷൻ സ്ഥലത്തേക്കു പ്രവേശനം അനുവദിക്കുന്നത് രാവിലെ എട്ടു മണിക്ക് ആയിരിക്കും. നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കോ കൂട്ടത്തിൽ യാത്ര ചെയ്യുന്നവർക്കോ വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ കരുതിവെക്കാവൂ എന്ന കാര്യം ദയവായി ഓർത്തിരിക്കുക.
4. ഉച്ചഭക്ഷണം ഒപ്പം കരുതാൻ നമ്മോട് അഭ്യർഥിച്ചിരിക്കുന്നത് എന്തുകൊണ്ട്?
4 ഭക്ഷണം കഴിക്കാൻ പുറത്തു പോകുന്നതിനു പകരം എല്ലാവരും ഉച്ചഭക്ഷണം ഒപ്പം കരുതാൻ അഭ്യർഥിക്കുന്നു. ഇക്കാര്യത്തിലുള്ള നിങ്ങളുടെ സഹകരണം ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നു മാത്രമല്ല സഹവിശ്വാസികളുമായി കൂടുതൽ സമയം സഹവാസം ആസ്വദിക്കുന്നതിനു സഹായിക്കുകയും ചെയ്യും. (സങ്കീ. 133:1-3) കൺവെൻഷൻ സ്ഥലത്ത് കുപ്പിപ്പാത്രങ്ങളും ലഹരിപാനീയങ്ങളും കൊണ്ടുവരാൻ പാടില്ല എന്ന കാര്യം ദയവായി മനസ്സിൽ പിടിക്കുക.
5. കൺവെൻഷനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കിത്തുടങ്ങാൻ നമുക്ക് എങ്ങനെ കഴിയും?
5 ശ്രദ്ധിക്കുക, പഠിക്കുക: ദൈവവചനം സ്വീകരിക്കേണ്ടതിന് എസ്രാ തന്റെ ഹൃദയത്തെ പ്രാർഥനാപൂർവം ഒരുക്കി. (എസ്രാ 7:10, NW) അവൻ യഹോവയുടെ പ്രബോധനങ്ങൾക്ക് തന്റെ ഹൃദയം ചായ്ച്ചു. (സദൃ. 2:1) കൺവെൻഷന്റെ പ്രതിപാദ്യവിഷയത്തെ കുറിച്ചു ധ്യാനിച്ചുകൊണ്ടും നമ്മുടെ കുടുംബവുമൊത്ത് അത് ചർച്ച ചെയ്തുകൊണ്ടും, വീട്ടിൽനിന്നു പോരുന്നതിനു മുമ്പുതന്നെ കൺവെൻഷനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കിത്തുടങ്ങാൻ നമുക്കു കഴിയും.
6. പരിപാടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്താൻ നമ്മെ എന്തു സഹായിക്കും? (ചതുരം കാണുക.)
6 ഒരു വലിയ ഓഡിറ്റോറിയത്തിൽ, നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന പല കാഴ്ചകളും ശബ്ദങ്ങളും ഉണ്ടായേക്കാം. അത്തരം ശ്രദ്ധാശൈഥില്യങ്ങൾ പ്രസംഗകൻ പറയുന്ന കാര്യങ്ങളിൽനിന്നു നമ്മുടെ മനസ്സുകളെ വ്യതിചലിപ്പിച്ചേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ, വിലയേറിയ വിവരങ്ങൾ നമുക്കു നഷ്ടമാകുന്നു. പിൻവരുന്ന ചതുരത്തിലെ നിർദേശങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ പ്രാപ്തി മെച്ചപ്പെടുത്താൻ സഹായിക്കും.
7, 8. നമുക്ക് മറ്റുള്ളവരോട് എങ്ങനെ പരിഗണന കാണിക്കാൻ കഴിയും, നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
7 മറ്റുള്ളവരോടു പരിഗണന കാണിക്കുക: പരിപാടിയുടെ സമയത്ത് ക്യാമറകളും വീഡിയോ ക്യാമറകളും ഉപയോഗിക്കാവുന്നതാണെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ പതറാതിരിക്കേണ്ടതിന് ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ടു മാത്രമേ അവ ഉപയോഗിക്കാവൂ. അതുപോലെ മൊബൈൽ ഫോണുകളും പേജറുകളും മറ്റുള്ളവർക്കു ശല്യമാകാതിരിക്കത്തക്കവിധം സെറ്റ് ചെയ്തു വെക്കേണ്ടതാണ്. ചില സ്ഥലങ്ങളിൽ, പരിപാടിയുടെ സമയത്ത് ചിലർ കൺവെൻഷൻ ഗ്രൗണ്ടിൽ കറങ്ങി നടന്ന് മറ്റുള്ളവരുടെ ശ്രദ്ധ പതറാൻ ഇടയാക്കിയിട്ടുണ്ട്. വേറെ ചിലരാകട്ടെ വൈകി വരികയും അങ്ങനെ പരിപാടിയുടെ ആദ്യത്തെ ഏതാനും മിനിട്ടിൽ പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കാൻ തങ്ങളുടെ സഹോദരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. സേവകരുമായി സഹകരിക്കാനും അതുപോലെ ഇരിപ്പിടങ്ങളിൽ ഇരിക്കാൻ ചെയർമാൻ ക്ഷണിക്കുമ്പോൾ അപ്രകാരം ചെയ്യാനും ദയവായി ശ്രദ്ധിക്കുക.
8 യഹോവയെ സ്തുതിക്കുന്നതിനു കൂടിവരാൻ എത്ര ആകാംക്ഷയോടെയാണ് നാം കാത്തിരിക്കുന്നത്! എല്ലാ സെഷനുകളിലും സംബന്ധിക്കുകയും പരിപാടികൾക്ക് നല്ല ശ്രദ്ധ കൊടുക്കുകയും പഠിക്കുന്ന കാര്യങ്ങൾ പിൻപറ്റുകയും ചെയ്തുകൊണ്ട് അവനു മഹത്ത്വം കരേറ്റാൻ നമുക്ക് ദൃഢനിശ്ചയമുള്ളവർ ആയിരിക്കാം.—ആവ. 31:12, 13.
[3-ാം പേജിലെ ചതുരം]
കൺവെൻഷൻ പരിപാടികൾക്കു ശ്രദ്ധ നൽകൽ
▪ പ്രസംഗങ്ങളുടെ ശീർഷകങ്ങളെ കുറിച്ചു ചിന്തിക്കുക
▪ തിരുവെഴുത്തുകൾ എടുത്തുനോക്കുക
▪ ഹ്രസ്വമായ കുറിപ്പുകളെടുക്കുക
▪ പിൻപറ്റേണ്ടതായ ആശയങ്ങൾക്കു വിശേഷ ശ്രദ്ധ നൽകുക
▪ പഠിക്കുന്ന കാര്യങ്ങൾ പുനർവിചിന്തനം ചെയ്യുക