‘നാം ഒന്നിച്ച് അവന്റെ നാമം ഉന്നതമാക്കുക’
1 “എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക” അഥവാ ഉന്നതമാക്കുക എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 34:3) വിവിധ സഭകളിൽനിന്നുള്ള നമ്മുടെ സഹോദരീസഹോദരന്മാരോടൊത്ത് യഹോവയുടെ നാമത്തെ ഉന്നതമാക്കാൻ, “ദൈവത്തോടുകൂടെ നടക്കുവിൻ” എന്ന അഭിധാനത്തിലുള്ള വരാനിരിക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ നമുക്ക് അവസരം ലഭിക്കും. താമസസൗകര്യത്തിനും യാത്രയ്ക്കും വേണ്ട ഏർപ്പാടുകൾ നിങ്ങൾ ചെയ്തുകഴിഞ്ഞോ? ജോലിസ്ഥലത്ത് അവധിക്ക് അപേക്ഷിച്ചിട്ടുണ്ടോ? ഇത്തരം കാര്യങ്ങൾ മുൻകൂട്ടി ചെയ്യുന്നത് ജ്ഞാനപൂർവകമായിരിക്കും.—സദൃ. 21:5.
2 കൺവെൻഷൻ സ്ഥലത്ത് എത്തിച്ചേരൽ: നാം ഒരു കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നേരത്തേതന്നെ പുറപ്പെടുന്നത്, അപ്രതീക്ഷിത താമസം നേരിട്ടാൽപ്പോലും സമയത്ത് എത്തിച്ചേരാനും പരിപാടി തുടങ്ങുന്നതിനു മുമ്പ് ഇരിപ്പിടങ്ങൾ കണ്ടെത്താനും നമ്മെ സഹായിക്കും. അങ്ങനെയാകുമ്പോൾ പ്രാരംഭ ഗീതത്തിലും പ്രാർഥനയിലും മുഴുഹൃദയത്തോടെ പങ്കെടുക്കാൻ നമുക്കു കഴിയും. (സങ്കീ. 69:30) ദുലിയാജാൻ, ന്യൂഡൽഹി, പോർട്ട് ബ്ലെയർ, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ കൺവെൻഷനിൽ പങ്കെടുക്കുന്നവർ, ഹൃദയംഗമമായി ഗീതങ്ങൾ ആലപിക്കാൻ കഴിയേണ്ടതിന് ഹിന്ദിയിലുള്ള പാട്ടുകൾ അടങ്ങിയ ലഘുപത്രിക (sb-29) കൊണ്ടുവരേണ്ടതാണ്. ഈ കൺവെൻഷനുകൾക്കുള്ള എല്ലാ ഗീതങ്ങളും ഈ ലഘുപത്രികയിൽനിന്നാണ് എടുത്തിട്ടുള്ളത്. സെഷൻ തുടങ്ങുന്നതിന് ഏതാനും മിനിട്ടു മുമ്പ് സംഗീതം ആരംഭിക്കുമ്പോൾ ചെയർമാൻ സ്റ്റേജിൽ വന്ന് ഇരിക്കും. പരിപാടി ഏറ്റവും മാന്യമായി ആരംഭിക്കാൻ കഴിയേണ്ടതിന് നാം എല്ലാവരും ആ സമയത്തുതന്നെ ഇരിപ്പിടങ്ങളിൽ ഉണ്ടായിരിക്കണം. (1 കൊരി. 14:33, 40) ദുലിയാജാൻ, ഐസോൾ എന്നിവിടങ്ങളിൽ പരിപാടി എല്ലാ ദിവസവും രാവിലെ 8:30-ന് ആരംഭിക്കും. കൺവെൻഷനിൽ സംബന്ധിച്ച് മടങ്ങുന്നവർക്ക് ഇരുട്ടുന്നതിനു മുമ്പ് താമസസ്ഥലത്ത് എത്താൻ കഴിയേണ്ടതിനാണ് ഈ ക്രമീകരണം.
3 ഈ വർഷം ഇന്ത്യയിൽ കൺവെൻഷനുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വലിയ കൂടിവരവുകൾ സംഘടിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ചിലർക്ക് ഇത് അധിക ചെലവിനും കൂടുതൽ യാത്രയ്ക്കും ഇടയാക്കും. എന്നാൽ കൂടുതൽ സഹോദരങ്ങളുമായി സഹവസിക്കാനും കൂടുതൽ മെച്ചപ്പെട്ട പരിപാടി ആസ്വദിക്കാനും ഉള്ള അവസരം പ്രദാനം ചെയ്യും എന്ന പ്രയോജനം ഇതിനുണ്ട്. വലിയ കൂടിവരവുകൾ സമൂഹത്തിന് ഒരു നല്ല സാക്ഷ്യമായി ഉതകുകയും ചെയ്യും. അതുകൊണ്ട് സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക, നിശ്ചയദാർഢ്യത്തോടെ ശ്രമംചെയ്യുക, പണവും അവധിയും സ്വരൂപിച്ച് മൂന്നു ദിവസവും കൺവെൻഷനു ഹാജരാകുക.
4 ‘എല്ലാം സ്നേഹത്തിൽ ചെയ്യാൻ’ ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. (1 കൊരി. 16:14) രാവിലെ 8 മണിക്ക് കൺവെൻഷൻ ഹാൾ തുറക്കുമ്പോൾ, എല്ലാവരെക്കാളും മുമ്പ് സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ പിടിച്ചെടുക്കാനായി മറ്റുള്ളവരെ ഉന്തിത്തള്ളി ഓടാതിരിക്കാൻ സഹോദരങ്ങളോടുള്ള പരിഗണന നമ്മെ പ്രേരിപ്പിക്കും. നിങ്ങളോടൊപ്പം ഒരേ വീട്ടിൽ താമസിക്കുന്നവർക്കോ നിങ്ങളുടെ ബൈബിൾ വിദ്യാർഥികൾക്കോ വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ.—1 കൊരി. 13:5; ഫിലി. 2:4.
5 ഉച്ചയ്ക്കത്തെ ഇടവേളയിൽ പുറത്ത് ഹോട്ടലിലും മറ്റും പോയി ഭക്ഷണം കഴിക്കുന്നതിനു പകരം ദയവായി എന്തെങ്കിലും ലഘുഭക്ഷണം നിങ്ങളുടെ കൂട്ടത്തിൽ കരുതുക. കെട്ടുപണി ചെയ്യുന്ന സഹവാസം ആസ്വദിക്കാനും ഉച്ചകഴിഞ്ഞുള്ള സെഷന്റെ തുടക്കംമുതൽ ശ്രദ്ധിക്കാനും ഇതു സഹായിക്കും. കൺവെൻഷനു വരുമ്പോൾ കൊണ്ടുവരാനായി സഹോദരിമാർ വലിയ തോതിൽ ഭക്ഷണം ഒരുക്കണമെന്നു പ്രതീക്ഷിക്കുന്നത് കുടുംബാംഗങ്ങളുടെ ഭാഗത്തെ സ്നേഹമില്ലായ്മ ആയിരിക്കും. കാരണം അങ്ങനെ ചെയ്താൽ കൺവെൻഷൻ സ്ഥലത്ത് എത്തുമ്പോഴേക്കും അവർ ക്ഷീണിച്ചുപോയേക്കാം. തന്മൂലം പരിപാടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്കു പ്രയാസമായിരിക്കും. കൺവെൻഷൻ സ്ഥലത്ത് ലഹരിപാനീയങ്ങൾ അനുവദിക്കുന്നതല്ല.
6 ഒരു ആത്മീയ സദ്യ നമ്മെ കാത്തിരിക്കുന്നു: യെഹോശാഫാത്ത് രാജാവ് ‘ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെച്ച’ അഥവാ ഹൃദയത്തെ ഒരുക്കിയ ഒരു വ്യക്തിയായിരുന്നു. (2 ദിനവൃത്താന്തം 19:3) കൺവെൻഷനുമുമ്പ് നമ്മുടെ ഹൃദയങ്ങളെ ഒരുക്കാൻ എങ്ങനെയാണു കഴിയുക? ഒക്ടോബർ 8 ലക്കം ഉണരുക!യുടെ അവസാന പേജിൽ, ലഭിക്കാൻ പോകുന്ന വിഭവസമൃദ്ധമായ ആത്മീയ വിരുന്നിന്റെ ഒരു പൂർവവീക്ഷണം ഉണ്ട്. ആ ലേഖനത്തിലെ വിവരങ്ങളെ കുറിച്ചു ചിന്തിച്ചുകൊണ്ട് യഹോവ നമുക്കായി ഒരുക്കിയിരിക്കുന്ന ആത്മീയ വിരുന്നിലെ വിഭവങ്ങൾ എന്തൊക്കെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷ എന്തുകൊണ്ടു വർധിപ്പിച്ചുകൂടാ? നമ്മുടെ ഹൃദയങ്ങളെ ഒരുക്കുന്നതിൽ, ലഭിക്കുന്ന പ്രബോധനങ്ങൾ ഗ്രഹിക്കുന്നതിനും അവ പിൻപറ്റുന്നതിനും നമ്മെ സഹായിക്കാൻ യഹോവയോട് അപേക്ഷിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു.—സങ്കീ. 25:4, 5.
7 രക്ഷയിലേക്കു വളരാനുള്ള മാർഗം ദൈവവചനമാണെന്നു തിരിച്ചറിയുന്നതിനാൽ, അതിൽനിന്നു കൂടുതൽ പഠിക്കാൻ നാമെല്ലാം വാഞ്ഛിക്കുന്നു. (1 പത്രൊ. 2:2) അതുകൊണ്ട് നമുക്ക് “ദൈവത്തോടുകൂടെ നടക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പങ്കെടുക്കുകയും ‘ഒന്നിച്ചു അവന്റെ നാമത്തെ ഉന്നതമാക്കുക’യും ചെയ്യാം.—സങ്കീ. 34:3.
[അധ്യയന ചോദ്യങ്ങൾ]
1. ഒരുമിച്ച് യഹോവയുടെ നാമത്തെ ഉന്നതമാക്കാൻ നമുക്ക് ഏത് അവസരം ഉണ്ടായിരിക്കും, അതിനുവേണ്ടി തയ്യാറാകാൻ നമുക്ക് ഇപ്പോൾ എന്തു ചെയ്യാൻ കഴിയും?
2. കൺവെൻഷൻ സ്ഥലത്തു നേരത്തേ എത്താൻ ക്രമീകരിക്കുന്നത് പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
3. ഈ വർഷം വലിയ കൂടിവരവുകൾ ക്രമീകരിച്ചിരിക്കുന്നത് എന്തിന്?
4. ഇരിപ്പിടങ്ങൾ അന്വേഷിക്കുമ്പോൾ നമുക്കു മറ്റുള്ളവരോടു പരിഗണന കാണിക്കാൻ കഴിയുന്നത് എങ്ങനെ?
5. ഉച്ചഭക്ഷണത്തിനുള്ള ക്രമീകരണം എന്താണ്, അതു പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
6. ലഭിക്കാനിരിക്കുന്ന പ്രബോധനത്തിനായി നമുക്ക് എങ്ങനെ ഹൃദയത്തെ ഒരുക്കാം?
7. നമ്മുടെ ആഗ്രഹം എന്താണ്, എന്തുകൊണ്ട്?
[3-ാം പേജിലെ ചതുരം]
ദൈവത്തിന്റെ നാമം
ഉന്നതമാക്കാനുള്ള വഴികൾ
◼ മുൻകൂട്ടി തയ്യാറാകൽ
◼ മറ്റുള്ളവരോടു സ്നേഹം കാണിക്കൽ
◼ നിങ്ങളുടെ ഹൃദയത്തെ ഒരുക്കൽ