‘തക്കസമയത്തെ ഭക്ഷണം’
1. കഴിഞ്ഞ പ്രത്യേക സമ്മേളനദിനം നിങ്ങളെയും നിങ്ങൾക്കറിയാവുന്ന മറ്റുള്ളവരെയും ഏതു വിധത്തിൽ സഹായിച്ചു?
1 “എത്ര സമയോചിതമായ വിവരങ്ങളായിരുന്നു അത്!” പ്രത്യേക സമ്മേളനദിന പരിപാടികൾക്കുശേഷം പലപ്പോഴും പറഞ്ഞുകേൾക്കാറുള്ള ഒരു അഭിപ്രായമാണ് അത്. ഇക്കഴിഞ്ഞ പ്രത്യേക സമ്മേളനത്തിനുശേഷം, തന്റെ സർക്കിട്ടിലുള്ള ചിലർ ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ഒരു സർക്കിട്ട് മേൽവിചാരകൻ റിപ്പോർട്ടുചെയ്യുന്നു. “കാലത്തിന്റെ അടിയന്തിരതയെക്കുറിച്ച് ചിന്തിക്കാനും ജീവിതലക്ഷ്യങ്ങൾ വിലയിരുത്താനും അത് സഹായിച്ചു” എന്നാണ് മറ്റൊരു സഞ്ചാരമേൽവിചാരകൻ പറഞ്ഞത്. “സുപ്രധാന കാര്യത്തിൽ, അതായത് ശുശ്രൂഷയിൽ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരു ഓർമിപ്പിക്കലായിരുന്നു അതെന്ന് ചില പ്രസാധകർ അഭിപ്രായപ്പെട്ട”തായി വേറൊരു സഞ്ചാരമേൽവിചാരകൻ പറയുന്നു. പ്രത്യേക സമ്മേളനദിനം നിങ്ങളെ ഏതു വിധത്തിലാണ് സഹായിച്ചത്?
2. അടുത്ത വർഷത്തെ പ്രത്യേക സമ്മേളനദിനത്തിൽ എന്തെല്ലാം വിഷയങ്ങൾ പരിചിന്തിക്കുന്നതായിരിക്കും?
2 അടുത്ത സേവനവർഷത്തെ സമ്മേളനദിന പരിപാടികളും സമയോചിത വിവരങ്ങളായിരിക്കും നമുക്ക് പകർന്നുതരുന്നത്. സങ്കീർത്തനം 118:8, 9-നെ ആധാരമാക്കിയുള്ള ഈ സമ്മേളനത്തിന്റെ വിഷയം, ‘യഹോവയിൽ ആശ്രയിക്കുക’ എന്നതായിരിക്കും. പരിചിന്തിക്കപ്പെടുന്ന വിഷയങ്ങളിൽ ചിലത് പിൻവരുന്നവയാണ്: “യഹോവ കഷ്ടകാലത്ത് നമ്മുടെ ദുർഗം ആയിരിക്കുന്നത് എങ്ങനെ?,” “യഹോവയുടെ ചിറകിൻകീഴിൽ ശരണം പ്രാപിക്കാൻ മറ്റുള്ളവരെ സഹായിക്കുക,” “അഭയം നൽകുന്നതിൽ യഹോവയെ അനുകരിക്കുക,” “യുവജനങ്ങളേ, യഹോവയെ നിങ്ങളുടെ ആശ്രയമാക്കുക!” “നമ്മുടെ ആത്മീയ പറുദീസ—അഭയത്തിനായുള്ള യഹോവയുടെ കരുതൽ.”
3. സമ്മേളന പരിപാടിയിൽനിന്ന് പൂർണ പ്രയോജനം നേടാൻ നമുക്ക് എന്തു ചെയ്യാനാകും?
3 പ്രയോജനം നേടാൻ എന്തു ചെയ്യാനാകും? പ്രത്യേക സമ്മേളനദിനത്തിന്റെ തീയതി സഭയിൽ അറിയിക്കുന്ന ഉടൻതന്നെ, ഹാജരാകാൻ വേണ്ട ആസൂത്രണങ്ങൾ ചെയ്യുക. ബൈബിൾ വിദ്യാർഥികളെ സമ്മേളനത്തിന് ക്ഷണിക്കുക. ഇനി, കേൾക്കുന്ന കാര്യങ്ങൾ നാം മനസ്സിൽ സംഗ്രഹിച്ചാലേ നമുക്ക് “സഹിഷ്ണുതയോടെ ഫലം പുറപ്പെടുവി”ക്കാനാകൂ. (ലൂക്കോ. 8:15) അതുകൊണ്ട് മുഖ്യാശയങ്ങൾ, ജീവിതത്തിലും ശുശ്രൂഷയിലും നിങ്ങൾ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്ന ആശയങ്ങൾ എന്നിവ കുറിച്ചെടുക്കാൻ ശ്രദ്ധിക്കുക. സമ്മേളനത്തിനുശേഷം കുടുംബം ഒരുമിച്ചിരുന്ന് പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യണം. മാത്രമല്ല, കേട്ട വിവരങ്ങൾ നിങ്ങൾക്കും കുടുംബത്തിനും എങ്ങനെ ബാധകമാക്കാം എന്നും ചിന്തിക്കുക.
4. അടുത്ത പ്രത്യേക സമ്മേളനദിനത്തിനായി നാം നോക്കിപ്പാർത്തിരിക്കേണ്ടത് എന്തുകൊണ്ട്?
4 രുചികരവും പോഷകപ്രദവുമായ ഒരു ഭക്ഷണം പാകം ചെയ്യുന്നതിന് നല്ല തയ്യാറെടുപ്പു വേണമെന്ന് പറയേണ്ടതില്ലല്ലോ. അതുപോലെ നന്നായി ചിന്തിച്ച് ശ്രദ്ധാപൂർവം തയ്യാറാക്കിയിരിക്കുന്ന പരിപാടികളാണ് ഈ പ്രത്യേക സമ്മേളനദിനത്തിൽ നാം ആസ്വദിക്കാൻ പോകുന്നത്. സമ്മേളനത്തിൽ സന്നിഹിതരാകാനും ‘തക്കസമയത്തെ ഈ [ആത്മീയ] ഭക്ഷണ’ത്തിൽനിന്ന് പ്രയോജനം നേടാനുമായി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ.—മത്താ. 24:45.