ദൈവവചനം ശക്തി ചെലുത്തുന്നതാണ്
1. സേവനവർഷം 2014-ലെ പ്രത്യേക സമ്മേളന ദിനത്തിന്റെ പ്രതിപാദ്യവിഷയം എന്താണ്?
1 അപൂർണ മനുഷ്യരിൽനിന്നു വരുന്ന ഏതു വിവരങ്ങളിൽനിന്നും വ്യത്യസ്തമാണു ബൈബിൾ. നമ്മുടെ ഹൃദയവിചാരങ്ങളെയും വഴികളെയും യഹോവയുടെ ഹിതവുമായി താദാത്മ്യത്തിലാക്കിക്കൊണ്ട് നമ്മിൽ പരിവർത്തനം വരുത്താനുള്ള ശക്തി അതിനുണ്ട്. ദൈവവചനത്തിന് എത്രത്തോളം ശക്തിയുണ്ട്? അതിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ എങ്ങനെ പൂർണമായി പ്രയോജനപ്പെടുത്താം? മറ്റുള്ളവരെ സഹായിക്കാനായി കൂടുതൽ ഫലപ്രദമായി ബൈബിൾ നമുക്ക് എങ്ങനെ ഉപയോഗിക്കാം? സേവനവർഷം 2014-ലേക്കായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സമ്മേളന ദിന പരിപാടിയിലെ വിവരങ്ങൾ പരിചിന്തിക്കവെ, എല്ലാവരും ആത്മീയമായി ബലിഷ്ഠരാകുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്. എബ്രായർ 4:12-ൽ നിന്ന് എടുത്തിരിക്കുന്ന “ദൈവവചനം ശക്തി ചെലുത്തുന്നതാണ്” എന്നതാണു സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം.
2. ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നാം സമ്മേളനത്തിൽ ശ്രദ്ധിക്കാൻപോകുന്നത്?
2 പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക: പരിപാടികൾ ശ്രദ്ധിക്കവെ, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കുറിച്ചെടുക്കാനാകും.
• യഹോവയുടെ വചനത്തിൽ നാം വിശ്വാസം അർപ്പിക്കേണ്ടത് എന്തുകൊണ്ട്? (സങ്കീ. 29:4)
• ദൈവവചനത്തിന്റെ ശക്തി നമ്മുടെതന്നെ ജീവിതത്തിൽ എങ്ങനെ അനുഭവിച്ചറിയാനാകും? (സങ്കീ. 34:8)
• ദൈവവചനത്തിന്റെ ശക്തി ശുശ്രൂഷയിൽ എങ്ങനെ പ്രയോജനപ്പെടുത്താം? (2 തിമൊ. 3:16, 17)
• സാത്താന്യലോകത്തിന്റെ വഞ്ചകശക്തിയിൽ അകപ്പെടുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാം? (1 യോഹ. 5:19)
• ആത്മീയവിജയം കൈവരിക്കാൻ യുവാക്കൾക്ക് എന്തു ചെയ്യാനാകും? (യിരെ. 17:7)
• ബലഹീനരായിരിക്കുമ്പോൾത്തന്നെ നമുക്ക് എങ്ങനെ ശക്തരാകാം? (2 കൊരി. 12:10)
• ആഴത്തിൽ വേരോടിയ മോശമായ ശീലങ്ങളും മനോഭാവങ്ങളും മാറ്റിക്കൊണ്ട് പരിവർത്തനം വരുത്തുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും? (എഫെ. 4:23)
3. പരിപാടി ശ്രദ്ധിക്കുന്നതു കൂടാതെ, പ്രത്യേക സമ്മേളന ദിനത്തിലൂടെ മറ്റേതു വിധങ്ങളിൽ നമുക്ക് പ്രയോജനം ലഭിക്കും?
3 ഇത്തരം പ്രധാനപ്പെട്ട വിവരങ്ങൾ മനസ്സിലാക്കുന്നതിലൂടെ എത്രയധികം പ്രയോജനങ്ങളാണ് നമുക്ക് അനുഭവിക്കാനാകുന്നത്! കൂടാതെ, സർക്കിട്ട് സമ്മേളനത്തിലും ഡിസ്ട്രിക്റ്റ് കൺവെൻഷനിലും ലഭിക്കുന്നതുപോലെ, പ്രത്യേക സമ്മേളന ദിനത്തിലും മറ്റ് സഭകളിലെ സഹോദരങ്ങളുമായി സഹവാസം ആസ്വദിക്കാനും അങ്ങനെ സൗഹൃദം വിശാലമാക്കാനും അവസരങ്ങളുണ്ട്. (സങ്കീ. 133:1-3; 2 കൊരി. 6:11-13) അതുകൊണ്ട് പരിചിതരായ സഹോദരങ്ങളുമായി സഹവസിക്കാനും പുതിയ സുഹൃത്തുകളെ കണ്ടെത്താനും സമയം വിനിയോഗിക്കുക. ഡിസ്ട്രിക്റ്റ് മേൽവിചാരകനോ ബെഥേലിൽനിന്ന് ഒരു സഹോദരനോ പ്രത്യേക സമ്മേളന ദിനത്തിൽ സന്ദർശകപ്രസംഗകനായി വന്നിട്ടുണ്ടെങ്കിൽ, ആ സഹോദരനെയും സഹോദരിയെയും പരിചയപ്പെടുന്നതിനുള്ള അവസരവുമുണ്ട്. തീർച്ചയായും, വരാൻപോകുന്ന പ്രത്യേക സമ്മേളന ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കാൻ നമുക്ക് തക്കതായ കാരണങ്ങളുണ്ട്!