2010-ലെ പ്രത്യേക സമ്മേളനദിന പരിപാടി
1. (എ) മുൻ വർഷങ്ങളിലെ ചില പ്രത്യേകദിന സമ്മേളനങ്ങളുടെ വിഷയങ്ങൾ ഏതൊക്കെയായിരുന്നു? (ബി) മുൻ വർഷങ്ങളിലെ പ്രത്യേകദിന സമ്മേളന പരിപാടിയിൽനിന്നുള്ള ഏതു വിവരങ്ങളാണ് ശുശ്രൂഷയിൽ നിങ്ങളെ സഹായിച്ചത്?
1 “ഒറ്റ ആട്ടിൻകൂട്ടമെന്നനിലയിൽ ഉറച്ചുനിൽക്കുക,” ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക,’ “സത്യത്തിനു സാക്ഷ്യംവഹിച്ചുകൊണ്ടേയിരിക്ക,” ‘നാം കളിമണ്ണും യഹോവ മനയുന്നവനും ആകുന്നു.’ (ഫിലി. 1:9, 10, 27; യോഹ. 18:37; യെശ. 64:8) മുൻ വർഷങ്ങളിലെ ചില പ്രത്യേകദിന സമ്മേളനങ്ങളുടെ വിഷയങ്ങളായിരുന്നു അവ. 2010-ലെ പ്രത്യേകദിന സമ്മേളനത്തിൽ സംബന്ധിക്കാനായി നിങ്ങൾ ആകാംക്ഷയോടെ നോക്കിയിരിക്കുകയാണോ? “സമയം ചുരുങ്ങിയിരിക്കുന്നു” എന്നായിരിക്കും ഈ സമ്മേളനത്തിന്റെ വിഷയം. 1 കൊരിന്ത്യർ 7:29-നെ ആധാരമാക്കിയുള്ളതാണ് ഇത്.
2. ഈ പരിപാടിക്കായി കുടുംബാംഗങ്ങളിൽ ഉത്സാഹം ജനിപ്പിക്കാൻ എങ്ങനെ കഴിയും?
2 സഭയിൽ പ്രത്യേകദിന പരിപാടിയുടെ തീയതി അറിയിച്ചാൽ ഉടനെതന്നെ ഉത്സാഹത്തോടെ അതേക്കുറിച്ച് സംസാരിച്ചുതുടങ്ങുക. സമ്മേളനദിനത്തിനായി നോക്കിപ്പാർത്തിരിക്കാൻ കുട്ടികളെ സഹായിക്കുന്നതിനായി ചില മാതാപിതാക്കൾ ആ തീയതി കലണ്ടറിൽ കുറിച്ചിടുന്നു; അതോടൊപ്പം സമ്മേളനത്തിനു കൊണ്ടുപോകേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റും. ഓരോ ദിവസം കഴിയുമ്പോഴും സമ്മേളനത്തിന് ഇനി എത്ര ദിവസംകൂടെ ഉണ്ടെന്ന് അവർ കണക്കുകൂട്ടും. മുൻ സമ്മേളനദിനങ്ങളിൽ എഴുതിയെടുത്തിട്ടുള്ള കുറിപ്പുകൾ കുടുംബ ആരാധനയുടെ സമയത്ത് പുനരവലോകനം ചെയ്യാനായേക്കും. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക പുസ്തകത്തിന്റെ 13-16 പേജുകൾ പുനരവലോകനം ചെയ്യുന്നത്, “എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ”നൽകാൻ നിങ്ങളെയും കുടുംബത്തെയും സഹായിക്കും; അങ്ങനെ ആ പരിപാടിക്കുവേണ്ടി നിങ്ങളുടെ ഹൃദയത്തെ ഒരുക്കാനാകും.—ലൂക്കോ. 8:18.
3. സമ്മേളനത്തിൽനിന്ന് പൂർണ പ്രയോജനം അനുഭവിക്കാൻ എന്തു ചെയ്യേണ്ടതുണ്ട്?
3 പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുക: “പരിപാടികൾ എത്ര നന്നായിരുന്നു!” സമ്മേളനത്തിനുശേഷം പലപ്പോഴും പറഞ്ഞുകേൾക്കാറുള്ള വാക്കുകളാണ് അവ. അത് സത്യമാണ്; കാരണം യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളിലൊന്നാണ് ഇങ്ങനെയുള്ള സമ്മേളനങ്ങൾ. (സദൃ. 10:22) എന്നാൽ അതിൽനിന്നു പ്രയോജനം ലഭിക്കണമെങ്കിൽ കേൾക്കുന്ന കാര്യങ്ങളെക്കുറിച്ച് നാം ധ്യാനിക്കുകയും അത് ഓർത്തിരിക്കുകയും വേണം. (ലൂക്കോ. 8:15) സമ്മേളനം കഴിഞ്ഞ് തിരികെ പോരുമ്പോൾ കുടുംബാംഗങ്ങളുമായും കൂടെ യാത്രചെയ്യുന്നവരുമായും പരിപാടികളെക്കുറിച്ച് ചർച്ചചെയ്യുക. സമ്മേളനത്തിൽനിന്നു ലഭിച്ച വിവരങ്ങൾ വ്യക്തിജീവിതത്തിലും ശുശ്രൂഷയിലും എങ്ങനെ പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്ന് ഓരോരുത്തർക്കും പറയാവുന്നതാണ്. അങ്ങനെ സമ്മേളനംകഴിഞ്ഞും വളരെ കാലത്തേക്ക് അതിന്റെ പ്രയോജനങ്ങൾ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും.—യാക്കോ. 1:25.
4. ഈ സമ്മേളനം നമുക്ക് പ്രത്യേക പ്രയോജനം ചെയ്തേക്കാവുന്നത് ഏതുവിധത്തിൽ?
4 ഉപയോഗമുള്ള എന്തെങ്കിലും സമ്മാനമായി ലഭിക്കുമ്പോൾ നമുക്ക് ഒരു പ്രത്യേക സന്തോഷം തോന്നാറില്ലേ? അടുത്ത പ്രത്യേകദിന സമ്മേളനത്തിൽ യഹോവ നമുക്കായി എന്താണ് കരുതിയിരിക്കുന്നതെന്നറിയാൻ നാമെല്ലാം ആകാംക്ഷയോടെയിരിക്കുകയാണ്. അതിലെ വിവരങ്ങൾ എല്ലാവിധത്തിലും നമുക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പുണ്ടായിരിക്കാനാകും. നമ്മുടെ വേല നിർവഹിക്കാൻവേണ്ട പ്രോത്സാഹനവും പരിശീലനവും ഈ സമ്മേളനത്തിലൂടെ യഹോവ നമുക്ക് നൽകും. നമ്മുടെ സ്വർഗീയ പിതാവിൽനിന്നുള്ള ആ സമ്മാനത്തിനായി നമുക്ക് നോക്കിപ്പാർത്തിരിക്കാം.—2 തിമൊ. 4:2; യാക്കോ. 1:17.