സമ്മേളന പരിപാടികൾ പുനരവലോകനം ചെയ്യുന്നതിനുള്ള പുതിയ ക്രമീകരണം
സാത്താന്റെ ലോകം ഒന്നിനൊന്ന് അധഃപതിച്ചുകൊണ്ടിരിക്കെ, ‘ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കാൻ’ ആവശ്യമായ കരുത്ത് യഹോവ നമുക്കു പ്രദാനം ചെയ്യുന്നു. (തീത്തൊ. 2:13) “വിശ്വസ്തനും വിവേകിയും ആയ അടിമ” മുഖാന്തരം അവൻ ചെയ്തിരിക്കുന്ന കരുതലുകളിൽപ്പെട്ടതാണ് നമ്മുടെ വാർഷിക സർക്കിട്ട് സമ്മേളനവും പ്രത്യേക സമ്മേളന ദിനവും. (മത്താ. 24:45, NW) ഈ ആത്മീയ കൂടിവരവുകൾ നമ്മെ എത്ര ശക്തീകരിക്കുന്നു!
സേവനവർഷം 2005-ൽ ഒരു പുതിയ ക്രമീകരണത്തിലൂടെ ഈ സമ്മേളന പരിപാടികൾ പുനരവലോകനം ചെയ്യുന്നതായിരിക്കും. ലഭിക്കുന്ന പ്രബോധനങ്ങൾ ഓർത്തിരിക്കാനും ബാധകമാക്കാനും ഇതു നമ്മെ സഹായിക്കും. രണ്ടു സമ്മേളന പരിപാടികളുടെയും പൂർവാവലോകനവും പുനരവലോകന ചോദ്യങ്ങളും അടങ്ങിയ ലേഖനങ്ങൾ ഈ അനുബന്ധത്തിന്റെ 5-6 പേജുകളിൽ കൊടുത്തിരിക്കുന്നു. സമ്മേളനങ്ങൾക്കു തൊട്ടുമുമ്പും തൊട്ടുപിമ്പും നടത്തുന്ന സേവനയോഗങ്ങളിൽ സഭകൾ ഈ വിവരങ്ങൾ പരിചിന്തിക്കും. ഇത് എങ്ങനെ നടത്താൻ കഴിയും?
സർക്കിട്ട് സമ്മേളനത്തിന് ഒന്നോ രണ്ടോ വാരങ്ങൾക്കുമുമ്പുള്ള സേവനയോഗത്തിൽ “പുതിയ സർക്കിട്ട് സമ്മേളന പരിപാടി” എന്ന ലേഖനത്തെ ആസ്പദമാക്കിയുള്ള പത്ത് മിനിട്ടുനേരത്തെ പ്രസംഗം നടത്തേണ്ടതാണ്. പരിപാടികളിൽ ആകാംക്ഷ ജനിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പുനരവലോകന ചോദ്യങ്ങളിലേക്കും പ്രസംഗകൻ ശ്രദ്ധ ക്ഷണിക്കുന്നതായിരിക്കും. സമ്മേളനം കഴിഞ്ഞ് ഏതാനും വാരങ്ങൾക്കുശേഷം നടത്തുന്ന പുനരവലോകനത്തിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ കുറിപ്പുകൾ എടുക്കാൻ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിക്കും.
സമ്മേളനം കഴിഞ്ഞ് ഏതാനും വാരങ്ങൾക്കുള്ളിൽ, സമ്മേളനത്തിന്റെ ആദ്യദിവസത്തെ പരിപാടികളുടെ 15 മിനിട്ടുനേരത്തെ ഒരു പുനരവലോകനം സേവനയോഗത്തിൽ ഉൾപ്പെടുത്തുക. തുടർന്നുള്ള ആഴ്ചയിൽ രണ്ടാം ദിവസത്തെ പരിപാടികളുടെ പുനരവലോകനം നടത്തും. ഈ അനുബന്ധത്തിൽ നൽകിയിരിക്കുന്ന പുനരവലോകന ചോദ്യങ്ങളായിരിക്കും ചർച്ചകൾക്ക് ആധാരം. പുനരവലോകനം നടത്തുമ്പോൾ വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. തദവസരത്തിൽ സേവനയോഗത്തിലെ മറ്റു ചില പരിപാടികൾ ഒഴിവാക്കാനോ മറ്റൊരു വാരത്തിലേക്ക് അവ മാറ്റിവെക്കാനോ അവയുടെ സമയം ചുരുക്കാനോ മൂപ്പന്മാർക്കു കഴിയും.
പ്രത്യേക സമ്മേളന ദിന പരിപാടിക്കുള്ള ക്രമീകരണവും ഇങ്ങനെതന്നെ ആയിരിക്കും. എന്നാൽ മുഴു സമ്മേളനവും 15 മിനിട്ടുനേരത്തെ ഒരു പരിപാടിയിൽ പുനരവലോകനം ചെയ്യുന്നതായിരിക്കും. ഈ അനുബന്ധം സൂക്ഷിച്ചുവെക്കാനും യഹോവ പ്രദാനം ചെയ്യുന്ന പ്രബോധനങ്ങളിൽനിന്നു പൂർണമായി പ്രയോജനം നേടുന്നതിന് ഇത് ഉപയോഗിക്കാനും നമ്മളെല്ലാവരും ആഗ്രഹിക്കും.—യെശ. 48:17, 18.