പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
പ്രത്യേക സമ്മേളനദിന ക്രമീകരണം ആരംഭിച്ചത് 1987-ലാണ്. ഈ ഏകദിന കൂടിവരവുകൾ യഹോവയുടെ ദാസന്മാരെയും ഹാജരാകുന്ന താത്പര്യക്കാരെയും കെട്ടുപണി ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. 1999 ജനുവരി മുതൽ ഒരു പുതിയ പ്രത്യേക സമ്മേളനദിന പരിപാടി അവതരിപ്പിക്കപ്പെടുന്നതായിരിക്കും. നടത്തപ്പെടുന്ന ഒമ്പതു പ്രസംഗങ്ങളും നിരവധി അഭിമുഖങ്ങളും അനുഭവങ്ങളും ആത്മീയമായി വളരെ പ്രയോജനം ചെയ്യുന്നവയാണെന്നു നിങ്ങൾ കണ്ടെത്തും.
“യഹോവയുടെ മേശയോട് വിലമതിപ്പു പ്രകടമാക്കുക” എന്നതായിരിക്കും പുതിയ സമ്മേളന പരിപാടിയുടെ വിഷയം. (യെശ. 65:1; 1 കൊരി. 10:21) യഹോവയുടെ ആരാധനയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുകയെന്ന നമ്മുടെ ദൃഢനിശ്ചയത്തെ അതു ബലപ്പെടുത്തുന്നു. (സങ്കീ. 27:4) സർക്കിട്ട് മേൽവിചാരകൻ നടത്തേണ്ട “നമ്മുടെ ഹൃദയ ചായ്വുകളെ പരിശോധിക്കൽ” എന്ന ഭാഗം യോഗ ഹാജരിനെ സംബന്ധിച്ചുള്ളത് ആയിരിക്കും. ഒരു സന്ദർശക പ്രസംഗകൻ നമ്മെ “യഹോവയുടെ മേശയിൽ നിന്നു ഭക്ഷിച്ചുകൊണ്ട് ആത്മീയത നിലനിർത്തു”ന്നത് എങ്ങനെയെന്നു കാണിച്ചു തരും. യഹോവയുടെ സ്ഥാപനത്തിലുള്ള യുവജനങ്ങൾക്ക് ദൈവത്തെ സേവിക്കുന്നതിൽ അചഞ്ചലരായി തുടരാനുള്ള പ്രായോഗിക നിർദേശങ്ങൾ നൽകപ്പെടും. സന്ദർശക പ്രസംഗകൻ നടത്തുന്ന മുഖ്യ പ്രസംഗത്തിന്റെ വിഷയം “സുധീര സാക്ഷ്യം നൽകാൻ ആത്മീയമായി ബലിഷ്ഠർ” എന്നതാണ്. സഭയിലൂടെ പ്രദാനം ചെയ്യപ്പെടുന്ന കരുതലുകൾ രാജ്യത്തെക്കുറിച്ചു സധൈര്യം സാക്ഷീകരിക്കാൻ നമ്മെ എങ്ങനെ സജ്ജരാക്കുന്നുവെന്ന് അതു കാണിക്കും. ഈ പരിപാടിയിൽ നിന്നു പ്രയോജനം നേടാൻ ആഗ്രഹിക്കാത്ത ആരുണ്ടാകും?
പുതുതായി സമർപ്പണം നടത്തിയവർ സ്നാപനം ഏൽക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ എത്രയും പെട്ടെന്ന് അധ്യക്ഷ മേൽവിചാരകനെ അറിയിക്കണം. പ്രത്യേക സമ്മേളനദിന ക്രമീകരണത്തിന്റെ 12-ാം വർഷം ആരംഭിക്കവേ, ഹാജരാകുന്ന ഏവരും മുമ്പിലുള്ള വേലയ്ക്കായി ആത്മീയമായി ശക്തരാക്കപ്പെടും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.