പുതിയ പ്രത്യേക സമ്മേളന ദിന പരിപാടി
പരിശുദ്ധാത്മാവിനാൽ ശക്തരാക്കപ്പെട്ട ആദിമ ക്രിസ്ത്യാനികൾ സാധ്യമാകുന്നത്ര വ്യാപകമായി സുവാർത്ത പ്രസംഗിക്കുന്നതിന് അങ്ങേയറ്റം ശ്രമം ചെയ്തു. (പ്രവൃ. 1:8; കൊലൊ. 1:23) സേവന വർഷം 2007-ലെ ‘വചനഘോഷണത്തിൽ ശുഷ്കാന്തി ഉള്ളവരായിരിക്കുക’ എന്ന പ്രതിപാദ്യവിഷയത്തോടുകൂടിയ പ്രത്യേക സമ്മേളന ദിന പരിപാടി അവരുടെ ഉത്തമ മാതൃക പിൻപറ്റാൻ നമ്മെ സഹായിക്കും.—പ്രവൃ. 18:5.
ദൈവത്തിന്റെ വചനത്തെക്കുറിച്ച് ദാവീദു രാജാവ് ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.” (സങ്കീ. 19:7) ശ്രദ്ധാപൂർവം തയ്യാറാക്കിയിരിക്കുന്ന, 2007-ലെ പ്രത്യേക സമ്മേളന ദിന പരിപാടി ‘ഗുണീകരണത്തിന്’ അഥവാ കാര്യങ്ങൾ നേരെയാക്കുന്നതിന് തിരുവെഴുത്തുകൾ എത്ര മൂല്യവത്താണെന്നു വിശദീകരിക്കും; കൂടാതെ, അടിയന്തിരതാബോധത്തോടെ പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും ദൈവവചനം ഉപയോഗിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. (2 തിമൊ. 3:16, 17) ദൈനംദിന ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിലൂടെ അപകടങ്ങൾ ഒഴിവാക്കാനും പ്രയോജനങ്ങൾ കൈവരിക്കാനും എങ്ങനെ കഴിയുമെന്ന് ഈ പുതിയ പരിപാടി നമുക്കു കാണിച്ചുതരും. ആത്മീയ പുരോഗതി വരുത്താൻ യുവജനങ്ങളെയും പുതിയവരെയും സഹായിക്കുന്നതിനായി ദൈവവചനം ഉപയോഗിക്കാൻ അതു നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.
പരിപാടി തുടങ്ങുമ്പോൾ അവിടെ ഉണ്ടായിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും പരിപാടികൾക്ക് അടുത്ത ശ്രദ്ധ നൽകുകയും ചെയ്യുക. നിങ്ങൾക്ക് വ്യക്തിപരമായി ബാധകമാക്കാൻ കഴിയുന്ന ആശയങ്ങൾ കുറിച്ചെടുക്കുക. അവിടെ കേൾക്കുന്ന പ്രബോധനങ്ങളോടും ഓർമിപ്പിക്കലുകളോടും വിലമതിപ്പു പ്രകടിപ്പിക്കുക, പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ ബാധകമാക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ചു ചിന്തിക്കുക.
പ്രത്യേക സമ്മേളന ദിന പരിപാടി ദൈവവചനത്തോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കുകയും തീക്ഷ്ണതയോടെ രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ സ്ഥിരോത്സാഹം പ്രകടമാക്കാൻ നമ്മെ ഓർമിപ്പിക്കുകയും അങ്ങനെ ചെയ്യുന്നതിന് മറ്റുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാമെന്നു കാണിച്ചുതരുകയും ചെയ്യും. അതുകൊണ്ട്, ഈ രീതിയിൽ യഹോവ പ്രദാനംചെയ്യുന്ന ആത്മീയ മാർഗനിർദേശങ്ങളും പ്രബോധനങ്ങളും ഒട്ടും നഷ്ടപ്പെടുത്താതിരിക്കാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കുക!—യെശ. 30:20ബി, 21.