പഠിപ്പിക്കുന്നതിനു ദൈവവചനം ഉപകരിക്കുന്നു
1. സേവനവർഷം 2014-ലെ സർക്കിട്ട് സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം എന്താണ്, പരിപാടിയിൽ ഏതു ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും?
1 നമ്മുടെ ‘ഉപദേഷ്ടാവായ’ യഹോവ പ്രപഞ്ചത്തിലെ ഏറ്റവും മികച്ച അധ്യാപകനാണ്. (യെശ. 30:20, 21) യഹോവ എങ്ങനെയാണു നമ്മെ പഠിപ്പിക്കുന്നത്? മറ്റെല്ലാ പുസ്തകങ്ങളിലും ശ്രേഷ്ഠമായ ഒന്ന്—തന്റെ നിശ്വസ്തവചനമായ ബൈബിൾ—അവൻ നമുക്കു നൽകിയിരിക്കുന്നു. എങ്ങനെയാണ് ദൈവികപഠിപ്പിക്കൽ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവും ആയി നമുക്ക് ഉപകരിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം സേവനവർഷം 2014-ലെ സർക്കിട്ട് സമ്മേളനപരിപാടിയിൽ ലഭിക്കുന്നതാണ്. 2 തിമൊഥെയൊസ് 3:16-നെ ആസ്പദമാക്കി, “പഠിപ്പിക്കുന്നതിനു ദൈവവചനം ഉപകരിക്കുന്നു” എന്നതായിരിക്കും പരിപാടിയുടെ പ്രതിപാദ്യവിഷയം.
2. ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് മുഖ്യാശയങ്ങൾ?
2 പിൻവരുന്ന മുഖ്യാശയങ്ങൾക്കായി കാത്തിരിക്കാം: പരിപാടിയിലെ മുഖ്യമായ ആശയങ്ങൾ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ ലഭിക്കും:
• നമ്മുടെ ജീവിതത്തിൽ ദൈവികപഠിപ്പിക്കലിന് എന്തു പ്രഭാവമാണുള്ളത്? (യെശ. 48:17, 18)
• യഹോവയെ മുഴുസമയം സേവിക്കാനായി നമ്മുടെ സാഹചര്യങ്ങളിൽ മാറ്റം വരുത്തുമ്പോൾ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും? (മലാ. 3:10)
• ‘വിചിത്രമായ ഉപദേശങ്ങൾ’ കേൾക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം? (എബ്രാ. 13:9)
• യേശുവിന്റെ ‘പഠിപ്പിക്കൽ’ രീതി നമുക്കെങ്ങനെ അനുകരിക്കാം? (മത്താ. 7:28, 29)
• സഭയിൽ പഠിപ്പിക്കുന്നവർ സ്വയം പഠിക്കേണ്ടത് എന്തുകൊണ്ട്? (റോമ. 2:21)
• ദൈവവചനം എന്തിനെല്ലാം ഉപകരിക്കും? (2 തിമൊ. 3:16)
• ‘ജാതികളെ ഇളക്കുന്നത്’ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു? (ഹഗ്ഗാ. 2:6, 7)
• നമ്മെക്കുറിച്ച് യഹോവയ്ക്ക് എന്ത് ഉറപ്പുണ്ട്? (എഫെ. 5:1)
• യഹോവയുടെ പഠിപ്പിക്കലിൽ നിലനിൽക്കാൻ നാം കഠിനശ്രമം ചെയ്യേണ്ടത് എന്തുകൊണ്ട്? (ലൂക്കോ. 13:24)
3. സമയോചിതമായ ഈ പരിപാടിയിൽ നാം സംബന്ധിക്കുകയും അടുത്ത ശ്രദ്ധകൊടുക്കുകയും ചെയ്യേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 നമ്മുടെ പരിപാടിയുടെ പ്രതിപാദ്യവിഷയം എടുത്തിട്ടുള്ള 2 തിമൊഥെയൊസ് 3-ാം അധ്യായത്തിലെ പ്രസ്തുത വാക്കുകൾക്കു തൊട്ടുമുമ്പ്, അന്ത്യകാലത്തെ തിരിച്ചറിയിക്കുന്ന ദുർഘടസമയങ്ങൾ സംബന്ധിച്ച് പൗലോസ് വിശദീകരിച്ചിട്ടുണ്ട്. അവൻ എഴുതി: “ദുഷ്ടമനുഷ്യരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ട് ദോഷത്തിൽനിന്നു ദോഷത്തിലേക്ക് അധഃപതിക്കും.” (2 തിമൊ. 3:13) വഞ്ചിക്കപ്പെടുകയോ വഴിതെറ്റിക്കപ്പെടുകയോ ചെയ്യാതിരിക്കേണ്ടതിന് ദൈവികപഠിപ്പിക്കൽ ശ്രദ്ധിക്കുകയും ബാധകമാക്കുകയും ചെയ്യേണ്ടത് എത്ര പ്രധാനമാണ്! അതുകൊണ്ട് സമയോചിതമായ ഈ പരിപാടിയിൽ സംബന്ധിക്കാനും അടുത്ത ശ്രദ്ധകൊടുക്കാനും നമുക്കു ദൃഢനിശ്ചയം ചെയ്യാം.