നിങ്ങളുടെ മനസ്സ് കാത്തുകൊള്ളുക
1. സേവനവർഷം 2013-ലെ സർക്കിട്ട് സമ്മേളനത്തിന്റെ വിഷയം എന്താണ്, എന്ത് ഉദ്ദേശ്യത്തിലാണ് അത് തയ്യാറാക്കിയിരിക്കുന്നത്?
1 യഹോവയെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും കൂടെ സ്നേഹിക്കാൻ യേശു തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. (മത്താ. 22:37, 38) അകമേയുള്ള നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്താൻ സഹായിക്കുന്ന വിവരങ്ങളാണ് ഈ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനിലും സമ്മേളനങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. “നിന്റെ ഹൃദയത്തെ കാത്തുകൊൾക!” എന്നതാണ് ഈ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ വിഷയം എന്ന കാര്യം നിങ്ങൾ ഓർക്കുന്നുണ്ടാകും. “നിങ്ങളുടെ മനസ്സാക്ഷി കാത്തുകൊള്ളുക!” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാണ് 2013 സേവനവർഷത്തിലെ പ്രത്യേക സമ്മേളന ദിന പരിപാടി. അടുത്ത മാസം മുതൽ ആരംഭിക്കുന്ന സർക്കിട്ട് സമ്മേളനത്തിന്റെ വിഷയം “നിങ്ങളുടെ മനസ്സ് കാത്തുകൊള്ളുക” എന്നതാണ്; മത്തായി 22:37-നെ ആധാരമാക്കിയുള്ളതാണ് ഇത്. നമ്മുടെ ചിന്തകളെ വിലയിരുത്താനും അവ യഹോവയ്ക്ക് പ്രസാദകരമാക്കിത്തീർക്കാനും നമ്മെ ഓരോരുത്തരെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സർക്കിട്ട് സമ്മേളനപരിപാടി തയ്യാറാക്കിയിരിക്കുന്നത്.
2. സമ്മേളനത്തിൽ ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്ക് ലഭിക്കും?
2 നമുക്കായി ഒരുക്കിയിരിക്കുന്നത്: പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം സർക്കിട്ട് സമ്മേളന പരിപാടിയിലൂടെ നിങ്ങൾക്ക് ലഭിക്കും; സമ്മേളന പരിപാടിയിലെ പ്രധാന ആശയങ്ങളാണ് അവ.
• ‘മാനുഷിക ചിന്തകൾ’ നമുക്ക് എങ്ങനെ ഒഴിവാക്കാം?
• മനസ്സിനെ കുരുടാക്കിയിരിക്കുന്ന മൂടുപടം നീക്കാൻ അവിശ്വാസികളെ നമുക്ക് എങ്ങനെ സഹായിക്കാം?
• ഏതുതരം മനോഭാവമാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത്?
• ശരിയായി ധ്യാനിക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
• നമ്മുടെ ചിന്തകളെ രൂപപ്പെടുത്താൻ യഹോവയെ എങ്ങനെ അനുവദിക്കാം?
• കുടുംബസന്തുഷ്ടി നിലനിറുത്തുന്നതിൽ ഭർത്താവിനും ഭാര്യക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും ഉള്ള പങ്ക് എന്താണ്?
• യഹോവയുടെ ദിവസത്തിനായി നമുക്ക് എങ്ങനെ ഒരുങ്ങാം?
• പ്രവർത്തനത്തിനായി മനസ്സിനെ ഒരുക്കുക എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?
• പഠിച്ച കാര്യങ്ങൾ ബാധകമാക്കുന്നവർക്ക് എന്തു പ്രയോജനം ലഭിക്കും?
3. സമ്മേളനത്തിന് രണ്ടുദിവസവും ഹാജരാകുകയും പരിപാടികൾ നല്ലവണ്ണം ശ്രദ്ധിക്കുകയും കേട്ട കാര്യങ്ങൾ ബാധകമാക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
3 നമ്മുടെ ചിന്തകളെ ദുഷിപ്പിക്കാൻ സാത്താൻ കഠിനമായ പോരാട്ടംതന്നെ നടത്തിക്കൊണ്ടിരിക്കുന്നു. (2 കൊരി. 11:3) അതിനാൽ നാം മനസ്സിനെ കാത്തുസൂക്ഷിക്കുകയും ചിന്തകളെ നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്. മാത്രമല്ല, ക്രിസ്തുവിന്റെ മനസ്സുള്ളവരായി തുടരുകയും ഈ ദുഷിച്ച ലോകത്തിന്റെ സ്വാധീനങ്ങൾക്ക് വഴങ്ങിക്കൊടുക്കാതിരിക്കുകയും വേണം. (1 കൊരി. 2:16) അതുകൊണ്ട് രണ്ടുദിവസവും ഈ സർക്കിട്ട് സമ്മേളനത്തിനു ഹാജരാകാൻ തയ്യാറാകുക. അവിടെ നടത്തുന്ന പരിപാടികൾ നല്ലവണ്ണം ശ്രദ്ധിക്കുക. തീക്ഷ്ണതയോടെ രാജ്യവേല ചെയ്യുന്നതിന് നമ്മുടെ ‘മനസ്സിനെ ഒരുക്കാൻ’ കേൾക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നതിലൂടെ സാധിക്കും.—1 പത്രോ. 1:13, ഓശാന ബൈബിൾ.