ആത്മീയത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന സർക്കിട്ട് സമ്മേളനം
1. സുവാർത്ത ഘോഷിക്കാനുള്ള നിയോഗം നിറവേറ്റാൻ യഹോവ നമ്മെ സഹായിക്കുന്ന ഒരു വിധമേത്?
1 സുവാർത്ത ഘോഷിക്കാനുള്ള ദിവ്യനിയോഗം നിറവേറ്റാൻ ആവശ്യമായ വിവരങ്ങളും പരിശീലനവും പ്രോത്സാഹനവും യഹോവ നമുക്കു സമൃദ്ധമായി നൽകുന്നു. (മത്താ. 24:14; 2 തിമൊ. 4:17) എല്ലാ വർഷവുമുള്ള നമ്മുടെ സർക്കിട്ട് സമ്മേളനം അതിനൊരു ഉദാഹരണമാണ്. സേവനവർഷം 2010-ലെ സർക്കിട്ട് സമ്മേളനത്തിന്റെ പ്രതിപാദ്യ വിഷയം “നിങ്ങളുടെ ആത്മീയത കാത്തുസൂക്ഷിക്കുക” എന്നതാണ്. റോമർ 8:5, യൂദാ 17-19 എന്നിവയെ അധികരിച്ചുള്ള ഈ പരിപാടി, 2009 നവംബറിൽ തുടങ്ങുന്നതായിരിക്കും.
2. (എ) സർക്കിട്ട് സമ്മേളനം ഏതെല്ലാം വിധങ്ങളിൽ നമുക്കു പ്രയോജനംചെയ്യും? (ബി) മുൻ സർക്കിട്ട് സമ്മേളനങ്ങൾ ശുശ്രൂഷയിൽ നിങ്ങളെ എങ്ങനെ സഹായിച്ചിരിക്കുന്നു?
2 സമ്മേളനത്തിന്റെ പ്രയോജനം: സമയം കവർന്നെടുക്കുന്നതും സുപ്രധാനമായ കാര്യങ്ങളിൽനിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്നതുമായ കാര്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ഈ സമ്മേളനം നമ്മെ സഹായിക്കും. അനുവാദാത്മകതയെ എങ്ങനെ ചെറുക്കാമെന്നും ആത്മീയ വ്യക്തിയുടെ സ്വഭാവവിശേഷങ്ങൾ എന്തെല്ലാമാണെന്നും നാം പഠിക്കും. വർധിച്ചുവരുന്ന സമ്മർദങ്ങൾക്കും വിശ്വാസത്തിന്റെ വലിയ പരിശോധനകൾക്കും മധ്യേ ആത്മീയത ബലിഷ്ഠമാക്കാൻ വ്യക്തികൾക്കും കുടുംബങ്ങൾക്കും എന്തു ചെയ്യാനാകുമെന്ന് ഞായറാഴ്ചത്തെ സിമ്പോസിയം വ്യക്തമാക്കും. ഹൃദയത്തെ സംരക്ഷിക്കാനും ആത്മീയാരോഗ്യം നിലനിറുത്താനും ആത്മീയത കാത്തുസൂക്ഷിക്കുന്നവർക്കായി കരുതിയിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങൾ മനസ്സിൽപ്പിടിക്കാനും ഈ പരിപാടി നമ്മെ സഹായിക്കും.
3. എന്നാണ് നിങ്ങളുടെ അടുത്ത സർക്കിട്ട് സമ്മേളനം, നിങ്ങളുടെ തീരുമാനം എന്തായിരിക്കണം?
3 നിങ്ങളുടെ അടുത്ത സർക്കിട്ട് സമ്മേളനം എപ്പോൾ, എവിടെ ആയിരിക്കുമെന്ന് അറിഞ്ഞാലുടൻ, രണ്ടു ദിവസത്തെ മുഴു പരിപാടികളിലും സംബന്ധിക്കാനുള്ള ക്രമീകരണം ചെയ്യുക. ഉത്സാഹികളുടെ ഉദ്യമങ്ങളെ യഹോവ നിശ്ചയമായും അനുഗ്രഹിക്കും.—സദൃ. 21:5.
4. അടുത്ത സർക്കിട്ട് സമ്മേളനത്തിൽ നമുക്ക് എന്തു പ്രതീക്ഷിക്കാം?
4 ഈ സമ്മാനം തീർച്ചയായും യഹോവയിൽനിന്നുള്ളതാണ്. ക്രിസ്തീയ ശുശ്രൂഷയിൽ തുടരാൻ നമുക്ക് ആവശ്യമായിരിക്കുന്നത് എന്താണോ അതുതന്നെയാണ്, വിശ്വസ്ത അടിമവർഗം തയ്യാറാക്കിയിരിക്കുന്ന ഈ പരിപാടിയിലുള്ളത്. ‘നമ്മുടെ പ്രത്യാശ പരസ്യമായി ഘോഷിക്കുന്നതിൽ ചാഞ്ചല്യമില്ലാതെ ഉറ്റിരിക്കാൻ’ സഹായിക്കുന്ന സ്നേഹനിർഭരമായ എല്ലാ കരുതലുകൾക്കുമായി യഹോവയോടു നാം നന്ദിയുള്ളവരാണ്.—എബ്രാ. 10:23-25; യാക്കോ. 1:17.