നിങ്ങൾ എങ്ങനെ നടക്കുന്നു എന്ന് സൂക്ഷിക്കുക
1 ആയിരത്തിതൊളളായിരത്തി തൊണ്ണൂറ് സേവന വർഷത്തെ പുതിയ സർക്കിട്ട് സമ്മേളന പരിപാടി ജനുവരി 1-നുശേഷം ആരംഭിക്കും. അത് നാം നടക്കുന്നതെങ്ങനെയെന്നു സൂക്ഷിക്കുന്നതിന്റെയും സമാധാനം ഉളവാക്കുന്ന കാര്യങ്ങൾ പിന്തുടരുന്നതിന്റെയും സാത്താനും അവന്റെ ആത്മ മാനുഷ കൂട്ടാളികളും നമ്മുടെ പാതയിൽ വെക്കുന്ന അനേകം കെണികളെ ഒഴിവാക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയും.
2 ഈ അന്ത്യനാളുകളിൽ നീതിയുടെ മാർഗ്ഗത്തിൽ നടക്കുന്നത് എളുപ്പമായിത്തീർന്നുകൊണ്ടിരിക്കയല്ല. അതുകൊണ്ട്, ദ്വിദിന സമ്മേളന പരിപാടി യഹോവയുടെ ജനത്തെ തങ്ങളുടെ ആത്മീയ സമനില കാത്തുസൂക്ഷിക്കുന്നതിനും നിർമ്മലതാപാലകരാണെന്നു തെളിയിക്കുന്നതിനും സഹായിക്കുന്നതിന് പ്രോത്സാഹനവും പ്രായോഗിക ബുദ്ധിയുപദേശവും പ്രദാനം ചെയ്യും.
3 എഫേസ്യർ 5:15, 16-നെ അടിസ്ഥാനപ്പെടുത്തിയുളള “നിങ്ങൾ എങ്ങനെ നടക്കുന്നു എന്ന് സൂക്ഷിക്കുക” എന്ന സമ്മേളന വിഷയം തയ്യാർചെയ്യപ്പെട്ടിരിക്കുന്ന സംഗതികൾ വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിന് ഏററവും അനുയോജ്യമായിരിക്കും. പ്രസംഗങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ചിത്രീകരണങ്ങളിലൂടെയും പ്രബോധനം നൽകപ്പെടും. ശനിയാഴ്ച പുതുതായി സമർപ്പിച്ചവർക്ക് സ്നാപനമേൽക്കുന്നതിനുളള അവസരമുണ്ടായിരിക്കും. അതുകൊണ്ട്, സർക്കിട്ട് സമ്മേളനത്തിൽ സ്നാപനമേൽക്കാൻ ആസൂത്രണം ചെയ്യുന്നവർ പ്രാഥമിക ചോദ്യങ്ങൾ പരിചിന്തിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്യാൻ കഴിയത്തക്കവണ്ണം വളരെ നേരത്തെ അദ്ധ്യക്ഷമേൽവിചാരകനെ അറിയിക്കണം.
4 സർക്കിട്ട് സമ്മേളനത്തിന്റെ ഒരു സവിശേഷത ഡിസ്ട്രിക്ട് മേൽവിചാരകൻ നിർവഹിക്കുന്ന പരസ്യപ്രസംഗമായിരിക്കും. അദ്ദേഹത്തിന്റെ പ്രസംഗവിഷയം “ഒരു അന്ധകാര ലോകത്തിൽ പ്രകാശവാഹകർ” എന്നതായിരിക്കും. ഈ ബൈബിൾ ചർച്ചയിൽ പുതിയ താൽപര്യക്കാർക്ക് ജീവൽപ്രധാനമായ വിവരങ്ങൾ അടങ്ങിയിരിക്കും, സുവാർത്തയുടെ ശുശ്രൂഷകർ എന്ന നിലയിൽ ഇപ്പോൾതന്നെ സേവിച്ചുകൊണ്ടിരിക്കുന്നവർക്ക് അത് പ്രോത്സാഹജനകവുമായിരിക്കും.—മത്താ. 24:14.
5 നിങ്ങളുടെ സർക്കിട്ട് സമ്മേളനം എന്ന് എവിടെ നടത്തപ്പെടുമെന്ന് നിങ്ങളുടെ സർക്കിട്ട്മേൽവിചാരകൻ നിങ്ങളെ അറിയിക്കും. രണ്ടു ദിവസങ്ങളിലെയും മുഴു യോഗങ്ങളിലും സംബന്ധിക്കുന്നതിന് സുനിശ്ചിതമായ ആസൂത്രണം ചെയ്യുക. നമുക്ക് പരിപാടിയുടെ ഒരു ഭാഗവും നഷ്ടപ്പെടുത്തുന്ന സാഹസം ചെയ്യാൻ സാധ്യമല്ല. നിങ്ങൾ എങ്ങനെ നടക്കുന്നു എന്ന് സൂക്ഷിക്കുന്നതിന് നിങ്ങളെ സഹായിച്ചുകൊണ്ട് യഹോവ നിങ്ങളുടെ പ്രയത്നങ്ങൾക്ക് പ്രതിഫലം തരും.