പുതിയ സർക്കിട്ട് സമ്മേളന പരിപാടി
“ദൈവത്തിന്റെ കൽപ്പനകൾ പ്രമാണിച്ചു ജീവിക്ക” എന്നതാണ് 1999 ജനുവരിയിൽ ആരംഭിക്കുന്ന ദ്വിദിന സർക്കിട്ട് സമ്മേളനത്തിന്റെ മുഖ്യ വിഷയം. (സദൃ. 4:4) ദൈവത്തിന്റെ കൽപ്പനകൾ പ്രമാണിക്കുന്നത് ഭാരമല്ലാത്തത് എന്തുകൊണ്ട് എന്നതായിരിക്കും അതിലെ മുഖ്യ പ്രതിപാദ്യവിഷയം. കൂടാതെ, ദൈവഹിതം ചെയ്യുന്നത് നവോന്മേഷവും യഥാർഥ സന്തുഷ്ടിയും കൈവരുത്തുകയും ഭാവി പ്രത്യാശ നൽകുകയും ചെയ്യുന്നത് എങ്ങനെ എന്നും അതു വ്യക്തമാക്കും.—മത്താ. 11:28-30; യോഹ. 13:17.
സമ്മേളനത്തിൽ, ക്രിസ്തുവിന്റെ കൽപ്പനയോടുള്ള അനുസരണമെന്ന നിലയിൽ സ്നാപനം ഏൽക്കാൻ ആഗ്രഹിക്കുന്നവർ അധ്യക്ഷ മേൽവിചാരകനുമായി സംസാരിക്കണം. അദ്ദേഹം വേണ്ട ക്രമീകരണങ്ങൾ നടത്തുന്നതായിരിക്കും.—മത്താ. 28:19, 20.
ദൈവത്തോടും നമ്മുടെ സഹോദരങ്ങളോടും സ്നേഹം പ്രകടമാക്കാനാകുന്ന പ്രായോഗിക വിധങ്ങൾ ഒരു സിമ്പോസിയത്തിൽ വിശദമാക്കുന്നതായിരിക്കും. (യോഹ. 13:34, 35; 1 യോഹ. 5:3) സങ്കീർത്തനങ്ങൾ 19, 119 എന്നിവയിൽനിന്നുള്ള ഹൃദ്പ്രേരകമായ ബുദ്ധ്യുപദേശങ്ങൾ പരിപാടിയിൽ ഉൾക്കൊള്ളിക്കുന്നതായിരിക്കും. ഈ സങ്കീർത്തനങ്ങളിലെ നിശ്വസ്ത അനുശാസനം എഴുതപ്പെട്ടത് ആയിരക്കണക്കിനു വർഷങ്ങൾ മുമ്പാണെങ്കിലും, അത് ഇന്നു നമുക്കു വ്യക്തിപരമായി പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നു നാം മനസ്സിലാക്കും.
“ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക” എന്നതാണു ഡിസ്ട്രിക്റ്റ് മേൽവിചാരകൻ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ ശീർഷകം. (സഭാ. 12:13) സർക്കിട്ട് മേൽവിചാരകന്റെ ഒടുവിലത്തെ പ്രസംഗം, യുവജനങ്ങൾക്കു ജീവിതത്തിൽ നിന്ന് ഇപ്പോൾ പരമാവധി പ്രയോജനം അനുഭവിക്കാനും ഒരു നിത്യഭാവിയിൽ അവർക്കു ദൃഢവിശ്വാസം ഉണ്ടായിരിക്കാനും കഴിയുന്നത് എങ്ങനെ എന്നു വ്യക്തമാക്കും. സ്നേഹത്തിന്റെ “രാജകീയന്യായപ്രമാണം” അനുസരിച്ചു ജീവിക്കുന്നതു കൊണ്ടുള്ള നിരവധി പ്രയോജനങ്ങൾ അക്കമിട്ടു പറഞ്ഞുകൊണ്ട് ഡിസ്ട്രിക്റ്റ് മേൽവിചാരകൻ പരിപാടി ഉപസംഹരിക്കും. (യാക്കോ. 2:8) തീർച്ചയായും, ആരും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുകയില്ലാത്ത ഒരു സർക്കിട്ട് സമ്മേളനമാണ് ഇത്.