നിങ്ങളുടെ മനസ്സാക്ഷി കാത്തുകൊള്ളുക!
1. സേവനവർഷം 2013-ലെ നമ്മുടെ പ്രത്യേക സമ്മേളന ദിന പരിപാടിയുടെ വിഷയം എന്താണ്, എന്ത് ഉദ്ദേശ്യത്തിലാണ് അത് തയ്യാറാക്കിയിരിക്കുന്നത്?
1 നമ്മുടെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളാണ് നാം എന്നും അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ 2012 സെപ്റ്റംബർ 1-ന് ആരംഭിക്കുന്ന സേവനവർഷം 2013-ലെ നമ്മുടെ പ്രത്യേക സമ്മേളന ദിന പരിപാടിയുടെ പ്രതിപാദ്യവിഷയം “നിങ്ങളുടെ മനസ്സാക്ഷി കാത്തുകൊള്ളുക!” എന്നതാണ്. (1 തിമൊ. 1:19) സ്രഷ്ടാവിൽനിന്നുള്ള അതിവിശിഷ്ടസമ്മാനമായ നമ്മുടെ മനസ്സാക്ഷി എത്ര കരുതലോടെ നാം ഓരോരുത്തരും കൈകാര്യം ചെയ്യണം എന്നു മനസ്സിലാക്കാൻ സഹായിക്കുക എന്നതാണ് ഈ സമ്മേളനപരിപാടിയുടെ ഉദ്ദേശ്യം.
2. ഏതു സുപ്രധാന ചോദ്യങ്ങൾ നാം സമ്മേളനത്തിൽ പരിചിന്തിക്കും?
2 നമ്മെ കാത്തിരിക്കുന്നത്: മനസ്സാക്ഷിയോടു ബന്ധപ്പെട്ട ഏഴു പ്രധാനപ്പെട്ട ചോദ്യങ്ങൾ ഈ സമ്മേളനപരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
• എന്തെല്ലാം സംഗതികൾ മനസ്സാക്ഷിക്ക് അപകടംചെയ്യും?
• മനസ്സാക്ഷിയെ നമുക്ക് എങ്ങനെ പരിശീലിപ്പിക്കാനാകും?
• ആരുടെയും രക്തം സംബന്ധിച്ച് കുറ്റക്കാരല്ലാതിരിക്കാൻ എങ്ങനെ സാധിക്കും?
• ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് നമ്മെക്കുറിച്ച് എന്തു വെളിപ്പെടുത്തും?
• മനസ്സാക്ഷിക്കു വിട്ടിരിക്കുന്ന കാര്യങ്ങളിൽ മറ്റുള്ളവരെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കാൻ നമുക്ക് എങ്ങനെ സാധിക്കും?
• യുവപ്രായക്കാരേ, വിട്ടുവീഴ്ച ചെയ്യാൻ സമ്മർദമുണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
• ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന മനസ്സാക്ഷിക്കു ചെവികൊടുക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
3. സമ്മേളനപരിപാടി നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
3 യഹോവയുടെ സഹായത്താൽ, നമ്മുടെ മനസ്സാക്ഷിയെ കളങ്കപ്പെടുത്താനുള്ള സാത്താന്റെ ശ്രമങ്ങളെ ചെറുത്തുനിൽക്കാൻ നമുക്കാകും. ദൈവവചനത്തിലൂടെയും സംഘടനയിലൂടെയും സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവ് നമ്മോട് പറയുന്നത് ഇതാണ്: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ.” (യെശ. 30:21) യഹോവ നമ്മെ വഴിനയിക്കുന്ന ഒരു വിധമാണ് ഈ സമ്മേളനപരിപാടി. അതുകൊണ്ട്, പരിപാടിയിൽ മുഴുവൻ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുക. കേൾക്കുന്ന കാര്യങ്ങൾക്ക് നല്ല ശ്രദ്ധ കൊടുക്കുകയും വ്യക്തിപരമായി അവ എങ്ങനെ ബാധകമാക്കാനാകുമെന്ന് ചിന്തിക്കുകയും ചെയ്യുക. പരിപാടികളെക്കുറിച്ച് കുടുംബവുമൊത്ത് ചർച്ച ചെയ്യാനാകും. ലഭിക്കുന്ന നിർദേശങ്ങൾ ബാധകമാക്കുന്നതിലൂടെ “മനസ്സാക്ഷിയെ നിർമലമായി സൂക്ഷി”ക്കാനും സാത്താന്റെ ഈ ലോകം വെച്ചുനീട്ടുന്ന സന്തോഷങ്ങൾക്കു പിന്നാലെപോയി വഴിതെറ്റാതിരിക്കാനും നമുക്കു കഴിയും.—1 പത്രോ. 3:16.